ന്വൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അധികാരികളുടെ അലംഭാവം തുടരുന്നു
സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് 2014-15 വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തുക ഇതുവരെ ലഭിച്ചില്ല. ബാങ്ക് വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ശരിയായി നല്‍കാത്തതിനാലാണ് സ്‌കോളര്‍ഷിപ്പ് വിതരണം നീളുന്നത്.
2014-15 വര്‍ഷത്തില്‍ 8,45465 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്നവേളയില്‍ കുട്ടികളുടെ വിവരങ്ങള്‍ കൃത്യമായി അപ്ലോഡ് ചെയ്യാത്തതിനെ തുടര്‍ന്ന് ഇതില്‍ 1,55,895 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാതെ പോയത് സുപ്രഭാതം കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ബന്ധപ്പെട്ടവര്‍ കര്‍ശനിര്‍ദേശം നല്‍കുകയും 34702 കുട്ടികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ 121193 കുട്ടികള്‍ ഇപ്പോഴും സ്‌കോളര്‍ഷിപ്പിനായി കാത്തിരിപ്പ് തുടരുകയാണ്. ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ നല്‍കിയതിലാണ് വ്യാപകമായ പിശകുകള്‍ സംഭവിച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് (അംഗീകൃതം) അഫിലിയേഷനുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
അപേക്ഷ നല്‍കുന്നവേളയില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് നിലവിലുണ്ടെങ്കില്‍ അക്കൗണ്ട് നമ്പറും രേഖപ്പെടുത്തണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സ്‌കോളര്‍ഷിപ്പിന് അര്‍ഹതനേടിയ കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷവും വിവരങ്ങള്‍ കൃത്യത വരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കുട്ടികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് സ്‌കോളര്‍ഷിപ്പ് തുക എത്തുക.
മലപ്പുറം ജില്ലയിലാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതല്‍. 28984 കുട്ടികളുടെ വിവരങ്ങള്‍ നല്‍കിയതിലാണ് ഇവിടെ പിശക് സംഭവിച്ചിരിക്കുന്നത്. കോഴിക്കോട് 19114, തിരുവനന്തപുരം 11314, കൊല്ലം 8417, പത്തനംതിട്ട 1790, ആലപ്പുഴ 5535, കോട്ടയം 4280, ഇടുക്കി 4710, എറണാകുളം 6099, തൃശൂര്‍ 7190, പാലക്കാട് 8000, വയനാട് 4279, കണ്ണൂര്‍ 8249, കാസര്‍കോട് 3262 എന്നിങ്ങനെയാണ് വിവരങ്ങളിലെ പിശക് തിരുത്താന്‍ ബാക്കിയുള്ള കുട്ടികളുടെ എണ്ണം.
കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ വിവരങ്ങളുടെ അപ്ഡേഷന്‍ ജില്ലാതലത്തില്‍ പൂര്‍ത്തിയായി എന്ന വിവരം ഈ മാസം 27 നകം പൊതുവിദ്യാഭ്യാസ ഡയരക്ട്രേറ്റില്‍ ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയരക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Leave A Comment