ബദീഉസ്സമാൻ ഇസ്മാഈൽ അൽ ജസരി: റോബോട്ടിക്ക് ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്

ശാസ്ത്ര സാങ്കേതിക ലോകം ദിനംപ്രതി പുതുമകളാണ് ലോകത്തിന് സമ്മാനിക്കുന്നത്. മനുഷ്യ ബുദ്ധിയുടെ മികവിൽ കാലത്തിന്റെ ചലനങ്ങൾ അനായാസം ഏറ്റെടുക്കാനും, പ്രയാസകരമെന്നു തോന്നുന്നവയെല്ലാം സരളമാക്കാനും ശ്രമിച്ചുകൊണ്ടിരുക്കുകയാണ് ശാസ്ത്രജ്ഞർ. കൂടുതൽ സമയമെടുത്ത് സ്വന്തം കരങ്ങളുപയോഗിച്ച് മനുഷ്യർ ചെയ്തിരുന്ന പല ജോലികളിലും ഇന്ന് യന്ത്രങ്ങളും തന്ത്രങ്ങളുമാണ് പ്രവർത്തിക്കുന്നത്. റോബോട്ടുകളും നിർമിത ബുദ്ധികളുമാണ് മനുഷ്യ ലോകം നിയന്ത്രിക്കുന്നതെന്ന് പറയുന്നതിൽ തെറ്റില്ല. മനുഷ്യനു സമാനമായി പ്രവർത്തിക്കാനും വ്യക്തമായി ഓരോന്നും ക്രമീകരിക്കാനും പഠിച്ചെടുക്കുന്ന യന്ത്രങ്ങളാണ് സകല മേഖലകളിലും. എന്നാല്‍, മറ്റു പല മേഖലകളിലുമെന്ന പോലെ റോബോട്ടുകളുടെ തുടക്കവും ഒരു മുസ്‍ലിം ശാസ്ത്രചിന്തകനിൽ നിന്ന് തന്നെയായിരുന്നു എന്നതാണ് സത്യം. ഇസ്മാഈലുല്‍ജസരി ആയിരുന്നു കാലത്തിന് മുമ്പേ നടന്ന ആ ശാസ്ത്രപ്രതിഭ.

ഹിജ്റാബ്ദം 561 മുതൽ 607 വരെ (AC:1165-1210) ജീവിച്ചിരുന്ന, കുർദിസ്ഥാൻ പണ്ഡിതനായ അല്‍ജസരിയാണ് റോബോട്ടിക്ക് ചലനങ്ങളെ കുറിച്ച് ആദ്യമായി ലോകത്തോട് പറയുന്നത്. ആധുനിക തുർകിയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജസീറതുബ്നുഉമർ എന്നറിയപ്പെടുന്ന ജസ്റ (തുർക്കിയിൽ സിസ്റ) പ്രദേശത്താണ് കഥാപുരുഷൻ ജനിക്കുന്നത്. ജന്മ സ്ഥലത്തേക്ക് ചേർത്തി അൽ ജസരി എന്ന അപരനാമത്തിലാണ് ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിത യാത്രയുടെ വിശാലമായ ചിത്രം ലഭ്യമല്ലെങ്കിലും, താൻ രചിച്ച ഗ്രന്ഥത്തിന്റെ മികവിൽ അദ്ദേഹവും തന്റെ യന്ത്ര ചിന്തകളും അക്കാലത്തും തന്റെ കാലശേഷവും പ്രസിദ്ധമായി. പിതാവിനെയും സഹോദരനെയും ജോലി കാര്യങ്ങളിൽ സഹായിച്ച് ഒരു സാധാരണക്കാരനായി ജീവിച്ചിരുന്ന അദ്ദേഹം അയ്യൂബി ഭരണാധികാരി മഹ്മൂദ് ബ്നുമുഹമ്മദ് ബ്നുഅർസലാന്‍ (ഹി:561-619)ന്റെ നിർദ്ദേശാടിസ്ഥാനത്തിൽ രചന നിർവഹിച്ച അൽജാമിഅ് എന്ന ഗ്രന്ഥമാണ് അദ്ദേഹത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. ഗ്രന്ഥ രചനാനന്തരം യന്ത്രശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ പ്രാവീണ്യവും നൈപുണ്യവും തിരിച്ചറിഞ്ഞ ഭരണാധിപൻ, ശിഷ്ട ജീവിതം രാജ്യത്തിന്റെ ഔദ്യേഗിക ശാസ്ത്രജ്ഞന്മാരിലൊരാളായി കഴിയാന്‍ ആവശ്യപ്പെടുകയും ശേഷം രാജ്യ ശാസ്ത്രജ്ഞന്മാരുടെ നേതാവ് എന്ന പദവി  നൽകി ആദരിക്കുകയും ചെയ്തു. 

ഊർജ്ജതന്ത്രം, യന്ത്രതന്ത്രം, അങ്കഗണിതം തുടങ്ങിയ ശാസ്ത്രങ്ങളിൽ പ്രത്യേക താല്‍പര്യം കാണിച്ച അദ്ദേഹം തന്റെ കാലത്തറിയപ്പെട്ട യന്ത്രശാസ്ത്രത്തിലെ എല്ലാ മേഖലകളിലും സ്വന്തമായ ചിന്തകൾ അടയളാപ്പെടുത്തിയിരുന്നു. തത്ത്വജ്ഞാനങ്ങളിൽ മാത്രം ഒതുങ്ങാതെ യന്ത്രശാസ്ത്രത്തിലെ എല്ലാ ചലനങ്ങളും തന്ത്രങ്ങളും പരീക്ഷിച്ചറിഞ്ഞായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നതും പഠിച്ചെടുത്തിരുന്നതുമെന്നതാണ് അദ്ദേഹത്തെ മറ്റു പണ്ഡിതന്മാരിൽ നിന്നും വ്യതിരിക്തനാക്കുന്നത്. സമൂഹത്തിനുപകരിക്കുന്ന നൂതന നിർമ്മിതികൾ അന്വേഷിക്കുന്നതും സൃഷ്ടിച്ചെടുക്കുന്നതും അദ്ദേഹത്തിന്റെ താത്പര്യമായതോടെയാണ് ഇന്നുകാണുന്ന ഒരുപാട് യന്ത്രങ്ങളുടെ പൗരാണിക രൂപങ്ങളുടെ ഉത്ഭവം സംഭവിക്കുന്നത്.

സംഭാവനകൾ  

യന്ത്രശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഒത്തിരിയാണ്. ജലമർദ്ദത്താൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളും യന്ത്രങ്ങളും അദ്ദേഹം പല രൂപത്തിലായി നിർമ്മിച്ചിട്ടുണ്ട്. മൃഗങ്ങളെ ഉപയോഗിച്ച് യന്ത്രം കറക്കി വെള്ളം ഉയർത്തുന്നത്, വൃത്താകാരമായ ചലനത്തിലൂടെ ദീര്‍ഘചലനമുണ്ടാക്കി വെള്ളം പൊങ്ങിവരുന്നത്, കുഴലുകളിലൂടെ വായുമർദ്ദത്താൽ ജലം സഞ്ചരിപ്പിക്കുന്നത് ഇതെല്ലാം അദ്ദേഹമാണ് തുടങ്ങിവെച്ചത്. ഈ ചിന്തകളിൽ നിന്നാണ് ആവിയന്ത്രവും ജലപമ്പിങ്ങും വൈദ്യുതിയിലൂടെ പ്രവർത്തിക്കുന്ന സിലിണ്ടറുകളും മറ്റു യന്ത്രങ്ങളും നിർമ്മിക്കപ്പെടുന്നത്. 

മെക്കാനിക്കൽ യന്ത്രങ്ങളുടെ ഗതിവേഗ നിയന്ത്രണശക്തിക്കായി ഉപയോഗിക്കുന്ന ക്യാംഷാഫ്റ്റുകളും, മേഘാവൃതമായ സാഹചര്യങ്ങളില്‍ സമയമറിയുന്നതിനായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കാന്റിൽ ക്ലോക്കും, ഓട്ടോമാറ്റിക്ക് യന്ത്രങ്ങളിലും ആവിയന്ത്രങ്ങളിലും കാണപ്പെടുന്ന ക്രാൻങ്കുകളും (തുടർച്ചയായ ഭ്രമണ ചലനത്തെ രേഖീയ ചലനമാക്കുന്ന യന്ത്രം) അദ്ദേഹത്തിന്റെ സംഭാവനകളാണ്. ചൊരിമണൽ ഘടികാരം, ജലഘടികാരം, ദീപതിരി ഘടികാരം, ആന ഘടികാരം എന്നിങ്ങനെ സമയമറിയാനുപകരിക്കുന്ന വ്യത്യസ്തമായ യന്ത്രങ്ങൾ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളിലെ പ്രധാനപ്പെട്ടവയാണ്.

വിഭിന്ന സംസ്കാരങ്ങളുടെ ചിഹ്നങ്ങൾ ചേർത്തുണ്ടാക്കിയ സാഅത്തുൽഫീൽ അഥവാ ആനഘടികാരം അദ്ദേഹത്തിന്റെ പ്രശസ്തിയെ വാനോളമുയർത്തിയ നിർമ്മിതിയാണ്. സ്വയം പ്രവർത്തിക്കുന്നതും അരമണിക്കൂറിടവേളയിൽ കൃത്യമായി ശബ്ദമുണ്ടാക്കി മണിയടിക്കുന്നതും ജലശക്തിയിൽ പ്രവർത്തിക്കുന്നതുമായ ഈ ഘടികാരം അദ്ദേഹത്തിന്റെ യന്ത്ര ലോകത്തെ മികവുറ്റ സംഭാവനയായി ഇന്നും ഗൗനിക്കപ്പെടുന്നു. ലോക സഞ്ചാരി ഇബ്നു ബതൂത തന്റെ യാത്രക്കിടയിൽ ഇത് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‍ലിം ശാസ്ത്രത്തിന്റെ സുന്ദരമായ തെളിവായി ഇതിന്റെയൊരു മാതൃക ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് സർവകലാശാലയിലും ദുബൈയിലെ ഇബ്നു ബതൂത മാളിലും ഇന്നും കാണാം. ആഫ്രിക്കക്കാരുടെയും ഇന്ത്യക്കാരുടെയും ചിഹ്നമായ ആനയുടെ മുകളിൽ ചൈനീസ് പ്രതീകമായ വ്യാളിയെയും പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തെയുണർത്തുന്ന ഫീനിക്സ് പക്ഷിയെയും ഇസ്‍ലാമിക സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന തലപ്പാവുധാരിയായ മനുഷ്യനെയും ഒരുമിപ്പിച്ചതാണ് അദ്ദേഹത്തിന്റെ എലഫന്റ് ക്ലോക്കിന്റെ രൂപം. ക്രമേണയുള്ള വെള്ളത്തിന്റെ അടർന്നുവീഴലിനെ അടിസ്ഥാനമാക്കി ഓരോ അരമണിക്കൂരിലും അതിൽ നിന്നും മുഴങ്ങുന്ന മണിനാദം അന്ന് ജനങ്ങൾക്കിടയിൽ അത്ഭുതം പടര്‍ത്തിയിരുന്നു.

മുസ്‍ലിം ലോകത്തെ ശാസ്ത്രത്തിന്റെ സുവർണ കാലത്തെ പ്രഫുല്ലമാക്കിയ ശാസ്ത്ര പണ്ഡിതന്മാരിൽ മികവാർന്ന അൽജസരി പശ്ച്യാത്യരാലും അംഗീകരിക്കപ്പെട്ട പ്രതിഭയായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ വായിക്കപ്പെട്ട അദ്ദേഹത്തിന്റെ ഗ്രന്ഥം നവീനമായ ചിന്തകളും ആധുനിക വീക്ഷണങ്ങളും അവർക്ക് സമ്മാനിച്ചതായി ഇംഗ്ലണ്ടുകാരനായ യന്ത്രവിദ്യാവിദഗ്ദ്ധൻ ഡൊണാൾഡ് ഹിൽ (1922-1994) രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥമവലംഭിച്ചാണ് യൂറോപ്യൻ ശാസ്ത്രജ്ഞർ ഘടികാര ശാസ്ത്രവും ക്രാങ്കുകളും മനസ്സിലാക്കുന്നതെന്ന് അവർ തന്നെ തുറന്നു സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥം മറ്റുള്ള ശാസ്ത്ര പുസ്തകങ്ങളെപ്രതി തത്ത്വങ്ങളിൽ മാത്രം സംഭരിക്കപ്പെട്ടതല്ലെന്നും കൂടുതൽ പ്രായോഗിക രീതിയിൽ രചിക്കപ്പെട്ടതാണെന്നും, ഈ ഒരൊറ്റ ഗ്രന്ഥത്താൽ മുസ്‍ലിംകളുടെ ശാസ്ത്രീയ ലോകം എത്രത്തോളം വികാസം പ്രാപിച്ചതാണെന്ന് മനസ്സിലാക്കാമെന്നും അമേരിക്കൻ ചരിത്രകാരനായ ജോർജ് സാർട്ടൻ (1884-1956) സാക്ഷ്യപ്പെടുത്തുന്നുണ്ട്.

നാസയുടെ പല ദൗത്യങ്ങളിലും പങ്കുചേർന്ന ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ: ഫാറൂഖ് അൽബാസ് ഉദ്ധരിക്കുന്നു; ശൂന്യാകാശ ഉദ്യമങ്ങൾക്കായി നിർമ്മിക്കപ്പെടുന്ന പുതിയ യന്ത്രങ്ങളിൽ പോലും അൽജസരിയുടെ തന്ത്രങ്ങൾ ഞങ്ങൾ സ്വീകരിക്കാറുണ്ട്. മാത്രമല്ല ഭൂമിയുടെ ഉപരിതലത്തിലും അതിനപ്പുറവുമുള്ള യാന്ത്രിക ചലനങ്ങളെല്ലാം ഇന്നും പുതുമകളായി സംഭവിക്കുന്നുണ്ടെങ്കിലും അവയിലെല്ലാം അദ്ദേഹത്തിന്റെ നിർമ്മിതികൾക്ക് തീർത്തും പങ്കുണ്ടെന്നതാണ് സത്യം.

ദ ബുക്ക് ഓഫ് നോളജ് 

യാന്ത്രിക രൂപങ്ങളും ഭാവങ്ങളും പ്രാവർത്തിക രൂപേണ നിശങ്കം വിവരിക്കുന്ന അദ്ദേഹത്തിന്റെ ബൃഹത്തായ ഗ്രന്ഥം ഇരുപത്തിമൂന്നു വർഷത്തെ സൂക്ഷ്മ ഗവോഷണത്തിന്റെയും പര്യവേഷണത്തിന്റെയും ഫലമായി അഞ്ചു വാല്യങ്ങളായി ക്രിസ്താബ്ദം 1209 ലാണ് രചിക്കപ്പെടുന്നത്. യന്ത്രശാസ്ത്രത്തിൽ “അൽ ജാമിഅ്” എന്ന പേരിലറിയപ്പെടുന്ന “അൽ ജാമിഉ ബൈനൽ ഇൽമി വൽ അമലിന്നാഫിഅ് ഫീ സ്വനാഅതിൽ ഹിയൽ” എന്ന ഗ്രന്ഥം, പേര് സൂചിപ്പിക്കുന്ന പേലെ തന്നെ തത്ത്വങ്ങളും അവയുടെ പ്രായോഗിക തലങ്ങളും വെളിപ്പെടുത്തുന്നതാണ്.  വ്യക്തവും കൃത്യവുമായി ജലമർദ്ദ ശാസ്ത്രം, തന്ത്രശാസ്ത്രം, വ്യവസായ ടെക്നോളജി തുടങ്ങിയ വിഭിന്ന വിഷയങ്ങൾ ഓരോന്നും വേർത്തിരിച്ച് ശീർഷകങ്ങളായി തന്നെ അദ്ദേഹം ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. തന്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന യന്ത്രങ്ങളുടെയും സ്വന്തമായി രൂപീകരിച്ച ഉപകരണങ്ങളുടെയും ചലനങ്ങളും രൂപങ്ങളും നിർമ്മാണവുമടക്കം ഗ്രന്ഥത്തിൽ അദ്ദേഹം ചീത്രീകരിക്കുന്നുണ്ട്.

ഇംഗ്ലീഷ്, ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷമാണ് അറബിയിൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടതെന്നത് (1976) ഏറെ ലജ്ജാകരമാണ്. അതേ സമയം, മുസ്‍ലിം ശാസ്ത്രജ്ഞൻ രചിച്ച ഈ ഗ്രന്ഥം ഇന്നും യന്ത്രശാസ്ത്ര വിജ്ഞാനകേശമായി പരിഗണിക്കുന്നുണ്ടെന്നത് ഏറെ അഭിമാനകരവുമാണ്. “ദ ബുക്ക് ഓഫ് നോളജ് ഓഫ് ഇംജീനിയസ് മെക്കാനിക്കൽ ഡിവൈസ്” എന്ന പേരിലാണ് ഈ ഗ്രന്ഥത്തെ ഡൊണാൾഡ് ഹിൽ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റിയത്. തദനന്തരം ടെക്നോളജി മേഖലയിലെ വലിയ പുരസ്കാരമായ ദക്സതർ പ്രൈസും അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടു. ഇസ്തംബൂളിലെ ടോപ്കാപി മ്യൂസിയത്തിലും ബോസ്റ്റണിലെ ഫൈൻ ആർട്ട് മ്യൂസിയത്തിലും ഫ്രാർസിലെ ലൂഫർ മ്യൂസിയത്തിലും ബ്രിട്ടനിലെ ഓക്സ്ഫോഡ് ലൈബ്രറിയിലും അൽജസരിയുടെ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതികൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

ജീവികളുടെ രൂപങ്ങളിൽ നിർമ്മിക്കപ്പെടുന്ന ചലനമുള്ള യന്ത്രങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതായി തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം ചിത്രീകരിക്കുന്നുണ്ട്. ഈ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയാണ് റോബോട്ടിക്സ് രംഗത്തെ കണ്ടുപിടുത്തം ഉണ്ടാവുന്നതെന്നതിനാൽ അദ്ദേഹത്തെ റോബോർട്ടിക് ശാസ്ത്രത്തിന്റെ പിതാവായി പലരും പരിചയപ്പെടുത്തുന്നു. മാത്രവുമല്ല തന്റെ കാലത്തുണ്ടായിരുന്ന ഒരു രാജാവിന്റെ ആജ്ഞയെന്നോണം നമസ്കാരത്തിനു അംഗശുദ്ധീകരണം ചെയ്യാനുള്ള വെള്ളം ഒഴിച്ചു തരുന്ന ഒരു യന്ത്രം, ഒരു കൂട്ടിയുടെ രൂപത്തിൽ നിർമിച്ചു നൽകിയതായി ചരിത്രങ്ങളിലുള്ളതിനാലും അദ്ദേഹമാണ് റോബോട്ടിക്ക് ശാസ്ത്രത്തിനു തുടക്കം കുറിച്ചതെന്നു പറയുന്നതിൽ തെറ്റില്ല. ഒരു കൈയ്യിൽ വെള്ളം നിറച്ച കിണ്ടി പോലോത്ത പാത്രവും മറുകൈയ്യിൽ തൂവാലയും പിടിച്ചു നിൽക്കുന്ന ഒരു ബാലനും അവന്റെ തലക്കു മീതെയിരിക്കുന്ന ഒരു പക്ഷിയും ചേർന്നതായിരുന്നു ആ യന്ത്രം. നാഫൂറത്തുത്വാഊസ് എന്ന പേരിൽ അറിയപ്പെട്ട ഈ യന്ത്രം അക്കാലത്തെ എല്ലാ കണ്ടുപിടുത്തങ്ങളെയും കവച്ച് വെക്കുന്നതായിരുന്നു. നമസ്കാരത്തിനു സമയമായാൽ പക്ഷി ശബ്ദമുണ്ടാക്കി ചിറകടിക്കുകയും തുടർന്ന് ആ ബാലൻ രാജാവിനടുത്തേക്ക് പോയി വെള്ളം ചൊരിഞ്ഞു കൊടുക്കുകയും, അവസാനം മറുകൈയ്യിലുള്ള തൂവാല തോർത്താനായി നൽകുകയും, തുടച്ചു കഴിഞ്ഞ് തോർത്ത് തിരിച്ചു നൽകിയാൽ പൂർവസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യുന്നതായിരുന്നു ആ യന്ത്രം. 

കാലന്തരങ്ങളിൽ യന്ത്രശാസ്ത്രരംഗത്ത് ഏറെ പഠനങ്ങളും മുന്നേറ്റങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം കടപ്പെട്ടിരിക്കുന്നത് ഇസ്മാഈലുല്‍ജസരിയോടും അദ്ദേഹത്തിന്റെ കൃതിയോടും തന്നെയാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter