ഇദ്‌രീസ് നബി (അ): പ്രതിഭാശാലിയായ ജ്ഞാന കേസരി
ഈ വേദത്തിൽ ഇദ്‌രീസ് നബിയെ പറ്റിയും താങ്കൾ അനുസ്മരിക്കുക. നിശ്ചയം,അദ്ദേഹം, സത്യനിഷ്ഠനും പ്രവാചകനും ആയിരുന്നു. ഉന്നതമായ ഒരു സ്ഥാനത്തേക്ക് നാം അദ്ദേഹത്തെ ഉയർത്തുകയുണ്ടായി (സൂറ മർയം: 56, 57).
ആദം നബി(അ)ക്കും ശീസ് നബി(അ)ക്കും ശേഷം നൂഹ് നബിക്ക് മുമ്പായി മനുഷ്യകുലത്തിലേക്ക് പ്രവാചകനായി നിയുക്തരായ അതിവിശിഷ്ട വ്യക്തിത്വമാണ് ഇദ്‌രീസ് (അ). വിശുദ്ധ ഖുർആനിൽ പരാമൃഷ്ടരായ പ്രവാചകന്മാരിൽ കാലഗണനയിൽ രണ്ടാമതാണ് അദ്ദേഹത്തിന്റെ സ്ഥാനം. തൂലികയടക്കം ഒട്ടേറെ കലാ- കൗശലങ്ങളുടെ പ്രഥമ പ്രയോക്താവായി അറിയപ്പെടുന്ന ഇദ്‌രീസ് നബിയെ സത്യനിഷ്ഠനായ പ്രവാചകൻ എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. ജീവിത കാലമത്രയും ദൈവാരാധനയിലും ദിവ്യ പ്രബോധനത്തിലും കഴിച്ച് കൂട്ടിയ അദ്ദേഹം ചരിത്രത്തിൽ ആദ്യമായി ദർസ് നടത്തിയ ആളായും ഗണിക്കപ്പെടുന്നു. ഇദ്‌രീസ് എന്ന നാമം പോലും ദർസ് എന്ന പദത്തിൽ നിന്ന് രൂപപ്പെട്ടതാണ് എന്നാണ് പണ്ഡിതമതം.
ജനനം, കുടുംബം.
ആദം നബിയുടെ മകനായ ഷീസ് നബിയുടെ മകനായ, അനോഷിന്റെ മകനായ ഖൈനാന്റെ മകനായ മഹ്‌ലാഈന്റെ മകനായ യർതിന്റെ പുത്രനാണ് ഇദ്‌രീസ് നബി. ഫലസ്തീനിലാണ് അദ്ദേഹം ജനിച്ചതെന്നാണ് പ്രബലമായ അഭിപ്രായം. എന്നാൽ, ഈജിപ്തിലാണെന്നും ബാബിലോണിയയിലാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇദ്‌രീസ് നബിയുടെ പ്രപിതാവായ മഹ്‌ലാഈൻ അതിനിപുണനായ കൈകാര്യകർത്താവായിരുന്നു. അദ്ദേഹം ഏഴ് വന്‍കരകളും അധീനപ്പെടുത്തുകയും മരങ്ങള്‍ മുറിച്ചു ഉപയോഗപ്പെടുത്തി എന്നും പട്ടണങ്ങളും കോട്ടകളും നിര്‍മിച്ചുവെന്നും പറയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ മരണ ശേഷം മകനായ യാർത്തും പിതാവിന്റെ പാതയിൽ ശോഭിച്ചെങ്കിലും അദ്ദേഹത്തിന്റെ മകനായ ഇദ്രീസിന് വിജ്ഞാന മേഖലയിലായിരുന്നു കൂടുതൽ താത്പര്യം. ആയോധന മേഖലയിലും മറ്റു ഉപജീവന മാർഗങ്ങളിലും അതീവ വ്യുല്പത്തി ഉണ്ടായിരുന്നെങ്കിലും കുട്ടിക്കാലത്തേ പ്രപിതാക്കളായ പ്രവാചകന്മാരുടെ പാതയിലാണ് ഇദ്‌രീസ് നബി ജീവിതം നയിച്ചത്. അറിവ് സമ്പാദിക്കാനും അത് മറ്റുള്ളവർക്ക് പകർന്ന് നൽകാനും പ്രവാചകൻ വലിയ താത്പര്യം കാണിച്ചു. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പേ ആളുകൾക്ക് ജീവിതത്തിന്റെ നല്ല ശീലങ്ങളെ കുറിച്ച് ഉൽബോധനം നടത്തുന്നത് പ്രവാചകന്റെ ശീലമായിരുന്നു.
പ്രവാചകത്വം 
തന്റെ നൂറ്റിയഞ്ചാം വയസ്സിലാണ് അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. പ്രബോധന വഴിയിൽ ഒരു വെളിച്ചമെന്നോണം 30 ഏടുകളും അല്ലാഹു അദ്ദേഹത്തിന് വരദാനമായി നൽകി. നേരത്തെ പ്രപിതാക്കളായ ആദം നബിക്കും ഷീസ് നബിക്കും അവതീർണമായ വിശുദ്ധ ഏടുകൾ ഹൃദിസ്ഥമാക്കിയിരുന്ന പ്രവാചകൻ ഇവയിലെല്ലാം ലിഖിതമായ ദിവ്യ സന്ദേശങ്ങൾ സമൂഹത്തിന് പ്രബോധനം ചെയ്തു. അക്രമികളും വിഗ്രഹാരാധകരുമായിരുന്ന ഖാബീൽ സന്തതികളെ ഏറെ കാലം തന്റെ സ്വത്വ സിദ്ധമായ പ്രബോധന മികവ് കൊണ്ട് അദ്ദേഹം സത്യത്തിലേക്ക് ആനയിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം നിഷ്ഫലമായി കലാശിച്ചു. ഒടുവിൽ അവരെ യുദ്ധം ചെയ്ത് കീഴടക്കാനും സമൂഹത്തിൽ സത്യ മതത്തിന് വീണ്ടും വേരുറപ്പിക്കാനും പ്രവാചകനായി.
Also Read:ആദം നബി (അ) ചരിത്രം
അനിതരസാധാരണമായ ജീവിതം നയിച്ച അതി ശ്രേഷ്ഠനായ വ്യക്തിയായിരുന്നു ഇദ്‌രീസ് പ്രവാചകൻ. മാലാഖമാരെ പോലും വിസ്മയിപ്പിക്കുന്നത്ര മഹിതമായിരുന്നു ആ ജീവിതത്തിലെ ഓരോ താളും. അക്കാലത്ത് ജീവിച്ച എല്ലാവരുടെയും സൽക്കർമ്മങ്ങൾ ഒരുമിച്ച് കൂട്ടിയാലും പ്രവാചകന്റെ കർമ്മത്തോളം എത്തില്ലെന്ന് വഹബ് ബിൻ മുനബ്ബഹ് പറഞ്ഞത് ഇവിടെ സ്മരണീയമാണ്. രാപ്പകൽ ഭേദമന്യേ മുഴുസമയം ആരാധനയിൽ മുഴുകയും നോമ്പ് മുറിക്കാൻ മാത്രം ആരാധനക്ക് അവധി നല്കുന്നതുമായിരുന്നു അവിടുത്തെ രീതി. പ്രബോധന പ്രവർത്തനങ്ങൾക്കും മറ്റു ഉപജീവന തൊഴിൽ പ്രവർത്തങ്ങൾക്കുമുള്ള സമയമൊഴിച്ചാൽ ആരാധനയിൽ മാലാഖമാർക്ക് സമാനമായിരുന്നു അവിടുത്തെ ജീവിത രീതി.
പ്രവാചകത്വത്തിനപ്പുറം 
പ്രവാചകത്വത്തിന് പുറമെ അക്കാലത്ത് രാജാധികാരവും നൽകി അള്ളാഹു അനുഗ്രഹിച്ചയാളാണ് ഇദ്‌രീസ് പ്രവാചകൻ. പ്രവാചകനും ജ്ഞാനിയും രാജാവുമായിരുന്നതിനാൽ സല്ലസ് ( മൂന്ന് സിദ്ധികളുള്ളയാൾ) എന്ന പേരിലും ഇദ്ദേഹം വിശ്രുതനാണ്. എന്നാൽ, അധികാരത്തിന്റെ ഗർവ്വോ സ്ഥാനമാനങ്ങളുടെ അഹങ്കാരമോ അദ്ദേഹത്തിന്റെ ജീവിതത്തെ ഒട്ടും ഏശിയില്ല. ഉപജീവനത്തിനായി നൂൽ നൂൽക്കാനോ സമാനമായ വൃത്തികളിൽ ഏർപ്പെടാനോ അദ്ദേഹം മടി കാണിച്ചില്ല.
പുരാതന മനുഷ്യരിൽ ആദ്യമായി എഴുത്ത്, ഗണിതം, ജ്യോതിശാസ്ത്രം ഗോള ശാസ്ത്രം തുടങ്ങിയവ സ്വായത്തമാക്കിയത് ഇദ്‌രീസ് നബിയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. “ആദ്യമായി അളവ് തൂക്ക ഉപകരണം ഉണ്ടാക്കിയതും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടിയതും, പേന കൊണ്ടെഴുതിയതും, ഗോള ശാസ്ത്രം അഭ്യസിച്ചതും, തോല്‍ വസ്ത്രം ധരിച്ചിരുന്ന മനുഷ്യരില്‍ ആദ്യമായി പരുത്തി വസ്ത്രം ധരിച്ചതും, വസ്ത്രം നെയ്തതും ഇദ്‍രീസ്  നബി(അ)യാണ്. അദ്ദേഹത്തിന് 30 ഏടുകള്‍ ഇറക്കപ്പെട്ടു”. (റൂഹുല്‍ ബയാന്‍). 
അതിപുരാതന കാലത്ത് ജീവിച്ചിരുന്നതിനാൽ പ്രവാചകരെ കുറിച്ച് പരിമിതമായ കാര്യങ്ങളാണ് ലഭ്യമായിട്ടുള്ളതെങ്കിലും ലഭ്യമായ പ്രമാണങ്ങളുടെ ബലത്തിൽ ഏറെ പ്രചോദകമാണ് അവിടുത്തെ ജീവചരിത്രം. ഒരു പ്രവാചകൻ മാത്രമായല്ല, സംസ്കാര നിർമ്മാതാവായും കൂടിയാണ് അദ്ദേഹം ചരിത്രത്തിൽ വായിക്കപ്പെടേണ്ടത്. സ്വർഗ്ഗസ്ഥനായി അദ്ദേഹം ഉയർത്തപ്പെട്ടുവെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുമാണ് പ്രബല വിശ്വാസം.
 
 


 
             
                     
            
                     
           
            
                     
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment