കണ്ണീരണിഞ്ഞ് ലിബിയയും മൊറോക്കയും

ഭുകമ്പവും പ്രളയവും തുടങ്ങി നിരന്തരമുള്ള പ്രകൃതിദുരന്തങ്ങൾ മുസ്‍ലിം ലോകത്തെ സമീപകാലത്തു തന്നെ പലതവണകളിലായി കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. ഏറ്റവും അവസാനമായി വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ ലിബിയയും മൊറോക്കയുമാണ് ഇരകൾ. ലിബിയയിലെ ഇസ്രായേൽ ബന്ധത്തെ ചൊല്ലിയുള്ള വിവാദവും ഫ്രാൻസിലെ അബായ നിരോധനവുമാണ് വാർത്താശ്രദ്ധ നേടിയ മറ്റു സംഭവങ്ങൾ. കഴിഞ്ഞ വാരത്തെ മുസ്‍ലിം ലോകത്തുനിന്നുള്ള പ്രധാന സംഭവവികാസങ്ങൾ നോക്കാം.

കണ്ണീരായി മൊറോക്കോ

രണ്ട് മാസങ്ങൾക്ക് മുമ്പാണ് തുർക്കിയയെയും സിറിയയെയും നടുക്കിക്കൊണ്ട് ശക്തമായ ഭൂചലനം നടന്നത്. തെക്കൻ തുർക്കിയയെ പാടെ ഇളക്കിമറിച്ച ഭൂകമ്പത്തിൽ നിന്ന് ഇപ്പോഴും അവർ മോചിതരായിട്ടില്ല. അതിനിടയിലാണ് പുതിയതായി ലിബിയയും മൊറോക്കയും പ്രകൃതി ദുരന്തത്തിന് ഇരകളായിരിക്കുന്നത്. 6.8 തീവ്രത രേഖപ്പെടുത്തപ്പെട്ട ശക്തമായ ഭൂചലനം മൊറോക്കോയെ പിടിച്ചുകുലുക്കുകയും വൻ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കാരണമാവുകയുമുണ്ടായി. വെള്ളിയാഴ്ച്ച രാത്രിയിൽ നടന്ന ഭൂചലനത്തിൽ ഇതിനകം തന്നെ രണ്ടായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ കഴിയുന്ന ആയിരക്കണക്കിനു പേരുമുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. മൊറോക്കോയിലെ പല ചരിത്രനിർമിതികളും കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ ഭൂകമ്പത്തിൽ തകർന്നിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട മറാക്കിഷിലെ പ്രശസ്തമായ കൗതൗബിയ പള്ളിക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ മറാക്കിഷ് നഗരത്തെയാണ് ഭൂകമ്പം കവർന്നെടുത്തത്.

ദുരന്തമുഖമായി ലിബിയയും

മുസ്‍ലിം ലോകത്തെ ഈ വാരത്തിലെ മറ്റൊരു ദുരന്തവാർത്തയാണ് ലിബിയയിലെ ചുഴലിക്കാറ്റ്. തിങ്കളാഴ്ച  ഡാനിയേൽ ചുഴിലിക്കാറ്റ് വിതച്ച മിന്നൽ പ്രളയത്തിൽ രണ്ടായിരത്തോളം പേരാണ് ലിബിയയിൽ മരണപ്പെട്ടിരിക്കുന്നത്. മരണ സംഖ്യ ഇനിയുമുയരാനാണ് സാധ്യത. അയ്യായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ശക്തമായ പ്രളയം ലിബിയയിലെ പല പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തിയിട്ടുണ്ട്. രണ്ട് ഡാമുകൾ തകർന്നത് പ്രളയത്തിന്റെ തീവ്രത ഭയാനകമാം വിധം വർധിപ്പിക്കുകയായിരുന്നു. കിഴക്കൻ പ്രദേശമായ ദർനയാണ് പ്രളയത്തിനിരയായി പൂര്‍ണ്ണമായും നശിച്ചിരിക്കുന്നത്. മൂന്ന് മീറ്റർ ഉയരത്തിലാണ് ദർനയിൽ നിലവിലെ ജലനിരപ്പ്. ഗദ്ദാഫിക്ക് ശേഷമുണ്ടായ അനിശ്ചിതത്വവും രാഷ്ട്രീയ സംഘട്ടനങ്ങളും കാരണം ലിബിയ നിലവിൽ രണ്ട് ഭരണകേന്ദ്രങ്ങൾക്കു കീഴിലായിട്ടാണ് ഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒന്ന് ട്രിപ്പോളി കേന്ദ്രീകരിച്ച് യുഎൻ പിന്തുണയോടെ ഭരിക്കുന്ന സർക്കാറും ഖലീഫ ഹഫ്താറിന്റെ ഭരണവും. ഈ സങ്കീർണാവസ്ഥ ഫലപ്രദമായ രക്ഷാപ്രവർത്തനങ്ങളെ പോലും സാരമായി ബാധിക്കുന്നുമുണ്ട്.

ഇസ്രായേൽ ബന്ധം സൃഷ്ടിച്ച പ്രതിസന്ധി

ഇസ്രായേലുമായി നയതന്ത്ര ബന്ധം നിരോധിക്കപ്പെട്ട ലിബിയയിൽ 1957 ൽ നടപ്പിലാക്കപ്പെട്ട ഒരു നിയമമനുസരിച്ച് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കൽ ഒമ്പത് വർഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാശ്ചാത്യ ശക്തികൾക്കെതിരെയും ഇസ്രായേലിനെതിരെയും ശക്തമായ നിലപാടെടുത്ത മുഅമ്മർ ഗദ്ദാഫിയുടെ നാട്ടിൽ ആയത് കൊണ്ട് തന്നെ ഇസ്രായേലുമായിട്ടുള്ള ഏതൊരു സൗഹാർദവും ബന്ധവും ശക്തമായ ജനകീയപ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും വിളിച്ചുവരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ലിബിയയിലെ നിലവിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത് അതാണ്.

ഇറ്റലിയുടെ തലസ്ഥാന നഗരമായ റോമിൽ വെച്ച് ഇസ്രായേൽ വിദേശ്യകാര്യ മന്ത്രി എലി കോഹനുമായി ലിബിയയുടെ വിദേശകാര്യമന്ത്രി നജില മങ്കൂഷ് ചർച്ചനടത്തിയെന്ന വിവരം പുറത്തുവന്നതോടു കൂടി ശക്തമായ സമരങ്ങളാണ് ലിബിയയിൽ ഭരണകൂടത്തിനെതിരെ അരങ്ങേറുന്നത്. വാർത്ത പുറത്തുവന്നയുടനെ വിദേശകാര്യമന്ത്രിയെ ലിബിയൻ പ്രസിഡന്റ് ദിബൈദ പുറത്താക്കിയിട്ടുണ്ട്. ചർച്ച അനൗപചാരികമായിരുന്നുവെന്നും സർക്കാറിന് ഇതിൽ പങ്കില്ലെന്നുമാണ് ഭരണകൂടം പറയുന്നത്. അറബ് രാജ്യങ്ങളെ ഒന്നൊന്നായി തങ്ങളുടെ വരുതിയിൽ വരുത്താനുള്ള പദ്ധതിയുടെ ഭാഗമായി യു.എ.ഇയും ബഹ്റൈനും സൗദിയുമടക്കമുള്ള വമ്പൻമാരെയാണ് അബ്രഹാം അക്കോർഡിലൂടെ ഇസ്രായേൽ വലവീശിയിരിക്കുന്നത്. അറേബ്യൻ രാജ്യങ്ങൾക്കു പുറമേ പാരമ്പര്യമായി ഇസ്രായേൽ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളെയും ഇസ്രായേൽ ഉന്നമിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലിബിയൻ വിദേശകാര്യമന്ത്രിയുടെ ചർച്ച നടക്കുന്നതെന്ന് കൊണ്ട്തന്നെ വളരെ പ്രാധാന്യത്തോടെയാണ് പലരും ഇതിനെ നോക്കിക്കാണുന്നത്. 

അവസാനിക്കാത്ത നിരോധന ലിസ്റ്റ് 

വിവിധങ്ങളായ നിരോധനങ്ങളിലൂടെയും വിലക്കുകളിലൂടെയും നിരന്തരം വാർത്തകളിൽ നിറയുന്ന ഇസ്‍ലാമോഫോബിയയുടെ വിഹാരകേന്ദ്രങ്ങളിലൊന്നായ ഫ്രാൻസ് മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം വരണ്ട സാമൂഹികാന്തരീക്ഷമാണ് പ്രദാനം ചെയ്യുന്നത്. 2004 മുതലേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിക്കപ്പെട്ട ഫ്രാൻസിൽ കഴിഞ്ഞയാഴ്ച്ച പുറപ്പെടുവിച്ച നിയമപ്രകാരം അബായയും നിരോധിക്കപ്പെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമ്പൂർണമായി മതേതരവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയമം കൊണ്ടുവരുന്നതെന്നാണ് ന്യായം. ജൂതരുടെ തൊപ്പിയായ കിപ്പ ധരിക്കുന്നതിനും വലിയ കുരിശുകൾ ധരിക്കുന്നതിനും നിലവിൽ നിരോധനമുണ്ട്. നിയമത്തിനെതിരെ ഫ്രാൻസിലെ മുസ്‍ലിം കൂട്ടായ്മകളും വനിതകളും രംഗത്തിറങ്ങിയിട്ടുണ്ട്. അബായ വെറും മതപരമായ വസ്ത്രമല്ലെന്നും വെറും ഒരു മതത്തെ പ്രതിനിധീകരിക്കുന്ന വസ്ത്രമെന്ന നിലയിൽ അബായയെ പരിഗണിക്കരുതെന്നുമാണ് നിരോധനത്തിനെതിരെ ഉയരുന്ന വാദങ്ങളിലൊന്ന്. ഫ്രാൻസും ഇതരപാശ്ചാത്യ രാജ്യങ്ങളും ഒളിപ്പിച്ച് വെക്കുന്ന ഇടുങ്ങിയ ചിന്താഗതിയുടെയും മതേരത്വത്തിന്റെയും പാർശ്വഫലങ്ങൾ അവിടങ്ങളിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അസഹനീയമാവുകയാണെന്ന് പറയാതെ വയ്യ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter