സുബ്ഹി നിസ്‌കാരം: മാലാഖമാര്‍ സാക്ഷിനില്‍ക്കുന്ന പുലര്‍കാല നമസ്‌കാരം

ഇസ്ലാമിക കര്‍മ്മാരാധനകളില്‍ പ്രധാനമാണല്ലൊ ദിനേനയായുള്ള അഞ്ചുനേര നിര്‍ബന്ധ നമസ്‌ക്കാരങ്ങള്‍. അവയില്‍ സുപ്രധാനമാണ് സുബ്ഹ് നമസ്‌ക്കാരം. അതാണ് പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഇസ്റാഅ് 78ാം സൂക്തം വിവരിക്കുന്നത് : ''സൂര്യന്‍ ആകാശമദ്ധ്യത്തില്‍ നിന്ന് തെന്നിമാറുന്നതു മുതല്‍ രാത്രി ഇരുള്‍ മുറ്റുന്നതുവരെ നിര്‍ണിത വേളകളില്‍ താങ്കള്‍ നമസ്‌ക്കാരം മുറപോലെയനുഷ്ഠിക്കണം. ഖുര്‍ആനോതിയുള്ള പുലര്‍കാല നമസ്‌ക്കാരത്തിലും നിഷ്ഠ പുലര്‍ത്തുക. പ്രഭാതനമസ്‌ക്കാരത്തിലെ ഖുര്‍ആന്‍ പാരായണം മാലാഖമാരാല്‍ സാക്ഷ്യം വഹിക്കപ്പെടും തീര്‍ച്ച''.

പുലരിയെന്നര്‍ത്ഥമാക്കിക്കൊണ്ടുള്ള ഫജ്റിന്റെ പേരില്‍ ഖുര്‍ആനികാധ്യായമുണ്ട്. പ്രസ്തുത സൂറത്ത് തുടങ്ങുന്നത് തന്നെ പുലര്‍കാലം കൊണ്ട് സത്യം ചെയ്ത് കൊണ്ടാണ്. സൂറത്തുല്‍ തക്വീര്‍ 18ാം സൂക്തത്തിലും സൂറത്തുല്‍ മുദ്ദശ്ശിര്‍ 34ാം സൂക്തത്തിലും പുലര്‍കാലത്തെ തൊട്ട് സത്യം ചെയ്ത് പറയുന്നുണ്ട്. പുലരിയുടെയും ആ സമയത്തെ നമസ്‌ക്കാരത്തിന്റെയും മേന്മകളാണ് മേല്‍വിവരങ്ങള്‍ പ്രകടിപ്പിക്കുന്നത്. സുബ്ഹ് നമസ്‌ക്കാരത്തിനും അതിലെ ഖുര്‍ആന്‍ പാരായണത്തിനും തുടര്‍ന്നുള്ള ദിക്റുകള്‍ക്കും മറ്റു സദ്പ്രവര്‍ത്തനങ്ങള്‍ക്കും സംശുദ്ധരായ മലക്കുകള്‍ സാക്ഷികളായി നന്മകളുടെ പട്ടികയില്‍ രേഖപ്പെടുത്തിവെക്കുമെന്ന് ചുരുക്കം.

നബി (സ്വ) പറയുന്നു: രാവിലെയും രാത്രിയുമായി മലക്കുകള്‍ ഇറങ്ങിവരും. സുബ്ഹ് നമസ്‌ക്കാരത്തിലും അസ്ര്‍ നമസ്‌ക്കാരത്തിലുമാണ് അവര്‍ ഒരുമിച്ചുകൂടുക. ശേഷം രാത്രിയിലെ മലക്കുകള്‍ ആകാശത്തേക്ക് മടങ്ങിപ്പോവും. അവരോട് അല്ലാഹു ചോദിക്കും ( അവനാണല്ലൊ അവരെപ്പറ്റി ഏറെ അറിയുന്നവന്‍): നിങ്ങള്‍ വരുമ്പോള്‍ എന്റെ അടിമകള്‍ എങ്ങനെയായിരുന്നു? അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ അവരുടെ അടുക്കലേക്ക് പോവുമ്പോഴും അവിടന്ന് മടങ്ങി വരുമ്പോഴും അവര്‍ നമസ്‌ക്കരിക്കുകയായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). സുബ്ഹ് നമസ്‌ക്കരിക്കുന്നവന് അല്ലാഹുവിങ്കല്‍ മലക്കുകളുടെ സൗഭാഗ്യ സുകൃതസാക്ഷ്യം കിട്ടി ധന്യരാവുമെന്ന് പ്രസ്തുത ഹദീസും സൂചിപ്പിക്കുന്നുണ്ട്. മറ്റൊരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു മലക്കുകളോട് തന്റെ അടിമകളുടെ ഗരിമ വര്‍ണിക്കുന്നത് കാണാം: നിങ്ങള്‍ എന്റെ അടിമയിലേക്ക് നോക്കുക, ഉറക്കില്‍ നിന്നേഴുന്നേറ്റ ശേഷം എന്നില്‍നിന്നുള്ള അനുഗ്രഹം പ്രതീക്ഷിച്ചും എന്റെ ശിക്ഷ ഭയന്നും നമസ്‌ക്കരിക്കുകയാണ് (ഹദീസ് അഹ്്മദ് 3949, ഇബ്നു ഹിബ്ബാന്‍ 6 297).

മനുഷ്യന്‍ ഒരു ദിനം തുടങ്ങുന്നത് സുബ്ഹ് നമസ്‌ക്കാരം കൊണ്ടാണല്ലൊ. ആ സമയത്തെ ഉറക്കം ത്യജിക്കേണ്ടത് സത്യവിശ്വാസിയുടെ ബാധ്യത കൂടിയാണ്. സുബ്ഹ് ബാങ്കില്‍ 'നമസ്‌ക്കാരം ഉറക്കിനേക്കാള്‍ ശ്രേഷ്ഠ'മെന്ന വാക്യം പ്രതിധ്വനിപ്പിക്കുന്നതും ആ സത്യം തന്നെ. ഒരാള്‍ ഉറങ്ങിയാല്‍ പിശാച് അയാളുടെ തലഭാഗത്തായി മൂന്നു കെട്ടുകള്‍ കെട്ടുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട്. ഉറക്കില്‍ നിന്നുണര്‍ന്ന് അല്ലാഹുവിനെ സ്മരിക്കുന്ന പക്ഷം ഒരു കെട്ട് അഴിയും. വുളൂഅ് ചെയ്താല്‍ രണ്ടാം കെട്ടും അഴിയും. നമസ്‌ക്കരിച്ചാല്‍ മൂന്നാം കെട്ടും അഴിഞ്ഞ് ആള്‍ ഉന്മേഷവാനും പ്രസന്നനുമാവുമെന്നും നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് ബുഖാരി, മുസ്ലിം). ഇശാ നമസ്‌ക്കാരത്തിന്റെയും സുബ്ഹി നമസ്‌ക്കാരത്തിന്റെയും ശ്രേഷ്ഠതകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഓരോര്‍ത്തരും ഇഴഞ്ഞു കൊണ്ടാണെങ്കിലും ആ നമസ്‌ക്കാരങ്ങള്‍ക്കെത്തുമായിരുന്നെന്നും ഹദീസുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഒരാള്‍ ഇശാ ജമാഅത്തായി നമസ്‌ക്കരിച്ചാല്‍ ഒരു രാത്രിയുടെ പകുതി നമസ്‌ക്കരിച്ച പ്രകാരമാണ്. ഒരാള്‍ ഇശാഉം സുബ്ഹിയും ജമാഅത്തായി നമസ്‌ക്കരിച്ചാല്‍ ഒരു രാത്രി മുഴുക്കെയും നമസ്‌ക്കരിച്ച പോലെയാണ് (ഹദീസ് മുസ്ലിം 656, അഹ്്മദ് 491).

സുബ്ഹി നമസ്‌ക്കരിച്ചവന് ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ പ്രത്യേക കാവലും പരിഗണനയും ഉണ്ടാവും വിധം അവന്‍ ദൈവ സംരക്ഷണത്തിലായിരിക്കുമെന്ന് നബി (സ്വ) മൊഴിഞ്ഞിട്ടുണ്ട് ( ഹദീസ് മുസ്ലിം 657). ഇരുട്ടത്ത് നടന്ന് പള്ളിയിലേക്ക് പോയി നമസ്‌ക്കരിക്കുന്നവന് അന്ത്യനാളില്‍ അല്ലാഹു പ്രത്യേക പ്രകാശം നല്‍കി അനുഗ്രഹിക്കുന്നതായിരിക്കും (സ്വഹീഹു ഇബ്നു ഹിബ്ബാന്‍ 2046). ഇശാ, സുബ്ഹ് നമസ്‌ക്കാരങ്ങളാണവ. മറ്റൊരു ഹദീസിലൂടെ നബി (സ്വ) പറയുന്നതായി കാണാം: സൂര്യന്‍ ഉദിക്കുന്നതിന് മുമ്പും അസ്തമിക്കുന്നതിന് മുമ്പും നമസ്‌ക്കരിക്കുന്നവന്‍ (അസ് ര്‍, സുബ്ഹ്) ഒരിക്കലും നരകത്തില്‍ പ്രവേശിക്കുകയില്ല (ഹദീസ് മുസ്ലിം 634). സുബ്ഹ് നമസ്‌ക്കാരവും അസ്ര്‍ നമസ്‌ക്കാരവും നിത്യേന കൃത്യമായി നിര്‍വ്വഹിക്കുന്നവന് സ്വര്‍ഗം ഉറപ്പെന്നും ഹദീസുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഈ നമസ്‌ക്കാരങ്ങള്‍ നിലനിര്‍ത്തുന്നവന് അല്ലാഹുവിനെ ദര്‍ശിക്കുകയെന്ന മഹാസൗഭാഗ്യവും സിദ്ധിക്കുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം).

പുലര്‍കാല സമയം പാവനമായ നേരമാണ്. പ്രഭാതം പിളര്‍ത്തുന്നവനെന്ന് അല്ലാഹു സ്വന്തത്തെ പുകഴ്ത്തുന്നതായി സൂറത്തുല്‍ അന്‍ആമില്‍ 96ാം സൂക്തത്തില്‍ കാണാം. ഈ സമയം പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതകളുള്ള വേളകളാണ്. നബി (സ്വ) പറയുന്നു: രാത്രിയുടെ മൂന്നാം പകുതിയായാല്‍ അല്ലാഹു ഇറങ്ങി വന്ന് പറയും: എന്നോട് ചോദിക്കുന്നവരുണ്ടോ? എന്നോട് പശ്ചാത്താപം ചെയ്യുന്നവരുണ്ടോ? എന്നോട് പ്രായശ്ചിത്തം ചെയ്യുന്നവരുണ്ടോ? അപ്പോള്‍ ഒരാള്‍ ചോദിച്ചു: ഇങ്ങനെ പ്രഭാതം പുലരുവോളം തുടരുമോ? നബി (സ്വ) മറുപടി പറഞ്ഞു: അതെ (ഹദീസ് മുസ്ലിം 758, അഹ്്മദ് 11600). അനുഗ്രഹീത രാവാണ് ശഅ്ബാന്‍ പതിനഞ്ചിലേത്. വിടുതിയുടെയും പശ്ചാത്താപത്തന്റെയും രാവാണത്. പ്രാര്‍ത്ഥിച്ചും സല്‍ക്കര്‍മ്മങ്ങളനുഷ്ഠിച്ചും ആരാധനാ നിമഗ്‌നമാക്കി ആ രാവിനെ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter