അത്വാഉബ്നു അബീ റബാഹ്: താബിഉകളുടെ തലവന്‍
ഹിജ്റ വർഷം 97, ദുൽഹിജ്ജ മാസം 20 പിന്നിട്ടിരിക്കുന്നു. പരിശുദ്ധ കഅ്ബാ പരിസരം അപ്പോഴും ജനനിബിഡമാണ്. പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച് മനസ്സംതൃപ്തിയോടെ, ഉമ്മ പ്രസവിച്ച കുഞ്ഞുങ്ങളെ പോലെ കളങ്കമില്ലാത്തവരായി മടങ്ങാൻ വേണ്ടി എത്തിച്ചേർന്ന ലക്ഷക്കണക്കിന് ആളുകൾ കാൽനടയായും വാഹനപ്പുറത്തുമായി കഅ്ബയെ വലയം ചെയ്തു കൊണ്ടിരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും യുവാക്കളും വൃദ്ധരുമെല്ലാം ഒരേ രീതിയിൽ തങ്ങളുടെ ആരാധനയിൽ മുഴുകിക്കൊണ്ടിരിക്കുകയാണ്. രാജാധിരാജനായ അല്ലാഹുവിനു മുന്നിൽ ഐക്യത്തോടെ, കറുത്തവനും വെളുത്തവനും അറബിയും അനറബിയും അടിമയും ഉടമയു മെല്ലാം ആരാധനാകർമങ്ങളിൽ മുഴുകിയിരിക്കുകയാണ്.
ആ ജനസാഗരത്തിനിടയിൽ മറ്റുള്ളവരെപ്പോലെ തന്നെ തലയിൽ തൊപ്പിയോ കാലിൽ ചെരുപ്പോ ഇല്ലാതെ ഉടുത്തതും പുതച്ചതുമായ രണ്ടു തുണികൾ മാത്രം ധരിച്ച് ലോക മുസ്‍ലിം ജനതയുടെ ഖലീഫയായിരുന്ന സുലൈമാനുബ്നു അബ്ദുൽ മലിക്കും രണ്ടു മക്കളും ഉണ്ടായിരുന്നു. ത്വവാഫ് കഴിഞ്ഞ ഉടനെ തൻറെ മുന്നിൽ കണ്ട ഒരാളോട്, അദ്ദേഹം എവിടെ എന്ന് ചോദിച്ചു. ചോദ്യകർത്താവിനെ പോലെ ചോദിക്കപ്പെട്ടവനും ഉദ്ദിഷ്ട വ്യക്തിയെ മനസ്സിലായത് കൊണ്ട് അദ്ദേഹം നിസ്കാരത്തിലാണെന്ന് പറഞ്ഞ് മസ്ജിദുൽ ഹറാമിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു. സുലൈമാൻ ബിന്‍ അബ്ദുൽ മലിക്കും രണ്ടു മക്കളും അയാൾ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് പോയി. ഖലീഫയുടെ വഴി സുഗമമാക്കാനായി രണ്ടുപേർ മുന്നിട്ടിറങ്ങിയെങ്കിലും ഇവിടെ എല്ലാവരും സമന്മാരാണെന്ന് പറഞ്ഞ് ഖലീഫ അവരെ തടഞ്ഞു. കറുകറുത്ത നീഗ്രോ വർഗ്ഗക്കാരനായ ഒരാൾ അവിടെ നിസ്കരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ പ്രതീക്ഷിച്ച് ഒരുപാട് ആളുകൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു ഇരിക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും പിറകിലായി സുലൈമാനുബ്നു അബ്ദുൽ മലിക്കും ഇരിപ്പിറപ്പിച്ചു.
നിസ്കാരം ശേഷം ഖലീഫ അദ്ദേഹത്തോട് സലാം പറയുകയും അദ്ദേഹം അത് മടക്കുകയും ചെയ്തു. ശേഷം ഹജ്ജുമായി ബന്ധപ്പെട്ട തൻറെ സംശയങ്ങളെല്ലാം അത്വാഇനോട് ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും സംശയലേശമന്യേ വ്യക്തമായ മറുപടി അദ്ദേഹം നൽകി. സംശയനിവാരണത്തിനു ശേഷം സുലൈമാനുബ്നു അബ്ദുൽ മാലിക്ക് തന്റെ മക്കളെയും കൂട്ടി മസ്അയിലേക്ക് പുറപ്പെട്ടു. കഅ്ബാലയത്തിന്റെ പരിസരത്തു നിന്നും ഒരാൾ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു "ഇവിടെ അത്വാഇനോട് മാത്രമേ ഫത്‍വ ചോദിക്കാവൂ, അദ്ദേഹമില്ലെങ്കിൽ അബ്ദുല്ലാഹിബിനു അബീനജീഹിനോട് ചോദിക്കാം".
ഈ വിളംബരം കേട്ട് ഖലീഫയുടെ മക്കളിൽ ഒരാൾ പിതാവിനോട് ചോദിച്ചു "ഇയാൾ വിളിച്ചു പറഞ്ഞത് അങ്ങ് കേട്ടില്ലേ അങ്ങ്എന്തിനാണ് അങ്ങയെ അർഹമായ രീതിയിൽ ബഹുമാനിക്കാത്ത കാക്കയെ പോലെ കറുത്ത ആ നീഗ്രോ കാരനോട് സംശയം ചോദിച്ചത്". മകൻറെ നിഷ്കളങ്കമായ സംശയത്തിന് അദ്ദേഹം തന്നെയാണ് അബ്ദുല്ലാഹിബ്നു അബ്ബാസിന്റെ പിൻഗാമിയായ മസ്ജിദുൽ ഹറാമിലെ മുഫ്തി അത്വാഉബ്നു അബീ റബാഹ് എന്ന് പിതാവ് മറുപടി പറഞ്ഞു. അദ്ദേഹം ഇത്രമാത്രം ഉന്നതനായത് അറിവ് കൊണ്ടാണ്, നിങ്ങളും അറിവ് നുകർന്ന് ഉന്നതികളിലെത്തിച്ചേരണമെന്ന് മക്കൾക്ക് സാരോപദേശം നൽകാനും ഖലീഫ മറന്നില്ല.
മക്കയിലെ ഒരു സ്ത്രീയുടെ അടിമയായിരുന്ന അത്വാഅ് ചെറുപ്പം മുതൽ തന്നെ അറിവിനോട് അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അറിവിനോടുള്ള ഈ ഭ്രമം കാരണം തന്റെ സമയത്തെ അദ്ദേഹം മൂന്നായി ഭാഗിച്ചു. യജമാനത്തിയെ അവർക്ക് അർഹമായ രീതിയിൽ സേവിക്കാൻ ആയിരുന്നു ഒരു ഭാഗം, റബ്ബിനെ ആരാധിക്കാനും അറിവ് നുകരാനുമായിരുന്നു ശേഷിക്കുന്ന ഭാഗങ്ങൾ.
അന്ന് ജീവിച്ചിരുന്ന പ്രമുഖ സ്വഹാബാക്കളുടെ അടുത്ത് പോയി അറിവ് നുകർന്ന മഹാൻറെ ഗുരുക്കളിൽ അബൂ ഹുറൈറയും അബ്ദുല്ലാഹിബ്നു അബ്ബാസും അബ്ദുല്ലാഹിബ്നു ഉമറും അബ്ദുല്ലാഹിബ്നു സുബൈറും അടങ്ങിയ വലിയ ഒരു നിര തന്നെ ഉണ്ട്.സ്വശരീരത്തെ അല്ലാഹുവിന് സമർപ്പിച്ച ദൈവഭക്തനായ അടിമയുടെ സമർപ്പണബോധം കണ്ട് ഉടമയായിരുന്ന സ്ത്രീ അദ്ദേഹത്തെ മോചിതനാക്കി. അന്നുമുതൽ മസ്ജിദുൽ ഹറാമിൽ താമസമാക്കിയ മഹാനവർകൾ ഉറക്കവും ആരാധനയും പഠനവും എല്ലാം അവിടെ തന്നെ നിർവഹിച്ചു. ഏകദേശം 20 വർഷക്കാലം അവിടെ തന്നെ കഴിച്ചുകൂട്ടി.
ഒരിക്കൽ അബ്ദുല്ലാഹിബ്നു ഉമർ(റ) ഉംറ നിർവഹിക്കാനായി മക്കയിൽ എത്തിയ സമയത്ത് ഒരുപാട് ആളുകൾ ഫത്‍ല ചോദിക്കാനായി അദ്ദേഹത്തെ സമീപിച്ചു." മക്കയിൽ അത്വാഉണ്ടായിരിക്കെ നിങ്ങൾ എന്തിന് എന്നോട് ഫത്‍വ ചോദിക്കുന്നു" എന്നായിരുന്നു അവരോട് അബ്ദുല്ലാഹിബ്നു ഉമർ(റ) നൽകിയ മറുപടി. സ്വശരീരത്തെ ദുനിയാവിനെ തൊട്ടും സമയത്തെ അനാവശ്യ സംസാരങ്ങളെ തൊട്ടും സൂക്ഷിച്ചതിലൂടെ ആയിരുന്നു മഹാനവർകൾ ഇത്ര ഉന്നതിയിൽ എത്തിയത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ദുനിയാവിനെ പാടെ വെടിഞ്ഞ അദ്ദേഹം സാധാരണ ധരിച്ചിരുന്ന വസ്ത്രം വെറും അഞ്ചു ദിർഹം പോലും വിലമതിക്കാത്ത നീള കുപ്പായം ആയിരുന്നുവത്രെ.
പല ഖലീഫമാരും അദ്ദേഹത്തെ കൊട്ടാരങ്ങളിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നുവെങ്കിലും തൻറെ ദീൻ അവരുടെ ദുനിയാവുമായി കൂടിക്കലരും എന്ന ഭയത്താൽ അവരുടെ ക്ഷണങ്ങളെല്ലാം അദ്ദേഹം നിരസിച്ചു കളയുകയായിരുന്നു. എങ്കിലും മുസ്‍ലിംകൾക്ക് ഉപകാരപ്രദമായതോ ഇസ്‍ലാമിന് നന്മയുള്ളതോ ആണെങ്കിൽ അദ്ദേഹം രാജകൊട്ടാരങ്ങളിൽ എത്താറുമുണ്ടായിരുന്നു.
ഒരിക്കൽ ഖലീഫ ഹിഷാമുബ്നു അബ്ദുൽ മാലിക്കിന്റെ സന്നിധിയിലേക്ക് പുറപ്പെട്ട ഉസ്മാനുബ്നു അത്വാഉൽ ഖുറാസാനിയും പിതാവും മഹാനവർകളെ കണ്ടുമുട്ടി. തുടർന്ന് ഉസ്മാന്റെ പിതാവും മഹാനവർകളും തമ്മിൽ പരസ്പരം സംസാരിക്കുകയും ഒരുമിച്ച് ഹിഷാമുബ്നു അബ്ദുൽ മലിക്കിന്റെ സന്നിധിയിലേക്ക് പോവുകയും ചെയ്തു. അത്വാആണെന്നറിഞ്ഞ ഹിഷാം ഉടനെ അകത്തു വരാൻ സമ്മതം നൽകി. പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സദസ്സിലെ ആളുകൾ പെട്ടെന്ന് ശാന്തരായി. ഹിജാസിലെ മുസ്‍ലിംകൾക്ക് വേണ്ടി ചില അവകാശങ്ങൾ ചോദിച്ച അദ്ദേഹത്തിൻറെ ആവശ്യങ്ങളെല്ലാം ഉടനടി ഖലീഫ പാസാക്കിക്കൊണ്ടിരുന്നു. ഇനി എന്തെങ്കിലും ചോദിക്കാനുണ്ടോ എന്നും ഖലീഫ ചോദിച്ചു. ഉണ്ട് എന്ന് പറഞ്ഞ് മഹാൻ ഖലീഫയെ കടുത്ത ഭാഷയിൽ ഉപദേശിച്ചു. താങ്കൾ അല്ലാഹുവിനെ ഭയക്കുക, എല്ലാവർക്കും മരണം വരാനുണ്ട്, മരണശേഷമുള്ള ജീവിതത്തിൽ ദുനിയാവിൽ വെച്ച് ചെയ്ത ഓരോ കാര്യങ്ങളും ചോദിക്കപ്പെടുക തന്നെ ചെയ്യും എന്ന് തുടങ്ങിയുള്ള നീണ്ട ഒരു ഉപദേശം മഹാനവർകൾ ഖലീഫക്ക് നൽകി. ഉപദേശം കേട്ട് പൊട്ടിക്കരഞ്ഞ് നിലത്തുവീണ ഹിഷാം തൻറെ ഉപദേശ ശേഷം തിരിഞ്ഞുപോകുന്ന മഹാനവർകൾക്ക് ഒരു സഞ്ചി നിറയെ സമ്മാനങ്ങൾ കൊടുത്തയച്ചു. എന്നാൽ എനിക്ക് അല്ലാഹു പ്രതിഫലം നൽകുമെന്നും എനിക്ക് അത് മതിയെന്നും പറഞ്ഞ് ആ സഞ്ചിയിൽ എന്താണെന്ന് തിരിച്ചറിയും മുമ്പ് തന്നെ ആ സമ്മാനങ്ങളത്രയും അദ്ദേഹം തിരിച്ചയക്കുകയാണുണ്ടായത്.
അത്വാഉബ്നു അബീ റബാഹ്(റ) 100 വർഷത്തോളം ജീവിച്ചു. നീണ്ട ജീവിതത്തിനിടയിൽ 70 തവണ ഹജ്ജ് നിർവഹിച്ചു. ദീനി വിജ്ഞാനങ്ങളോടുള്ള അടങ്ങാത്ത ദാഹവും അല്ലാഹുവിനോടുള്ള ഭയഭക്തിയും പരലോക ജീവിതത്തിലേക്കുള്ള കൈമുതലായ് ഉണ്ടായിരുന്ന മഹാനവർകളുടെ അടുത്ത് മരണ സമയത്ത് ദുനിയാവിൽ നിന്ന് കാര്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
പ്രവാചകനെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും പ്രമുഖരായ അനേകം സ്വഹാബാക്കളിൽ നിന്നും വിദ്യ നുകർന്ന് മസ്ജിദുൽ ഹറാമിലെ മുഫ്തിയായി ജീവിതം കഴിച്ചുകൂട്ടിയ മഹാനവർകൾ താബിഉകളിൽ പ്രധാനിയായിരുന്നു. ഇങ്ങനെ തന്റെ ആയുസ്സ് മുഴുവൻ നല്ല നിലയിൽ ചിലവഴിച്ച മഹാനവർകളുടെ കൂടെ അല്ലാഹു നമ്മെയും ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാകട്ടെ.
 
 


 
             
                     
            
                     
            
                     
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment