അബുല്‍ അബ്ബാസ് അസ്സഫ്ഫാഹ് , അബ്ബാസി ഭരണകൂടത്തിന്റെ സ്ഥാപകന്‍
ഇസ്‍ലാമിക ഭരണ കാലഘട്ടങ്ങളിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്ന അബ്ബാസിയ്യ ഖിലാഫത്തിന്‍റെ സ്ഥാപകനും കാല ക്രമേണ ശക്തി ക്ഷയിച്ച് കൊണ്ടിരുന്ന അമവീ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്ത, അബ്ബാസിയ്യ ഖിലാഫത്തിന്‍റെ ആദ്യ ഭരണാധികാരിയായിരുന്നു അബൂ അബ്ബാസ് അസ്വഫാഹ്. ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂരതകൾ നടത്തിയ വ്യക്തി എന്നതിനാലാണ് രക്തം ചിന്തിയവന്‍ (സഫാഹ്) എന്ന് വിളിക്കപ്പെട്ടത്. എങ്കിലും ഇസ്‍ലാമിക പ്രദേശങ്ങളിൽ വികസനം നടത്തുന്നതിലും മതപ്രചാരണം നടത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
ജനനവും വളർച്ചയും
ഹി;132 എ.ഡി 750 ഹുമൈമയിലായിരുന്നു (ജോർദാൻ) അബൂ അബ്ബാസ് ജനിക്കുന്നത്. തന്‍റെ പിതാമഹന്‍ അലിയ്യ് ഇബ്ന് അബ്ദുല്ലയെ അന്നത്തെ അമവി ഖിലാഫത്തിലെ ഭരണാധികാരി ¬¬വലീദ് ഇബ്നു അബ്ദുല്‍മലിക് നാട് കടത്തിയ സ്ഥലത്ത് വളര്‍ന്നതിനാല്‍ ചെറുപ്പത്തിലേ അമവീ ഖിലാഫത്തിനോട് അടങ്ങാത്ത ദേഷ്യവുമായാണ് സ്വഫാഹ് വളരുന്നത്. ചെറുപ്രായത്തിലേ പിതാവ് മുഹമ്മദ് ഇബ്നു അലി അബ്ബാസികളെ ഖിലാഫത്തിലെത്തിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നത് കണ്ട് അബുല്‍ അബ്ബാസ് ഏറെ പ്രചോദിതനായിരുന്നു.
രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ്
പിതാവ് മുഹമ്മദ് ഇബ്നു അലിയുടെ മരണശേഷം സഹോദരന്‍ ഇബ്രാഹിം അബ്ബാസീ ഖിലാഫത്തിനെ വ്യാപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും AD 747 ഹി 130 ഓടെ അന്നത്തെ അമവീ ഖിലാഫത്തിലെ ഭരണാധികാരി മര്‍വാന്‍ ഇബ്രാഹിമിനെ പിടികൂടിയതോടെ അബ്ബാസികളുടെ നേതൃത്വം അബുല്‍ അബ്ബാസിന്‍റെ കരങ്ങളിലായി.
ഇബ്രാഹിമിന്‍റെ മരണശേഷം അദ്ദേഹം സ്വയം പ്രഥമ ഖലീഫയായി പ്രഖ്യാപിച്ചു. ആ സമയം അമവീ ഭരണാധികാരികള്‍ അബ്ബാസികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന കാലമായിരുന്നു. ഇത്തരം ശക്തമായ നടപടികള്‍ക്കിടയിലൂടെ അബുല്‍ അബ്ബാസ് ഒരു വിപ്ലവത്തിന് തയ്യാറെടുത്തു. തന്‍റെ സഹോദരന്‍ ഇബ്രാഹിം നഹാവന്ദിലേക്ക് അയച്ച സൈന്യത്തെയും കൂട്ടി അദ്ദേഹം മെസപട്ടോമിയയിലേക്ക് പോയി. അവിടെ ഖലീഫയുടെ മകന്‍ അബ്ദുല്ലയുമായി യുദ്ധത്തിന് തയ്യാറെടുത്തു. യുദ്ധത്തില്‍ ശക്തമായി പൊരുതിയതോടെ സ്വഫാഹ് വിജയം കൈവരിച്ചു. ഇത് കണ്ട് പേടിച്ച മര്‍വാന്‍ ഈജിപ്തില്‍ അഭയം തേടി. എന്നാല്‍ AD 750 ഹി 132ന് മര്‍വാന്‍ വധിക്കപ്പെട്ടതോടെ ഇസ്‍ലാമിക പ്രദേശങ്ങള്‍ മുഴുവന്‍ അബ്ബാസീ ഖിലാഫത്തിന്‍റെ കീഴിലായി. അതോടൊപ്പം അബ്ബാസികളുടെ ആദ്യ ഭരണാധികാരിയായി അബുല്‍ അബ്ബാസിന്‍റെ സ്ഥാനാഹോരണവും നടന്നു.
ഭരണവും നേട്ടങ്ങളും
ഹി 132 AD 750ല്‍ അദ്ദേഹം ഭരണത്തിലേറിയപ്പോള്‍ ആദ്യമായി അമവികളുടെ ക്രൂരതകളെ പറ്റിയും തനിക്കെതിരെ വരുന്നവര്‍ക്കുള്ള ശിക്ഷാനടപടികളെ പറ്റിയും ഒരു നയപ്രഖ്യാപന പ്രസംഗം നടത്തി. അതോടെ അമവികളുടെ രക്തം ചിന്തുന്നയാള്‍ എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം സ്വയം അസ്വഫാഹ് എന്ന് വിളിച്ചു. അബുല്‍ അബ്ബാസിന്‍റെ കാലഘട്ടത്തെ അമവികളുടെ ഉന്മൂലനത്തിന്‍റെ കാലഘട്ടം എന്നായിരുന്നു അറിയപ്പെട്ടത്. കാരണം അദ്ദേഹം അന്ന് അവിടെ ജീവിച്ചിരുന്ന എല്ലാ അമവീ കുടുംബങ്ങളെയും വേട്ടയാടി. ഇദ്ദേഹം തന്‍റെ കീഴിലുള്ള സിറിയന്‍ ഗവര്‍ണര്‍ അബ്ദുല്ല ഇബ്നു അലിയുടെ നേതൃത്വത്തില്‍ അമവികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. അതില്‍ നിന്നും രക്ഷപ്പെട്ട അബ്ദുറഹ്മാന്‍ ഇബ്നു മുആവിയ സ്പെയിനിലേക്ക് പോവുകയും അവിടെ അമവികളുടെ പുതിയ ഒരു ഖിലാഫത്ത് സ്ഥാപിക്കുകയും ചെയ്തു. ഇസ്‍ലാമിക ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായങ്ങളായി അതും മാറിയത് മറ്റൊരു ചരിത്രം.
ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂരത എന്നൊക്കെ അദ്ദേഹത്തിന്‍റെ ഭരണത്തെ ചരിത്രകാരന്മാര്‍ വിളിച്ചിരുന്നുവെങ്കില്‍കൂടിയും അദ്ദേഹം തന്നോട് അഭയം ചോദിച്ചവര്‍ക്കെല്ലാം അഭയം നല്‍കിയിരുന്നു. തന്‍റെ ഭരണകാലത്ത് അദ്ദേഹം ധാരാളം വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു. കൂഫ മുതല്‍ മക്ക വരെ ധാരാളം നാഴികക്കല്ലുകള്‍ സ്ഥാപിച്ചു. ആദ്യ തലസ്ഥാനമായ കൂഫ മാറ്റി, അന്‍ബാര്‍ ആക്കി തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍. സ്വഫാഹിന്‍റെ കാലഘട്ടം തനിക്കെതിരെ വരുന്നവരെ അടിച്ചമര്‍ത്തലിന്‍റെ കാലമായിരുന്നുവെങ്കിലും അതോടൊപ്പം തന്നെ വികസനങ്ങളുടേത് കൂടിയായിരുന്നു എന്ന് പറയാതെ വയ്യ.
പ്രധാന യുദ്ധവും ഭരണകാല സമീപനവും
അബ്ബാസികളുടെ വരുംകാല വികസനത്തിന് മുന്നോട്ടുള്ള വഴിയൊരുക്കിയ തലാസ് യുദ്ധം (THE BATTLE OF TALAS) നടന്നത് സ്വഫാഹിന്‍റെ കാലത്താണ്. അന്നത്തെ മദ്ധേഷ്യന്‍ പ്രദേശമായ സയര്‍ ദറിയ (Syr darya) കീഴടക്കാനായി അബ്ബാസി സൈന്യവും സഖ്യകക്ഷിയായ ടിബറ്റന്‍ ചക്രവര്‍ത്തിയും ചേര്‍ന്ന് ചൈനീസ് താങ്ങ് സാമ്രാജ്യവുമായി തലാസ് നദിതീരത്ത് നടത്തിയ യുദ്ധമാണിത്. യുദ്ധത്തില്‍ അബ്ബാസികള്‍ വിജയിക്കുകയും പിന്നീടുള്ള 400 വര്‍ഷത്തേക്ക് ട്രാന്‍സോക്സിയാന (Transoxiana) എന്ന പ്രവിശ്യ മുസ്‍ലിംകളുടെ അധീനതയിലാവുകയും ചെയ്തു. താങ്ങ് സാമ്രാജ്യത്തിന്‍റെ പിന്നീടുള്ള വ്യാപനത്തെ ഈ പരാജയം ബാധിക്കുകയും ചെയ്തു. പിന്നീട് പിടിച്ചെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നും അബ്ബാസികള്‍ക്ക് സാമ്പത്തികമായി വളരെയേറെ നേട്ടങ്ങളുണ്ടായി. യുദ്ധത്തില്‍ പിടിക്കപെട്ട ചൈനീസ് തടുവുകാരെ കൊണ്ട് അദ്ദേഹം ധാരാളം പേപ്പര്‍മില്ലുകള്‍ സ്ഥാപിച്ചു.
അബുല്‍ അബ്ബാസിന്‍റെ കാലഘട്ടത്തില്‍, തന്നെ അനുകൂലിച്ചവര്‍ക്ക് അദ്ദേഹം ഭരണത്തില്‍ വലിയ സ്ഥാനങ്ങള്‍ നല്‍കി. അമവീ വിഭാഗത്തോടുള്ള ദേഷ്യം ഒഴിച്ചാല്‍ പേര്‍ഷ്യക്കാരോടും ക്രിസ്ത്യനികളോടും ജേവ്സ്കാരോടും അബുല്‍ അബ്ബാസിന്‍റെ സമീപനം വളരെ നല്ല രീതിയിലായിരുന്നു. തന്‍റെ സേനയില്‍ അദ്ദേഹം മുസ്‍ലിംകളല്ലാത്തവരെയും അറബികളല്ലാത്തവരെയും ഉള്‍പ്പെടുത്തി. ഇത്തരത്തില്‍ ജനങ്ങളുമായി വളരെ നല്ല രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഖലീഫയായിരുന്നു അബുല്‍ അബ്ബാസ് അസ്വഫാഹ്.
Leave A Comment