ഷേർ അലി: ചരിത്രം പോലും മറന്ന സ്വാതന്ത്ര്യ പോരാളി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളികളും പിന്നണിപ്പോരാളികളും ഓരോ ആഗസ്റ്റ് 15 ലും ഓർക്കപ്പെടുമ്പോൾ പലപ്പോഴും വിസ്‌മരിക്കപ്പെടുന്ന നാമമാണ് ഷേർ അലി. ചരിത്രരേഖകളിൽ നിന്നും ചരിത്ര മ്യൂസിയങ്ങളിൽ നിന്നും എന്തിനേറെ ചരിത്ര പുരുഷന്മാരുടെ സ്റ്റാച്യുകളിൽ നിന്ന് പോലും ഷേർ അലിയെ അധികൃതർ നീക്കം ചെയ്തിരിക്കുന്നു. അദ്ധേഹത്തെ ബ്രട്ടീഷുകാർ കഴുമരത്തിലേറ്റിയ അന്തമാനിലുള്ള ബ്രിട്ടീഷ് നിർമിത തടവറയായ സെല്ലുലാർ ജയിലിലെ മ്യൂസിയത്തിലോ ജയിലിന് മുൻവശത്തുള്ള പാർക്കിൽ നിറഞ്ഞ് നിൽക്കുന്ന പോരാളികളുടെ സ്റ്റാച്യുവിലോ പോലും അദ്ദേഹത്തെ കാണാനാവില്ലെന്നത് സങ്കടകരമാണ്.
ആരായിരുന്നു ഷേര്‍ അലി.. ?
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ബ്രിട്ടീഷ് വൈസ്രോയി ലോഡ് മായോയെ വധിച്ച ധീരദേശാഭിമാനിയാണ് ഷേർ അലി അഫ്രീദി.
1498ൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ കാൽ കുത്തിയ മുതൽ 1947 ആഗസ്റ്റ് 15ന് ബ്രിട്ടിഷ് യൂണിയൻ ജാക്ക് താഴെ ഇറക്കുന്നത് വരെയുള്ള കോളോണിയൽ, വൈദേശിക വിരുദ്ധ പോരാട്ടങ്ങളിൽ ഒരു സ്വാതന്ത്ര്യസമര സേനാനിയാൽ കൊല്ലപ്പെടുന്ന ഏറ്റവും ഉന്നത ഉദ്യോഗസ്ഥനാണ് വൈസ്രോയി ലോഡ് മായോ.
1870 കളിൽ സ്വാതന്ത്യ പോരാട്ടങ്ങളിൽ പങ്കാളിയായതിനാൽ അന്തമാനിലേക്ക് ജീവപര്യന്ത ശിക്ഷ വിധിക്കപ്പെട്ട് നാടുകടത്തപ്പെട്ടതായിരുന്നു ഷേർ അലി. അടങ്ങാത്ത ബ്രീട്ടിഷ് വിരുദ്ധതയിൽ തിളച്ച് മറിയുന്ന മനസ്സും ശരീരവുമായിരുന്നു അദ്ദേഹത്തിന്റേത്. പ്രതികാര ദാഹവുമായി അന്തമാനില്‍ കഴിയുന്നതിനിടയിലാണ്, 1872ല്‍ വൈസ്രോയി മായോ പ്രഭുവിനെയും വഹിച്ച് ഗ്ലാസ്ക്കോ കപ്പൽ റോസ് ഐലന്റ് തീരത്ത് എത്തിച്ചേർന്നത്. (ബ്രിട്ടീഷ് ഭരണകാലത്തെ അന്തമാനിന്റെ ഭരണ തലസ്ഥാനമായിരുന്നു റോസ് ഐലന്റ്. ഇന്നും അതിന്റെ ശേഷിപ്പുകൾ ഇവിടെ കാണാം).
സെറ്റിൽമെന്റ് സൂപ്രണ്ട് ജനറൽ സ്റ്റുവർട്ട്, ബില്ലി എല്ലീസ്, ബ്രീട്ടീഷ് ബർമയുടെ ചീഫ് കമ്മീഷണർ മേജർ ബർണോ എന്നിവരുടെ നേത്രത്വത്തിൽ മായോ പ്രഭുവിന് വന്‍സ്വീകരണം നല്കി. ശേഷം ഇവരോടൊത്ത് റോസ് ഐലന്റിലെ തടവ് പുള്ളികളെ പാർപ്പിച്ച ബാരക്കുകളും മറ്റു സൈനിക- സൈനികേതര സ്ഥാപനങ്ങളും അദ്ധേഹം സന്ദർശിച്ചു. വൈസ്രോയിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഐലൻനറിൽ ഒന്നടങ്കം ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ഉച്ച ഭക്ഷണ ശേഷം മായോ പ്രഭുവും വലിയ സംഘവും വൈപ്പർ ഐലന്റും മറ്റു സ്ഥലങ്ങളും സന്ദർശിക്കാനായി പുറപ്പെട്ടു. ബ്രിട്ടീഷ് ഭരണ വർഗത്തിനെതിരെ ശബ്ദിച്ചതിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബന്ദികളായി കൊണ്ട് വരപ്പെട്ട ധീര ദേശാഭിമാനികളെ തടവിൽ പാർപ്പിച്ചിരുന്ന ദ്വീപ് കൂടിയായിരുന്നു വൈപ്പർ. രണ്ട് തരത്തിലുള്ള തടവുകാരായിരുന്നു അവിടെ ഉണ്ടായിരുന്നത്. ദ്വീപെന്ന തുറന്ന ജയിലിൽ കഴിയുന്നവരും അതിനകത്ത് തന്നെ തുറുങ്കിലടക്കപ്പെട്ടവരും. അതിനാൽ തന്നെ മായോ പ്രഭുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സുശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
വൈപ്പർ സന്ദർശനം കഴിഞ്ഞ് മായോ പ്രഭു ചാട്ടം ദ്വീപിൽ എത്തി. (അന്തമാനിലെ ആദ്യ ബ്രിട്ടിഷ് സെറ്റിൽമെന്റ് ആണ് ഈ ദ്വീപ്. ഇവിടെയാണ് 1780കളിൽ ആദ്യമായി ബ്രിട്ടീഷ് ലെഫ്റ്റിനെന്റ് ആർച്ചിബാൾഡ് ബ്ലയർ കാല് കുത്തിയതും തടവുകാർക്കുള്ള ശിക്ഷാ കോളനി സ്ഥാപിച്ചതും. ഇദ്ദേഹത്തിന്റെ പേരിലേക്ക് ചേർത്താണ് പോർട്ട് ബ്ലയർ എന്ന് നാമകരണം ചെയ്തത്). അവിടെ നിന്നും പ്രഭു ഹോപ് ടൗണിലേക്ക് പോയി. ഉയരം കൂടിയ പർവതവും ആകർഷണീയമായ കാഴ്ചകളും ഒരു വ്യൂ പോയന്റും ഉൾകൊള്ളുന്നതായിരുന്നു ഹോപ് ടൗൺ ദ്വീപ്. അവിടെയുള്ള ഹാരിയറ്റ് പർവ്വതം കയറി സൂര്യാസ്തമയം നേരിൽ കാണുകയായിരുന്നു മായോയുടെ ലക്ഷ്യം. വൈകിട്ട് 5:30ന് അദ്ധേഹം ഹോപ് ടൗണിലത്തി. ഹാരിയറ്റ് പർവതത്തിലേക്കുള്ള വഴിയിലുടനീളം സുരക്ഷയൊരുക്കിയിരുന്നു. അദ്ദേഹം ചെറിയൊരു കുതിരപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്. ബാക്കിയുള്ളവർ കാൽ നടയായും മല കയറി. മായോ പ്രഭുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് താൽക്കാലികമായി പുറത്തിങ്ങാൻ അനുമതി ലഭിച്ച തടവുകാരിൽ രണ്ട് പേർ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അത് തിരസ്ക്കരിക്കപ്പെടുകയുണ്ടായി.
ക്യാപ്റ്റൻ ലോക്ക് വ്യൂസിന്റെയും കൗണ്ട് വാട്സണ്ടിന്റെയും കൂടെ നീങ്ങിയ പ്രഭുവും സംഘവും വഴിയിലെ ഒരു പാലം കടക്കുമ്പോഴേക്കും സൂര്യൻ പടിഞ്ഞാറ് അസ്തമിച്ച് തുടങ്ങിയിരുന്നു. ചുറ്റും ഇരുൾ പടർന്നിട്ടുണ്ടായിരുന്നു. കാഴ്ചകളൊന്നും വ്യക്തമായി കാണാമായിരുന്നില്ല. പാലത്തിന്റെ താഴെ നിന്നും ധാരാളം തടവ് പുള്ളികൾ പ്രഭുവിന്റെയും പരിവാരങ്ങളുടെയും ഈ യാത്ര മങ്ങിയ വെളിച്ചത്തിൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ സെറ്റിൽമെന്റ് ജനറൽ സൂപ്രണ്ട് സ്റ്റുവർട്ട് ചില നിർദ്ദേശങ്ങൾ നൽകാൻ പിന്നോട്ട് തിരിഞ്ഞതും മിന്നൽ വേഗതയിൽ ഒരു ചെറുപ്പക്കാരൻ മൂർച്ചയേറിയ ഒരു കത്തിയുമായി എല്ലാ സുരക്ഷാവലയങ്ങളും മറികടന്ന് മായോ പ്രഭുവിന്റെ മേൽ ചാടിവീണു. പ്രഭുവിന്റെ ഇടത് ചുമലിന് മുകളിലും വലത് ചുമലിന് താഴെയുമായി മൂന്ന് തവണ ആഞ്ഞ് കുത്തി. ചുറ്റുമുണ്ടായിരുന്ന സൈനികരല്ലാവരും കൂടി ആക്രമിയെ കീഴടക്കിയപ്പോഴേക്കും മൂന്ന് തവണ കുത്തിക്കഴിഞ്ഞിരുന്നു.
ബോധമറ്റ് കിടക്കുന്ന പ്രഭു, ചുറ്റും ഇരുട്ട്, ശബ്ദമുഖരിതമായ അന്തരീക്ഷം, എന്തും സംഭവിക്കാമെന്ന ആശങ്ക, ഭയവിഹ്വലരായ ജനറൽമാർ... എല്ലാവരും ചേർന്ന് പെട്ടന്ന് തന്നെ പ്രഭുവിനെ ഒരു ഉന്തുവണ്ടിയിൽ കയറ്റി കപ്പലിലേക്ക് കൊണ്ട് പോയി. കപ്പലിൽ വെച്ച് പ്രഭു അന്ത്യശ്വാസം വലിച്ചു.
ഖൈബറിലെ (ഇന്നത്തെ പാകിസ്ഥാൻ) തിരാഹ് താഴ്‌വരയിലെ ജംഗുൽ ഗ്രാമത്തിലെ ശേറിന്റെ മകൻ ഷേർ അലി അഫ്രീദിയായിരുന്നു പ്രഭു മായോയുടെ ഘാതകൻ. ജീവപര്യന്ത ശിക്ഷ വിധിക്കപ്പെട്ട് അന്തമാനിലത്തിയ 29 വയസ്സുള്ള ആ യുവാവ് ജയിൽ ശിക്ഷക്ക് ശേഷം ഒരു ക്ഷുരകനായി ഹോപ് ടൗണിൽ ജോലി നോക്കുകയായിരുന്നു.
അല്ലാഹുവിന്റെ നിയോഗപ്രകാരം അവന്റെ മാത്രം സഹായം കൊണ്ടാണ് ഞാനീ മഹത്കർമം നിർവഹിച്ചതന്ന് അദ്ദേഹം വിളിച്ച് പറഞ്ഞ് കൊണ്ടിരുന്നു. വിചാരണ വേളയിൽ ജഡ്ജിയുടെയും ഉദ്യോഗസ്ഥരുടെയും മുഖത്ത് നോക്കി ധൈര്യസമേതം അദ്ദേഹം പറഞ്ഞു: ബ്രിട്ടീഷ് കോടതി എന്നെ അപരാധി എന്ന് പറഞ്ഞാലും ഈ രാജ്യം ഒന്നടങ്കം എന്നെ നിരപരാധിയാണന്ന് പറയും, തീര്‍ച്ച. എനിക്ക് അത് മതി.
കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത് ആരാണന്ന ചോദ്യത്തിന് അല്ലാഹു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് തകൃതിയായ വിചാരണയായിരുന്നു. പ്രതി വധശിക്ഷക്ക് അർഹനാണന്ന് സാക്ഷികളായി വന്ന ജനറലുകൾ വാദിച്ചു. അങ്ങനെ കോടതി ഷേർ അലി അഫ്രീദി എന്ന പുലിക്കുട്ടിയെ വധശിക്ഷക്ക് വിധിച്ചു. ആ വിധി കേട്ടപ്പോഴും അദ്ദേഹത്തിന് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. അവസാനം 1872 മർച്ച് 11 ന് ആ ധീര പോരാളി തനിക്കായി ഒരുക്കിയ കഴുമരത്തിൽ അഭിമാനിയായി മരണം വരിച്ചു.
വൈപ്പർ ദ്വീപിൽ ശ്മശാനം ഇല്ലാത്തതിനാൽ, തൂക്കി കൊന്ന ശേഷം അലിയുടെ മയ്യിത് ഡുൻഡാസ് പോയന്റിലേക്ക് കൊണ്ട് പോയി അവിടെ അടക്കംചെയ്തു. മായോ പ്രഭുവിന്റെ ഭൗതിക ശരീരം കൽക്കത്തയിലേക്കും കൊണ്ട് പോയി.
ഇത്തരം അനേകം ധീരദേശാഭിമാനികളുടെ ജീവത്യാഗങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ പുലരികളിലെങ്കിലും നമുക്ക് ആ സേനാനികളെ ഓര്‍ക്കാം.
അന്തമാനിലെ പോര്‍ട് ബ്ലയര്‍ മലബാര്‍ മസ്ജിദിലെ ഖതീബ് ആണ് ലേഖകന്‍
Leave A Comment