ഇബ്റാഹീം അല്‍ഹർബി(റ): സ്വാശ്രയ ജീവിതം കൊണ്ട് ചരിത്രം തുന്നിയവർ

മനുഷ്യന്‍ അവന് ലഭിച്ച ഗുണങ്ങളുടെ അടിമയാണെന്നാണ് ചൊല്ല്. ഗുണം ലഭിച്ചവന് ഭാവിയിൽ അത് തുടരാനും ലഭിച്ചതിനുള്ള നന്ദി സൂചകമായും കടപ്പാടും കൃതജ്ഞതയും അനിവാര്യമായി വരുന്നു. ഇത് പ്രകടിപ്പിക്കുമ്പോൾ അൽപം നിന്ദ്യതയും മാനക്കേടും ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവന്നാലും സാരമില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. രാജകൊട്ടാരങ്ങളിൽ കവിതയോ മറ്റോ രാജാവിന് സമർപ്പിച്ചാൽ പാരിതോഷികങ്ങൾ നൽകുന്ന പതിവ് സാധാരണയായിരുന്നു. ഇത് ജനങ്ങളുടെ പ്രീതി കരസ്ഥമാക്കാനും അവരുടെ മനോഗതി തങ്ങൾക്കനുകൂലമാക്കാനും രാഷ്ട്ര ഭദ്രതക്കും അനിവാര്യമായി അവർ കരുതുന്നു. ദൈവപ്രീതിക്കായി നൽകുന്നവർ വിരളമെന്ന് സാരം. ഭൗതികനേട്ടം ലക്ഷ്യം വെച്ചു കൊണ്ടു പാരിതോഷികങ്ങളും മറ്റും സ്വീകരിക്കുന്നതുമൂലം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിവെക്കുമെന്ന കാരണത്താൽ പൂർവകാല പണ്ഡിതരിൽ വലിയൊരു വിഭാഗം ഇത് സ്വീകരിക്കാത്തവരായിരുന്നു. അൽപമാത്ര ഭൗതിക ലാഭത്തിനുവേണ്ടി വായ മൂടിക്കെട്ടി അടിമകളായി ജീവിക്കാൻ അവരാഗ്രഹിച്ചില്ല. അത്തരം പണ്ഡിതരിൽ പ്രധാനിയാണ് ഇബ്റാഹീം ഹർബി.
 
ഖലീഫ മുഅ്തളിദിന്റെ ഭരണകാലത്ത് ബഗ്ദാദിൽ ജീവിച്ച പണ്ഡിത സൂരിയായിരുന്നു ഇബ്റാഹീം ഹർബി. ഖുർആൻ, ഹദീസ്, തഫ്‌സീർ, ഫിഖ്ഹ് തുടങ്ങിയ വിജ്ഞാന ശാഖകളിൽ കിടയറ്റ നൈപുണ്യം പുലർത്തിയിരുന്ന അദ്ദേഹം പ്രസിദ്ധ കവിയും സാഹിത്യകാരനും ഗ്രന്ഥകർത്താവുമായിരുന്നു. ഇമാം അഹ്മദുബ്നു ഹമ്പല്‍(റ)ന്റെ ശിഷ്യഗണത്തിൽ പ്രധാനിയായ ഇബ്റാഹീം(റ) പുസ്ത‌കം എഴുതി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. പരാശ്രയജീവിതം അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഖലീഫ മുഅ്തളിദിന്റെ അയൽവാസിയായിരുന്ന ഈ മഹാനുഭാവൻ ഒരിക്കൽ പോലും അദ്ദേഹത്തിന്റെ വീട്ടിൽ സഹായത്തിനായി കയറിച്ചെന്നിട്ടില്ല. ഖലീഫക്കാകട്ടെ ഹർബി തന്നെ തേടി വന്നെങ്കിലെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. ശ്രദ്ധ മുഴുവൻ വിജ്ഞാന കാര്യങ്ങൾക്കായി നീക്കിവെച്ച മഹാൻ അഴുക്കുപുരണ്ട പൊട്ടിക്കീറിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഈ വസ്ത്രം ധരിച്ച് ബഗ്ദാദ് ടൗണിലൂടെ ചുറ്റിക്കറങ്ങാൻ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നതുമില്ല. പകൽ ഒരു റൊട്ടിയും രാത്രി ഒരു റൊട്ടിയും മാത്രമായിരുന്നു മുപ്പതു വർഷത്തെ അദ്ദേഹത്തിന്റെ ആഹാരം.
             
ഒരിക്കൽ ഹർബി(റ) രോഗഗ്രസ്‌തനായി. ഭാര്യയും പുത്രിയും രാപ്പകലന്യേ ശുശ്രൂഷിച്ചുകൊണ്ടേയിരുന്നു. വീട്ടിൽ വെക്കാനോ വിളമ്പാനോ കഴിക്കാനോ കുടിക്കാനോ ഒന്നുമുണ്ടായിരുന്നില്ല. ഈ ദീനാവസ്ഥ മനസ്സിലാക്കിയ ഖലീഫ ആയിരം ദിർഹം കൊടുത്തയച്ചു. പക്ഷേ, അദ്ദേഹം അത് സ്വീകരിച്ചില്ല. പുത്രി വളരെ നിർബന്ധിച്ച് പറഞ്ഞു: "പിതാവേ, നിങ്ങളിന്ന് രോഗിയാണ്, നമുക്കിന്ന് പണത്തിന് വളരെ ആവശ്യമുണ്ട്, ആ തുക സ്വീകരിക്കുക.' ആ ധീര പണ്ഡിതൻ പുത്രിയുടെ വാക്ക് ഒട്ടും പരിഗണിച്ചില്ല. പിതാവും പുത്രിയും ഈ കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കെ അല്ലാമാ അബുൽ ഖാസിം ജീലി അവിടെ ആഗതനായി. ഇബ്റാഹീം(റ) അതിഥിയോട്: 'അബുൽഖാസിം, ഒന്ന് ശ്രദ്ധിക്കുക. ഖലീഫ ആയിരം ദിർഹം കൊടുത്തയച്ചിട്ടുണ്ട്. അത് സ്വീകരിക്കാൻ ഇവൾ എന്നെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ ഒരു തീർപ്പു കൽപ്പിക്കണം...'
                
പുത്രി അബുൽ ഖാസിമിനോട്: "ബഹുവന്ദ്യരേ, പിതാവ് രോഗിയാണെന്ന് നിങ്ങൾക്കറിയാം. ഞാനും എന്റെ മാതാവും അദ്ദേഹത്തെ പരിചരിക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണുതാനും. മരുന്നും വൈദ്യവും ഇരിക്കട്ടെ, ഉണക്ക റൊട്ടിയിൽ ചേർക്കാൻ ഉപ്പ് പോലും ഞങ്ങളുടെ വീട്ടിലില്ല! ഈ വിഷമാവസ്ഥ മനസ്സിലാക്കി ഒരു അയൽവാസി ധാരാളം ഭക്ഷണ സാധനങ്ങൾ കൊടുത്തയച്ചു. പക്ഷേ, പിതാവ് അത് തിരിച്ചയച്ചു. മറ്റൊരാൾ ഒരു ഒട്ടകത്തിന് ചുമക്കാൻ കഴിയുന്നത്രയും ചരക്കുകൾ വീട്ടിലെത്തിച്ചു. പിതാവ് അതും തിരിച്ചു നൽകി. ഇപ്പോഴിതാ ഖലീഫ ആയിരം ദിർഹം കൊടുത്തയച്ചിരിക്കുന്നു. അതും തിരിച്ചയക്കാനുള്ള ഭാവത്തിലാണ്...' ഇതുകേട്ട് ഹർബി ചിരിച്ചുകൊണ്ട്: 'അബ്ദുൽഖാസിം, സകാത്തും മറ്റു ദാനധർമങ്ങളും ആർക്കാണ് അനുവദനീയമാകുക? പാവപ്പെട്ടവർക്കും ദരിദ്രർക്കുമല്ലേ? ഞാൻ ദരിദ്രനാണോ? ഇവളോട് ചോദിക്കുക. വിവിധ വിജ്ഞാനശാഖകളിലായി ഞാനെഴുതിയ 1200 കൃതികൾ എന്റെ പെട്ടിയിലിരിപ്പുണ്ട്. അത് വിറ്റാൽ ചുരുങ്ങിയത് പന്ത്രണ്ടായിരം ദിർഹം ലഭിക്കും. പിന്നീട് ഞാനെങ്ങനെ അത് സ്വീകരിക്കും? നിങ്ങൾ അവളോട് പറയുക, ദാരിദ്ര്യത്തെ ഭയപ്പെടേണ്ട, ഞാൻ മരണപ്പെട്ടാൽ ഈ കൃതികളെല്ലാം അവൾക്ക് വിൽക്കാം...'

മഹാനവർകളുടെ ഈ സ്വാശ്രയ ശീലം കാരണം ബഗ്ദാദിലുള്ളവരെല്ലാം അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. ത്യാഗീവര്യനായ ഈ പണ്ഡിതനെ കാണാൻ ബഗ്ദാദിലെ ഉന്നത പണ്ഡിതനായ ഖാളീ ഇസ്‌മാഈൽ അതിയായി ആഗ്രഹിച്ചിരുന്നു. വിവരം ദൂതൻ വഴി ഹർബിയെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'ഖാളീ ഇസ്‌മാഈൽ വലിയ പണ്ഡിതനാണെന്ന് എനിക്കറിയാം. അദ്ദേഹത്തെ കാണാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ കാവൽക്കാരുണ്ട്. അവരുടെ അടുക്കൽ ചെന്ന് എന്റെ ഇൽമിനെ നിസ്സാരമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല!'

ഖാളീ ഇസ്മാഈലിന് ഈ മറുപടി ലഭിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ പാറാവുകാരെയെല്ലാം മാറ്റിനിറുത്തി ഹർബിക്ക് ഇപ്രകാരം വിവരമറിയിച്ചു: 'എന്റെ വീട്ടുകവാടം ജുമാമസ്‌ജിദിൻ്റെ കവാടം പോലെ സദാ മലർക്കെ തുറന്നിരിക്കുകയാണ്. ആർക്കും എപ്പോഴും കയറിവരാം.' ഈ വിവരം കിട്ടിയപ്പോൾ ഹർബി ഖാളിയെ കാണാനായി പുറപ്പെട്ടു. അദ്ദേഹം മഹാനവർകളെ അതിയായി ബഹുമാനിച്ചു. ഹർബിയുടെ ചെരിപ്പ് ഖാളീ തന്റെ തലപ്പാവിൽ പൊതിഞ്ഞ് കക്ഷത്തിൽ വെച്ച് വീട്ടിനകത്തേക്ക് നടന്നു നീങ്ങി. അവിടെ വെച്ച് ദീനിയ്യായ പല കാര്യങ്ങളും അവർ ചർച്ച ചെയ്തു‌. ഈ കൂടിക്കാഴ്‌ചയിൽ ഇരുവരും അതിയായി സന്തോഷിച്ചു. ഹർബി പുറപ്പെടാനൊരുങ്ങിയപ്പോൾ ചെരിപ്പ് അന്വേഷിച്ചു. ഖാളീ ശിരോവസ്ത്രത്തിൽ പൊതിഞ്ഞ ചെരിപ്പ് പുറത്തെടുത്തുകൊടുത്തു. ഇത് കണ്ടപ്പോൾ 'നിങ്ങൾ ഇൽമിനെ ബഹുമാനിച്ചിരിക്കുന്നു'വെന്നദ്ദേഹം പ്രതികരിച്ചു. ഖാളീ സാഹിബിനു വേണ്ടി അദ്ദേഹം അവിടെ വെച്ച് പ്രത്യേകം ദുആ ഇരക്കുകയും ചെയ്‌തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter