വിശ്വാസവും ശുചിത്വവും
ശുദ്ധി വിശ്വാസത്തിന്റെ പകുതിയാകുന്നു. (ഹദീസ്) ''നിസ്‌കാരമാണു സ്വര്‍ഗത്തിന്റെ താക്കോല്‍, നിസ്‌കാരത്തിന്റെ താക്കോല്‍ ശുദ്ധിയുമാവുന്നു.'' (നബി വചനം)
ശുചിത്വബോധം വിശ്വാസിയുടെ മുഖമുദ്രയാണെന്നാണ് പ്രസ്തുത പ്രവാചകാധ്യാപനങ്ങളുടെ പൊരുള്‍.
ഇലാഹീ ചിന്തയോടെ കിടപ്പറയില്‍ നിന്നെഴുന്നേല്‍ക്കുന്ന വിശ്വാസിയോട് പ്രവാചക തിരുമേനി(സ്വ)യുടെ നിര്‍ദേശം അംഗസ്‌നാനം വരുത്തുവാനാണ്. ഇരു കൈകളും മുഖവും വൃത്തിയാക്കുകയും ദന്തശുചീകരണം നടത്തുകയും ചെയ്യണം. പുതിയൊരു പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നത് മാനസിക-ശാരീരിക പരിശുദ്ധിയോടെയായിരിക്കണമെന്നാണല്ലോ ഇതിന്റെ താല്‍പ്പര്യം.
ഉദാത്തമായ മാനുഷിക മഹത്വത്തിന്റെ കാതലായ മുഴുവന്‍ സദ്ഗുണങ്ങളും സമന്വയിച്ച മതമാണ് ഇസ്‌ലാം. വൃത്തി വിശ്വാസത്തിന്റെ പകുതിയാണെന്നാണല്ലോ പ്രവാചകാധ്യാപനം.
ശുചീകരണം മാനസികാരോഗ്യത്തിന്റെ മുഖ്യഘടകം എന്നല്ല ശാരീരികമായ ശുദ്ധി മാനസികമായ വിശുദ്ധിയുടെ പ്രതിഫലനം കൂടിയാണ്. ഇതാണല്ലോ ഇമാം ശാഫിഈ(റ) തങ്ങളുടെ വാക്കുകള്‍ തെര്യപ്പെടുത്തുന്നത്.
''തന്റെ വസ്ത്രം വൃത്തിയാക്കിയവന്‍ തന്റെ ദുഃഖത്തെ ലഘൂകരിച്ചു. ദുഃഖത്തെ ലഘൂകരിച്ചവന്‍ ബുദ്ധി വര്‍ധിപ്പിച്ചു.''
ഇസ്‌ലാമിനെപ്പോലെ ശുചിത്വത്തെ നിഷ്‌കര്‍ഷിക്കുന്ന മറ്റൊരു മതത്തെ ലോകത്ത് കണ്ടെത്തുക പ്രയാസമാണ്. ആവശ്യാനുസരണം വെള്ളമോ, ശുചീകരണ സൗകര്യങ്ങളോ ഇല്ലാത്ത, തികച്ചും പ്രാകൃത ജീവിതം നയിച്ചിരുന്ന അന്ധകാരയുഗത്തിലെ ജനങ്ങളെ പ്രവാചകര്‍(സ്വ) ശുചിത്വ ബോധം പഠിപ്പിച്ചു. നാഗരികതയും സംസ്‌കാര സമ്പന്നതയും പില്‍ക്കാല അറേബ്യന്‍ സമൂഹത്തിന്റെ സവിശേഷതയായിരുന്നു. ഇതിന് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കപ്പെടാന്‍ കഴിയില്ല. മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം സ്രഷ്ടാവിനുള്ള പരമമായ വണക്കമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു; അതിന്റെ പ്രതിഫലം സ്വര്‍ഗപ്രാപ്തിയും.
അതുതന്നെയാണ് ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ ലക്ഷ്യം. അതിനുള്ള മാര്‍ഗമാണ് നിസ്‌കാരമെന്നു പഠിപ്പിച്ച പ്രവാചകര്‍ നിസ്‌കാരത്തിന്റെ മുഖ്യഘടകം ശുചിത്വമാണെന്നും ഉദ്‌ബോധിപ്പിച്ചു. നിസ്‌കാരം ശരിയാവണമെങ്കില്‍ ശുചിത്വം അനിവാര്യമാണ്. ദിവസം അഞ്ചു നേരത്തെ നിസ്‌കാരത്തിന് അംഗശുദ്ധി വരുത്തേണ്ടതുണ്ട്. മുഖവും കൈക്കാലുകളും വായയും കഴുകി വൃത്തിയാക്കുകയും തലയും ചെവിയും തടവുകയും ചെയ്യല്‍ അംഗസ്‌നാനത്തിന്റെ ഭാഗമാണ്. ചെറിയ അശുദ്ധികളില്‍നിന്ന് ശുദ്ധി വരുത്താനാണ് വുളൂ എടുക്കുന്നതെങ്കില്‍ വലിയ അശുദ്ധിയില്‍നിന്ന് ശുദ്ധിയാവാന്‍ കുളി നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇസ്‌ലാം.
ദേഹശുദ്ധിക്ക് ഇസ്‌ലാം നല്‍കിയ പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രഭാതത്തില്‍ ഉണര്‍ന്നാല്‍ സുബ്ഹി നിസ്‌കാരത്തിനു വേണ്ടി അംഗശുദ്ധി വരുത്തണം. ദേഹശുദ്ധിയുള്ളവര്‍ പോലും ഉറക്കില്‍ നിന്നെഴുന്നേറ്റാല്‍ വുളൂ ചെയ്‌തേ മതിയാകൂ.
ഉറക്കില്‍നിന്നെഴുന്നേറ്റാല്‍ കഴുകിയ ശേഷമേ വെള്ളപ്പാത്രത്തില്‍ കൈ മുക്കാവൂ എന്ന് നബി(സ്വ) പഠിപ്പിക്കുകയുണ്ടായി.
ശുദ്ധിയില്ലാത്ത നിസ്‌കാരവും വഞ്ചനയിലൂടെ സമ്പാദിച്ച മുതലില്‍ നിന്നുള്ള ദാനവും സ്വീകാര്യമല്ല എന്ന നബിവചനം ശ്രദ്ധേയമാണ്. മുസ്‌ലിമായ മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ അത്യന്തം ശുചിത്വം പാലിക്കണം. കുളിക്കുന്നതും വായ വൃത്തിയാക്കുന്നതും അംഗശുദ്ധിവരുത്തുന്നതുമൊക്കെ, മുഴുവന്‍ ശുചീകരണ പ്രക്രിയകളും ആരാധനയാണെന്നു പഠിപ്പിച്ച മതമാണ് ഇസ്‌ലാം.
മലമൂത്ര വിസര്‍ജനത്തിനു ശേഷം ശുചീകരണം മുസല്‍മാന്റെ അടയാളമാണ്.
ശുചിത്വബോധമില്ലാത്ത വിശ്വാസികള്‍ മതവിശ്വാസത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാത്തവരാണ്. ശുചിത്വ ബോധം നിത്യജീവിതത്തിലെ ഓരോ പ്രവൃത്തിയുടെയും ചൈതന്യമായി വര്‍ത്തിക്കണം. ആത്മിക പരിശുദ്ധിയാണ് സത്യവിശ്വാസം. ബാഹ്യ ശുദ്ധി അതിന്റെ പരിപൂര്‍ണതയും തിളക്കവുമാണെന്നതു നാം വിസ്മരിക്കാതിരിക്കുക.



Leave A Comment