ബിബിസി ഡോക്യുമെന്ററി: ഗുജറാത്ത് കലാപം പുനർ വായിക്കപ്പെടുമ്പോൾ
2002ൽ നടമാടിയ ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി ബിബിസി ചിത്രീകരിച്ച India: the modi question എന്ന ഡോക്യുമെന്ററി ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ്. വിശദമായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിൽ തയ്യാറാക്കിയതെന്ന് ബിബിസി അവകാശപ്പെടുന്ന ഡോക്യുമെന്ററി പുറത്തുവന്നതോടെ വിശ്വ ഗുരു ചമയാനൊരുങ്ങുന്ന നരേന്ദ്രമോദിയുടെ പ്രതിച്ഛായക്കാണ് മങ്ങലേൽക്കുന്നത്. ഗുജറാത്ത് കലാപം വളരെ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നും പോലീസും മറ്റു അധികാര കേന്ദ്രങ്ങളും അതിനായി സഹായ സഹകരണങ്ങൾ ചെയ്തു എന്നുമാണ് ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നത്. തീർത്തും സ്വതന്ത്രമായി നടത്തിയ ഒരു അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഡോക്യുമെന്ററി നരേന്ദ്രമോദി സർക്കാറിന് പുതിയ തലവേദനയായി മാറും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കലാപത്തിൽ നേരിട്ട് ഉത്തരവാദിയാണെന്നാണ് ബ്രിട്ടനിലെ മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്സ്ട്രോ പറയുന്നത്. ഇത് തന്നെയാണ് ഈ ഡോക്യുമെൻററിയിലെ ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശവും.
ഗുജറാത്ത് കലാപം വീണ്ടും ചർച്ച ചെയ്യപ്പെടുന്നത് ആശങ്കയോടെ നോക്കിക്കാണുന്ന ബിജെപി ഭരണകൂടം ഡോക്യുമെന്ററിയുടെ ലിങ്കുകൾ ഐടി നിയമങ്ങളുടെ പഴുതിൽ നീക്കം ചെയ്യാൻ ആരംഭിച്ചു. ഐടി മന്ത്രാലയം യൂട്യൂബും ട്വിറ്ററും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളോട് ഡോക്യുമെന്ററിയുടെ ചെറു ക്ലിപ്പുകളും ലിങ്കുകളും വരെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയതോടെ ഇന്ത്യയുടെ യൂണിവേഴ്സിറ്റികളും ക്യാമ്പസുകളും ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായി രംഗത്ത് വരികയുണ്ടായി. വിദ്യാർത്ഥി യുവജന സംഘടനകളും പ്രതിപക്ഷ പാർട്ടികളും ഡോക്യുമെന്ററിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനും ശ്രമിക്കുന്നുണ്ട്. ജെ.എൻ.യുവിൽ ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നു എന്നറിഞ്ഞ യൂണിവേഴ്സിറ്റി അധികൃതർ വൈദ്യുതിയും വൈഫൈ സംവിധാനവും വിച്ഛേദിച്ചതോടെ. പ്രതിഷേധവുമായി തെരുവിലിരുന്ന് ഫോണുകളിലും ലാപ്ടോപ്പുകളിലും ഡോക്യുമെൻററി കാണുന്ന വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിനങ്ങളിലെ ഇന്ത്യന്‍ കാഴ്ച.
ജാമിഅ മില്ലിയയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയും അടക്കം രാജ്യത്തെ പല യൂണിവേഴ്സിറ്റികളിലും ക്യാമ്പസുകളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കപ്പെടുകയുണ്ടായി. ഡോക്യുമെന്ററി വലിയ ചൂട് പിടിച്ച ചർച്ചകൾക്ക് വഴിവെച്ചതോടെ ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരുമെല്ലാം സംഭവത്തെ ന്യായീകരിച്ചും നരേന്ദ്രമോദി അടക്കമുള്ളവർക്ക് പിന്തുണ പ്രഖ്യാപിച്ചും രംഗത്ത് വന്നു. ബിജെപി സർക്കാരിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രം നിർമിക്കപ്പെട്ട ഒരു ഡോക്യുമെൻററി ആണിതെന്നും കൃത്യമായ രാഷ്ട്രീയ അജണ്ടകൾ ഇതിനു പിന്നിലുണ്ടെന്നുമാണ് വിദേശകാര്യ വക്താവായ അരിന്തം ബാഗ്ജി പറഞ്ഞത്. ബിബിസിയുടെ കൊളോണിയൽ മനോഭാവത്തിൽ നിന്ന് ഉടലെടുത്തതാണ് ഇതെന്നും കൊളോണിയൽ ശക്തികൾ ഇന്ത്യ മഹാരാജ്യത്ത് കാണിച്ചുകൂട്ടിയ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങളെ പുറത്തുകൊണ്ടുവരാന്‍ ബിബിസി ധൈര്യം കാണിക്കുമോ എന്നുമാണ് ബിജെപി നേതാക്കൾ ചോദിക്കുന്നത്. അതിനുമപ്പുറം രാജ്യത്തിൻറെ നീതിന്യായ വ്യവസ്ഥ നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ക്ലീൻ ഷീറ്റ് നൽകിയതിനു ശേഷം ഇത്തരത്തിലുള്ള ഒരു ഡോക്യുമെൻററി പുറത്തുവരുന്നതോടെ ജുഡീഷ്യൽ സംവിധാനത്തിന്റെ ആധികാരികതയും ചോദ്യംചെയ്ത് ചോദ്യം ചെയ്യപ്പെടുകയാണ് എന്ന് പറയുന്നവരും ഉണ്ട്.
ഗുജറാത്തിന്റെ പ്രാന്ത ഭാഗങ്ങൾ വർഗീയ സംഘട്ടനങ്ങൾ കൊണ്ട് മുഖരിതമായി 2000 ത്തിലധികം പേർക്ക് ജീവഹാനി സംഭവിക്കുകയും മറ്റു ഭീമമായ നാശനഷ്ടങ്ങൾ സമ്മാനിക്കുകയും ചെയ്ത ഗുജറാത്ത് കലാപം ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർഗീയ അക്രമമായിരുന്നു. മതകീയമായ ചേരിതിരിവ് മൂലം ഉടലെടുത്ത സംഘട്ടനങ്ങളുടെ സംഭവവികാസങ്ങൾ ഒരു മതേതരവിശ്വാസിക്കും വിസ്മരിക്കാൻ ആവില്ല. ഗുജറാത്ത് ഇരകളുടെ നീതിക്കായി Citizens for Justice and Peace എന്ന സംഘടന രൂപീകരിച്ച് രംഗത്ത് വന്ന വിഖ്യാത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽ വാദും കലാപം നടക്കുമ്പോൾ ഗുജറാത്തിലെ സായുധ പോലീസ് സേനയുടെ ചുമതലയുണ്ടായിരുന്ന ഡിജിപി ആർബി ശ്രീകുമാറുമെല്ലാം ഗുജറാത്ത് കലാപത്തിലെ അധികാര വർഗ്ഗത്തിൻറെ പങ്ക് തുറന്നു കാട്ടിയതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോദി തങ്ങളോട് കലാപാഹ്വാനം നടത്തിയിരുന്നു എന്ന് തുറന്നുപറഞ്ഞ ഗുജറാത്തിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ബട്ട് ഇപ്പോഴും അഴിയെണ്ണി ജീവിക്കുകയാണ്. കലാപകാരികളാല്‍ കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ട ബൽക്കീസ് ബാനുവിന്റെ പ്രതികൾക്ക് ജാമ്യം ലഭിച്ചത് രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യത്തിന്റെ ആഘോഷപ്പുലരിയെ വരവേറ്റപ്പോഴായിരുന്നു.
ഗുൽബർഗ് ഹൗസിംഗ് കോളനിയിൽ കലാപകാരികളിൽ നിന്ന് അഭയം തേടിയിരുന്ന ഇഹ്സാൻ ജാഫ്രിയും കൂടെയുണ്ടായിരുന്ന 69 പേരും അഗ്നികിരയാക്കി കൊലചെയ്യപ്പെട്ടപ്പോൾ, മുൻ എംപി എന്ന ഒരു പരിഗണന പോലും നൽകാതെ, കൊല്ലപ്പെട്ട് ഒമ്പതു മണിക്കൂർ കഴിഞ്ഞാണ് പോലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. അവരുടെ നീതിക്കായി ഭാര്യ സാക്കിയ ജാഫ്രി ഇന്നും നീതിപീഢത്തിന് മുന്നില്‍ അലഞ്ഞുനടക്കുകയാണ്. കലാപം നടന്ന് 20 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ബിബിസി പുറത്തുവിടുന്ന ഈ ഡോക്യുമെന്ററി, ഏറ്റവും ചുരുങ്ങിയത്, കാലം എത്ര കഴിഞ്ഞാലും ചരിത്രം വിസ്മരിക്കപ്പെടില്ലെന്ന സന്ദേശമാണ് നല്കുന്നത്. ഫാഷിസം ഏറ്റവും ഭയക്കുന്നതും ചരിത്രത്തിന്റെ ഈ ഓര്‍മ്മകളെ തന്നെയാണ്.
Leave A Comment