മുകർറം ജാഹ്: ഖലീഫയുടെ പിൻഗാമിയായ ഇന്ത്യൻ രാജകുമാരൻ

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊളളുന്ന 1944 ലെ ഒരു പ്രഭാതം.. യുദ്ധം വരുത്തി വെച്ച മുറിവുകളുണങ്ങാതെ പാരിസിലെ നഗരങ്ങൾ ശുഷ്കിച്ച് നിൽക്കുകയാണ്. യുദ്ധത്തിന്റെ അലയൊലികൾക്കിടയിൽ അന്ന് അവിടെ മറ്റൊരു സംഭവം കൂടി അരങ്ങേറി. മുസ്‌ലിം ലോകത്തിന്റെ അവസാന ഖലീഫയായിരുന്ന അബ്ദുൽ മജീദ് രണ്ടാമൻ പാരീസിലെ തന്റെ വസതിയിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു. മരണ ശേഷം അദ്ദേഹത്തിന്റെ വിൽപത്രമെടുത്ത് പരിശോധിച്ച ബ്രിട്ടീഷ് ഓഫീസർമാർ അമ്പരന്നു. നന്നേ ചെറുപ്പമായിരുന്ന തന്റെ പൗത്രനായ മുകർറം ജാഹ് എന്ന ഹൈദരാബാദുകാരനെ അദ്ദേഹം അടുത്ത ഖലീഫയായി നിശ്ചയിച്ചു വെച്ചിരുന്നു അതില്‍.

1921 നവംബർ ഒന്ന്, മുസ്ഥഫാ കമാലിന്റെ നേതൃത്വതിലുള്ള തുർക്കി ഗവൺമന്റ് ഉസ്മാനി ഖിലാഫതിന് ചരമഗീതമെഴുതി. അന്ന് സുൽത്താനായിരുന്ന മെഹ്മദ് ആറാമനെ സ്ഥാനഭ്രഷ്ടനാക്കി. പിന്നീട് അബ്ദുൽ മജീദ് രണ്ടാമനെ സ്ഥാനത്തിരുത്തി അധികാരങ്ങളൊന്നുമില്ലാത്ത ഒരു നാമമാത്രമായ ഇസ്‌ലാമിക ഖിലാഫത്ത് പതിനഞ്ച് മാസത്തോളം തുടർന്നു. ശേഷം 1924 മാർച്ച് മൂന്നിന് അതും നിർത്തലാക്കി. ഇസ്‌ലാമിക ഖിലാഫത്തിനെ ഭൂലോകത്ത് നിന്ന് അവർ എന്നേക്കുമായി തുടച്ചുനീക്കി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അവസാന ഖലീഫയായ അബ്ദുൽ മജീദിനെയും കുടുംബത്തെയും തുർക്കി ഗവൺമെന്റ് ഫ്രാൻസിലേക്ക് നാട് കടത്തി. ഫ്രാൻസിലെത്തിയ അവർ ജീവിക്കാൻ ഏറെ പ്രയാസപെട്ടു. 

ഫ്രാൻസിൽ കഴിയുന്ന തങ്ങളുടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഖലീഫക്ക് ധനസഹായം നൽകാനുള്ള മാർഗങ്ങൾ തേടുകയായിരുന്നു ആ സമയത്ത് ഇന്ത്യൻ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്ന അലി സഹോദരന്മാർ. മൗലാനാ മുഹമ്മദലിയും മാലാനാ ശൗഖത്തലിയും ഈ ആവശ്യവുമായി അന്നത്തെ ഹൈദരാബാദിലെ നിസാമായിരുന്ന മീർ ഉസ്മാൻ അലി ഖാനെ സമീപിച്ചു. അക്കാലത്ത് ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഹൈദരാബാദിലെ നിസാമുമാർ. മാസം തോറും തങ്ങളുടെ ഖലീഫക്ക് 300 പൗണ്ട് നൽകാൻ അവർ തയ്യാറായി.

സുൽത്താൻ അബ്ദുൽ മജീദിന്റെ ഏക മകളായിരുന്നു ദുർറു ശെഹ്‌വർ. ഫ്രാൻസിലെത്തിയ ശേഷവും മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അദ്ദേഹം ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. ഇംഗ്ലീഷും ഫ്രഞ്ചുമടക്കം ആറോളം ഭാഷയിൽ ദുർറു ശെഹ്‌വറിന് പ്രാവീണ്യമുണ്ടായിരുന്നു.  ഫ്രഞ്ച് മാഗസിനുകളിൽ അവരുടെ കവിതകൾ പ്രസിദ്ധീകരിച്ച് വരാറുണ്ടായിരുന്നു.

ഏറെ സുന്ദരിയായിരുന്ന രാജകുമാരിയെ തേടി പല വിവാഹ ആലോചനകളും വന്നിരുന്നു. മുൻ ഖലീഫയുടെ ഏക പുത്രിയായത് കൊണ്ട് തന്നെ പലരും അവരുമായുളള വിവാഹം കാരണമായി ലഭിച്ചേക്കാവുന്ന ആഗോള അംഗീകാരം പ്രതീക്ഷിച്ചായിരുന്നു വന്നിരുന്നത്.  ഈജിപ്ഷ്യൻ രാജാവായിരുന്ന ഫുആദും ഇറാഖിലെ ഫൈസലും പേർഷ്യൻ രാജാവായിരുന്ന ശാഹ് റസായും തങ്ങളുടെ രാജകുമാരന്മാർക്ക് വേണ്ടി അവരെ വിവാഹാഭ്യർഥന നടത്തിയിരുന്നു. അതേ സമയം, സുൽത്താൻ അബ്ദുൽ ഹമീദിന്റെ മകനായിരുന്ന ആബിദ് എഫെൻദിയും വിവാഹാഭ്യർഥന നടത്തുന്നുണ്ടായിരുന്നു. ഈ സമയത്താണ് മാലാനാ ശൗഖത്തലി നിസാം മീർ ഉസ്മാൻ ഖാനെ കണ്ട് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ അസം ജായെ ദുർറു ശെഹ്‌വറുമായി വിവാഹം കഴിപ്പിക്കാൻ ആവശ്യപ്പെടുന്നത്. നഷ്ടപ്പെട്ട് പോയ ഇസ്‌ലാമിക ഖിലാഫത്തിനെ ഇന്ത്യയിലെത്തിക്കാൻ അവർ ആഗ്രഹിച്ചു.

Read More:അവസാന നൈസാം ഭരണാധികാരി മുകറം ജാഹ് അന്തരിച്ചു

നിസാം മീർ ഉസ്മാൻ ഖാൻ അബ്ദുൽ മജീദിന് കത്തെഴുതി. വലിയ സമ്പന്നരായിരുന്ന ഇന്ത്യയിലെ നിസാമുമാർ തന്റെ മകൾക്ക് അനുയോജ്യമായ ബന്ധം തന്നെയായിരിക്കുമെന്ന് ഖലീഫ മനസ്സിലാക്കി. വലിയ മഹർ ആവശ്യപ്പെട്ട് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചു. ആവശ്യപ്പെട്ട മഹർ നൽകാമെന്ന് നിസാമും സമ്മതിച്ചു. അതേ സമയം തന്റെ രണ്ടാമത്തെ മകനായ മുഅസ്സം ജായെയും മറ്റൊരു ഉസ്മാനീ രാജകുമാരിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ അബ്ദുൽ മജീദിനോട് നിസാം ആവശ്യപ്പെട്ടു. അങ്ങനെയാണ് നിലൂഫർ രാജകുമാരി രംഗ പ്രവേശം ചെയ്യുന്നത്. സുൽത്താൻ മുറാദ് അഞ്ചാമന്റെ പേരമകളായിരുന്ന ആദിലെ സുൽത്താന്റെ പുത്രിയായിരുന്നു നിലൂഫർ.

ഫ്രാൻസിൽ വെച്ച്  തന്നെ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഉസ്മാനീ രാജകുമാരിമാരെ തേടി രണ്ടു ഇന്ത്യൻ രാജകുമാരന്മാരും ഫ്രാൻസിലേക്ക് യാത്ര തിരിച്ചു. 1931 നവംബർ 12 ന് രണ്ടു രാജകുടുംബങ്ങളിലെയും അംഗങ്ങൾ മാത്രം ചേർന്ന് വിവാഹ കർമം നടന്നു. നിസാമിനെ പ്രതിനിധീകരിച്ച് സർ അക്ബർ ഹൈദരിയും നവാബ് മെഹ്ദി ജംഗും പങ്കെടുത്തിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിന് വേണ്ടി യൂറോപ്പിൽ എത്തിയതായിരുന്നു അവർ.

ഒരു മാസത്തെ വിവാഹാഘോഷങ്ങൾക്ക് ശേഷം ഡിസംബർ 12 ന് അവർ ഇന്ത്യയിലേക്ക് തിരിച്ചു. അതേ സമയം രണ്ടാം വട്ടമേശ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗാന്ധിയുമായി അവർ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഹൈദരാബാദിലെത്തിയ പ്രിൻസസ് ദുർറു ശെഹ്‌വറും പ്രിൻസസ് നിലൂഫറും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഹൈദരാബാദിൽ ഇന്നും നില നിൽക്കുന്ന പല ആശുപത്രികളും കോളേജുകളും ഇവർ പണി കഴിപ്പിച്ചതാണ്. 

ദുർറു ശെഹ്‌വർ ഇന്ത്യൻ സംസ്കാരവുമായി പെട്ടന്ന് തന്നെ ഇണങ്ങിച്ചേർന്നു. അധികം വൈകാതെ തന്നെ സാരി ധരിക്കാനും ഉർദു സംസാരിക്കാനും പഠിച്ചു. ഒരു വർഷം കഴിഞ്ഞ് ഗർഭിണിയായപ്പോൾ പാരീസിലേക്ക് തന്നെ തിരിച്ചു പോയി. 1933 ഒക്ടോബർ ആറിന് അവർക്ക് കുഞ്ഞ് പിറന്നു. മാർ ബർകത് അലി മുകർറം ജാഹ് എന്ന് അവർ ആ കുത്തിന് പേര് നൽകി. 1934 മാർച്ച് മാസം കുഞ്ഞുമായി അവർ ഹൈദരാബാദിൽ തിരിച്ചെത്തി. മുകർറം ജായെ ഉന്നതമായ വിദ്യാഭ്യാസം നൽകിയാണ് ദുർറു ശെഹ്‌വർ വളർത്തിയത്. ഉസ്മാൻ അലി ഖാൻ തന്റെ പിൻഗാമിയായി, എട്ടാമത്തെ ഹൈദരാബാദ് നിസാമായി മുകർറം വരണമെന്ന് അന്ന് തന്നെ തീരുമാനിച്ചിരുന്നു.

1948 ൽ ഹൈദരാബാദ് ഇന്ത്യയിൽ ചേർക്കപ്പെട്ടതോടെ നിസാമുമാരുടെ ഭരണം നീങ്ങിയെങ്കിലും ഒരു നാമമാത്രമായ സ്ഥാനം അവർ നിലനിർത്തിയിരുന്നു. പിതാമഹനായ ഉസ്മാൻ അലി ഖാന്റെ മരണശേഷം 1967 ൽ ആ സ്ഥാനം മുകർറം ജാഹ് ഏറ്റെടുത്തു. 2023 ജനുവരി 15 ന് ഇസ്താംബൂളിൽ വെച്ചാണ് മുകർറം ജാഹ് മരണപ്പെടുന്നത്. ജനുവരി 18 ന് ഹൈദരാബാദിലെ മക്ക മസ്ജിദിൽ അദ്ദേഹത്തെ മറവ് ചെയ്തു. മഹത്തായ ഓട്ടോമൻ പാരമ്പര്യവും നിസാമിയൻ പാരമ്പര്യവും ഒത്തുചേർന്ന അദ്ദേഹം മരണം വരെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 

അവലംബം: 
The last Nizam, John Zubrzycki
Genealogy of the Imperial Ottoman Family.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter