ദാറുല്‍ ഹുദായും മലേഷ്യയിലെ മര്‍സയും  തമ്മില്‍  അക്കാദമിക് സഹകരണത്തിനു ധാരണ
Marsah DHIUക്വാലാലംപൂര്‍: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും മലേഷ്യയിലെ ഉന്നത ഇസ്‌ലാമിക പഠന കേന്ദ്രമായ മര്‍സ ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ അക്കാദമിക് സഹകരണത്തിനു ധാരണ. മലേഷ്യയിലെ ജോഹോര്‍ നഗരത്തിലെ മര്‍സ കാമ്പസില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും മര്‍സ സി.ഇ.ഒ പ്രഫ. ഡോ. മുഹമ്മദ് ബിന്‍ സജിമൂനും നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധമായ ധാരണയായത്. അക്കാദമിക ധാരണ പ്രകാരം അധ്യാപക വിദ്യാര്‍ഥി കൈമാറ്റത്തിലും ഗവേഷണ രംഗത്തും ഇരുസ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. മലേഷ്യയിലെ ജോഹോര്‍ സംസ്ഥാനത്തിലെ ഔഖാഫ് മന്ത്രാലയം നേരിട്ടു നടത്തുന്ന കല്‍പിത സര്‍വകലാശാലയാണ് മര്‍സ. ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക്, ഇസ്‌ലാമിക് ഫൈനാന്‍സ് മേഖലകളില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാലയുമായി സഹകരണത്തിനു ധാരണയാവുന്നത്. മര്‍സ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ പ്രഫ. ഡോ. മുഹമ്മദ് ബിന്‍ സജിമൂന്‍, രജിസ്ട്രാര്‍ ഡോ. സനൂസി മുഹമ്മദ് നൂഹ്, ഇസ്‌ലാമിക് സ്റ്റഡീസ് ഡിപാര്‍ട്‌മെന്റ് മേധാവി ഡോ. ഉസ്മാന്‍ സഹ്‌ലാന്‍, തഹ്ഫീസ് വിഭാഗം മേധാവി ഉസ്താദ് ഉമര്‍ ബിന്‍ അബ്ദുല്‍ മുക്തി, ഭാഷാവിഭാഗം മേധാവി നിസാം അബ്ദുശ്ശുകൂര്‍, ഇസ്‌ലാമിക് ഫൈനാന്‍സ് മേധാവി ഡോ. ഖൈറുല്‍ അബ്ദുസ്സത്താര്‍, സ്‌പെഷ്യല്‍ ഓഫീര്‍ മുഹമ്മദ് റാഫി അബ്ദുര്‍റഹ്മാന്‍ എന്നിവരും ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. ശഫീഖ് ഹുസൈന്‍ ഹുദവി, സുഹൈല്‍ ഹിദായ ഹുദവി, ജഅ്ഫര്‍ ഹുദവി, അന്‍വര്‍ സ്വാദിഖ് ഹുദവി, യൂസുഫ് അലി മുഹമ്മദ് എന്നിവരും സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter