എട്ടാം ക്ലാസുവരെ എല്ലാവരെയും ജയിപ്പിക്കുന്ന പദ്ധതി നിര്‍ത്തലാക്കുന്നു
  exന്യൂഡല്‍ഹി: എട്ടാം ക്ലാസുവരെ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പാനലിന്റെ റിപ്പോര്‍ട്ട്. രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അവസാനവട്ട ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ ഭൂരിപക്ഷവും നിലവിലുള്ള സമ്പ്രദായത്തെ എതിര്‍ത്തു. പദ്ധതി നിര്‍ത്തലാക്കണമെന്ന് യോഗത്തില്‍ സംബന്ധിച്ച 22 മന്ത്രിമാരില്‍ 18 പേരും ആവശ്യപ്പെട്ടു. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും നിര്‍ബന്ധിത പരീക്ഷ നടത്തണമെന്ന നിര്‍ദേശവും പാനല്‍ മുമ്പോട്ടുവച്ചു. അടുത്ത ക്ലാസിലേക്ക് കടക്കാന്‍ ഈ പരീക്ഷ ജയിക്കണം. ഒരു പ്രാവശ്യം പരീക്ഷ പരാജയപ്പെട്ടാല്‍ വീണ്ടും എഴുതാന്‍ അവസരം നല്‍കും. എന്നാല്‍ വീണ്ടും പരാജയപ്പെടുകയാണെങ്കില്‍ ഒന്നുകൂടി ക്ലാസില്‍ ഇരിക്കേണ്ടി വരുമെന്നു ദേവ്‌നാനി പറഞ്ഞു. എല്ലാവരെയും ജയിപ്പിക്കുന്ന സമ്പ്രദായം ഒന്നു മുതല്‍ നാലാം ക്ലാസു വരെയും ആറു മുതല്‍ ഏഴാം ക്ലാസുവരെയും നിലനിര്‍ത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പകുതിയിലധികം കുട്ടികള്‍ക്കും വായിക്കാനും എഴുതാനും അറിയില്ലെന്ന 2014 ലെ വാര്‍ഷിക വിദ്യാഭ്യാസ നിലവാര റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് നിലവിലെ സമ്പ്രദായം പഠിക്കാന്‍ പാനലിനെ നിയോഗിച്ചത്. രാജ്യത്തെ 14 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2010 ഏപ്രില്‍ ഒന്നിനാണ് യു.പി.എ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. ഇതുപ്രകാരം പരീക്ഷയില്‍ തോറ്റാലും എട്ടാം ക്ലാസുവരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter