ഹസൻ അൽ-തുറാബി: സുഡാനി രാഷ്ട്രീയം നിയന്ത്രിച്ച പണ്ഡിതന്‍

സുഡാനിൽ ഉമർ ബഷീറിനെ അധികാരത്തിലെത്തിച്ച 1989-ലെ അട്ടിമറിയുടെ സൂത്രധാരനായി കണക്കാക്കപ്പെടുന്നത്, പണ്ഡിതനായ ഹസൻ അബ്ദല്ലാഹ് അൽ തുറാബിയാണ്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത മതപണ്ഡിതൻ ശൈഖ് ഹമദ് അൽ തുറാബിയുടെ പിൻഗാമിയായി അറിയപ്പെടുന്ന അദ്ദേഹം, ആധുനിക സുഡാനീ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്. 

1932 ഫെബ്രുവരി 1 ന് കിഴക്കൻ സുഡാനിലെ കസാലയിൽ ശൈഖ് അബ്ദുല്ലാഹ് അൽ-തുറാബിയുടെ മകനായാണ് ഹസന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1951-ൽ ഇസ്‍ലാമിക നിയമപഠനത്തിനായി ഖർത്തൂമിലെത്തി. വിദ്യാർത്ഥിയായിരിക്കെ മുസ്‍ലിം ബ്രദർഹുഡിൽ ചേർന്നു. 1955-ൽ ഖാർത്തൂം യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ലണ്ടനിലും 1962-ൽ പാരീസിലെ സോർബോണിലും ഉന്നത പഠനം നടത്തി പിഎച്ച്ഡി നേടിയ അദ്ദേഹം സുഡാനീസ് മുസ്‍ലിം ബ്രദർഹുഡിന്റെ നേതാവായി. അപ്പോഴും സലഫീ ആശയങ്ങളോട് അകല്‍ച്ച പാലിക്കുകയും സ്വൂഫി സരണി പിന്തുരുടകയും ചെയ്തു. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളില്‍ ശരീഅത്ത് നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം പലപ്പോഴും അധികൃതരുടെ കണ്ണിലെ കരടായിരുന്നു. 
നാഷണൽ ഇസ്‍ലാമിക് ഫ്രണ്ടിന്റെ (NIF) നേതാവായി മാറിയ അദ്ദേഹം (1990-കളുടെ അവസാനത്തിൽ ഇത് നാഷണൽ കോൺഗ്രസ് എന്നാക്കി മാറ്റി) തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വോട്ടർമാർക്കിടയിൽ കാര്യമായ ജനപ്രീതി നേടിയില്ലെങ്കിലും സുഡാനിലെ പ്രമുഖ രാഷ്ട്രീയ ശക്തിയാക്കി ഇതിനെ മാറ്റി. 1989-ൽ പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം 2001 വരെ അദ്ദേഹം സര്‍ക്കാരില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു. ശൂറാ സമിതികള്‍ രൂപീകരിച്ച് അവയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നത് അദ്ദേഹം തുടക്കം കുറിച്ചു. ഇസ്‌ലാമിലെ വ്യത്യസ്‌ത പ്രവണതകൾ പരിഗണിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. 
ഇസ്‍ലാമിക ഭരണം പരമാവധി നടപ്പാക്കാന്‍ ശ്രമിക്കുകയും പാശ്ചാത്യൻ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരിക്കുകയും ചെയ്തതിന്റെ പേരിൽ അദ്ദേഹത്തെ മനുഷ്യവകാശ സംഘടനകൾ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വിദ്യാഭാസം നൽകുന്നതിലും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അദ്ദേഹം വലിയ പങ്ക് വഹിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഒരുമിച്ചുകൂടുമായിരുന്ന തന്റെ പ്രസംഗങ്ങളില്‍ പലപ്പോഴും അദ്ദേഹം ഊന്നിപ്പറഞ്ഞത് ഇക്കാര്യമായിരുന്നു.1991-ൽ തുറാബിയുടെ ക്ഷണപ്രകാരം അൽ‌ ഖ്വയ്ദ നേതാവ് ഉസാമ ബിൻ ലാദൻ സുഡാനിലെത്തുകയും 1996 വരെ അവിടെ തുടരുകയും ചെയ്തത് അദ്ദേഹത്തിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് ആക്കം കൂട്ടി. ഹിസ്ബുള്ള, അബു നിദാൽ ഓർഗനൈസേഷൻ തുടങ്ങിയ ചില സംഘടനകൾക്ക് സുഡാനിൽ അഭയം നല്കിയതും അതിനോട് ചേര്‍ത്ത് വായിക്കാറുണ്ട്. 

1990-1991 കാലഘട്ടത്തിൽ പോപ്പുലർ അറബ് ആൻഡ് ഇസ്‍ലാമിക് കോൺഗ്രസ് എന്ന പാർ‌ട്ടി സ്ഥാപിച്ചു. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ, ഹമാസ്, ഈജിപ്ഷ്യൻ ഇസ്‍ലാമിക് ജിഹാദ്, അൾജീരിയൻ ഇസ്‍ലാമിക് ജിഹാദ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഇസ്‍ലാമിക ഗ്രൂപ്പുകളെ ചേർത്ത് ഒരു യോഗം കൂടി. ഷിയാക്കളെയും സുന്നികളെയും ഭിന്നതകൾ മാറ്റിവെച്ച് പൊതുശത്രുവിനെതിരെ ഒന്നിക്കാന്‍ തുറാബി ശ്രമിച്ചുവെങ്കിലും, 1993-ൽ‌ തീവ്രവാദ രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക സുഡാനെയും ഉൾപെടുത്തി പ്രതിരോധത്തിലാക്കുകയും 1996-ൽ ലോക രാജ്യങ്ങൾ സുഡാനു മേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. അതോടെ ഗത്യന്തരമില്ലാതെ സുഡാന് നയങ്ങൾ മാറ്റേണ്ടി വന്നു.

1999-ൽ പ്രസിഡണ്ട് ഉമർ അൽ-ബഷീറുമായി രാഷ്ട്രീയമായി അകന്നതോടെ, അൽ-തുറാബിയെ ഗൂഢാലോചന ആരോപിച്ച് തടവിലാക്കി. 2003 ഒക്ടോബറിൽ അദ്ദേഹത്തെ മോചിപ്പിക്കപ്പെട്ടെങ്കിലും, സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ആരോപിച്ച് 2004-ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 2005 ജൂൺ 28-ന് അദ്ദേഹം മോചിതനായി. 
തിരക്കുപിടിച്ച രാഷ്ട്രീയക്കാരനായിട്ടും പ്രശസ്തമായ അനേകം ഗ്രന്ഥങ്ങൾ ഇസ്‌ലാമിക ലോകത്തിന് നൽകാൻ തുറാബിക്ക് കഴിഞ്ഞിട്ടുണ്ട്. ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നങ്ങൾ (1980), കർമശാസ്ത്ര നിദാനശാസ്ത്രത്തിന്റെ നവീകരണം (1981), ഇസ്‌ലാമികചിന്തയുടെ നവീകരണം (1982), സമകാല ഇസ്‌ലാമികരാഷ്ട്രത്തിന്റെ രൂപഭേദങ്ങൾ (1982), മതനവീകരണം (1984), നിയനിർമാണത്തിന്റെ രീതിശാസ്ത്രം (1987), ഇസ്‌ലാമിലെ രാഷ്ട്രീയ സംജ്ഞകൾ (2000), നമസ്‌കാരം മതത്തിന്റെ തൂൺ (2002), വിശ്വാസവും പ്രസ്ഥാനജീവിതത്തിലെ അതിന്റെ സ്വാധീനവും (2007), പുരോഗതി മാർഗം, നേട്ടം (2009), രാഷ്ട്രീയവും ഭരണവും (2012), ഏകദൈവത്വ വ്യാഖ്യാനം (2013) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മുഖ്യ കൃതികൾ.
അതേസമയം, സമകാലിക പണ്ഡിതരില്‍ പലരും തുറാബിയുമായി പല വിഷയങ്ങളിലും വിയോജിക്കുന്നുണ്ട്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി പാടില്ലാത്ത പലതും അദ്ദേഹം ചെയ്തതായി പറയപ്പെടുന്നുണ്ട്. മുസ്‍ലിം സ്ത്രീയെ വേദം നല്കപ്പെട്ട പുരുഷന് വിവാഹം ചെയ്തു കൊടുക്കാമെന്ന അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനവും ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
2016 മാർച്ച് 5 ന്, എൺപത്തിനാലാം വയസ്സിൽ ഖർത്തൂമിലെ ഒരു ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. കിഴക്കൻ ഖർത്തൂമിലെ ശ്മശാനമായ ബുറി അൽ-ലമാബിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter