നിര്‍മിത ബുദ്ധി: ഇസ്‍ലാമിനെ ബാധിക്കുന്ന വിധങ്ങള്‍
ഒരു കാലത്ത് സയന്‍സ് ഫിക്ഷന്‍ മാത്രമായിരുന്ന നിര്‍മിത ബുദ്ധി ഇന്ന് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പുനര്‍നിര്‍വചിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. വാണിജ്യം, വിദ്യാഭ്യാസം, കല, മതം എന്നിവയെല്ലാം AI യുടെ സ്വാധീനത്തിന് വിധേയമാകുകയാണ്. മനുഷ്യ ബുദ്ധിയുടെ മാത്രം പ്രത്യേകതയായി കണക്കാക്കിയിരുന്ന പല മേഖലകളിലും AI യുടെ കഴിവുകള്‍ വ്യാപിക്കുന്നതോടെ, ഭാവി ലോകത്തെ മനുഷ്യന്റെ കര്‍തൃത്വവും ഇടവും പുതിയ ചോദ്യങ്ങള്‍ക്ക് വിധേയമാവുകയാണ്.
വ്യവസായ മേഘലയിലെ AI യുടെ സംയോജനം പരമ്പരാഗത ബിസിനസ് സമവാക്യങ്ങളെ അട്ടിമറിക്കാന്‍ പോന്നതാണ്. ഓരോ ഉല്‍പന്നവും രൂപകല്‍പന ചെയ്യുന്നത് മുതല്‍ ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടവും കൂടുതല്‍ മികവാര്‍ന്ന രീതിയിലും കൃത്യതയോടെയും പ്ലാന്‍ ചെയ്യാനും നടപ്പിലാക്കാനും പുതിയ സാങ്കേതിക വിദ്യ സഹായിക്കുന്നു. എന്നാല്‍, ഡാറ്റാ സ്വകാര്യത, സാമൂഹിക അസമത്വം, നൈതികത തുടങ്ങിയവയെ കുറിച്ച ആശങ്കകളും ഗൗരവമായ ചോദ്യങ്ങളും AI ബാക്കി വെക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍, AI പ്ലാറ്റ്‌ഫോമുകള്‍ വേണ്ടത്രയാണ്. വിദ്യാര്‍ത്ഥി സൗഹൃദത്തോടെയുള്ള പഠന സൗകര്യങ്ങളാണ് ഇത് നല്കുന്നത്. അതേ സമയം, സാങ്കേതിക സൗകര്യങ്ങളില്ലാത്തവരുടെ പിന്നോക്കാവസ്ഥ വര്‍ദ്ധിപ്പിക്കുകയും അത് വഴി സാമൂഹിക അസമത്വത്തിന് ആക്കം കൂട്ടുകയും ചെയ്യുമെന്ന എതിര്‍സാധ്യതകളെ തള്ളിക്കളയാനുമാവില്ല.
സിനിമ, ഗെയിമിംഗ്, കല തുടങ്ങിയ മേഖലകളില്‍ AI യുടെ സ്വാധീനം വര്‍ദ്ധിക്കുകയാണ്. ഹോളിവുഡ് സിനിമാ സീക്വന്‍സുകളെ വെല്ലുന്ന സീനുകള്‍ നിര്‍മിക്കുന്ന ഓപണ്‍ എ.ഐ ടൂള്‍ സൊറയുടെ വരവോട് കൂടി അമേരിക്കന്‍ സിനിമാ നിര്‍മാതാവ് ടൈലര്‍ പെറി തന്റെ സ്റ്റുഡിയോയുടെ വികസനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്, ഈ മാറ്റത്തിന്റെ ആഴം വ്യക്തമാക്കുന്നു.
മതപരമായ മേഖലയിലേക്കും വൈകാതെ, AI യുടെ കടന്നുവരവ് പ്രതീക്ഷിക്കാം. നിസ്കാരങ്ങള്‍ക്കും ഖുതുബ അടക്കമുള്ള കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കല്‍, ആത്മീയ ഉപദേശം നല്‍കല്‍, മതപരമായ ചോദ്യങ്ങള്‍ക്കുള്ള ഫത്‍വാ നല്കല്‍ തുടങ്ങി പല രംഗങ്ങളിലും നിര്‍മ്മിത ബുദ്ധി കടന്നുവരാതിരിക്കില്ല. വിശ്വാസം, ആത്മാവ് തുടങ്ങിയ സംജ്ഞകളുടെ നിര്‍വചനങ്ങളെ കുറിച്ച ചര്‍ച്ചകള്‍ AI യുടെ കടന്ന് വരവോട് കൂടി പുതിയ വഴിത്തിരിവിലേക്ക് തിരിയുമെന്ന് തീര്‍ച്ച. മതാധ്യാപനങ്ങളെ വിശകലനത്തിന് വിധേയമാക്കി അറിവുത്പാദനത്തിലേക്ക് കൂടി AI ടൂളുകള്‍ കടക്കുമ്പോള്‍ സ്വാഭാവികമായും ആധികരികതയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വരും. ചുരുക്കത്തില്‍, AI യുടെ അഭൂതപൂര്‍വമായ വളര്‍ച്ച സകല മതങ്ങളുടെയും പല അടിസ്ഥാന തത്വങ്ങളുടെയും പ്രായോഗികതയെ പുനര്‍നിര്‍വചിക്കുന്നതിലേക്ക് നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മതങ്ങളുമായി ബന്ധപ്പെട്ട് ഇത് വരെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ഏറിയും കുറഞ്ഞും ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, പ്രത്യേകമായി ഇസ്‍ലാമുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്ന ചില വിഷയങ്ങള്‍ ചര്‍ച്ചക്ക് വിധേയമാവേണ്ടതുണ്ടെന്ന് തോന്നുന്നു.
ഇസ്‍ലാമിക ജ്ഞാനമണ്ഡലവും നിര്‍മിത ബുദ്ധിയും
സുദീര്‍ഘമായ പഠന പരിശീലന സപര്യയുടെ പര്യവസായിയാണ് മുസ്‍ലിം പണ്ഡിതന്‍. ഇസ്‍ലാമിക പണ്ഡിതര്‍ക്ക് ക്ലാസിക്കല്‍ അറബി ഭാഷ, ഫിഖ്ഹ്, ഹദീസ് എന്നിവയില്‍ ആഴത്തിലുള്ള പരിശീലനവും ഗ്രാഹ്യതയും ആവശ്യമാണ്. ഒരു മുഫ്തി (മതനിയമ പണ്ഡിതന്‍) ആ സ്ഥാനത്തിന് അര്‍ഹനാവുന്നത് ദശകങ്ങളുടെ കഠിനാധ്വാനത്തിനും ആത്മീയ വൈജ്ഞാനിക പരിശീലനത്തിനും ശേഷം മാത്രമാണ്. എന്നാല്‍, AI സിസ്റ്റങ്ങള്‍ക്ക് ഇസ്‍ലാമിക ഗ്രന്ഥങ്ങളുടെ സമ്പൂര്‍ണ്ണ ഡാറ്റാബേസ് വളരെ എളുപ്പത്തില്‍ ഫീഡ് ചെയ്ത് വിശകലനം ചെയ്യാനും ഫത്‍വകള്‍ നല്‍കാനും സാധിക്കുന്നു എന്ന് വന്നാല്‍ അത് പരമ്പരാഗത ജ്ഞാന വ്യവസ്ഥയെ വെല്ലുവിളിച്ചേക്കാം. ഒരുപടി കൂടി കടന്ന്, 'എ.ഐ മുഫ്തി' സാധ്യമായാല്‍ 'മുഫ്തി'യുടെ യോഗ്യതകളെ കുറച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയും പുനര്‍നിര്‍ണ്ണയിക്കപ്പെടേണ്ടിവരികയും ചെയ്യും. പരമ്പരാഗത ഗ്രന്ഥങ്ങള്‍ നിര്‍ധരിച്ച് പണ്ഡിതര്‍ നല്‍കുന്ന ഫത്‌വകളുടെ അതേ സാധുത 'എ.ഐ മുഫ്തി'ക്ക് നല്‍കാമോ, പണ്ഡിതരുടെ മേല്‍നോട്ടമില്ലാതെ സ്വതന്ത്രമായി കൃത്യമായ ഫത്‌വ നല്‍കാന്‍ അവക്ക് സാധിക്കുമോ, ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ വിശകലനം ചെയ്ത് എ.ഐ നല്‍കുന്ന വിധികള്‍ക്കാണോ എണ്ണപ്പെട്ട ഗ്രന്ഥങ്ങളില്‍ നിന്ന് പണ്ഡിതര്‍ നിര്‍ധരിക്കുന്ന വിധികള്‍ക്കാണോ പ്രാമുഖ്യം നല്‍കേണ്ടത് എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വരും. AI അധിഷ്ടിത മുഫ്തി സാധ്യമായാല്‍ പിന്നീടത് പുതിയ മദ്ഹബ് രൂപീകരണത്തിലേക്ക് വരെ വൈകാതെ നയിച്ചേക്കാം. അഥവാ, അര്‍ഹരായ പണ്ഡിതരില്ലാത്തതിന്റെ പേരില്‍ അടഞ്ഞുപോയ ഗവേഷണത്തിന്റെ (ഇജ്തിഹാദ്) വാതില്‍ ഒരു പക്ഷേ വീണ്ടും തുറന്നേക്കാം.
രാഷ്ട്രീയവും മതപരവുമായ ശക്തികള്‍ AI ഉപയോഗിച്ച് ഇസ്‍ലാമിക വ്യാഖ്യാനങ്ങളെ സ്വാധീനിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 'ടെക്‌നോ-മദ്ഹബുകള്‍' സൃഷ്ടിച്ച്, രാഷ്ട്രീയ, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഇസ്‍ലാമിക ജ്ഞാന വ്യവസ്ഥയെ ദുരുപയോഗം ചെയ്‌തേക്കാം. ഇത് ഇസ്‍ലാമിക ജ്ഞാന മേഖലയെ ദുര്‍ബലപ്പെടുത്തുകയും അതിന്റെ വിശുദ്ധി ചോദ്യ ചെയ്യപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും.
ഇസ്‍ലാമിക ജ്ഞാന പാരമ്പര്യത്തില്‍ അറിവിന്റെ പരമ്പരക്ക് (സനദ്) വലിയ പ്രാധാന്യമുണ്ട്. പ്രവാചകന്‍ മുഹമ്മദ് (സ്വ)യുടെ സഹചാരികളില്‍ നിന്ന് സമകാലിക പണ്ഡിതര്‍ വരെയുള്ള ഈ ബന്ധം അറിവിന്റെ സാധുതക്കുള്ള തെളിവാണ്. AI, പ്രത്യേകിച്ചും ഏജന്റ് എ.ഐ പോലുള്ള സാങ്കേതിക വിദ്യകള്‍ പരിപൂര്‍ണ വികാസം പ്രാപിച്ച് കഴിഞ്ഞാല്‍, ഈ പരമ്പരയില്‍ ഒരു കണ്ണിയായി പരിഗണിക്കപ്പെട്ടാല്‍, ഇസ്‍ലാമിക ജ്ഞാന പാരമ്പര്യത്തിന്റെ സ്വാഭാവികതയ്ക്ക് ആഘാതമേറ്റേക്കാം.
ചുരുക്കത്തില്‍, ഇസ്‍ലാമിക ജ്ഞാന മണ്ഡലത്തിലേക്കുള്ള നിര്‍മിത ബുദ്ധിയുടെ കടന്ന് കയറ്റം പുതിയ വഴിത്തിരിവിലേക്ക് എത്തുകയാണ്. സുദീര്‍ഘവും വിശുദ്ധവുമായ ഒരു ജ്ഞാന പാരമ്പര്യത്തിന്റെ ആധികാരികതയും നിലനില്‍പും പുതിയ സാങ്കേതിക മുന്നേറ്റങ്ങളില്‍ ക്രിയാത്മകയായി എങ്ങനെ സംരക്ഷിക്കാം എന്നതായിരിക്കും ഈ നൂറ്റാണ്ടിലെ മുസ്‍ലിം പണ്ഡിതരുടെ പ്രധാന വെല്ലുവിളി. നിര്‍മിത ബുദ്ധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി, ജ്ഞാന പാരമ്പര്യത്തിന്റെ വിശുദ്ധിക്ക് മങ്ങലേല്‍ക്കാതെ മുസ്‍ലിം സമൂഹം എങ്ങനെ ഇത് സാധ്യമാക്കും എന്ന് കണ്ടറിയേണ്ടത് തന്നെയാണ്.
ഖുര്‍ആനിന്റെ അമാനുഷികതയും നിര്‍മിത ബുദ്ധിയും
ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ ഏറ്റവും വലിയ അമാനുഷികത (മുഅ്ജിസത്ത്) ആണെന്നാണ് ഇസ്‍ലാമിക മതം. ഖുര്‍ആനിന്റെ അമാനുഷികതയുടെ മാനദണ്ഡങ്ങളെ കുറിച്ച് മുസ്‍ലിം പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഖുര്‍ആനിന്റെ സാഹിത്യ സമ്പുഷ്ടതയും ശൈലിയും തന്നെയാണ് അമാനുഷികതയുടെ പ്രധാന അളവുകോലെന്നാണ് പ്രബലാഭിപ്രായം.
അറബി സാഹിത്യം അതിന്റെ ഔന്നത്യത്തിന്റെ പരകോടിയിലെത്തിയ 7-ാം നൂറ്റാണ്ടിലാണ് 'സമാനമായ ഒരു അധ്യായം സൃഷ്ടിക്കൂ' (2:23) എന്ന ദൈവിക വെല്ലുവിളി നടക്കുന്നത്. ഇതിന് മറുപടി നല്‍കാന്‍ മനുഷ്യനോ ജിന്നുകള്‍ക്കോ നാളിത് വരെ സാധിച്ചിട്ടില്ല. ഈ 'ഇഅ്ജാസ്' (അമാനുഷികത) ഖുര്‍ആനിന്റെ ദൈവിക സ്വഭാവത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നു.
നാള്‍ക്കുനാള്‍ പുരോഗതി പ്രാപിച്ച് കൊണ്ടിരിക്കുന്ന AI യുടെ ഭാഷാ സിദ്ധികള്‍ ഖുര്‍ആനിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കുമോ? ഖുര്‍ആനിന്റെ ഭാഷാപരമായ സവിശേഷത മറികടക്കാന്‍ AI ക്ക് സാധിക്കുമോ? വിദൂര ഭാവിയിലെങ്കിലും അങ്ങനെ ഒരു ശ്രമം നടന്നാല്‍ അത് ഇസ്‍ലാമിക വിശ്വാസത്തിന് ആഘാതമാകുമോ? തുടങ്ങിയ ചോദ്യങ്ങളും ഇവിടെ പ്രസക്തമാണ്.
ഖുര്‍ആനിന്റെ വെല്ലുവിളിയുടെ സ്വഭാവവും ചര്‍ച്ചകള്‍ക്ക് വിധേയമാവേണ്ടതുണ്ട്. പ്രസ്തുത വെല്ലുവിളി മനുഷ്യ-ജിന്ന് വര്‍ഗങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണോ? മനുഷ്യ കണ്ടുപിടുത്തമായ AI യുടെ രചനകള്‍ മനുഷ്യ പ്രവര്‍ത്തനമായി കണക്കാക്കാമോ? തുടങ്ങിയ ചിന്തകളും പുതിയ ഗവേഷണങ്ങള്‍ക്ക് വിധേയമാവാതിരിക്കില്ല.
ദൈവ വചനമായ ഖുര്‍ആന്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് വഴികാട്ടിയാണെന്നിരിക്കെ എ.ഐ ടൂളുകള്‍ക്ക് ഖുര്‍ആനിന് സമാനമായ സാഹിത്യം ഉത്പാദിപ്പിക്കാന്‍ സാധിക്കില്ലെന്ന് തന്നെയാണ് നമ്മുടെ ഉറച്ച വിശ്വാസം. അതേ സമയം, ഈ മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 'എ.ഐ-സാഹിത്യങ്ങളെ' ഗഹനമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കാന്‍ മുസ്‍ലിം പണ്ഡിത സമൂഹം തയാറാവേണ്ടി വരും. അതിനനുസൃതമായ മെത്തഡോളജിക്കല്‍ അപ്‌ഡേറ്റുകള്‍ നടത്തുകയും സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയും ചെയ്യല്‍ അനിവാര്യമായി മാറും.
ചുരുക്കത്തില്‍, പുതിയ കാലത്തെ സാങ്കേതിക മുന്നേറ്റങ്ങള്‍ ഇസ്‍ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് നാന്ദി കുറിക്കേണ്ടതുണ്ട്. എ.ഐ മുഫ്തികള്‍, ടെക്‌നോ മദ്ഹബുകള്‍, സനദിലെ AI യുടെ പ്രയോഗം, ഖുര്‍ആനിന്റെ വെല്ലുവിളി എ.ഐ ഏറ്റെടുക്കാനുള്ള സാധ്യത എന്നിവ കേവലം അക്കാദമിക ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. മറിച്ച് മുസ്‍ലിം ദൈനം ദിന ജീവിതത്തെയും ആധുനിക സമൂഹത്തിലെ 'ഇസ്‍ലാമിനെ' തന്നെയും വലിയ രീതിയില്‍ സ്വാധീനിക്കാന്‍ സാധിക്കുന്നവയാണ്. നിര്‍മിത ബുദ്ധി സാങ്കേതിക മേഖലയിലെ പുതിയ മുന്നേറ്റങ്ങളെ, തങ്ങളുടെ വിശ്വാസത്തിന്റെ തനിമ ചോരാതെ ക്രിയാത്മകമായിത്തന്നെ ഇസ്‍ലാമിക വൈജ്ഞാനിക മണ്ഡലത്തിലേക്ക് ഉള്‍ചേര്‍ക്കാന്‍ മുസ്‍ലിം ലോകത്തിന് സാധിക്കുമെന്ന് തന്നെയാണ് ചരിത്ര വിശകലനം നമ്മോട് പറയുന്നത്, അത് അങ്ങനെ തന്നെ സംഭവിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഡോ. ശുഐബ് മാലിക്, ജേണല്‍ ഓഫ് ഇസ്‌ലാമിക് ആന്റ് മുസ്‌ലിം സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ച Artificial Intelligence and Islamic thought: Two Distinctive Challenges എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം
Leave A Comment