അമാനി അൽലെയ്തി, പ്രഭാഷണപീഠങ്ങളിലെ ജ്ഞാന വസന്തം

തെക്കൻ ഈജിപ്തിലെ മത സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന യുവ സ്ത്രീ സാന്നിധ്യമാണ് അമാനി അൽ ലെയ്തി. സമകാലിക സമൂഹത്തിന് ലളിതമായി ആവാഹിച്ചെടുക്കാനാവും വിധം ഇസ്‍ലാമിക ചൈതന്യത്തെ അവതരിപ്പിക്കുന്ന മതപ്രഭാഷകയാണ് അമാനി.
ഫൈൻ ആർട്സ് ഫാക്കൽറ്റിയിൽ നിന്നും ഡെക്കറേഷനിൽ ബിരുദം നേടി ഈജിപ്ഷ്യൻ പെട്രോളിയം സ്ഥാപനത്തിലെ ദേശീയ കമ്പനികളിലൊന്നായ ASORC (Assuit oil refaining company)ൽ ജോലി ചെയ്യുന്ന സമയത്താണ് തന്റെ യഥാർത്ഥ ദൗത്യം ഇതല്ലെന്ന തിരിച്ചറിവിൽ പ്രബോധന രംഗത്തേക്ക് പ്രവേശിക്കുന്നത്.
തെക്കൻ ഈജിപ്തിലെ, അച്ചടക്കമുള്ള മൂല്യങ്ങളും ആചാരങ്ങളും പരിപാലിക്കുന്നതിൽ പേരുകേട്ട നഗരത്തിലെ ധാർമികതയിലതിഷ്ഠിതമായ വളർച്ചയും തിരു റസൂലിനോടുള്ള അതീവ സ്നേഹവും ഈയൊരു ദൗത്യനിർവഹണത്തിലേക്ക് കൂടുതൽ പ്രേരിപ്പിച്ചു.
ബൗദ്ധിക ഭീകരതയുടെയും തെറ്റായ ആശയ പ്രചരണങ്ങളുടെയും ഇടയിൽ സുദായം കടന്നുപോകുന്ന സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കി പരിശുദ്ധ ഖുർആനും തിരുസുന്നത്തും അനുധാവനം ചെയ്യുന്ന സമ്പൂർണ മത മൂല്യങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള അടിയന്തിര സാമൂഹികാവശ്യത്തെക്കുറിച്ചുള്ള ബോധ്യത്തിൽ നിന്നാണ് അവർ  പ്രബോധന രംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തുന്നത്.
സവിശേഷമായ മതത്തെ കുറിച്ച് ആഴത്തിൽ പഠിക്കാനും സത്യ സന്ദേശത്തെ മറ്റുള്ളവരിലേക്ക് കൈമാറാനും, institute of preparing preachers ൽ ചേർന്ന് ഡിസ്റ്റിങ്ഷനോടെ ബിരുദം കരസ്ഥമാക്കി തന്റെ പ്രഭാഷണ  കഴിവിനെ സ്വയം കണ്ടെത്തി നിശ്ചയദാർഢ്യത്തോടെ പ്രബോധന ജൈത്രയാത്രക്ക് തുടക്കം കുറിച്ചു.
തെക്കൻ ഈജിപ്ത് ടെലിവിഷൻ ചാനലുകളിലെ വിവിധ വൈജ്ഞാനിക പ്രോഗ്രാമുകളിൽ പങ്കെടുത്ത് തുടക്കത്തിൽ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി.
ആത്മീയ പിതാവും വഴികാട്ടിയുമായ, പ്രസിദ്ധ പണ്ഡിതനും ഈജിപ്ഷ്യൻ ടെലിവിഷൻ പ്രോഗ്രാം കമ്മിറ്റി തലവനുമായ ശൈഖ് ഡോ. അഹ്മദ് ഉമർ ഹാഷിമിന്റെ ദീനീ അവഗാഹം ഇസ്‍ലാമിക്‌ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു.
സ്ത്രീകൾക്ക് ഇസ്‍ലാം നൽകുന്ന മഹത്വത്തെയും അവകാശങ്ങളെയും ഉൾക്കൊണ്ട് സ്ത്രീയിടത്തെ മനോഹരമാക്കി. സ്ത്രീകൾക്ക് ഫത്‍വകൾ നൽകാനും അവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്ത്രീകൾക്കിടയിൽ പ്രബോധന പ്രവർത്തങ്ങൾ നടത്താൻ സ്ത്രീ പണ്ഡിതകൾ ഉണ്ടായിരിക്കേണ്ട ആവശ്യകതയെ തിരിച്ചറിഞ്ഞ് അവർക്കിടയിൽ നിന്നും പണ്ഡിതകളെ വാർത്തെടുക്കുന്നതിൽ പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

റസൂലിന്റെ സഹിഷ്ണുതയിലൂന്നിയ ഇടപഴകലുകൾ ജീവിതത്തിൽ പകർത്തുന്നതിലും പകരുന്നതിലും പ്രബോധന വീഥിയിൽ അവിടുന്ന് കാണിച്ചുതന്ന മാർഗം പിൻപറ്റുന്നതിലും ഏറെ ശ്രദ്ധാലുവാണ് അമാനി. മഅൽ ഹബീബ് (with beloved) എന്ന പേരിൽ, നിഖില മേഖലകളിലും മാതൃകയാക്കപ്പെടേണ്ട റസൂലിന്റെ തിരുജീവിതം അവതരിപ്പിച്ച പ്രോഗ്രാം സീരീസ് ഏറെ ശ്രദ്ധേയമായിട്ടുണ്ട്. എ ബി സി, അൽ അസ്ഹർ തുടങ്ങി വിവിധ ചാനലുകളിലും മറ്റുമായി നിരവധി  പ്രഭാഷണ പരമ്പരകളും അവര്‍ ഇതിനകം  അവതരിപ്പിച്ചിട്ടുണ്ട്.
അൽ ദസ്തൂർ ദിനപത്രം സമൂഹത്തിലെ ഏറ്റവും സ്വാധീനമുള്ള പ്രഭാഷകരിൽ ഒരാളായി അമാനിയെ തെരഞ്ഞെടുത്തിരുന്നു. വഴിതെറ്റിപ്പോവുന്ന യുവതലമുറയ്ക്ക് ധാർമിക പാഠങ്ങൾ നൽകുന്നതിലും മതത്തെ കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മ മൂലം ഉടലെടുക്കുന്ന ഐ എസ് പോലോത്ത തീവ്രവാദ ആശയങ്ങളിൽ നിന്നും സമൂഹത്തെ ഉൽബുദ്ധരാക്കുന്നതിലും   ഈജിപ്തിലെ വിഭാഗീയ കലഹങ്ങൾ തുടച്ചുമാറ്റി മതസഹവർത്തിത്വം പടുത്തുയർത്തുന്നതിലും ഇവർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
പ്രഭാഷണങ്ങളിൽ കാണപ്പെടുന്ന അമുസ്‍ലിം പ്രേക്ഷകരുടെ വലിയൊരെണ്ണം അവരുടെ മതസൗഹാര്‍ദ്ദത്തിന്റെ  ആഴം സൂചിപ്പിക്കുന്നു. മതം തെറ്റിദ്ധരിക്കപ്പെടുന്ന ഈ ആധുനിക കാലത്ത് സരളമായ ശൈലിയിൽ സത്യ സന്ദേശത്തെ ലോകത്തിന് കൈമാറുന്നതിൽ ഇന്നും വ്യാപൃതയാണ് അമാനി അൽ ലെയ്തി.!. 
അല്ലാഹു കൂടുതൽ കാലം ദീനി സേവന രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter