സംസ്ഥാനത്ത് അറബിക് സര്‍വകലാശാലക്ക് ശിപാര്‍ശ
 arabicഅറബിക് ഭാഷയിലും ഇന്‍റര്‍നാഷനല്‍ സ്റ്റഡീസിലുമുള്ള പഠന ഗവേഷണങ്ങള്‍ ഏകോപിപ്പിച്ച് അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ. കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ.പി. അന്‍വര്‍ ചെയര്‍മാനും അംഗം പ്രഫ. സി.ഐ. അബ്ദുറഹിമാന്‍ കണ്‍വീനറുമായ ഉപസമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ശിപാര്‍ശ. നിലവില്‍ അറബിക് കോളജുകളിലുള്ള അഫ്ദലുല്‍ ഉലമ പ്രിലിമിനറി കോഴ്സ് വേര്‍പെടുത്തി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് കീഴിലാക്കണമെന്നും എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്കായുള്ള മുഴുവന്‍ ഉത്തരവുകളും അറബിക് കോളജുകള്‍ക്കും ബാധകമാക്കണമെന്നും അറബിക് കോളജുകളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍വകലാശാല ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ശിപാര്‍ശയുണ്ട്. അറബിക് കോളജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ച സാഹചര്യത്തില്‍ അധ്യാപകരുടെ കുറവ് നികത്തുന്നതിന് ഗെസ്റ്റ് ലെക്ചറര്‍ നിയമനം, കായിക അധ്യാപക നിയമനം തുടങ്ങിയവയും ഇടക്കാല റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളാണ്.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, അലിഗഢ്, ഇഫ്ളു സര്‍വകലാശാലകളുടെ മാതൃകയിലായിരിക്കണം സര്‍വകലാശാലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറബിയില്‍ ചുരുങ്ങിയത് രണ്ട് കോഴ്സുകളെങ്കിലും സര്‍വകലാശാലയില്‍ ഉണ്ടായിരിക്കണം. അന്താരാഷ്ട്ര സര്‍വകലാശാലകളുമായി യോജിച്ചുള്ള അക്കാദമിക പ്രവര്‍ത്തനവും വിദ്യാര്‍ഥി, അധ്യാപക കൈമാറ്റ പദ്ധതികളും നടപ്പാക്കണം. സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന സംവരണ നിയമങ്ങള്‍ തന്നെയായിരിക്കും സര്‍വകലാശാലയിലും ബാധകം. വിദേശവിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവസരം നല്‍കണം. അറബിക്, കമ്പാരറ്റീവ് ലിങ്വസ്റ്റ്ക്സ്, കമ്പാരറ്റീവ് ലിറ്ററേചര്‍, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, ക്ളാസിക്കല്‍ ലാങ്വജസ് ആന്‍ഡ് ലിറ്ററേചര്‍, ഇന്‍റര്‍നാഷനല്‍ സ്റ്റഡീസ്, ഇസ്ലാമിക് ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സ്, ഡെവലപ്മെന്‍റ് സ്റ്റഡീസ്, കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം എന്നിവയില്‍ പി.ജി കോഴ്സുകള്‍ തുടങ്ങണം. ബി.എഡ്, എം.എഡ് കോഴ്സുകളും എം.ഫില്‍, പിഎച്ച്.ഡി ഗവേഷണ കോഴ്സുകള്‍ക്കും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
ഇംഗ്ളീഷ് ആന്‍ഡ് അറബിക് ഡബിള്‍ മെയിനോടെ മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എ ഓണേഴ്സ് കോഴ്സിനും ശിപാര്‍ശയുണ്ട്.
ട്രാന്‍സലേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഫങ്ഷനല്‍ അറബിക്, ടൂറിസം മാനേജ്മെന്‍റ്, ക്രിയേറ്റീവ് റൈറ്റിങ്, കമ്പ്യൂട്ടര്‍ അസിസ്റ്റഡ് ലാങ്വജ് ലേണിങ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ടീച്ചിങ് എന്നിവയില്‍ പി.ജി ഡിപ്ളോമ കോഴ്സുകള്‍ക്കും അറബിക് കാലിഗ്രാഫി, ഗള്‍ഫ് അറബിക് എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter