മൂസാ ബിൻ മൈമൂൻ: രാജകൊട്ടാരത്തിലേക്കൊരു ഒളിച്ചോട്ടം
മനുഷ്യർ അവർ വളർന്നുവന്ന ചുറ്റുപാടുകളാൽ ഏറെ സ്വാധീനിക്കപ്പെടാറുണ്ട്. എന്നാൽ ഒരാള്‍, താന്‍ വിശ്വസിക്കുന്ന മതത്തിന് പോലും അപ്പുറത്തേക്ക്, തന്റെ ജന്മനാടിൻറെ ധാർമ്മികതയും മൂല്യങ്ങലും പൂര്‍ണ്ണമായി ഉൾക്കൊള്ളുന്നത് പലപ്പോഴും അപൂർവമാണ്. അത്തരം ഒരു വ്യക്തിത്വമായിരുന്നു, മധ്യകാലത്തെ പ്രമുഖ വൈദ്യശാസ്ത്രജ്ഞനും തത്വചിന്തകനുമായ മൂസാ ബിന്‍ മൈമൂന്‍.
ഹിബ്രു ബൈബിളിന്റെ മുൻനിര പണ്ഡിതനും യുക്തിയും ആത്മീയതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച തത്വചിന്തകനും അതോടൊപ്പം മധ്യകാല ചരിത്രത്തിലെ ഏറ്റവും ശക്തനായ രാജാക്കന്മാരിൽ ഒരാളായ സ്വലാഹുദ്ധീൻ അയ്യൂബിയുടെ സ്വകാര്യ വൈദ്യനും ആയിരുന്ന മൂസാ ബിന്‍ മൈമൂന്‍ കോർഡോബയിൽ നിന്നുള്ള ഒരു യഹൂദ പണ്ഡിതനായിരുന്നു. മുസ്‍ലിംകൾ മൂസാ ഇബ്നു മൈമൂൻ എന്ന് വിളിക്കുമ്പോൾ ജൂതന്മാർക്കിടയില്‍ മോശെ ബെൻ മൈമൂൻ എന്നും ക്രിസ്ത്യാനികൾക്കിടയില്‍ മോസസ് മൈമോനിടെസ് എന്നുമാണ് അദ്ദേഹം അറിയപ്പെടുന്നത്. വൈവിധ്യമാർന്ന സംസ്ക്‌കാരങ്ങളിലൂടെ വളർന്ന്, നിരവധി ബൗദ്ധിക സംഭാവനകൾ അമർപ്പിച്ച്, ഗ്രന്ഥങ്ങളിലൂടെയും ജീവിതം കൊണ്ടും ചരിത്രത്തിൽ തൻറെ നാമം രേഖപ്പെടുത്തിയാണ് അദ്ദേഹം കടന്നുപോയത്.
യഹുദ വിശ്വാസത്തിന്റെ പുനരുത്ഥാനം
മെഡിറ്ററേനിയൻ മുസ്‍ലിം ലോകവുമായും ഇറ്റലിയിലെ വ്യാപാരി റിപ്പബ്ലിക്കുകളുമായും വടക്കൻ അറ്റ്ലാൻറിക്കിലെ വൈക്കിംഗുകളുമായും ബന്ധമുള്ള ഒരു സമ്പന്നമായ വ്യാപാര കേന്ദ്രമായിരുന്നു അൽ അൻദലുസ്. ഇസ്‍ലാമിക ലോകത്ത് വലിയ രീതിയിൽ ഭൗതികവും ബൗദ്ധികവും സാംസ്‌കാരികവുമായി അഭിവൃദ്ധി പ്രാപിച്ച കാലഘട്ടമായിരുന്നു അത്. ലോകമെമ്പാടുമുള്ള മധ്യകാല പ്രതിഭകളെ, മതത്തിനും വിശ്വാസത്തിനുമെല്ലാം അതീതമായി അൽഅൻദലുസ് അങ്ങോട്ട് ആകർഷിച്ചു. അതിന്റെ ഭാഗമായി, അമുസ്‍ലിംകള്‍ക്ക് നിയമപരവും മതപരവുമായ പ്രത്യേക സംരക്ഷണം പോലും അവിടെ നടപ്പിലാക്കിയിരുന്നു. കൊര്‍ദ്ദോവയിലെ ആ സംസ്കാര സങ്കലനത്തിലും തികഞ്ഞ ബൗദ്ധിക ചുറ്റുപാടിലുമാണ് മൈമോനിഡസ് വളർന്നത്.
1148 ൽ കോർഡോബയുടെ മഹത്തായ ഈ ബഹുമുഖ സംസ്‌കാരത്തിന് അന്ത്യം കുറിച്ചത് അൽമൊഹാദ് ഭരണകൂടമായിരുന്നു. മൈമോനിഡെസിന് പത്തു വയസ്സുള്ളപ്പോൾ, അൽഅന്ദലൂസ് ഭരിച്ചിരുന്ന അൽ മുറാവിദ് രാജവംശം നിരവധി സ്വതന്ത്ര രാജ്യങ്ങളായി മാറി. മൂന്നു വർഷത്തിനുശേഷം കോർഡോബ മൊറോക്കൻ ആസ്ഥാനമായുള്ള അൽമുഹാദ് രാജവംശം കീഴടക്കുകയും അതോടെ സ്പെയിനിൽ അത് വരെയുണ്ടായിരുന്ന പല നടപടിക്രമങ്ങളും മാറ്റുകയും ദിമ്മി വ്യവസ്ഥ തന്നെ നിർത്തലാക്കുകയും ചെയ്തു. അതോടെ ഇതര മതസ്ഥരായ പലരും നാടുവിട്ടുതുടങ്ങി.
പ്രയാസങ്ങള്‍ സഹിച്ച് അല്പകാലം അവിടെത്തന്നെ കഴിച്ച് കൂട്ടിയ മൈമോനിഡസ്, 1159ൽ ജിബ്രാൾട്ടർ കടലും കടന്ന് മൊറോക്ക നഗരമായ ഫെസിലെത്തി. താനാരാണെന്ന് പോലും മറ്റുള്ളവരെ അറിയിക്കാതെ ആറു വർഷം അവിടെ ജീവിച്ചു. പക്ഷെ, 1165ൽ മൈമൂനും തന്റെ സഹോദരനും ജൂതരാണെന്ന് കണ്ടെത്തുകയും മതം മാറാൻ വിസമ്മതിച്ചതിനാൽ അവർക്ക് വീണ്ടും നാടു വിടേണ്ടി വരികയും ചെയ്തു. പുണ്യഭൂമിയായ ജെറുസലം ലക്ഷ്യമാക്കി കിഴക്ക് വടക്ക് ആഫ്രിക്കയിലൂടെ അവർ സഞ്ചരിച്ചു. എന്നാൽ, അന്ന് കുരിശ് യുദ്ധങ്ങളുടെ ഭാഗമായി ക്രിസ്ത്യാനികളുടെ കൈയ്യിലായിരുന്ന ജെറൂസലമിലേക്ക് ജൂതര്‍ക്ക് പ്രവേശനമില്ലായിരുന്നു. അതോടെ, പഴയ സ്പെയിനിലേത് പോലെ മതസഹിഷ്ണുത കാത്ത് സൂക്ഷിക്കുകയും സാംസ്‌കാരികമായും വൈജ്ഞാനികമായും മുൻപന്തിയിൽ നിൽക്കുകയും ചെയ്തിരുന്ന ഈജിപ്‌ത് ലക്ഷ്യമാക്കി അവര്‍ യാത്ര തുടര്‍ന്നു.
ഈജിപ്തിലെത്തിയ അവര്‍ക്ക് പ്രതീക്ഷിച്ചതിലും വലിയ സ്വീകരകണമാണ് ലഭിച്ചത്. 1168ൽ അവിടെ എത്തിയ അദ്ദേഹം പിന്നീട് 36 വർഷം അവിടെ തന്നെയാണ് കഴിച്ച് കൂട്ടിയത്.
രാജകൊട്ടാരത്തിലേക്ക്
ഈജിപ്തിലായിരിക്കെ രണ്ടു വലിയ ആഘാതങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടിവന്നു. സമ്പന്നനാകും എന്ന പ്രതീക്ഷയിൽ ഇന്ത്യ മഹാസമുദ്രത്തിലേക്ക് കപ്പൽ കയറിയ സഹോദരൻ ഡേവിഡ് കടലിൽ വച്ച് ദാരുണമായി മരണപ്പെട്ടതായിരുന്നു ഒന്ന്. അതോടെ, സഹോദരന്റെ വിധവയെയും മകളെയും പരിപാലിക്കേണ്ട ബാധ്യത അദ്ദേഹത്തിലായി. രണ്ടു കുടുംബങ്ങളുടെയും ഭാരം വന്നതോടെ, മുന്നോട്ടു പോകാൻ ഒരു വൈദ്യനായി അദ്ദേഹത്തിന് സേവനം ചെയ്യേണ്ടിവന്നു. ഇത് അദ്ദേഹത്തിൻറെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.
രണ്ടാമത്തെ ആഘാതം രാഷ്ട്രീയപരമായിരുന്നു. പ്രശസ്‌ത മുസ്‍ലിം ഭരണാധികാരിയായ സലാഹുദ്ദീൻ അയ്യൂബിയുടെ ഈജിപ്‌തിലേക്കുള്ള വരവായിരുന്നു അത്. പണ്ട് തൻറെ പട്ടണമായ കൊര്‍ദ്ദോവയിലേക്ക് അൽ മൊഹാദ് ഭരണാധികാരികള്‍ വന്നപ്പോള്‍ അനുഭവിക്കേണ്ട വന്ന യാതനകളെല്ലാം അദ്ദേഹത്തിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. എന്നാൽ, അധികം വൈകാതെ, അയ്യൂബിയുടെ വരവ് കൂടുതല്‍ സന്തോഷകരമാണെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടു. ഒരു ഫിസിഷ്യൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ സേവനങ്ങള്‍ കൈറോയിൽ അതിവേഗം അദ്ദേഹത്തെ പ്രശസ്തനാക്കി. വൈകാതെ, അദ്ദേഹം സുൽത്താൻ സലാഹുദ്ദീന്റെ സ്വകാര്യ വൈദ്യനായി നിയമിതനാവുകയും ചെയ്തു. ശേഷം, 1204ൽ മരണപ്പെടുന്നത് വരെ അദ്ദേഹം ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും കൈറോയില്‍ തന്നെ ജീവിതം ചെലവഴിച്ചു.
ചരിത്രത്തിലെ നാഴികക്കല്ലുകൾ
തത്ത്വചിന്തയിലും യഹൂദമതാദര്‍ശങ്ങളിലും അദ്ദേഹം രചിച്ച കൃതികള്‍ ഇന്നും അദ്ദേഹത്തെ അവര്‍ക്കിടയില്‍ ഏറെ പ്രശസ്തനാക്കുന്നു. അനേകം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും കൂടുതൽ പ്രശസ്‌തമായതും സ്വീകാര്യമായതും വിമർശനങ്ങൾ ഏറ്റുവാങ്ങിയതും മൂന്നു ഗ്രന്ഥങ്ങളാണ്.
ഒന്നാമതായി കൈറോയിൽ എത്തുന്നതിനു മുമ്പ് അദ്ദേഹം പൂർത്തിയാക്കിയ The Commentary on the Mishnah' എന്ന മിഷനതോറയുടെ വ്യാഖ്യാനമായിരുന്നു. തോറയുടെ സമഗ്രമായ വിശകലനവും ബൈബിൾ നിയമത്തെക്കുറിച്ചുള്ള പണ്ഡിതോചിതമായ വ്യാഖ്യാനവും ആണ് ഇതിലുള്ളത്. കൃതിയുടെ ആമുഖത്തിൽ നിരവധി പ്രസക്തമായ ദാർശനിക ബോധനങ്ങളും യഹൂദ വിശ്വാസത്തെ നിർവചിക്കുന്ന 13 തത്വങ്ങളും ഉദ്ധരിക്കുന്നുണ്ട്. അൽഅറബിയതുൽ യഹൂദിയ എന്ന ഹൈബ്രിഡ് ഭാഷയിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.
അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്‌തമായ രണ്ടാമത്തെ ഗ്രന്ഥം ഹിബ്രുഭാഷയിൽ ആദ്യകാലത്ത് എഴുതിയ "മിഷനെ തോറ് (mishnentorah) ആണ്. യഹൂദ നിയമത്തിന്റെ എല്ലാ വശങ്ങളും വിശദാംശങ്ങളും വിശദീകരിക്കുവാൻ ശ്രമിക്കുന്ന ഒരു ഗ്രന്ഥമാണിത്. "The guide for the perplexed" എന്ന ഗ്രന്ഥമാണ് തത്വചിന്തയിൽ ഏറ്റവും അറിയപ്പെട്ട അദ്ദേഹത്തിന്റെ കൃതി. ഇതു കൂടാതെ, അദ്ദേഹം രചിച്ച അനേകം വൈദ്യശാസ്ത്ര രചനകൾ, മധ്യകാല ശാസ്ത്രത്തിൽ നിർണായകമായ മുന്നേറ്റങ്ങള്‍ സാധ്യമാക്കിയവയാണ്.
മൂസാ ബിന്‍ മൈമൂന്‍ എന്ന ആ മഹാപ്രതിഭയുടെ ചരിത്രത്തില്‍, സുല്‍താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പരമതസ്നേഹം കൂടിയാണ് വ്യക്തമാവുന്നത്. തന്റെ കൊടും ശത്രുവായിരുന്ന ജെറുസലം രാജാവ് ബാൾഡ്വിന്‍ രോഗബാധിതനാണെന്ന് അറിഞ്ഞ്, അദ്ദേഹത്തെ പരിചരിക്കാൻ സ്വലാഹുദ്ധീൻ അയ്യൂബി മൂസാ ബിൻ മൈമൂനെ പറഞ്ഞയച്ചതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. ഒരു ക്രിസ്ത്യൻ രാജാവിനെ പരിചരിക്കുന്ന ജൂതനും ആ ജൂതനെ അതിനായി പറഞ്ഞയച്ച അയ്യൂബിയെന്ന മുസ്‍ലിം സുല്‍താനും ചരിത്രത്തിലെ വിസ്മയങ്ങളാണ്, അതിലുപരി മാനുഷിക സ്നേഹത്തിന്റെ ഉത്തമ മാതൃകകളും.
1204 ഡിസംബർ 12 നു മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാം അതീതമായി എല്ലാവരെയും കണ്ണീരിലാഴ്ത്തി മൂസാ ബിൻ മൈമൂന്‍ എന്ന ആ പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു. പ്രകൃതിയുടെ അലംഘനീയമായ പതിവ് പോലെ, പലരെയും ചികില്‍സിച്ച് ഭേദമാക്കിയ ലോകം കണ്ട പ്രഗല്‍ഭനായ ആ വൈദ്യനും അവസാനം മരണത്തിന് കീഴടങ്ങി.
Leave A Comment