കലാം: അഖീദയും ഫിലോസഫിയും ഒരുമിക്കുന്ന ഗ്രന്ഥം
ദൈവാസ്തിക്യ-പ്രവാചകത്വ ചർച്ചയിൽ അഖീദയും ഫിലോസഫിയും ശാസ്ത്രവും കടന്നുവരുക സ്വാഭാവികമാണ്. മൂന്നിലും അവഗാഹമുള്ളവർക്കേ നിരീശ്വരവാദികളോടും സന്ദേഹവാദികളോടും ഫലപ്രദമായി സംവാദിക്കാനാകൂ. ഏതെങ്കിലും ഒന്നിലെ പരിജ്ഞാനക്കുറവ് ചർച്ചകളിൽ മുഴച്ചുനിൽക്കും. പ്രബോധനമേഖലയിൽ നിലവിലുള്ള പ്രതിസന്ധി അഖീദ അറിയുന്നവർക്ക് ഫിലോസഫിയും ശാസ്ത്രവും അറിയാത്തതും ഫിലോസഫിയും ശാസ്ത്രവും അറിയുന്നവർക്ക് അഖീദ അറിയാത്തതുമാണ്. ഇവ മൂന്നിന്റെയും അടിസ്ഥാന തത്വങ്ങളെ ഒരുപോലെ ചര്‍ച്ച ചെയ്യുകയാണ്, ഫാരിസ് പി.യു തയ്യാറാക്കിയ കലാം എന്ന പുസ്തകം.
'കലാം' എന്ന് പേര് നൽകിയത് വിശ്വാസകാര്യങ്ങളെ ബുദ്ധിപരമായ തെളിവുകളാൽ സ്ഥാപിക്കുന്ന 'ഇൽമുൽ കലാം' എന്ന ജ്ഞാനശാഖയെ ഉദ്ദേശിച്ചുകൊണ്ടാണ്. പണ്ഡിതരെയും വിദ്യാർഥികളെയും പ്രബോധകരെയും ഉദ്ദേശിച്ചെഴുതിയ ഈ പുസ്തകം സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകണമെന്നില്ല. 'വിശ്വാസത്തിന്റെ തെളിവുകൾ എന്ന മുൻ ഗ്രന്ഥം മനസ്സിലാക്കി വയിച്ചവർക്ക് ഗ്രഹിക്കാൻ പ്രയാസവുമുണ്ടാവില്ല. അല്ലാഹു ഉണ്ടെന്നും മുഹമ്മദ് നബി(സ) അവന്റെ ദൂതരാണെന്നും ഇസ്‌ലാമിലെ പ്രമാണങ്ങൾ കൃത്യമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമർത്ഥിക്കുന്നതോടൊപ്പം പുതിയ കാലത്തെ ദൈവാസ്തിക്യ ചർച്ചയിൽ ആവശ്യമായ ഫിലോസഫിയും സയൻസും സമഗ്രവും സംക്ഷിപ്‌തവുമായി പ്രതിപാദിക്കുന്നുണ്ട്. ഇമാം ഉമറുന്നസഫിയുടെ അഖാഇദിൻ്റെ വരികളെ അടിസ്ഥാനമാക്കിയുള്ള സമർത്ഥന രീതിയാണ് പ്രധാന സവിശേഷത. ശറഹുൽഅഖാഇദ് പോലുള്ള ഗ്രന്ഥങ്ങൾ പഠിച്ചിട്ടും ഈ വിഷയങ്ങളിൽ ഇടപെടാൻ ആത്മ വിശ്വാസം ഇല്ലാതെ പോകുന്ന പ്രശ്‌നം പരിഹരിക്കലാണ് പ്രധാന ഉദ്ദേശ്യം.
ദൈവാസ്തിക്യം, പ്രവാചകത്വം, വിധിവിശ്വാസം പോലുള്ള വിശ്വാസ കാര്യങ്ങൾ നിർണിതവും ലളിതവുമാണ്. എന്നാൽ, സന്ദേഹികൾക്ക് മുൻപിൽ ഇവ സ്ഥാപിക്കൽ അത്ര ലാളിതമാകണമെന്നില്ല. എതിരാളികളുടെ ഊന്നലുകളും സംബോധിതരുടെ നിലവാരവും മാറുന്നതിനനുസരിച്ച് തെളിവുകളും ഖണ്ഡനങ്ങളും മാറുക സ്വാഭാവികമാണ്. ഇമാമുമാർ സ്ഥിരപ്പെടുത്തിയ വിശ്വാസങ്ങളെ തന്നെ സ്ഥിരപ്പെടുത്തുമ്പോൾ അവർ സ്വീകരിച്ച രീതികളും അവലംബിച്ച തെളിവുകളും അനുവർത്തിക്കണമെന്ന് നിർബന്ധമില്ല. വിശ്വാസകാര്യങ്ങൾ ബുദ്ധിപരമായ തെളിവുകളാൽ സമർഥിക്കേണ്ടതില്ലെന്ന് ശഠിക്കുന്നവരെയും എതിർക്കേണ്ടതില്ല, ബുദ്ധിപരമായ തെളിവുകളാൽ സമർഥിക്കുന്നവരെ അവർ എതിർക്കാത്തിടത്തോളം.
അല്ലാഹുവിന്റെ വിശേഷണങ്ങൾ ശരിയായി മനസ്സിലാക്കാത്തതാണ് വിമർശനങ്ങളുടെ പ്രധാന കാരണം. അഖീദ അറിയാത്ത പ്രബോധകർ തത്കാലം രക്ഷപ്പെടാൻ പറയുന്ന മറുപടികൾ വിമർശനങ്ങളേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ, പ്രബോധകർക്ക് അഖീദ അവഗാഹം അനിവാര്യമാണ്. അഖീദ അറിയുന്ന പണ്ഡിതർക്ക് ഫിലോസഫിയും സയൻസും അറിയാത്തതിനാൽ സമകാലിക ദൈവാസ്തിക്യ ചർച്ചകളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്നുമില്ല. രണ്ട് പരിമിതികളും പരിഹരിക്കാൻ ഈ കൃതിക്ക് കഴിയും എന്ന പ്രതീക്ഷയുണ്ട്.
ഔദ്യോഗികമായി അഖീദ പഠിക്കാൻ അവസരം കിട്ടാത്തത്തിനാല്‍ പ്രഗത്ഭമതികളായ പണ്ഡിതരുടെ സഹായം തേടിയാണ് ഗ്രന്ഥകാരന്‍ രചന പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫിലോസഫിയിലും ശാസ്ത്രത്തിലും അവഗാഹമുള്ള ഒരു ഇസ്‍ലാമിക പണ്ഡിതനായിരുന്നു രചന നിർവഹിച്ചത് എങ്കിൽ ഈ കൃതി കൂടുതൽ മികവ് പുലർത്തുമായിരുന്നു. എങ്കിലും, പരമാവധി കുറ്റമറ്റതാക്കാൻ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. ഏറെ ആദരവോടെ കാണുന്ന പണ്ഡിതനും ഗ്രന്ഥകാരനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവുമായ ഉസ്താദ് മുസ്തഫൽ ഫൈസിയുടെ അവതാരികയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ അലങ്കാരം.
സ്വന്തം വിശ്വാസം ബലപ്പെടുത്തുന്നതോടൊപ്പം അപരരുടേത് ഉറപ്പിക്കാനും ഇത് സഹായകമാകുന്ന ഈ കൃതി, റൈറ്റ് സൊല്യൂഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറു അധ്യായങ്ങളിലായി 223 പേജുകളുള്ള പുസ്തകത്തിന് 300 രൂപയാണ് മുഖവില.
Leave A Comment