യുദ്ധവും അക്രമവും ദിനചര്യയായി മാറിയ ഒരു നാട്
ഒക്ടോബര്‍ 7, ശനി, സമയം രാവിലെ 7:30..
അധിനിവേശ വെസ്റ്റ്ബാങ്കിലെ ബത്ലഹേമിന്റെ കിഴക്ക് ഭാഗത്തുള്ള ബൈത്ത് സഹൂർ നഗരത്തിലെ നീലാകശം ശാന്തമാണ്. വിദ്യർത്ഥികൾ പ്രഭാതത്തിൽ അവരുടെ ഉപ്പയോടും ഉമ്മയോടും സലാം പറഞ്ഞു സ്കൂളിലേക്ക് പുറപ്പെട്ടു. പരസ്പരം ചിരിച്ചും രസിച്ചുമുള്ള സംസാരത്തിൽ വരാൻ പോകുന്ന പരീക്ഷയും വൈകുന്നേരം എന്തു കളിക്കണം എന്ന ചര്‍ച്ചയുമെല്ലാമായിരുന്നു. വരിവരിയായി അവർ സ്കൂളിൽ പ്രവേശിച്ചു. സ്കൂൾ പ്രിൻസിപ്പൽ മൈക്രോഫോണിലൂടെ രാവിലെയുള്ള അറിയിപ്പുകൾ നടത്തി. ശേഷം ദേശീയ ഗാനം ആലപിച്ച് രാഷ്ട്രത്തോടുള്ള സ്നേഹവും പ്രതിജ്ഞയും പുതുക്കി അവര്‍ പതിവ് പോലെ ക്ലാസുകളിലേക്ക് നീങ്ങി.
പതിവു പോലെ 7:50-ന് അവരുടെ ആദ്യ പിരീഡ് ആരംഭിച്ചു. പെട്ടെന്ന് ദൂരെ നിന്ന് വലിയ അപായ ശബ്ദങ്ങൾ പ്രതിധ്വനിക്കാന്‍ തുടങ്ങി. 8:20-ന് അധ്യാപകരുടെ ഫോണിൽ ഒരു വാർത്ത ദൃശ്യമായി, ഗസ്സയിൽ ബോംബ് വർഷിച്ചിരിക്കുന്നു. ഉടനടി തന്നെ 8:30-ന് അടുത്ത ബെല്ലടിച്ചു, രണ്ടാം പിരീഡ് തുടങ്ങി. കുട്ടികൾക്ക് ഏറെ താല്പര്യമുള്ള ഗണിതമായിരുന്നു വിഷയം. ചോദ്യങ്ങളും ഉത്തരങ്ങളും പ്രശ്നങ്ങളും പരിഹാരങ്ങളുമായി ക്ലാസ് റൂം സജീവമായി. പക്ഷേ, അപ്പോഴെല്ലാം അധ്യാപകരുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. വാർത്ത പ്രചരിച്ചതോടെ കുടുംബങ്ങളും അസ്വസ്ഥരായിരുന്നു. ഇത്തരം അക്രമണങ്ങളും വാര്‍ത്തകളും അവർക്ക് സാധാരണമായിരുന്നതിനാല്‍ ഇനി എന്ത് ചെയ്യണമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. 8:45-ന് കുട്ടികളെ സുർക്ഷാർത്ഥം സ്കൂളിൽ നിന്ന് പിക്ക് ചെയ്യണമെന്ന് സ്കൂൾ അഡ്മിനിസ്ട്രേഷൻ അറിയിപ്പ് നല്കി.
ആ കുഞ്ഞിളം കൈകള്‍ പേനയും പെന്‍സിലും താഴെ വെച്ച് മ്ലാനമായ മുഖത്തോടെ വീട്ടിലേക്ക് പോകാനൊരുങ്ങി. കുട്ടികളോട് അധ്യാപകർ “അസ്രാ! അസ്രാ!” (വേഗത്തിൽ, വേഗത്തിൽ) എന്നു പറയുന്നുണ്ടായിരുന്നു. പക്ഷെ, ഏഴാം ക്ലാസിൽ പഠിക്കുന്ന ലെനയെ പോലെ അധിക കുട്ടികള്‍ക്കും ഗണിത ക്ലാസ് നഷ്ടമായതിലായിരുന്നു വിഷമം. 'ഈ ആക്രണത്തില്‍ എനിക്ക് അസ്വസ്ഥതയെന്നുമില്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം മരണം ഒരു പ്രശ്നമേയല്ല, ദിവസവും നാട്ടിലും കുടുംബത്തിലുമായി എത്രയോ പേര്‍ മരിക്കുന്നത് ഞങ്ങള്‍ സാധാരണമാണ്. അതേ സമയം, ക്ലാസ് നഷ്ടമാവുന്നതാണ് പ്രയാസം' ചിരിച്ചു കൊണ്ട് പതിനൊന്നു വയസുകാരി ലെന ഇങ്ങനെ പ്രതികരിക്കുന്നത് കാണുമ്പോള്‍, ആ കൊച്ചു കുട്ടികളുടെ ദൈനംദിന ജീവിതം നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറത്താണെന്ന് ബോധ്യപ്പെടും.
അധ്യാപികയായ സിറീന് ഈ വാർത്ത എത്തിയത് കുട്ടികള്‍ക്ക് പരീക്ഷ നടത്തുന്നതിനിടെയായിരുന്നു. പഠിക്കാനായി താല്പര്യത്തോടെ എത്തിയ കുട്ടികളുടെ കാര്യം ഓർത്തു കൊണ്ട് മാത്രമായിരുന്നു അവരുടെ സങ്കടം. സിറീനും ഇതേ സ്കൂളില്‍ തന്നെയാണ് പഠിച്ചുവളര്‍ന്നത്. ഇപ്പോള്‍ തന്റെ മക്കളായ ഇഹാബും മായയും പഠിക്കുന്നതും ഇതേ സ്കൂളില്‍ തന്നെ. സിറീന്റെ ഹൈസ്കൂൾ പഠനക്കാലത്താണ് രണ്ടാം ഇൻതിഫാദ (2000-2005) നടക്കുന്നത്. അവർ തൗജീഹി (ഫലസ്ഥീനിലും ജോർദാനിലും സെകന്ററി പഠനം പൂർത്തിയായവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ്) നേടുന്നത് 2002-ലാണ്.
ഫലസ്തീനിലെ ഹൈസ്‌കൂളിലെ അവസാന വർഷം യൂണിവേഴ്‌സിറ്റി പ്ലെയ്‌സ്‌മെന്റ് നിർണ്ണയിക്കുന്ന സ്റ്റാൻഡേർഡ് പരീക്ഷകൾക്കായി അവർ തയ്യാറെടുത്തിരുന്നു.
2002 ഏപ്രിൽ-2 നും മെയ്-10 നും ഇടയിൽ ഇരുന്നൂറോളം ധീരരായ ഫലസ്ഥീനി പോരാളികള്‍ അഭയം തേടിയ നേറ്റിവിറ്റി ചർച്ച് ഇസ്രായേല്‍ ഉപരോധിച്ച സമയത്തായിരുന്നു അവളുടെ സെകന്ററി എക്സാം. ഇസ്രായേൽ സൈന്യം കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ സിറിൻ എന്ന വിദ്യാർത്ഥിനിയും ആ വർഷത്തെ കണക്ക് പരീക്ഷയുടെ മധ്യത്തിലായിരുന്നു. എക്സാമിന്റെ ഇടക്ക് പട്ടാളം ക്ലാസില്‍ കയറി ആരും അനങ്ങിപ്പോകരുത് എന്ന് ആക്രോശിച്ചത് സിറീന്‍ ഇന്നും ഓര്‍ക്കുന്നു. പരീക്ഷ തുടരാന്‍ ടീച്ചർമാർ പറഞ്ഞത് പ്രകാരം സിറീനും കൂട്ടുകാരും പരീക്ഷ പൂര്‍ത്തിയാക്കി. പ്രത്യേക അനുമതിയുള്ള സർക്കാർ വാഹനത്തിലാണ് ശേഷം അവര്‍ വീടുകളിലേക്ക് പോയത്. ആ വർഷം, ഉപരോധം കാരണം നിരവധി വിദ്യാർത്ഥികൾക്ക് തൗജീഹി പരീക്ഷകള്‍ എഴുതാന്‍ സാധിക്കാതെ പോയിരുന്നു.
ബീര്‍സൈത് യൂണിവേഴ്സിറ്റിയിൽ പോയി വാസ്തുവിദ്യ പഠിക്കാനായിരുന്നു സിറീന് താല്പര്യം. എന്നാൽ, യുദ്ധ സാഹചര്യം കാരണം, മകള്‍ തങ്ങളോടൊപ്പം വീടിനടുത്ത് തന്നെ വേണമെന്നായിരുന്നു മാതാപിതാക്കളുടെ താലപര്യം. അതിനാൽ ബത്‌ലഹേം സർവകലാശാലയിൽ ഗണിതശാസ്ത്രത്തില്‍ പഠനം തുടരേണ്ടിവന്നു. യുദ്ധവും അനുബന്ധസാഹചര്യങ്ങളുമാണ് അവളുടെ ഗതി തിരിച്ച് വിട്ടത് എന്നര്‍ത്ഥം.
അതേ അനുഭവത്തിൽ തന്നെയാണ് ഇന്ന് അവരുടെ മക്കളും പഠിക്കുന്നത്. സ്വതന്ത്ര ഫലസ്ഥീൻ എന്ന സ്വപ്നം ഒരു ദിവസം പൂവണിയും എന്ന പ്രതീക്ഷയിലാണ് അവരെല്ലാം ഓരോ ദിവസവും കഴിച്ച് കൂട്ടുന്നത്. ഇപ്പോൾ രണ്ടു പേരും വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. യുദ്ധം തന്റെ വിദ്യാഭ്യാസത്തെ ബാധിക്കുമോ എന്ന് മായക്കും ആശങ്കയുണ്ട്. അറിവ് നേടി രാജ്യത്തിനായി പ്രവര്‍ത്തിക്കണമെന്നാണ് മായയുടെ സ്വപ്നം. ഫലസ്തീനിലെ എല്ലാ മാതാപിതാക്കളെയും പോലെ സിറിനും മക്കളെ വളര്‍ത്തിയത് രാജ്യസ്നേഹം പകര്‍ന്നുകൊണ്ടായിരുന്നു.
ഒരു അധ്യാപിക എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തിലൂടെ സ്വതന്ത്ര ഫലസ്തീൻ കെട്ടിപ്പടുക്കാൻ കഴിയുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയാണ് സിറിൻ ചെയ്യുന്നത്. തന്റെ മാതാപിതാക്കളാണ് ആ സന്ദേശം സിറീന് കൈമാറിയത്. തലമുറകളായി ഫലസ്തീനികളെ നിലനിര്‍ത്തുന്നത് ഇത്തരം സ്വപ്നങ്ങളാണ്. ചെറുപ്പം മുതലേ അവരെല്ലാം കണ്ടും കേട്ടും വളരുന്നത്, അധിനിവേശ സൈന്യത്തിന്റെ അക്രമണങ്ങളും നിയന്ത്രണങ്ങളുമാണ്. അവയെല്ലാം അവസാനിച്ച് സ്വതന്ത്രമായി വിഹരിക്കാവുന്ന ഒരു നാടിനായി അവര്‍ പ്രവര്‍ത്തിക്കുകയാണ്. മഹ്മൂദ് ദർവേശിന്റെ വരികള്‍ അവരുടെ ചുണ്ടുകളില്‍ ഇടക്കിടെ കടന്നുവരുന്നുണ്ട്, "സമാധാനത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ട നാട്, എന്നിട്ടും ആ നാടിന്റെ ജീവിതത്തിൽ സമാധാനത്തോടെയുള്ള ഒരു ദിവസം പോലും കണ്ടിട്ടില്ല."
കടപ്പാട്: അൽ-ജസീറ
Leave A Comment