വിദ്യാര്‍ത്ഥികള്‍ക്ക് മികവ് പങ്ക് വെക്കാന്‍ എജ്യൂ ഫെസ്റ്റ്
  sdfhfചെറുവത്തൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടന്നു വരുന്ന മൗലികവും അര്‍ഥപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനും മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമായി സര്‍വശിക്ഷാ അഭിയാന്‍ എജ്യൂഫെസ്റ്റ് സംഘടിപ്പിക്കും. സ്‌കൂള്‍ തലത്തില്‍ തുടങ്ങി സംസ്ഥാന തലത്തില്‍ അവസാനിക്കുന്ന തരത്തിലാണ് എജ്യൂഫെസ്റ്റ് എന്ന പേരില്‍ മികവുത്സവം സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഉപജില്ലാതലം വരെ നീളുന്ന മികവുത്സവങ്ങള്‍ നടന്നിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം ഇത് സ്‌കൂള്‍ തലത്തില്‍ മാത്രം ഒതുങ്ങിയിരുന്നു. എന്നാല്‍ ഭാവിയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ മേഖലയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനും മികവുത്സവങ്ങള്‍ ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് സംസ്ഥാനതലം വരെ നീളുന്ന മികവുത്സവത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. വിദ്യാലയവും വിദ്യാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളും, വികസിപ്പിച്ചെടുത്ത അനുഭവമാതൃകകള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, എസ്.എസ്.എ വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെയും ഇടപെടലിലൂടെയും നടപ്പിലാക്കിയ മികവുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് എജ്യൂഫെസ്റ്റിന്റെ മുഖ്യലക്ഷ്യം. സ്‌കൂള്‍, പഞ്ചായത്ത്, ബി.ആര്‍.സി, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലായിരിക്കും മികവുത്സവം നടക്കുക. ഫെബ്രുവരി 6,7 തിയതികളില്‍ സംസ്ഥാനതല എജ്യൂഫെസ്റ്റ് സംഘടിപ്പിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, വിഷയാധിഷ്ടിത പഠന മികവുകള്‍, സ്‌കൂള്‍ തല അധ്യാപക കൂട്ടായ്മ, സാമൂഹ്യപങ്കാളിത്തം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസന വേദികള്‍, ശിശുസൗഹൃദ,പരിസ്ഥിതി സൗഹൃദ കാംപസ്, സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസം എന്നിങ്ങനെ എട്ടുമേഖലകളാക്കി തിരിച്ചാണ് മികവുകളുടെ അവതരണം. അവതരണം വിദഗ്ധര്‍ വിലയിരുത്തും. ഓരോ ജില്ലയില്‍ നിന്നും മികച്ച മൂന്ന് അവതരണങ്ങള്‍ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കും. രണ്ടു ദിവസങ്ങളിലായാണ് സംസ്ഥാനതല എജ്യൂഫെസ്റ്റ് നടക്കുക. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകളുടെ പൊതുപ്രദര്‍ശനം, ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങളുടെ അവതരണം, ദേശീയ വിദ്യാഭ്യാസ സെമിനാര്‍ എന്നിവ സംസ്ഥാനതലഎജ്യൂഫെസ്റ്റില്‍ നടക്കും. തിരുവനന്തപുരത്ത് സംസ്ഥാനതല മികവുത്സവം സംഘടിപ്പിക്കാനാണ് തീരുമാനം. അടുത്ത അധ്യയനവര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ എജ്യൂഫെസ്റ്റ് സഹായിക്കുമെന്നാണ് സര്‍വശിക്ഷാഅഭിയാന്റെ പ്രതീക്ഷ.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter