അലിഗഢ് ബംഗാള്‍ ഓഫ് ക്യാമ്പസ് 20ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
AMU-logoഅലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി പശ്ചിമ ബംഗാളില്‍ സ്ഥാപിക്കുന്ന ഓഫ് ക്യാമ്പസ് ഈ മാസം ഇരുപതിന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ഷിദാബാദിലെ ജംഗിപ്പൂരിലാണ് ഓഫ് ക്യാമ്പസ് സ്ഥാപിച്ചിരിക്കുന്നത്. അലിഗഢിന്‍റെ ആദ്യ ഓഫ് ക്യാമ്പസ് മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ 2011-ല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 2010 ഒക്ടോബര്‍ മദ്ധ്യത്തോടെയാണ് കേരളത്തിലും പശ്ചിം ബംഗാളിലും ഓഫ് ക്യാമ്പസുകള്‍ സ്ഥാപിക്കാനുള്ള അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിന് പ്രസിഡണ്ടിന്‍റെ അനുമതി ലഭിക്കുന്നത്. അന്ന് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി തന്നെയാണ് 2010 നവംബര്‍ 20-ന് ബംഗാള്‍ ഓഫ് ക്യാമ്പസിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. വിദ്യാഭ്യാസ, ഗവേഷണ, തെഴില്‍ മേഖലകളില്‍ ബംഗാളീ മുസ്ലിംകളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പടുത്തുയര്‍ത്തപ്പെട്ട ജംഗിപ്പൂര്‍ ക്യാമ്പസില്‍ 12-ാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ 11040 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആന്‍റ് കോര്‍ട്ടിന്‍റെ പൂര്‍ണ്ണാധികാരത്തിലുള്ള കേരളത്തിലെയും ബംഗാളിലെയും കേന്ദ്രങ്ങളില്‍ അലീഗഢ് കേന്ദ്ര യൂണിവേഴ്‌സിറ്റി പദവി ലഭിച്ചതിന്‍റെ ശതാബ്ദി ആഘോഷിക്കുന്ന 2020-ാടെ പണി പൂര്‍ത്തിയാക്കി മുഴുവന്‍ കോഴ്‌സുകളും തുടങ്ങാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തുടക്കത്തില്‍ നിയമം, ബിസിനസ്സ് മാനേജ്‌മെന്‍റ്, എജ്യൂക്കേഷന്‍ എന്നീ മേഖലകളിലെ ബിരുദ കോഴ്‌സാണ് കേന്ദ്രം നല്‍കുക. 1875-ല്‍ മദ്രസത്തുല്‍ ഉലൂം മുസല്‍മാനെ ഹിന്ദ് എന്ന പേരില്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ആരംഭിച്ച മുസ്ലിം വിദ്യാഭ്യാസ സ്ഥാപനം പിന്നീട് മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്‍റല്‍ കോളേജ് എന്നു പേരുമാറി. 1920-ല്‍ കേന്ദ്ര സര്‍വ്വകലാശാല പദവി ലഭിക്കുന്നതോടെയാണ് സ്ഥാപനം അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി എന്ന പേര് സ്വീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മെയിന്‍ ക്യാമ്പസില്‍ ഇന്ന് 30000-ലധികം വിദ്യാര്‍ത്ഥികളുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter