അബുൽ ഖാസിം സഹ്റാവി: സർജറിയുടെ പിതാവ്

മുസ് ലിം ശാസ്ത്ര ചരിത്രത്തിൽ വ്യത്യസ്തമായ അദ്ധ്യായം എഴുതിച്ചേർത്ത വിഖ്യാത സർജനായിരുന്നു അബുൽ ഖാസിം സഹ്റാവി. യുറോപ്യർ അബുൽ ഖാസിസ് എന്ന് വിളിച്ച അദ്ദേഹത്തിന്റെ പൂർണ്ണ നാമം അബുൽ ഖാസിം ഖലഫ് ബ്നു അബ്ബാസ് അൽ സഹ്റാവി  എന്നാണ്. എ.ഡി 936ൽ സ്പെയ്നിലെ കോർദോവക്കടുത്ത സഹ്റ പട്ടണത്തിലാണ് ജനനം. മദീനയിലെ അൻസ്വാരികളിലേക്കാണ് അദ്ദേഹത്തിന്റെ കുടുംബ വേരുകൾ ചെന്നെത്തുന്നത്.

വൈദ്യശാസ്ത്രം തീരെ വികസിച്ചിട്ടില്ലാത്ത കാലത്ത് തന്നെ സർജറിയെ കുറിച്ച് ചിന്തിച്ചാണ് സഹ്റാവി വളർന്നത് . ചെറിയ രോഗങ്ങൾക്ക് പോലും ശരീര ഭാഗങ്ങൾ മുറിച്ചും മറ്റും യൂറോപ്യരൊക്കെ പലപ്പോഴായി അബദ്ധത്തിൽ ചാടിയിരുന്ന കാലമാണത്. അറബികൾ വൈദ്യശാസ്ത്രത്തിലും ഔഷധരംഗത്തും പ്രാവീണ്യം കൈവെച്ചിരുന്നെങ്കിലും സർജറിയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങളൊന്നും നടത്തിയിരുന്നില്ല. ആയിടെ വൈദ്യ ശാസ്ത്രത്തിന് പുറമെ സർജറി കൂടി പഠിച്ച്, പരിശീലിച്ചെടുത്ത സഹ്റാവി ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്തു.

അൽ - ഹകം രണ്ടാമന്റെ കൊട്ടാര വൈദ്യൻ കൂടിയായിരുന്ന അദ്ദേഹം ആ കാലത്തെ ഏറ്റവും പ്രഗത്ഭനായ ഭിഷഗ്വരനായിരുന്നു. അമ്പത് വർഷങ്ങൾ നീണ്ട തന്റെ പഠനവും ചിന്തയും ഗവേഷണവും കോർത്തിണക്കി 
AD1000 - ൽ " അത്തസ് രീഫ് ലിമൻ അജസ അനിത്തഅലീഫ്" എന്ന ഗ്രന്ഥവും അദ്ദേഹം രചിച്ചു. പിന്നീട് വന്ന നിരവധി യുറോപ്യൻ ശാസ്ത്രജ്ഞരെയടക്കം ആഴത്തിൽ സ്വാധീനിച്ച ഈ അതുല്യ ഗ്രന്ഥം കാലങ്ങളോളം പ്രശസ്ത സർവ്വകലാശാലകളിലെ അവലംബമായിരുന്നു.

Also Read:ഇബ്നു ഹൈഥം; പ്രകാശ ശാസ്ത്രത്തിന്റെ പിതാവ്

മുപ്പതോളം വാള്യങ്ങളുള്ള ഈ കൃതിയിൽ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും സമാഹരിക്കപ്പെട്ടിരുന്നു. ശസ്ത്രക്രിയ മാത്രം വിശദമായ ചർച്ചക്ക് വിധേയമാകുന്ന നിരവധി അദ്ധ്യായങ്ങളും തസ്രീഫിലുണ്ട്. ചെവി, മൂക്ക്, തൊണ്ട മുതൽ പല ആന്തരിക അവയവങ്ങളുടെ വരെ ശസ്ത്രക്രിയ രീതികൾ  അദ്ദേഹം ചർച്ചക്കെടുത്തുതായി കാണാം.മൂത്രസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്നതിനെ കുറിച്ചും രക്തധമനികളിലെ ബ്ലോക്കുകൾ നീക്കുന്നതിനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്.ശിശുക്കളിലെ ശസ്ത്രക്രിയ രീതികളും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. പല്ലിന് വേണ്ട വിവിധ ചികിത്സകൾ വിശദീകരിച്ച സഹ്റാബി മൃഗങ്ങളുടെ എല്ലിൽ നിന്ന് പല്ല് വികസിപ്പിക്കാമെന്ന ആശയം മുന്നോട്ടുവെക്കുന്നതായും കാണാം.

ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് സർജറിക്ക് വേണ്ട വിവിധ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന അദ്ദേഹം അതിലധികവും പ്രയോഗവൽക്കരിക്കുകയും ചെയ്തിരുന്നു. ഏകദേശം 200 ഓളം ഉപകരണങ്ങൾ അദ്ദേഹമതിൽ വിവരിക്കുന്നുണ്ട്.  പല ആകൃതിയിലുള്ള കത്തിയും കത്രികകളും ഇതിലുൾപെടുന്നു. പിൽക്കാലത്ത് ഈ രംഗത്ത് പല വലിയ ഗവേഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും  വഴിവെച്ച പല ആശയങ്ങളുടെയും ഉറവിടം സഹ്റാവിയായിരുന്നു.

ഏതായാലും സർജറി രംഗത്ത് പുതുമയാർന്ന സംഭാവനകളർപ്പിച്ച സഹ്റാബിയുടെ ചിന്തകൾ യൂറോപ്പിൽ പ്രചുര പ്രചാരം നേടി. വിശിഷ്യ ജെറാൾഡ്, ഫ്രുഗാർഡി, റൊണാൾഡസ് തുടങ്ങി പല പ്രമുഖരും തസ്രീഫിന്റെ വിവിധ ഭാഗങ്ങൾ പരിഭാഷപ്പെടുത്തിയതോടെ ആ സ്വാധീനം വർധിച്ചു. മനുഷ്യരെ തെറ്റായ രീതിയിൽ ചികിത്സിച്ച് കൊന്നിരുന്ന യൂറോപ്പിന് അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാകാത്തതായിരുന്നുവെന്ന് നിസ്സംശയം പറയാം.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച പ്രസിദ്ധ ഫ്രഞ്ച് സർജൻ ഗയ് ദി ചൗലിക് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ 200 ഓളം സ്ഥലങ്ങളിൽ സഹ്റാബിയെ ഉദ്ധരിക്കുന്നത് കാണാനാകും. ചികിത്സാരംഗത്ത് പുതുജീവൻ പകർന്ന അനവധി വൈദ്യ സംഭവാനളർപ്പിച്ച ഈ അതുല്യ പ്രതിഭ എ.ഡി 1013 ൽ അന്തരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter