സന ഖാനും സൈറ വാസിമിനും പിന്നാലെ അഭിനയ ജീവിതം അവസാനിപ്പിച്ച് സഹര്‍ അഫ്ഷയും
ചലച്ചിത്ര താരങ്ങളായിരുന്ന സന ഖാനും സൈറ വാസിമിനും പിന്നാലെ അഭിനയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഭോജ്പുരി നടി സഹർ അഫ്ഷയും. സിനിമ ജീവിതം പൂർണ്ണമായി അവസാനിപ്പിക്കുന്നതിന് പുറമെ ഇനിയുള്ള ജീവിതം ഇസ്‍ലാം മത നിയമങ്ങള്‍ പ്രകാരമായിരിക്കുമെന്നും നടി പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം തീരുമാനം അറിയിച്ചത്.
'ഞാൻ സിനിമാ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇനി ചലച്ചിത്ര മേഖലയുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടാകില്ല. ഇക്കാര്യം നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനി എന്റെ ജീവിതം ഇസ്‌ലാമികമായ മാർഗത്തിലൂടെയും അല്ലാഹുവിന്റെ നിയമങ്ങൾക്ക് അനുസൃതവുമായിരിക്കും. എന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഓർത്തുകൊണ്ട് അല്ലാഹുവിനോട് മാപ്പ് ചോദിക്കുന്നു. ഞാൻ അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു, ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സഹർ അഫ്ഷ വ്യക്തമാക്കി.
"എന്റെ ആരാധകരോട് ഞാൻഎപ്പോഴും നന്ദിയുള്ളവളായിരിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളാണ് എനിക്ക് സ്വീകാര്യതയും ബഹുമാനവുമെല്ലാം നേടിത്തന്നത്. കുട്ടിയായിരിക്കുമ്പോൾ ഒരിക്കലും ഇത്തരത്തിലുള്ള ചലച്ചിത്ര ജീവിതം സ്വപ്നം കണ്ടിരുന്നില്ല, ഇന്ന് മുതൽ ഞാൻ സിനിമ ജീവിതം അവസാനിപ്പിക്കുന്നു, ശിഷ്ട ജീവിതം ഇനി അല്ലാഹുവിന്റെ മാർഗത്തിൽ ആയിരിക്കും " താരം കൂട്ടിച്ചേർത്തു.
ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട തന്റെ ചിത്രങ്ങളെല്ലാം താരം നീക്കം ചെയ്ത് കഴിഞ്ഞു. മുസ്‍ലിം വേഷമായ പർദ്ദയും ഹിജാബും ധരിചുള്ള ചിത്രങ്ങൾ മാത്രമാണ് ഇപ്പോള്‍ അക്കൗണ്ടിൽ ഉള്ളത്.
Read More:വിശ്വാസം അതല്ലേ എല്ലാം
2018-ൽ പുറത്തിറങ്ങിയ 'കർത്താ-കർമ-ക്രിയ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സഹർ സിനിമ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. 2020-ൽ നടൻ ഖേസരി ലാൽ യാദവിനൊപ്പം 'മെഹന്ദി ലഗാ കെ രക്ന 3' എന്ന ചിത്രത്തിലൂടെയാണ് സഹർ അഫ്ഷ ഭോജ്പുരി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ സഹർ അഫ്ഷ ആക്ഷൻ-ഡ്രാമ ചിത്രമായ ‘ഘട്ടക്’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
സഹർ അഫ്ഷയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് അഭിപ്രായങ്ങൾ ഇതിനോടകം വന്ന് കഴിഞ്ഞു. ഇനിയുള്ള കാലം ഇസ്‍ലാം മതം അനുശാസിക്കുന്ന രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ അവൾക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.