സിവില്‍ സര്‍വ്വീസ് മെയിന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
upscകഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സിവില്‍ സര്‍വ്വീസസ് പരീക്ഷയുടെ രണ്ടാം ഘട്ടമായ മെയിന്‍സിന്റെ ഫലം യു.പി.എസ്.സി പുറത്തു വിട്ടു. വിജയികളായ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (ഐ.എ.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് (ഐ.പി.എസ്) എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി കേന്ദ്ര സര്‍വ്വീസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിനായി വ്യക്തിത്വ പരിശോധനക്ക് ക്ഷണിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥ മന്ത്രാലയം പുറത്തു വിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യക്തിത്വ പരിശോധനാ അഭിമുഖങ്ങള്‍ ഈ വരുന്ന ഏപ്രിലില്‍ ആകാനാണ് സാദ്ധ്യത. ഡല്‍ഹിയിലെ യു.പി.എസ്.സി ഓഫീസില്‍ വെച്ചാണ് ഇത് നടക്കുക. വ്യക്തിത്വ പരിശോധനയുടെ സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, സമുദായം, ശാരീരിക വൈകല്യമുണ്ടെങ്കില്‍ അത് മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ചോദ്യാവലി, അറ്റസ്റ്റേഷന്‍ ഫോം, ടി.എ ഫോം തുടങ്ങിയ മറ്റു രേഖകളും ഈ സമയത്ത് ഹാജരാക്കണം. അഭിമുഖത്തിന് നിശ്ചയിച്ച ദിവസം മാറ്റാന്‍ വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, ഒ.ബി.സി, അംഗ വൈകല്യമുള്ളവര്‍ മുതലായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റ്, ചോദ്യാവലി, അറ്റസ്റ്റേഷന്‍ ഫോം, ടി.എ ഫോം എന്നിവ യു.പി.എസ്.സി വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയും. വിജയികളുടെ റോള്‍ നമ്പറുകള്‍ www.uspc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ഷീറ്റ് വ്യക്തിത്വ പരിശോധന കഴിഞ്ഞ് അന്തിമ ഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പ്രസിദ്ധീകൃതമാകും. രണ്ടു മാസം അത് യു.പി.എസ്.സി വെബ്‌സൈറ്റില്‍ ലഭ്യമാകുകയും ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter