മുസ്‌ലിം നേതൃത്വം എങ്ങനെയായിരിക്കണം; ഗസ്സാലി നിരീക്ഷിക്കുന്നു
leadershipനേതൃത്വത്തെ വിവിധ തലങ്ങളില്‍നിന്നുകൊണ്ട് ചര്‍ച്ച ചെയ്യുന്നുണ്ട് ഇമാം ഗസ്സാലി തന്റെ വിവിധ രചനകളില്‍. ഒരു നേതാവ് ആരായിരിക്കണമെന്നും അയാള്‍ക്കുണ്ടാവേണ്ട ഗുണഗണങ്ങള്‍ എന്തെല്ലാമാണെന്നും അവിടങ്ങളിലെല്ലാം അദ്ദേഹം വ്യക്തമാക്കുന്നു. തസ്വവ്വുഫിന്റെ ആത്മീയ വിതാനത്തില്‍നിന്നുകൊണ്ട് ഒരു സ്വൂഫി ശൈഖിന്റെ വിശേഷണങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് തന്റെ ഇഹ്‌യയില്‍. അതില്‍ തന്നെ ഒന്നാം അധ്യായത്തില്‍ പണ്ഡിതന്മാരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് മത നേതാവിനെക്കുറിച്ചും ഗൗരവമായി പരാമര്‍ശിക്കുന്നു. ദുന്‍യാവിന്റെ പണ്ഡിതനെക്കുറിച്ചും ആഖിറത്തിന്റെ പണ്ഡിതനെക്കുറിച്ചുമുള്ള വിശദീകരണങ്ങളും ഇവിടെ കടന്നുവരുന്നു. മനുഷ്യനെ അറിവിന്റെ വെളിച്ചത്തിലേക്കും അല്ലാഹുവിന്റെ അനുഭവത്തിലേക്കും വഴി നടത്തുന്ന മുര്‍ശിദുകളായാണ് ഗസ്സാലി സ്വൂഫികളെയും പണ്ഡിതന്മാരെയും (ആലിം) പരിചയപ്പെടുത്തുന്നത്. ഭരണാധികാരികള്‍ക്കുള്ള ഉപദേശ സംഹിതയായി അദ്ദേഹം എഴുതിയ നസ്വീഹതുല്‍ മുലൂക് എന്ന ഗ്രന്ഥത്തില്‍ ഒരു രാഷ്ട്രീയ നേതാവിന് ഉണ്ടായിരിക്കേണ്ട വിശേഷണങ്ങളും മനോഹരമായി ചര്‍ച്ച ചെയ്യുന്നു. രാജാവ്, മന്ത്രിമാര്‍, മറ്റു ഉപ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും സ്വന്തം ജീവിതത്തില്‍ പാലിച്ചിരിക്കേണ്ട മര്യാദകളാണ് ഇതില്‍ മുഴുക്കെയും. നേതൃത്വവും നിര്‍വഹണവും (leadership and management) എന്ന വിഷയത്തില്‍ ഗസ്സാലി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത് ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ്. താന്‍ സാക്ഷിയായ സല്‍ജൂഖി ഭരണാധികാരികളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇതിന്റെ രചന നടന്നതെങ്കിലും എല്ലാ കാലത്തുമുള്ള നേതൃത്വത്തിന് സ്വീകരിക്കാന്‍ അനുയുക്തമാണ് ഇതിലെ പാഠങ്ങള്‍. അതില്‍ ഒരു നേതാവിന് ഉണ്ടായിരിക്കേണ്ടതായി പറഞ്ഞ അവശ്യം ഗുണഗണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 1. സല്‍സ്വഭാവം (Good Cunduct) ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തനക്ഷമതയും സ്വീകാര്യതയും അതിന്റെ നേതൃത്വത്തിനനുസരിച്ചിരിക്കും. അയാള്‍ നേര്‍രീതിയിലാണെങ്കില്‍ അണികളും അങ്ങനെയായിരിക്കും. അയാള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെങ്കില്‍ അണികളും അങ്ങനെയായിരിക്കും. 2. മുഴുസമയ ലഭ്യത (Accessibility): എല്ലാവര്‍ക്കും എപ്പോഴും തന്നെ സമീപിക്കാനും ആവലാതി പറയാനുമുള്ള സൗകര്യവും സ്വാതന്ത്ര്യവും ഉണ്ടാവണം. നേതാക്കളും പ്രജകളും തമ്മിലുള്ള മതിപ്പും അടുപ്പവും അപ്പോഴേ ശക്തിപ്പെടുകയുള്ളൂ. 3. വിശ്വാസ്യതയും ആത്മ പരിത്യാഗവും (Trustworthiness and self-denial) അണികള്‍ക്ക് നേതൃത്വത്തില്‍ വിശ്വാസ്യത നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഭരണ സൗകര്യങ്ങള്‍ സ്വന്തം പരിപോഷണത്തിന് ഉപയോഗപ്പെടുത്തരുത്. ഉമര്‍ ബിന്‍ അബ്്ദുല്‍ അസീസിന്റെ ഒരു സംഭവം പറഞ്ഞുകൊണ്ടാണ് ഗസ്സാലി ഈ വിഷയം വിശദീകരിച്ചത്. ഒരിക്കല്‍ ഖലീഫ സര്‍ക്കാറിന്റെ ദൈനംദിന റിപ്പോര്‍ട്ട് പരിശോധിക്കുകയായിരുന്നു. രാത്രി സമയമായിരുന്നു അത്. അതിനിടെ ഒരു പ്രജ കയറിവന്നു. ഖലീഫയുമായി സംസാരിച്ചു. സംസാരത്തിനിടയില്‍ വീട്ടിലെ വിശേഷങ്ങള്‍ അന്വേഷിച്ചു. വിളക്ക് അണച്ചുകൊണ്ടാണ് ഖലീഫ ഇതിനു മറുപടി പറഞ്ഞത്. കാരണമന്വേഷിച്ചപ്പോള്‍, ജനങ്ങളുടെ എണ്ണയാണ് ഇതില്‍ കത്തുന്നതെന്നും സ്വന്തം കാര്യം പറയാന്‍ ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതുപോലെ ഓരോരുത്തരും ഉമര്‍ ബിന്‍ അബ്്ദില്‍ അസീസിനെ പോലെ ആവണമെന്നാണ് ഗസ്സാലി നിര്‍ദേശിക്കുന്നത്. പകരക്കാരെ നിയമിക്കല്‍ (Appointing deputies) അധികാരം അഹങ്കാരമായി പിടിച്ചുവെക്കാതെ അസിസ്റ്റന്റുകളെ നിയമിച്ച് അതിന്റെ ഉപകാരം ജനങ്ങളിലേക്ക് എത്തിക്കാന്‍ എല്ലാ വഴികളും സ്വീകരിക്കണം. അപ്പോഴാണ് ഭരണംകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമുണ്ടാകുന്നത്. ജനക്ഷേമം മനസ്സില്‍ കണ്ട് അതിനായി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് ഉത്തമ നേതൃത്വം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter