അല്‍ശരീഫ് അല്‍ഇദ്‌രീസി: മധ്യകാല ഭൂപടങ്ങളുടെ ഉപജ്ഞാതാവ്
ഭൂമിശാസ്ത്രപരമായ അറിവിന്റെ ചിത്രിതമായ പ്രതിനിധീകരണങ്ങളാണ് മാപ്പുകള്‍. പുരാതന കാലം മുതല്‍, അവ പ്രത്യേകം ഭൂമിശാസ്ത്രപരമായ യാഥാര്‍ത്ഥ്യം മാത്രമല്ല, പുരാണപരവും മതപരവുമായ വിവരങ്ങളായും ആശയവിനിമയം ചെയ്യുന്നതിനുള്ള ഉപകരണങ്ങളായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കനേഡിയന്‍ മാധ്യമ സൈദ്ധാന്തികനായ മാര്‍ഷല്‍ മക്ലുഹാന്‍ തന്റെ പുസ്തകമായ ദി ഗുട്ടന്‍ബര്‍ഗ് ഗാലക്‌സി ദി മേക്കിങ് ഓഫ് ടൈപ്പോഗ്രാഫിക് മാന്‍(1962) ല്‍ ലോകത്തെ ഒരു ചെറിയ ആഗോള ഗ്രാമം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ന്, ഭൂമി അനന്തമായ ബഹിരാകാശത്തെ പരിക്രമണം ചെയ്യുന്ന ഒരു ചെറിയ പാറ മാത്രമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
എന്നിരുന്നാലും, ഭൂമി വളരെക്കാലമായി വിശാലവും നിഗൂഢവുമായ ഒരു ഗ്രഹമായാണ് വിഭാവനം ചെയ്യപ്പെടുന്നത്. പര്യവേഷണ സൂക്ഷ്മപരിശോധനക്ക് മുമ്പ്, ജനവാസ മേഖലയിലെ ആളുകള്‍, തങ്ങള്‍ക്ക് അപ്രാപ്യമായതെല്ലാം അജ്ഞാതമായി കണക്കാക്കി. ഇത് വിചിത്രമായ കഥകള്‍ പ്രചരിക്കാന്‍ കാരണമായി.
മധ്യകാല യൂറോപ്യന്‍ ഭൂപട നിര്‍മ്മാതാക്കള്‍ സാധാരണയായി അവരുടെ ഭൂപടങ്ങള്‍ രാക്ഷസന്മാര്‍, കടല്‍ പാമ്പുകള്‍, ഓഗ്രെസ് എന്നിവ ഉപയോഗിച്ചാണ് ചിത്രികരിച്ചിരുന്നത്. ഇത് വിവിധ വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും വ്യാപനത്തിന് ഹേതുവായി. അതിശയോക്തിപരവും ചിലപ്പോള്‍ യുക്തിരഹിതവുമായ അനുമാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, മനുഷ്യര്‍ എല്ലായ്‌പ്പോഴും അവര്‍ക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും പ്രപഞ്ചത്തെ അറിയാനും ശ്രമിച്ചിട്ടുണ്ട്. മനുഷ്യന്റെ ആദ്യത്തെ ഇത്തരം ശ്രമങ്ങള്‍ക്ക് ചരിത്രാതീത പെട്രോഗ്ലിഫുകളോളം (ഗുഹകളിലെ കൊത്തുപണികള്‍) പഴക്കമുണ്ടെന്ന് എഴുതപ്പെട്ട പുരാവസ്തു രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
പുരാവസ്തുഗവേഷകരുടെയും കാര്‍ട്ടോഗ്രഫി (ചാര്‍ട്ടുകളും ഭൂഗോളപടങ്ങളും വരയ്ക്കുന്ന വിദ്യ) ചരിത്രകാരന്മാരുടെയും അഭിപ്രായത്തില്‍, ബാബിലോണ്‍, ഗ്രീസ് തുടങ്ങിയ പുരാതന നാഗരികതകളില്‍, മധ്യകാല മുസ്‍ലിംകളും യൂറോപ്യന്മാരും ഭൂപടനിര്‍മ്മാണത്തിന് ധാരാളം തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ നാഗരികതയും അതിന് മുമ്പുള്ള പാരമ്പര്യത്തെ അടിസ്ഥാനമാക്കി ഏറെ മുന്നേറിയിട്ടുമുണ്ട്. മൊറോക്കന്‍ മധ്യകാല കാര്‍ട്ടോഗ്രാഫര്‍ അല്‍-ശരീഫ് ഇദ്‍രീസിയും പ്രശസ്ത സഞ്ചാരി ഇബ്‌നു ബത്തൂത്തയും ഈ ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലും അങ്ങനെ ലോകത്തെ മനസ്സിലാക്കുന്നതിലും വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
1100 ല്‍ വടക്കന്‍ നഗരമായ സിയൂട്ടയില്‍ (നിലവിലെ സ്പാനിഷ് എന്‍ക്ലേവ്) ജനിച്ച അബൂ അബ്ദുല്ലാ മുഹമ്മദ് ഇബ്‌നു മുഹമ്മദ് ഇബ്‌നു അബ്ദുല്ലാ ഇബ്‌നു ഇദ്‍രീസ് അല്‍ ഹമൂദി അല്‍ ഹസനി അല്‍ ഇദ്‍രീസി -വെസ്റ്റില്‍ അല്‍ശരീഫ് അല്‍ ഇദ്‍രീസ് എന്ന പേരില്‍ വിശ്രുതനായ- തന്റെ ആദ്യകാല ജീവിതം ചെലവഴിച്ചത് കോര്‍ദോവയിലായിരുന്നു.
വിജ്ഞാനത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായിരുന്ന കോര്‍ദോവയില്‍ നിന്ന് തത്ത്വചിന്ത, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, സസ്യശാസ്ത്രം എന്നിവയിലെ പാഠങ്ങള്‍ സ്വായത്തമാക്കി ഇദ്‌രീസി. ഐ.വൈ. ക്രാച്ച്‌കോവ്‌സ്‌കി പറയുന്നത്, ഏഷ്യാമൈനര്‍ (അനാറ്റോലിയ), ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, വടക്കേ ആഫ്രിക്ക എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് ഇദ്‌രീസി തന്റെ വിപുലമായ യാത്രകള്‍ ആരംഭിക്കുന്നത് എന്നാണ്.
സമുദ്രങ്ങളും ഉള്‍ക്കടലുകളും രാജ്യങ്ങളും പ്രദേശങ്ങളും എന്ന് അദ്ദേഹം വിളിക്കുന്ന ഭൂഭാഗങ്ങളില്‍ വളരെയധികം താത്പര്യം കാണിക്കുകയും തനിക്ക് മുമ്പ് വന്ന മുസ്‍ലിം, അമുസ്‍ലിം യാത്രക്കാരുടെ വിവരണാത്മക യാത്രാവിവരണങ്ങള്‍ ഗഹനമായി പഠിക്കുകയും ചെയ്ത അല്‍ ഇദ്‍രീസി തന്റെ പാണ്ഡിത്യം എല്ലായിടത്തും വ്യാപിപ്പിച്ചു. തത്ഫലമായി, 1138ല്‍ സിസിലിയിലെ നോര്‍മന്‍ രാജാവ് റോജര്‍ രണ്ടാമന്‍ (1097-1154) അദ്ദേഹത്തെ പാലെര്‍മോയിലെ തന്റെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കുകയും വിവിധ പ്രദേശങ്ങള്‍, സംസ്‌കാരങ്ങള്‍, കാലാവസ്ഥകള്‍, ഭൂമിശാസ്ത്രം, വംശങ്ങള്‍, സമുദ്രങ്ങള്‍, യാത്രകള്‍, ദൂരങ്ങള്‍, അത്ഭുതങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വ്യാഖ്യാനങ്ങളുള്ള ഒരു ലോക ഭൂപടം നിര്‍മ്മിക്കാന്‍ നിയോഗിക്കുകയും ചെയ്തു.
ടോളമി രീതി പിന്തുടരുകയും സ്വന്തം യാത്രാനുഭവങ്ങള്‍ പരാമര്‍ശിക്കുകയും യാത്രക്കാര്‍, വ്യാപാരികള്‍, പര്യവേഷകരായ അല്‍ മസ്ഊദി, അബൂ നസ് ര്‍ സഈദ് അല്‍ ജിഹാനി, അബുല്‍ ഖാസിം മുഹമ്മദ് അബ്ദുല്ല ഇബ്‌നു ഖുര്‍ദുബ, അഹ്‌മദ് ബിന്‍ ഉമറുല്‍ ഖുള് രി, അബുല്‍ ഖാസിം മുഹമ്മദ് അല്‍ ബഗ്ദാദി, ഖനാജ് ബിന്‍ ഹാഖാന്‍ അല്‍ ഖായിബ്, അഹ്‌മദ് ബിന്‍ യഅ്ഖൂബ് എന്നിവരുടെ രചനകള്‍ അവലോകനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, ഈ യാത്രക്കാരുടെയും എഴുത്തുകാരുടെയും വിവരണങ്ങളില്‍ അദ്ദേഹമോ റോജര്‍ രണ്ടാമനോ സംതൃപ്തരല്ലെന്നാണ് ഇദ്‍രീസിയുടെ പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
അതിനാല്‍, പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച റോജര്‍ രണ്ടാമന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി വളരെ കൃത്യതയോടെ ഭൂപടം നിര്‍മ്മിക്കുന്നതില്‍ ഇദ്‌രീസി വലിയ പങ്ക് വഹിച്ചു. അദ്ദേഹം തന്റെ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ആത്യന്തികമായി തന്റെ കാലത്തെ ഏറ്റവും കൃത്യമായ ഭൂപടം നിര്‍മ്മിച്ചു. ഏഴ് കാലാവസ്ഥാ മേഖലകളുടെയും അവരുടെ രാജ്യങ്ങളും പ്രദേശങ്ങളും തീരങ്ങളും കടല്‍ത്തീരങ്ങളും അവയുടെ ഉള്‍ക്കടലുകള്‍, സമുദ്രങ്ങള്‍, നദികള്‍, നദികളുടെ അഴിമുഖങ്ങള്‍, ജനവാസപ്രദേശങ്ങള്‍, ജനവാസമില്ലാത്ത പ്രദേശങ്ങള്‍, ഓരോ രാജ്യങ്ങളും തമ്മിലുള്ള ദൂരം മൈലുകളായി കണക്കാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന, നല്ല രീതിയില്‍ സഞ്ചരിക്കാനുതകുന്ന ഉള്‍റോഡുകള്‍, അതുപോലെ അറിയപ്പെടുന്ന നങ്കൂരങ്ങള്‍ തുടങ്ങിയവയെല്ലാം ഭൂപടം നിര്‍മ്മിക്കാന്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.
യൂറോപ്യന്‍ മാപ്പുകളേക്കാള്‍ വളരെ മികച്ച ഭൂപടമായാണ് ഇദ്‍രീസിയുടെ മാപ്പിനെ ഭൂപട പ്രസാധനകനായ പീറ്റര്‍ വൈറ്റ്ഫീല്‍ഡ് കണക്കാക്കുന്നത്. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ തബുല റോജേറിയാന മാപ്പ്, ഇത് ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുടെ വസ്തുചിത്രപരമായ പ്രാതിനിധ്യത്തേക്കാള്‍ വളരെ കൂടുതലാണ്. ഓരോ വ്യക്തിഗത പ്രദേശത്തിന്റെയും ഭൗതിക സവിശേഷതകള്‍, വംശീയവും സാമൂഹികവും സാംസ്‌കാരികവുമായ വിവരങ്ങള്‍, സാമ്പത്തിക വിഭവങ്ങള്‍ എന്നിവ ഉപയോഗിച്ച് ഭൂപടം വളരെ നന്നായി ഗവേഷണം ചെയ്യുകയും സമഗ്രമായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.
റോജര്‍ രണ്ടാമന്റെ അഭ്യര്‍ത്ഥനപ്രകാരം, ഇദ്‍രീസി തന്റെ ഭൂപടത്തെക്കുറിച്ചും അതിന്റെ എഴുപത് ഭാഗങ്ങളെക്കുറിച്ചും നുസ്ഹത്തുല്‍ മുഷ്താഖ് ഫീ ഇഖ്തിറാഖില്‍ ആഫാഖ് എന്ന പുസ്തകത്തില്‍ സമഗ്രമായ വിവരണം നല്‍കിയിട്ടുണ്ട്. റോജറിന്റെ പുസ്തകം എന്ന പേരിലറിയപ്പെടുന്ന ഇത് നിരവധി യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം നൂറ്റാണ്ടുകളോളം യൂറോപ്പില്‍ ഒഴിച്ചുകൂടാനാവാത്ത ഭൂമിശാസ്ത്രപരമായ പരാമര്‍ശങ്ങളായി പുസ്തകവും ഭൂപടവും ഉപയോഗിക്കപ്പെട്ടു. ഇത് നവോത്ഥാന കാലഘട്ടത്തിലെ യൂറോപ്യന്‍ കാര്‍ട്ടോഗ്രാഫര്‍മാരെ പോലും വളരെ നന്നായി സ്വാധീനിക്കുകയും ചെയ്തു. മൂസ ബിന്‍ സൈദ് അല്‍ മഗ്‌രിബിയെ പോലോത്ത പില്‍ക്കാല മുസ്‍ലിം എഴുത്തുകാരില്‍, അദ്ദേഹത്തിന്റെ ബസ്ത്വുല്‍ അര്‍ള് ഫീ ത്വൂലി വല്‍ അര്‍ള് എന്ന കൃതിയിലും ഇദ്‌രീസിയുടെ സ്വാധീനം കാണാന്‍ സാധിക്കും.
വിഖ്യാത ചരിത്രകാരനും ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ പിതാവുമായ ഇബ്‌നു ഖല്‍ദൂന്‍ ഇദ്‌രീസിയെ വളരെയധികം പ്രശംസിക്കുകയും കിതാബുല്‍ ഇബര്‍ എന്ന അദ്ദേഹത്തിന്റെ ഭൂമിശാസ്ത്ര വിഭാഗത്തിനുള്ള സൂചനയായി അദ്ദേഹത്തിന്റെ പുസ്തകം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. മേല്‍പ്പറഞ്ഞ ഉദാഹരണങ്ങള്‍ക്ക് പുറമെ, ഹാഫിള് അബ്‌റു, അബുല്‍ ഖാസിം ബിന്‍ അഹ്‌മദ് ബിന്‍ അലി അല്‍ സയ്യാനി, തുടങ്ങി പല ചരിത്രകാരന്മാരും ഭൂമിശാസ്ത്രജ്ഞരും അവരുടെ രചനകളില്‍ ഇദ്‍രീസിയുടെ സ്വാധീനം പ്രത്യക്ഷമായോ പരോക്ഷമായോ അംഗീകരിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രം, കാര്‍ട്ടോഗ്രഫി, യാത്ര എന്നീ മേഖലകളില്‍ ഇദ്‌രീസി ആദരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നതിനു പുറമെ, അദ്ദേഹത്തിന് തന്റെ ബഹുമുഖവും വിജ്ഞാനകോശവുമായ അറിവ് പ്രകടമാക്കുന്ന മറ്റു താത്പര്യങ്ങളുമുണ്ടായിരുന്നു. സസ്യശാസ്ത്രത്തെക്കുറിച്ചുള്ള സസ്യങ്ങളുടെ സ്വഭാവസവിശേഷതകളുടെ സമ്പൂര്‍ണ്ണ പുസ്തകം പോലുള്ള കൃതികള്‍ അദ്ദേഹം രചിക്കുകയും അതില്‍ എല്ലാത്തരം സസ്യങ്ങള്‍, വൃക്ഷങ്ങള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രാഥമിക പഠനം വിവരിക്കുകയും ചെയ്തിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് കണ്ടെത്തിയ അദ്ദേഹത്തിന്റെ ബുക്ക് ഓഫ് മെഡിസിന്‍സ് (മരുന്നുകളുടെ പുസ്തകം) ഒരു നിഘണ്ടു പോലെ അക്ഷരമാലാ ക്രമത്തില്‍ മരുന്നുകളുടെ സുരിയാനി, ഗ്രീക്ക്, പേര്‍ഷ്യന്‍, ലാറ്റിന്‍, ബര്‍ബന്‍, ചിലപ്പോള്‍ കോപ്റ്റിക് ഭാഷകളില്‍ അവയുടെ പേരുകളും ഉപയോഗങ്ങളും സമഗ്രമായി വിശദീകരിച്ചു കൊണ്ട് എഴുതപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് വൈദ്യനായ പെഡാനിയസ് ഡയോസ്‌കോറൈഡുകളെ പോലോത്ത ഗ്രീക്ക്, ബൈസന്റൈന്‍ മുന്‍ഗാമികളില്‍ നിന്ന് കഴിയുന്നത്ര അറിവ് നേടിയ ഇദ്‌രീസിയുടെ ഫാര്‍മസി, മെഡിസിന്‍ എന്നിവയെക്കുറിച്ചുള്ള അറിവ് സിസിലിയിലെ താമസക്കാലത്ത് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റഷ്യന്‍ ഓറിയന്റലിസ്റ്റായ ഐ.വൈ ക്രാച്ച്‌കോവ്‌സ്‌കി അനുമാനിക്കുന്നത്.
അദ്ദേഹത്തിന്റെ വിവിധ സംഭാവനകള്‍ പ്രശംസനീയമായ പാരമ്പര്യവും അമൂല്യവും തന്നെയാണ്. അദ്ദേഹത്തിന്റെ കുശാഗ്ര ബുദ്ധിയും വിശാലമായ പാണ്ഡിത്യവും ഇല്ലായിരുന്നുവെങ്കില്‍, സിസിലിയിലെ നോര്‍മന്‍ രാജാവായ റോജര്‍ രണ്ടാമന്‍ അദ്ദേഹത്തെ തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും കൃത്യമായ ഒരു ലോക ഭൂപടം നിര്‍മ്മിക്കുന്നതിനുള്ള ഭാരിച്ച ഉത്തരവാദിത്തം അദ്ദേഹത്തെ മാത്രം ഏല്‍പ്പിക്കുകയും ചെയ്യുമായിരുന്നില്ല. ഒരു കാര്‍ട്ടോഗ്രാഫര്‍ എന്ന നിലയില്‍, അദ്ദേഹം തന്റെ രക്ഷാധികാരിയുടെ പ്രതീക്ഷകളെ മറികടന്ന്, യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവ വ്യക്തമായി കാണിക്കുന്ന അന്നത്തെ ആദ്യത്തെ ഭൂപടം നിര്‍മ്മിക്കുകയുണ്ടായി.
ചുരുക്കത്തില്‍, മൊറോക്കന്‍ കാര്‍ട്ടോഗ്രാഫര്‍മാരും യാത്രക്കാരും ഭൂപടനിര്‍മ്മാണത്തിന്റെ പുരോഗതിയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇദ് രീസിയുടെ സംഭാവനകള്‍ ലോകമെമ്പാടുമുള്ള ചിന്തകര്‍ക്കും ഭൂപട നിര്‍മ്മാതാക്കള്‍ക്കും ഒരുപാട് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്.
റഫറന്‍സ്
ഐ.വൈ ക്രാച്ച്‌കോവ്‌സ്‌കി, ഹിസ്റ്ററി ഓഫ് അറബിക് ജിയോഗ്രാഫിക് ലിറ്ററേച്ചര്‍, വിവ സ്വലാഹുദ്ദീന്‍ ഉസ്മാന്‍ ഹാഷിം, 1971, അലക്‌സാണ്ടറിയ, പേജ്280.
അല്‍ ശരീഫ് അല്‍ ഇദ്‌രീസി, ദ ബുക്ക് ഓഫ് പ്ലസന്റ് ജേര്‍ണീസ് ഇന്‍ ടു ഫാര്‍അവെ ലാന്റ്‌സ്, വാള്യം 1, മഖ്തബതുല്‍ സഖാഫ അല്‍ ദീനിയ്യ, കൈറോ 2002, പേജ് 5.
ദി കാര്‍ലെ മാലെറ്റ്, ദ കിങ്ഡം ഓഫ് സിസിലി, 1100-1250, എ ലിറ്ററി ഹിസ്റ്ററി, പെന്‍സില്‍വാനിയ, 2011, പേജ് 146.
പീറ്റര്‍ വൈറ്റ്ഫീല്‍ഡ്, ന്യൂ ഫൗണ്ട് ലാന്റ്‌സ്, മാപ്പ്‌സ് ഇന്‍ ദ ഹിസ്റ്ററി ഓഫ് എക്‌സ്‌പ്ലൊറേഷന്‍, ന്യൂയോര്‍ക്ക്,1998, പേജ് 13.
Leave A Comment