കരുണയുള്ളവർക്ക് കരുണ കിട്ടും

പ്രപഞ്ചത്തിലെ സകല ചരാചരാങ്ങൾക്കും അല്ലാഹുവിന്റെ കാരുണ്യ സ്പർശം ലഭിച്ചിരിക്കും. അത്രക്കും അനന്ത വിശാലമാണ് അവന്റെ കരുണക്കടാക്ഷം. കരുണ/അനുഗ്രഹം ചെയ്യുന്നത് സ്വന്തത്തിലെ ബാധ്യതയായിട്ടാണ് അല്ലാഹു കാണുന്നതെന്ന് സൂറത്തുൽ അൻആം 54ാം സൂക്തം പ്രസ്താവിക്കുന്നുണ്ട്. കാരുണ്യദൂതരായിട്ടാണ് അല്ലാഹു നബി (സ്വ)യെ നിയോഗിച്ചിരിക്കുന്നത് (സൂറത്തുൽ അമ്പിയാഅ് 107). നബി (സ്വ) പറയുന്നു: അല്ലാഹു കരുണയെ നൂറ് ഭാഗമാക്കിയിരിക്കുകയാണ്, അതിൽ തൊണ്ണൂതൊമ്പതും അവന്റെയടുത്ത് തന്നെ പിടിച്ചുവെച്ചിട്ടുണ്ട്. ഒരു ഭാഗം മാത്രമാണ് ഭൂമിയിൽ ഇറയിരിക്കുന്നത്. ആ ഒരു ഭാഗത്താലാണ് സൃഷ്ടികൾ പരസ്പരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത്.  അമ്മക്കുതിര കുട്ടിയുടെ ദേഹത്ത് തട്ടാതിരിക്കാൻ കുളമ്പ് ഉയർത്തിപ്പിടിക്കുന്നത് പോലും ആ കരുണയുടെ ഭാഗമാണ് (ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹു റഹ്‌മാനും റഹീമുമാണ്, അതായത് അവൻ പരമ ദയാലുവും കരുണാമയനുമത്രേ. ഏവർക്കും (വഴിപ്പെട്ടവർക്കും അല്ലാത്തവർക്കും) കരുണ ചെയ്യുന്നവനാണ്. അല്ലാഹുവിനുള്ള കരുണ എന്ന സ്വഭാവ വിശേഷണം സത്യവിശ്വാസിക്കും ഉണ്ടായിരിക്കേണ്ടതാണ്. സത്യവിശ്വാസി മാതാപിതാക്കൾക്ക് ഗുണം ചെയ്യണം. മക്കളോട് വാത്സല്യം കാണിക്കണം. കുടുംബക്കാരോട് നല്ല രീതിയിൽ വർത്തിച്ച് കുടുംബ ബന്ധം നിലനിർത്തിക്കൊണ്ടിരിക്കണം. കൂട്ടുകാരെയും സഹപ്രവർത്തകരെയും അതിഥികളെയും അയൽവാസികളെയും ബഹുമാനിക്കണം. അനാഥകളെ സംരക്ഷിക്കണം. മുതിർന്നവരെ നാട്ടുകാരനായാലും പരദേശിയായാലും സഹായിക്കണം. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകണം. അവശരെയും നിരാലംബരെയും സഹായിക്കും വിധം സേവന സന്നദ്ധമാകണം. അങ്ങനെ മനുഷ്യരോെടന്നല്ല എല്ലാ ജീവികളോടും കരുണാമയമായിരിക്കണം വിശ്വാസികൾ.

Also Read:നാണം കെടാതിരിക്കാൻ 

കാരുണ്യക്കടലായ നബി (സ്വ) ജീവിച്ചു കാണിച്ചു തന്നതും ആ പാതയാണ്. ഒരിക്കൽ ദയനീയമായി വേദനയാൽ പുളയുന്ന ഒട്ടകത്തെ കണ്ട നബി (സ്വ)ക്ക് വളരെ ദയ തോന്നുകയുണ്ടായി. ശേഷം അതിന്റെ ഉടമസ്ഥനോട് പറഞ്ഞു: 'ഈ മൃഗത്തിന്റെ കാര്യത്തിൽ താങ്കൾ അല്ലാഹുവിനെ പേടിക്കുന്നില്ലയോ?' (ഹദീസ് അബൂ ദാവൂദ് 2549). മൃഗങ്ങളോടും കരുണയുണ്ടാവണമെന്ന പാഠമാണ് സംഭവത്തിലൂടെ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും വെള്ളം കൊടുക്കുന്നതും ജീവൻ നിലനിർത്തുന്ന രീതിയുള്ള അഭയം നൽകുന്നതുമെല്ലാം കരുണയാണ്. ദാഹിച്ച് അവശയായ നായക്ക് വേണ്ടി കിണറ്റിറങ്ങി ഷൂവിൽ വെള്ളം നിറച്ചു കൊണ്ടുവന്ന് കൊടുത്തയാൾക്ക് അല്ലാഹു അനുഗ്രഹം ചെയതെന്നും പാപങ്ങൾ പൊറുത്തുകൊടുത്തെന്നും നബി (സ്വ) കഥനം ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹുവിന്റെ അടിമകളിൽ നിന്ന് കരുണ ചെയ്യുന്നവർക്കേ അവന്റെ കാരുണ്യവർഷമുണ്ടാവുകയുള്ളൂ (ഹദീസ് ബുഖാരി, മുസ്ലിം). കരുണ ചെയ്യുന്നവർക്ക് അല്ലാഹുവിൽ നിന്നുള്ള കൃപയും അനുകമ്പയും ലഭിച്ചുകൊണ്ടിരിക്കും. കരുണയുള്ള കുടുംബത്തിൽ സ്‌നേഹാർദ്രത കുടിയിരിക്കും. കരുണ ചെയ്യുന്ന സമൂഹത്തിൽ ശാന്തിയും സമാധാനവും നിത്യമായിരിക്കും. സഹിഷ്ണുതയും സഹാനുഭൂതിയും അവരുടെ അടയാളമായിരിക്കും. കാരുണ്യ പ്രവർത്തനം രക്ഷയിലേക്കുള്ള പാതയാണ്. അത് സ്വർഗത്തിലേക്ക് കൊണ്ടെത്തിക്കും. സത്യവിശ്വാസം വരിക്കുകയും സഹനവും കാരുണ്യവും കൊണ്ട് അന്യോന്യം ഉപദേശിക്കുകയും ചെയ്തവർ നല്ല പക്ഷക്കാരെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തുൽ ബലദ് 17, 18).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter