ബഹ്സൻ അനി ശംസ്: മിൻ കോനിയ ഇലാ ദിമഷ്ക്.. ശംസിനെ തേടി റൂമി താണ്ടിയ വീഥികൾ...
പ്രണയവും വേർപാടും മനുഷ്യൻറെ ഹൃദയത്തിൽ തീർക്കുന്ന മുറിവുകളുണ്ട്. ഒരുപക്ഷേ മനുഷ്യനെ അത് ഏകാന്തതയിലേക്ക് തന്നെ നയിച്ചേക്കാം. വിരഹത്തിന്റെ വേദന തീക്ഷ്ണമാകും തോറും മനുഷ്യൻ സ്വന്തം പ്രണയത്തെ ആവിഷ്കരിച്ചെടുക്കാൻ നിരവധി വഴികൾ തേടുന്നു. ജലാലുദ്ദീൻ റൂമി തൻറെ ആത്മീയ വഴികളിൽ വെള്ളവും വെളിച്ചവും നൽകിയ ഷംസുദ്ദീൻ തിബ‍്‍രീസി എന്ന ദർവീഷിന്റെ വിയോഗത്തിൽ, ദുഃഖത്തോടെ പാടിയ ഈരടികളാണ് പിന്നീട് മസ്നവിയായും ദിവാനെ തിബ്‍രീസിയുമായി മാറിയത്. ഇന്ന് പാശ്ചാത്യ പൗരസ്ത്യ ഭേദമന്യേ റൂമിയുടെ വരികൾ ലോകത്ത് വിഭിന്ന ഭാഷയിൽ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുകയാണ്. ദി ഫോർട്ടി റൂൾസ് ഓഫ് ലൗവ് (അജിത് പി മങ്ങാട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രണയത്തിൻറെ നാൽപ്പത് തത്വങ്ങൾ) എന്ന എലിഫ് ഷഫക്കിന്റെ പുസ്തകം തുടങ്ങി റൂമിയുടെയും തിബ്‍രീസിയുടേയും ആദ്ധ്യാത്മിക ബന്ധത്തെ പരിചയപ്പെടുത്തുന്ന കൃതികൾ അനേകമാണ്. ഇന്ന് പാശ്ചാത്യ സാഹിത്യങ്ങളിൽ പോലും റൂമിയുടെ വരികളുടെ പ്രതിധ്വനികൾ കേൾക്കാനാകും.
ബഹ്സൻ അനി ശംസ്: മിൻ കോനിയ ഇലാ ദിമഷ്ക എന്ന് പുസ്തകവും റൂമിയുടെയും തിബ്‍രീസിയുടെയും ജീവിതത്തെ നാനാ ഭാഗങ്ങളിൽ നിന്നും വീക്ഷിക്കുന്ന രചനയാണ്. പേർഷ്യൻ ഭാഷയിൽ, അത്വാഉല്ലാ തദയ്യുൻ എഴുതിയ പുസ്തകത്തെ അറബിയിലേക്ക് വിവർത്തനം ചെയ്തത് റൂമിയെ കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയ ഈസ അലി അൽആക്കൂബാണ്. റൂമിയുടെയും തിബ്‍രീസിയുടെയും ജനനവും മരണവും വിജ്ഞാന വഴിയിൽ പിന്നിട്ട ദിനങ്ങളും സംക്ഷിപ്‌തമായി വിവരിച്ച്, 1244 നവംബർ 28ന് ഇരുവരുടെയും ആത്മീയ കൂടിക്കാഴ്ചയിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത്. കോനിയയിലെ ഈയൊരു കൂടിക്കാഴ്ച പിൽക്കാലത്ത് മുൽത്തക്കൽ ബഹ്റൈൻ (ഇരുസാഗരങ്ങളുടെ സംഗമം) എന്നറിയപ്പെട്ടു. ഇരുവരുടെയും സംഭാഷണത്തെ ഇങ്ങനെ സംഗ്രഹിക്കാം.
തിബ്‍രീസി: കോനിയയിലെ മുദരിസും മുഫ്തിയുമായ റൂമി, താങ്കൾ എനിക്കു പറഞ്ഞുതരിക, മുഹമ്മദ് ആണോ ഉത്തമൻ അതോ അബു യസീദ് ബിസ്ത്വാമിയോ?
റൂമി: പ്രവാചകൻ തന്നെ, അല്ലെങ്കിലും ബിസ്ത്വാമിക്ക് എങ്ങനെ മനുഷ്യകുലത്തിന്റെ നേതാവായ പ്രവാചകനോട് തുല്യമാകാനാവും?
തിബ്റീസി: എന്നാൽ എന്തുകൊണ്ടായിരിക്കാം പ്രവാചകൻ പറഞ്ഞത് "അല്ലാഹുവേ ഞങ്ങൾ നിന്നെ അറിയേണ്ട വിധത്തിൽ അറിഞ്ഞിട്ടില്ല" അതേ സമയം ബിസ്ത്വാമി പറയുന്നത് "അല്ലാഹുവേ നിൻറെ കാര്യം എത്ര അത്ഭുതം"...
ഈ മറുപടിയോട് കൂടെ റൂമി ദൈവാനുഭൂതിയിൽ ബോധരഹിതനായി വീണു എന്നാണ് ചരിത്രം. ഒരുപക്ഷേ പ്രവാചകൻ എന്ന മറുപടി നൽകിയതോട് കൂടെ, തനിക്ക് ഇനിയും ദൈവത്തെ കുറിച്ചുള്ള ജ്ഞാനം ആവശ്യമുണ്ട് എന്നും വ്യാഖ്യാനിക്കാനാവും.
തിബ്‍രീസിയുമായുള്ള റൂമിയുടെ ബന്ധം സുദൃഢമാകാൻ തുടങ്ങി. ഇതോടുകൂടെ ആ വിജ്ഞാന കവാടം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അടക്കപ്പെട്ടു, റൂമി ഏകാന്തതവാസം ആരംഭിച്ചു. തൽവീൻ എന്ന വാക്കിലൂടെയാണ് റൂമിയുടെ ഈ ജീവിതമാറ്റത്തെ പുസ്തകം സൂചിപ്പിക്കുന്നത്. യൂസുഫ് നബിയിലെ ഭംഗിയിൽ മതിമറന്ന് സ്ത്രീകൾ കൈയിലെ ആപ്പിളിന് പകരം വിരലുകൾ മുറിച്ചത് പോലെ, മനുഷ്യൻ പ്രപഞ്ചങ്ങൾക്കപ്പുറത്ത് ദൈവത്തെ കാണുമ്പോൾ മറ്റെല്ലാം മറക്കുന്നതിനെയാണ് തൽവീൻ എന്ന് പറയുന്നത്.
തുടർകാലങ്ങളിൽ ഇരുവരെയും കുറിച്ച് പല കിംവദന്തികളും പ്രചരിച്ചു. തങ്ങളുടെ പ്രിയ പണ്ഡിതനെയും മുദരിസിനെയും തിബ്‍രീസി വശീകരിച്ചു എന്ന് വരെ പറയപ്പെട്ടു. ദുഷ്പ്രചാരണങ്ങൾക്കിടയിൽ തിബ്‍രീസി ദമസ്കസിലേക്ക് നീങ്ങി. തൻറെ ആത്മീയ ഗുരുവിനെ ഓർത്ത് രാവും പകലും റൂമി തിരിച്ചുവരവിനായി കാത്തിരുന്നു. ഒടുവിൽ തൻറെ മകനടങ്ങുന്ന ഒരു സംഘത്തെ ദമസ്കസിലേക്ക് പറഞ്ഞയക്കുകയും, തുടർന്ന് തിബ്‍രീസിയോട് കോനിയയിലേക്ക് തന്നെ വരാൻ ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും കോനിയയിൽ എത്തിയെങ്കിലും സ്ഥിതിഗതികൾ മാറിയിരുന്നില്ല. 1248 ലാണ് തിബ്‍രീസി വഫാത്താകുന്നത്. റൂമിയുടെ ശിഷ്യരിൽ ഒരാളാണ് തിബ്‍രീസിയെ വധിച്ചത് എന്ന് വരെ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. റൂമിയുടെ ജീവിതത്തിൽ തിബ്‍രീസി കൊണ്ടുവന്ന മാറ്റമാണത്രെ വധത്തിന് പിന്നിലുള്ള കാരണം. എന്നാൽ ജലാലുദ്ദീൻ റൂമിയുടെ മൂത്ത പുത്രൻ അലാവുദ്ദീൻ അടങ്ങുന്ന ആറുപേരാണ് തിബ്‍രീസിയെ കൊലപ്പെടുത്തിയത് എന്നാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. റൂമിയും തിബ്‍രീസിയും സംഗമിച്ച ഒരു രാത്രിയിൽ, റൂമിലേക്ക് അതിക്രമിച്ച് കയറിയ അലാഉദ്ദീനും സംഘവും ശംസിനെ പിടിച്ചു വലിച്ച് റൂമിന്റെ പുറത്ത് വെച്ചായിരുന്നു വധം നടപ്പിലാക്കിയത്. യുനാദൂനനി ലിൽ ഖത്ൽ (അവർ എന്നെ വധിക്കാൻ വിളിക്കുകയാണ്) എന്ന് റൂമിയോട് ശംസ് അക്രമണത്തിനിടെ ഉറക്കെ വിളിച്ചു പറയുന്നതായി കാണാം. പ്രഭാത സമയത്ത് റൂമി കാന്നുന്നത് രക്തം കൊണ്ട് പങ്കിലമായ തിബ്‍രീസിരീസിയുടെ ഭൗതിക ശരീരത്തെയാണ്.
റൂമിയുടെയും തിബ്‍രീസിയുടെയും ജീവിതത്തിൻറെ എല്ലാ വശങ്ങളിലേക്കും 600 പേജ് അടങ്ങുന്ന പുസ്തകം ചരിത്ര അടിസ്ഥാനത്തിൽ വെളിച്ചം വീശുന്നുണ്ട്. ഇടയ്ക്ക് മസ്നവിയിലെ അർത്ഥവത്തായ വരികളിലൂടെ കഥകൾ വിവരിക്കുന്നുമുണ്ട്. സൂഫി ലോകത്ത് പരിലസിച്ച മറ്റു പണ്ഡിതരുടെയും അവരുടെ ജീവചരിത്രങ്ങളും ചുരുങ്ങിയ രീതിയിൽ പുസ്തകം വിവരിക്കുന്നുണ്ട്.
Leave A Comment