മുസ്‍ലിം കുട്ടികളുടെ തട്ടം അഴിപ്പിക്കുന്നതാണോ രാഷ്ട്രീയം

തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനില്‍കുമാറിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. അത് കേവലം യാദൃശ്ചിക പരാമർശമായോ വ്യക്തിപരമായ അഭിപ്രായമായോ ഗണിക്കാനാവില്ലെന്ന് തന്നെയാണ് മനസ്സിലാവുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപിത താത്പര്യങ്ങളുടെ ബോധപൂർവ്വമുള്ള തുറന്നു പറച്ചിലായിട്ടു തന്നെ വേണം ഇതിനെ കരുതാൻ. തീർത്തും മതരഹിതവും യുക്തിഭദ്രവുമായ ഒരു ആശയധാരയെ കെട്ടിപ്പുണരുന്ന കമ്മ്യൂണിസത്തിന് മത സംഹിതകളോടും സിദ്ധാന്തങ്ങളോടും എക്കാലവും അലർജിയും അകൽച്ചയുമാണ് ഉണ്ടായിട്ടുള്ളത്. സാഹചര്യവും സന്ദർഭവും ഒത്തു വരുമ്പോഴെല്ലാം മത പ്രീണനത്തിന്റെ വേഷം അഴിച്ചു വെച്ച് മാർക്സിസം തങ്ങളുടെ യഥാർത്ഥ രൂപവും ഭാവവും തുറന്ന് കാണിച്ചിട്ടുമുണ്ട്.

സാർ ചക്രവർത്തിമാരിൽ നിന്നും അധികാരം കൈയ്യിലൊതുക്കാൻ മോഹനവാഗ്ദാനങ്ങൾ നൽകി മഹാഭൂരിപക്ഷം വരുന്ന നിസ്വാർത്ഥരായ റഷ്യൻ മുസ്‍ലിംകളുടെ പിന്തുണനേടുകയും ഒടുവിൽ ഭരണം കയ്യിൽ ഭദ്രമായപ്പോൾ വഞ്ചിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകൾ. സോവിയറ്റ് റഷ്യയിലെ സാധാരണക്കാരും ദരിദ്രരുമായ ഭൂരിപക്ഷ മുസ്‌ലിംകള്‍ ഈ ആഹ്വാനത്തോട് അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ അൽപം അറിവും കാഴ്ചപ്പാടുമുള്ള മറു വിഭാഗം മുസ്‍ലിംകൾ ഈ വാഗ്ദാനങ്ങൾ നിരാകരിക്കുകയാണ് ചെയ്തത്. എന്നാൽ, ആവശ്യം നേടിയ ശേഷം, നിരസിച്ചവരെ മാത്രമല്ല, അനുകൂലിക്കുകയും അധികാരത്തിലേറ്റുകയും ചെയ്ത ലക്ഷക്കണക്കിനാളുകളെ കൂട്ടത്തോടെ തിരഞ്ഞുപിടിക്കുകയും മർദിക്കുകയും കൊടും തണുപ്പിൽ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്തു. 

വിവിധ മേഖലകളിൽ അതികായകരായിരുന്ന അനവധി മുസ്‍ലിം പണ്ഡിതർ, ചിന്തകർ, എഴുത്തുകാർ, വ്യാപാരികൾ, കർഷകർ, തുടങ്ങി നിരവധി മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അനേകായിരം വ്യക്തികളെ നിർദാക്ഷിണ്യം കൊന്നുതള്ളി, പള്ളികളും മദ്രസ്സകളും ലൈബ്രറികളും നൃത്തശാലകളും മ്യൂസിയങ്ങളും ബാറുകളുമാക്കി, അറബി ഭാഷയും ഗ്രന്ഥങ്ങളും വിലക്കി, കഅബയുടെ ചിത്രം ചില്ലിട്ട് സൂക്ഷിച്ചവരെ പോലും രക്തദാഹികളായ കമ്മ്യൂണിസ്റ്റുകൾ വെറുതെ വിട്ടില്ല. ഗതകാല മാർകിസ്റ്റ് തേർവാഴ്ചയുടെ രക്തപങ്കിലമായ ചരിത്ര വർത്തമാനങ്ങളാണിതൊക്കെ.

അത് കൊണ്ട് സമകാലിക രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾക്ക് ഇടമില്ലാതെ കേവല കേരള രാഷ്ട്രീയപാർട്ടിയായി ചുരുങ്ങി കൊണ്ടിരിക്കുന്ന മാർക്സിസ്റ്റു പാർട്ടി ഒരു പക്ഷേ അനിൽകുമാറിന്റെ അഭിപ്രായത്തെ വ്യക്തിപരമായ കാഴ്ചപ്പാടായി ചുരുക്കി കെട്ടിയാലും മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടല്ലാതായി അതു മാറില്ല. കാരണം പാർട്ടി ക്ലാസ്സുകളിലും ക്യാമ്പുകളിലും നിരന്തരം പങ്കെടുത്ത് നിരീശ്വരവാദിയായി മാറിയ ഒരാളിൽ മാർക്സിസ്റ്റ് ആശയമല്ലാതെ മറ്റേത് ആശയമാണ് കുടികൊള്ളുക. അതിനാൽ കാലഹരണപ്പെട്ട തങ്ങളുടെ തത്വങ്ങൾക്കും വീക്ഷണങ്ങൾക്കും കേരളത്തിലെ ഭൂരിപക്ഷ മത വിശ്വാസികൾക്കിടയിൽ ഇടം പിടിക്കാനാവില്ലെന്ന തിരിച്ചറിവും തിരഞ്ഞെടുപ്പുകളിൽ വിജയം വരിക്കാനാവില്ലെന്ന ആധിയും മാത്രമാണ് അത്തരം തിരുത്തുകളുടെ ആധാരമെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.

അല്ലെങ്കിലും മലപ്പുറത്തെ മാപ്പിള പെൺകുട്ടികളെ പാന്റും ഷർട്ടും ധരിപ്പിക്കാനും തട്ടമഴിപ്പിക്കാനും നിരത്തിൽ തട്ടമണിയിച്ച് ഫ്ലാഷ് മോബ് നടത്തുവാനും പുരോഗമന കാഴ്ചപ്പാട് പേറുന്ന ഈ ലിബറലുകൾക്ക് വല്ലാത്ത തിടുക്കമാണ്. സത്യത്തിൽ ഉത്തരേന്ത്യയിൽ സംഘപരിവാർ സംഘടനകൾ ചെയ്യുന്നതെന്താണോ അതു തന്നെയാണ് കേരളത്തിലെ മാർക്സിസ്റ്റു പാർട്ടിയും ചെയ്യുന്നത്. തട്ടം ധരിക്കാതിരിക്കൽ സ്ത്രീയുടെ സ്വതന്ത്ര്യമാണെങ്കിൽ ധരിക്കണമെന്നാഗ്രഹിക്കലും അതണിയലും അവളുടെ തന്നെ അവകാശവും സ്വാതന്ത്ര്യവുമാണ്. അതേസമയം മത വിരുദ്ധ ആശയങ്ങൾ കുത്തിവെച്ച് മത വേഷം കയ്യൊഴിയണമെന്ന് വാശിപിടിക്കുന്നതും നിർബന്ധിക്കുന്നതും തനി ഫാഷിസവും മനുഷ്യത്വരഹിതവുമാണ്.

പുള്ളിമാനിന് അതിന്റെ പുള്ളി മായ്ക്കാനാവില്ലെന്ന് പറഞ്ഞത് പോലെ, ആരെന്ത് പറഞ്ഞാലും, അവസരങ്ങള്‍ക്കനുസരിച്ച് എത്ര തന്നെ നിറം മാറിയാലും, കമ്യൂണിസം മതവിരുദ്ധതയിലധിഷ്ഠിതമാണെന്നത് വ്യക്തമാണ്. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം എന്നതാണ് അവരുടെ അടിസ്ഥാന തത്വം. അതില്‍നിന്ന് ഒരുകാലത്തും പിന്നോട്ട് പോകാന്‍ അവര്‍ക്ക് സാധ്യമല്ല താനും. അത് കൊണ്ട് തന്നെ, മതരഹിത ജീവനുകളുള്ള സമൂഹമാണ് അവരുടെ സ്വപ്നം. അവിടെ മതങ്ങളോ ഇത് വരെയുള്ള മനുഷ്യസമുദായങ്ങളോ രൂപപ്പെടുത്തിയെടുത്ത മൂല്യങ്ങള്‍ക്കോ മര്യാദകള്‍ക്കോ സ്ഥാനമില്ല തന്നെ. അഥവാ, മൃഗതുല്യമായ, പരസ്പര സ്നേഹമോ ബഹുമാനമോ ഇല്ലാത്ത, ആര്‍ക്കും തന്നിഷ്ടപ്രകാരം തോന്നിയത് പോലെ ജീവിക്കാവുന്ന ഒരു സമൂഹമായിരിക്കും അത്. അത് കൊണ്ട് തന്നെയാണ് മതങ്ങളിലും മൂല്യങ്ങളിലും വിശ്വസിക്കുന്നവരൊക്കെ അതിനെ എതിര്‍ക്കുന്നതും.

ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന പ്രസ്കതമായ പ്രതികരണങ്ങള്‍ താഴെ കമന്റുകളില്‍ വായിക്കുക. നിങ്ങള്‍ക്കും പ്രതികരിക്കാം.

Leave A Comment

6 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter