മുഹമ്മദ് മക്കീൻ; അറബി ഭാഷയെ പ്രണയിച്ച ചൈനീസ് പണ്ഡിതൻ

പരിശുദ്ധ ഖുർആനും അറബിഭാഷയും ചൈനീസ് വംശജർക്കിടയിൽ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പണ്ഡിത പ്രമുഖരിലൊരാളാണ് മുഹമ്മദ് മകീൻ. ഖുർആൻ വ്യാഖ്യാനം, സാഹിത്യം തുടങ്ങിയ വിജ്ഞാനശാഖകളിൽ വ്യുല്പത്തി  നേടിയ അദ്ദേഹം അറബ് - ചൈനീസ് വംശജർക്കിടയിൽ സാംസ്കാരിക കൈമാറ്റത്തിനും നേതൃത്വം നൽകിയിരുന്നു. മുഹമ്മദ് മകീൻ ചൈനീസ് ഭാഷയിൽ രചിച്ച ഖുർആൻ വ്യാഖ്യാനത്തിന് മികച്ച സ്വീകാര്യതയാണ് ചൈനീസ് മുസ്‍ലിംകളിൽ നിന്നും ലഭിച്ചത്.

ജനനം ജീവിതം

1906 ജൂൺ 6ന് ചൈനയിലെ  ഖജിയോ പട്ടണത്തിലെ ശാധ്യാൻ എന്ന ഗ്രാമത്തിലാണ് മുഹമ്മദ് മകീനിന്റെ ജനനം. ചെറുപ്രായത്തിൽ തന്നെ ഖുർആൻ പാരായണത്തിലും അറബി ഭാഷയിലും പ്രാവീണ്യം നേടിയ അദ്ദേഹം, 1929 ൽ ഇസ്‌ലാമിക് സ്റ്റഡീസിൽ ഉന്നത പഠനാവശ്യാർത്ഥം ഷാ ഗിയാഹിലെ പ്രശസ്ത കലാലയത്തിൽ പ്രവേശനം നേടി. പിന്നീട് വിജ്ഞാന അന്വേഷണത്തില്‍ സജീവമായ വൃത്താന്തമാണ് മുഹമ്മദ് മകീനിന്റെ ജീവിതത്തിൽ കാണാനാവുക.

1931 ൽ ചൈനയിൽനിന്ന് മിസ്റിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലേക്ക്  പുറപ്പെട്ട ആദ്യ വിദ്യാർത്ഥി സംഘത്തിൽ മുഹമ്മദ് മകീനും സ്ഥാനം പിടിച്ചിരുന്നു. അൽ അസ്ഹറിലെ പ്രാഥമിക പഠനത്തിനു ശേഷം കൈറോയിലെ ദാറുൽ ഉലൂമിൽ അഡ്മിഷൻ എടുക്കുകയും 1939 ൽ ബിരുദം കരസ്ഥമാക്കുകയും ചെയ്ത മുഹമ്മദ് മകീൻ, പിന്നീടുള്ള കാലം തന്റെ ദൗത്യ പൂർത്തീകരണത്തിന് വേണ്ടിയാണ് വിനിയോഗിച്ചത്.

ഷാൻഗിയാഹിലെയും, യൂനന്നാണിലെയും ജനതക്കു ഖുർആൻ പാരായണവും ഇസ്‍ലാമിക വിജ്ഞാനീയങ്ങളും പരിചയപ്പെടുത്തി കൊടുക്കാൻ ഏഴു വർഷക്കാലമാണ് അദ്ദേഹം വിനിയോഗിച്ചത്.
ഇസ്‌ലാമിക വിഷയങ്ങളിൽ ചൈനീസ് ജനതക്ക് ഉൽബോധനം നൽകുന്നതിനുവേണ്ടി അദ്ദേഹം നിരവധി അറബി ഗ്രന്ഥങ്ങൾ ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇമാം മുഹമ്മദ് അബ്ദിന്റെ റസാഇലുതൗഹീദ്, ഇസ്‍ലാം വന്നസ്റാനിയ, ഷെയ്ഖ് സഅദുദ്ദീന്റെ അഖായിദുനസ്സഫിയ്യ തുടങ്ങിയവ അദ്ദേഹം ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത ചുരുക്കം ചില കൃതികളാണ്. അതുപോലെ ഒരു പിടി ചൈനീസ് ഗ്രന്ഥങ്ങളും അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അസാതീറുസീനിയ ഇതിനുദാഹരണമാണ്.

ഖുർആൻ വ്യാഖ്യാനം: ചിന്തയും സാക്ഷാത്കാരവും

അൽ അസ്ഹറിലെ പഠനകാലത്ത് മുഹമ്മദ് മകീനിന്റെ മനസ്സിൽ കയറിക്കൂടിയ വലിയൊരാ ഗ്രഹമായിരുന്നു ചൈനീസ് ഭാഷയിൽ ഒരു ഖുർആൻ വ്യാഖ്യാനം രചിക്കുക  എന്നത്. ഇസ്‍ലാമിനെ പഠിക്കാനുള്ള അടിസ്ഥാനം ഖുർആനാണെന്നും ചൈനീസ് ഭാഷയില്‍ പരിപൂർണ്ണ ഖുർആൻ വ്യാഖ്യാനത്തിലെ ലഭ്യതക്കുറവുമാണ് ഇത്തരമൊരു ചിന്തയിലേക്ക് അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത്. ശേഷം, വര്‍ഷങ്ങള്‍ നീണ്ട നിരന്തര പ്രയത്നങ്ങളുടെ ഫലമായി, 1931 ജനുവരിയിൽ ഖുർആൻ വ്യാഖ്യാനത്തിന്റെ ആദ്യ വാള്യം  പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് അദ്ദേഹത്തിന് 25 വയസ്സായിരുന്നു പ്രായം. അഖീദ സംബന്ധിയായ വിഷയങ്ങൾ തന്റെ വ്യാഖ്യാനത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു.

Also Read:മാർട്ടിൻ ലിങ്സ് : ഇംഗ്ലീഷ് സാഹിത്യകാരനായ ആധ്യാത്മികൻ 

പ്രശസ്ത ചൈനീസ് ചരിത്രകാരൻ ബായ് ഷൂയി പറയുന്നു: മുഹമ്മദ് മകീനിന്റെ ഖുർആൻ വ്യാഖ്യാനം ആഖ്യാനശൈലി കൊണ്ടും അവതരണ മികവ് കൊണ്ടും മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ചൈനീസ് മുസ്‍ലിംകള്‍ക്കിടയിൽ ഈ ഗ്രന്ഥം വലിയ സ്വീകാര്യത നേടിയത്.

ചൈനീസ് ഭാഷയിലുള്ള സമ്പൂർണ്ണ വ്യാഖ്യാനമായതിനാൽ തന്നെ, രചന കാലയളവിൽ അദ്ദേഹത്തിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നു. എന്നാൽ, മറ്റൊരു ചൈനീസ് പണ്ഡിതനായ ശൈഖ്  ഹാദഹ് തശ്നഖ് (1888-1943) കൂടി ദൗത്യ നിർവ്വഹണത്തിന് പങ്കുചേർന്നപ്പോൾ കാര്യങ്ങൾ എളുപ്പമായി. എന്നിരുന്നാലും തന്റെ ജീവിതത്തിന്റെ അവസാന കാലയളവിലാണ് മുഹമ്മദ് മകീനിന് തന്റെ സ്വപ്നം പരിപൂർണ്ണമായി നിറവേറ്റാൻ സാധിച്ചത്.

അറബിഭാഷാ പ്രിയം

ചൈനയിലെ അറബിഭാഷയുടെ പ്രചാരണത്തിന് മുന്നിൽനിന്ന് പോരാടിയ വ്യക്തിയാണ് മുഹമ്മദ് മക്കീൻ. അറബി ഭാഷയുടെ ബാലപാഠങ്ങൾ പോലുമറിയാത്ത ജനതയ്ക്ക് മുന്നിൽ അറബിഭാഷയുടെ വലിയ വാതായനങ്ങൾ തുറന്നുകൊടുത്തത് അദ്ദേഹത്തിന് ആ ഭാഷയോടുള്ള അടങ്ങാത്ത ഭ്രമം കൊണ്ട് മാത്രമായിരുന്നു.

മുഹമ്മദ് മകീനായിരുന്നു ബക്കീൻ യൂണിവേഴ്സിറ്റിയിൽ അറബിക് ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നതിനു വേണ്ടി കഠിനപ്രയത്നം നടത്തിയത്. ഇത് വിദ്യാർഥികൾക്കിടയിൽ അറബി ഭാഷയ്ക്ക് വൻ പ്രചാരം നേടിക്കൊടുത്തു. 1946 ലായിരുന്നു ബക്കീൻ യൂണിവേഴ്സിറ്റിയിൽ അറബിക് ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നത്. 10 വിദ്യാർഥികൾ മാത്രമുള്ള ആദ്യബാച്ചിൽ മുഹമ്മദ് മകീൻ ആയിരുന്നു ഏക അധ്യാപകന്‍. ഈ അധ്യാപക ജീവിതം 30 വർഷക്കാലം നീണ്ടുനിന്നു. ഈ നീണ്ട കാലയളവിൽ അറബിഭാഷയിൽ നിപുണരായ ഒരു കൂട്ടം ശിഷ്യന്മാരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഒരു പുരുഷായുസ്സ് മുഴുവൻ ഖുർആൻ പ്രചരണത്തിനും അറബിഭാഷാ പുരോഗതിക്കും വേണ്ടി വിനിയോഗിച്ച, മുഹമ്മദ് മകീൻ, 1978ല്‍ ഈ ലോകത്തോട് വിട പറഞ്ഞു. ചൈനയിലെ, ഇസ്‍ലാമിക-അറബി ഭാഷയുടെ മുന്നേറ്റത്തില്‍, ഒരു പിടി നിറമുള്ള ഓർമ്മകൾ ബാക്കി വെച്ചാണ് ആ മഹാനുഭാവന്‍ ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ചൈനീസ് മുസ്‍ലിംകള്‍ വിശേഷിച്ചും അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter