അല്‍ഫൈളുല്‍ മുന്‍ജി: രചനയും ആസ്വാദനവും
അറബി ഭാഷാ സാഹിത്യത്തിലെ ഒരു പ്രധാന ശാഖയാണ് മൗലിദ്. അറബി ഭാഷാ നിഘണ്ടു അല്‍മുന്‍ജിദില്‍ മൗലിദിന് നല്‍കുന്ന ഭാഷാസാരം ജന്മസ്ഥലം, ജന്മസമയം എന്നാണ്. എന്നാല്‍ മുസ്‍ലിം ലോകത്ത് ആ പദത്തിനൊരു സാങ്കേതികമാനം ഉണ്ട്. അഥവാ മഹത്തുക്കളുടെ വിശുദ്ധജീവിതാപദാനങ്ങള്‍ ഗദ്യമായോ പദ്യമായോ ഗദ്യപദ്യ സമ്മിശ്രമായോ അവതരിപ്പിക്കല്‍ എന്നാണ്. ഇത്തരത്തില്‍ ആയിരത്തില്‍ പരം മൗലിദുകളുടെ രചനകള്‍ കേരളത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടെന്നാണ് ഗവേഷകമതം.
പ്രവാചകന്മാരെ അനുസ്മരിക്കല്‍ ആരാധനയും സച്ചരിതരെ അനുസ്മരിക്കല്‍ പാപമോചനത്തിന്‍റെ ഹേതുകവുമാണെന്ന പ്രവാചകവചനാമൃതങ്ങളാണ് ഈ രചനകളുടെ ചേതന. മഹത്തുക്കളുടെ ജനനം, കുടുംബ പരമ്പര, ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍, പ്രബോധനപഥങ്ങളിലെ ത്യാഗനിര്‍ഭരമായ സംഭാവനകള്‍, അമാനുഷിക കഴിവുകള്‍, മരണ വിവരണം മുതലായവയാണ് പൊതുവെ ഓരോ മൗലിദിന്‍റെയും ഉള്ളടക്കം. ഈ രചനകളിലൂടെ അവരുടെ ജീവിത സന്ദേശങ്ങളും സാരോപദേശങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നു. ചുരുക്കത്തില്‍ മൗലിദുകള്‍ ആ കാലത്തെയും വ്യക്തിയെയും സാഹിതീയ ശൈലിയില്‍ അവതരിപ്പിക്കാനുള്ള രചനാ മാതൃകകളായിരുന്നു. രചനയുടെ നിയമങ്ങള്‍ പലിച്ചു കൊണ്ടു നടത്തുന്ന ഈ ശ്രമങ്ങള്‍ ഏറ്റെടുത്തത് പണ്ഡിതന്മാരായിരുന്നു. പൊന്നാനി വലിയ മഖ്ദൂം രചിച്ച മന്‍ഖൂസ് മൗലിദ് മലയാളി മനസ്സില്‍ ലബ്ധപ്രതിഷ്ഠ നേടിയ ഒന്നാണ്. വിശേഷദിവസങ്ങളിലും മറ്റും ഇത്തരം മൗലിദുകളുടെ ആലാപനം മതപരമായ ഒരു ആചാരമായി കൊണ്ട് നടന്നു. മഖ്ദൂമുമാര്‍ അടങ്ങുന്ന വലിയ പണ്ഡിതശീര്‍ഷര്‍ അതിനു മതപരമായ ചട്ടക്കൂടും രൂപഭാവങ്ങളും പകര്‍ന്നു. ആത്മീയമായും സാംസ്കാരികമായും ഒരു സമൂഹത്തിന്റെ സവിശേഷമായ സ്വത്വം നിര്‍ണ്ണയിക്കുന്ന വിധം ഈ ശ്രമങ്ങള്‍ ആഴത്തില്‍ വേര് പടര്‍ന്ന് കിടക്കുന്നു. ഈ ശ്രമങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു തുടര്‍ച്ചയുടെ ഭാഗമായിരുന്നു പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ രചിച്ച അല്‍
രചന
അമേരിക്കന്‍ സാഹിത്യകാരന്‍ ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പറയുന്നു, "ഒന്നുകില്‍ വായനായോഗ്യമായ വല്ലതും എഴുതുക, അല്ലെങ്കില്‍ എഴുതാന്‍ യോഗ്യമായ വല്ലതും ചെയ്യുക". വായനായോഗ്യമായ ഗ്രന്ഥം രചിച്ച പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‍ലിയാരും രചനായോഗ്യമായ ജീവിതം നയിച്ച സയ്യിദ് ഹുസൈന്‍ ജിഫ്രിയും ഈ ചിന്താശകലത്തെ അന്വര്‍ത്ഥമാക്കിയ രണ്ട് മഹാ വ്യക്തിത്വങ്ങളാണെന്ന് പറയാം. അല്‍ഫൈളുല്‍ മുന്‍ജി ഫീ മനാഖിബി സ്സയ്യിദ് ഹുസൈനില്‍ ജിഫ്രീ (സയ്യിദ് ഹുസൈന്‍ ജുഫ്രി തങ്ങളുടെ അപദാനം പറയുന്ന സൂരക്ഷാ സുകൃതം) എന്നാണ് ഈ മൗലിദിന്‍റെ ശീര്‍ഷകം. പതിനാറു പേജുകള്‍ വരുന്ന ഈ മൗലിദിന്‍റെ കയ്യെഴുത്ത് പ്രതിയുടെ തുടക്കത്തില്‍ ഇപ്രകാരം എഴുതിവെച്ചിട്ടുണ്ട് "ഈ മൗലിദ് താനൂര്‍ ഇസ്‍ലാഹുല്‍ ഉലൂം മദ്രസയുടെ മുഖ്യ കാര്യദര്‍ശി അന്‍വര്‍ ബാഖവി എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന അബുല്‍ ഫൈള് അഹ്മദ് ബ്നു നൂറുദ്ധീന്‍ മുല്ലവിയുടെ രചനകളില്‍ പെട്ടതാണ് ".
ഹി. 1305 ശവ്വാല്‍ 11 ന് നൂറുദ്ദീന്‍- തിത്തു ദമ്പതികളുടെ മകനായി ജനിച്ച തികഞ്ഞ പണ്ടിതനും പ്രഭാഷകനും സമസ്തയുടെ സ്ഥാപകപ്രമുഖനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പാങ്ങില്‍ അഹമദ് കുട്ടി മുസ്ല്യാരുടെ രചനയാണിത്. അഹ്ലുസ്സുന്നയുടെ ആ കാലത്തെ ജിഹ്വയായിരുന്നു പാങ്ങില്‍ ഉസ്താദ്. സ്റ്റേജും പേജും അവര്‍ക്ക് ഒരു പോലെ വഴങ്ങിയിരുന്നു. ഫൈളുല്‍ മുന്‍ജിക്ക് പുറമെ അന്നഹ്ജുല്‍ ഖവീം, തുഹ്ഫതുല്‍ അഹ്ബാബ്, തുഹ്ഫതു റബീഇയ്യ, താജുല്‍വസാഇല്‍ എന്നീ ഗ്രന്ഥങ്ങളും പാങ്ങില്‍ ഉസ്താദ് രചിച്ചവയാണ്. മൗലിദിന്‍റെ പതിനാറാം പേജില്‍ അതിന്റെ രചനാ പശ്ചാത്തലത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ ഇപ്രകാരം എഴുതുന്നു,
"എന്‍റെ വലതു കാലില്‍ കലശമായ നീര്‍കെട്ടു വന്ന് നടക്കാന്‍ പോലും കഴിയാതെയായി. ഒരുപാടു ചികിത്സകള്‍ നടത്തി. പക്ഷെ നിരാശയായിരുന്നു ഫലം. രോഗം പൂര്‍വ്വോപരി മൂര്‍ച്ചിച്ചു. ആ കാലിന്‍റെ ശേഷി തന്നെ നഷ്ടപ്പെട്ടുപോകുമെന്ന് ഞാന്‍ ഭയന്നു. അന്നേരം ബഹുമാന്യരായ വലിയ്യിനെ ഇടയാളനാക്കി ഞാന്‍ അല്ലാഹുവിനോട് തേടി. പൂര്‍ണ്ണമായും രോഗം സുഖപ്പെട്ടാല്‍ ബഹുമാനപ്പെട്ടവരുടെ പേരില്‍ ഒരു അപദാന ഗീതം രചിക്കാന്‍ നിയ്യത്ത് ചെയ്തു. അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ട് രോഗം പൂര്‍ണ്ണമായും ഭേദമായി".
രോഗ ശമനത്തിന്‍റെ നന്ദി സൂചകമായിട്ടാണ് ബഹുമാനപ്പെട്ടവര്‍ ഈ മൗലിദ് രചിച്ചിട്ടുള്ളത്. പൊതുവെ ഇത്തരം അപദാനകീര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇത്തരത്തിലുള്ള അടിസ്ഥാന കാരണങ്ങള്‍ കാണാവുന്നതാണ്. അതുകൊണ്ട് തന്നെ മാറാവ്യാധികള്‍ക്കും കാലവിപത്തുകള്‍ക്കും മറുമരുന്നായി തലമുറകള്‍ ഇത്തരം രചനകളെ അനുഭവിച്ചുവരുന്നു. പാങ്ങില്‍ ഉസ്താദ് രചിച്ച ഈ മൗലിദ് ഇത്തരുണത്തില്‍ തന്നെ കൊടിഞ്ഞി പ്രദേശത്തും വിശിഷ്യാ ജിഫ്രി സാദാത്തുകളുടെ സദസ്സുകളിലും ഇന്നും പാരായണം ചെയ്യപ്പെടുന്നുണ്ട്.
വൃത്താന്തം
പ്രവാചകരുടെ പേരമക്കളായ ഹസന്‍, ഹുസൈന്‍ എന്നിവരിലൂടെയാണ് നബി കുടുംബം നിലനില്‍ക്കുന്നുത്. കേരളത്തില്‍ പിതൃപരമ്പര അറിയപ്പെട്ട സയ്യിദു കുടംബങ്ങളെല്ലാം ഹുസൈനീ പരമ്പരയിലുള്ളവരാണ്. അവയില്‍ ബഹുഭൂരിഭാഗവും യമനിലെ ഹള്റമൗതില്‍ നിന്നും വന്ന ബാഅലവി സാദാത്തുക്കളുടെ വിവിധ ശാഖകളാണ്. ജിഫ്രി, ശിഹാബ്, ബാഫഖി, ഹാദീ, മുഖൈബിലി, മശ്ഹൂര്‍, ഐദ്രൂസ്, ഹദ്ദാദ്, ജമലുല്ലൈലി, സഖാഫ് എന്ന നാമങ്ങളില്‍ അവ അറിയപ്പെടുന്നു. നബി(സ്വ) ദുരിതപൂര്‍ണ്ണമായ മക്കാവാസകാലത്ത് ഹിജ്റയെ ക്കുറിച്ചു ഇപ്രകാരം പറഞ്ഞിരുന്നു, "ഈന്തപ്പനകളാല്‍ നിബിഡമായ ഒരു ദേശത്തേക്ക് പലായനം ചെയ്യുന്നതായി ഞാന്‍ കണ്ടു. ഒന്നുകില്‍ അത് യസ്‍രിബാണ്, അല്ലെങ്കില്‍ ഹളര്‍മൗതാണ് "
ഈ രണ്ടാം സാധ്യതയുടെ മണ്ണിലേക്കായിരുന്നു പ്രവാചക പൗത്രന്‍ അഹമദുല്‍ മഹാജിര്‍(റ) ഹി. 317ല്‍ വന്നെത്തിയത്. ഹള്റമൗത് എന്ന വിശാല നഗരത്തിലെ ഗ്രാമപ്രദേശങ്ങളാണ് ശിഹ്റ്, സിയൂണ്‍, തരീം, ശബ്‍വ. ഇവയില്‍ വിശ്രുതമാണ് തരീം. ഹളറമൗതിലെ ഈ മണ്ണിന്‍റെ സമ്മാനങ്ങളാണ് ബാഅലവി സാദാത്തുക്കള്‍. ഇമാം ത്വബ്റാനി തന്‍റെ അല്‍മുഅ്ജമുല്‍ ഔസ്വതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം, "ഭൂമി വൃക്ഷങ്ങളെ മുളപ്പിക്കുംപോലെ ഹള്റമൗത് ഔലിയാഇനെ ഉത്പാദിപ്പിക്കും". ആ വാക്കിന്‍റെ പൊരുളുകളായിരുന്നു ഹള്റമൗതിലെ സാദാത്തുക്കളും ഉലമാഉും.
ബാഅലവി സാദാത്തുക്കള്‍ക്ക് പുറമെ സിദ്ദീഖികളും മഖ്ദൂമികളും ഇവിടത്തുകാര്‍ തന്നെയായിരുന്നു. ചുരുക്കത്തില്‍ ബാഅലവീ സാദാത്ത് പരമ്പരയില്‍ വരുന്ന തങ്ങള്‍ തലമുറകളില്‍ പെട്ടവരാണ് ആലു ജുഫ്രി. സയ്യിദ് അബൂബക്കര്‍ ജുഫ് ര്‍ എന്നിവരിലേക്കു ചേര്‍ത്തിയാണ് ആലു ജുഫ്ര് എന്ന് അറിയപ്പെടുന്നത്. ജിഫ്രി എന്ന പ്രയോഗം ജുഫ്രില്‍ നിന്നും വന്ന വകഭേദമാണ്. ഈ പരമ്പരയില്‍ പ്രധാനികളാണ് ഹി. 1222 ല്‍ കോഴിക്കോട് വഫാത്തായ ശൈഖ് മുഹമ്മദ് ജുഫ്രി, അവരുടെ സഹോദരനായ 1180ല്‍ മമ്പുറത്ത് വഫാത്തായ സയ്യിദ് ഹസ്സന്‍ ജുഫ്രി, 1270ല്‍ കൊടിഞ്ഞിയില്‍ വഫാത്തായ സയ്യിദ് ഹുസൈന്‍ ജുഫ്രി തുടങ്ങിയവര്‍. സയ്യിദ് ഹുസൈന്‍ ജുഫ്രിയെ അധികരിച്ച് രചിക്കപ്പെട്ടതാണ് അല്‍ ഫൈളുല്‍ മുന്‍ജി.
ഹി. 1239ലാണ് സയ്യിദ് ഹുസൈന്‍ ജുഫ്രി പരപ്പനങ്ങാടിയില്‍ പായക്കപ്പലിറങ്ങിയത്. ഹള്റ്മൗതില്‍നിന്നും മലബാറിലേക്ക് യാത്ര തിരിച്ച തങ്ങളുടെ ബന്ധുക്കളുടെ കാല്‍പാടുകള്‍ പിമ്പറ്റി വന്ന ഹുസൈന്‍ ജുഫ്രി തന്‍റെ അമ്മാവനായ മമ്പുറം തങ്ങളുടെ അരികിലേക്കാണ് നേരെ പോയത്. അന്ന് പതിനേഴ് വയസ്സായിരുന്നു പ്രായം. പിന്നീട് ഹുസൈന്‍ ജുഫ്രി മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരം കൊടിഞ്ഞി പള്ളിയുടെ സാരഥ്യം അരുളി. മമ്പുറം തങ്ങള്‍ തുടങ്ങിയ സത്യം ചെയ്യിപ്പിക്കല്‍ കര്‍മ്മത്തിന് പിന്നീട് ഹുസൈന്‍ തങ്ങളാണ് നേതൃത്വം നല്‍കിയത്. അവിടത്തെ വിശദമായ കുടുംബ പരമ്പര ഫൈളുല്‍ മുന്‍ജിയില്‍ ഇപ്രകാരമാണ് നല്‍കിയിട്ടുള്ളത്. ഹുസൈന്‍ ബിന്‍ ഐദ്രോസ് ബിന്‍ ഹുസൈന്‍ ബിന്‍ ത്വാഹിര്‍ ബിന്‍ അബീ ബകര്‍ ബിന്‍ ഹാദി ബിന്‍ സഈദ് ബിന്‍ ശൈഖാന ബിന്‍ അലവിയ്യിനില്‍ അശ്ഹര്‍ ബിന്‍ അബ്ദില്ലാഹ് അത്തരീസി ബിന്‍ അലവി ബിന്‍ അബീ ബകരില്‍ ജുഫ്രി ബിന്‍ മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദിനില്‍ ഫഖീഹില്‍ മുഖദ്ദം ബിന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ അലവി ബിന്‍ ഉബൈദില്ലാഹ് ബിന്‍ അഹമദ് അല്‍മുഹാജിര്‍ ബിന്‍ ഈസാ നഖീബ് ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ഉറൈളി ബിന്‍ ജഅ്ഫര്‍ സ്വാദിഖ് ബിന്‍ മുഹമ്മദ് അല്‍ബാഖിര്‍ ബിന്‍ അലി സൈനില്‍ആബിദീന്‍ ബിന്‍ സയ്യിദിനാ ഹുസൈന്‍ ബിന്‍ അലി വ സയ്യിദത്തിനാ ഫാത്വിമാ ബിന്‍തി റസൂലില്ലാഹ് (സ്വ).
മൂന്ന് പതിറ്റാണ്ട് കാലം ആ നേതൃത്വ മഹിമ കൊടിഞ്ഞി വേണ്ടുവോളം ആസ്വദിച്ചു. മമ്പുറം തങ്ങളുടെ വഫാത്തിനു ശേഷം പത്ത് വര്‍ഷകാലം തങ്ങള്‍ ജീവിച്ചു. തന്‍റെ നാല്‍പ്പത്തി ഏഴാം വയസ്സിലാണ് ബഹുമാനപ്പെട്ടവര്‍ ഇഹലോകവാസം വെടിഞ്ഞത്. ഹി. 1270 ശഅബാന്‍ 13 ചൊവ്വാഴ്ച്ചയാണ് വഫാത് ദിനം. അനുഗ്രഹീതരായ സയ്യിദിന്‍റെ അപദാനസൂക്തികളാണ് അല്‍ ഫൈളുല്‍ മുന്‍ജി പകര്‍ന്നു തരുന്നത്.
ആസ്വാദനം
മനോഹരമായ ആഖ്യാന ശൈലി, ഗദ്യത്തിലും പദ്യത്തിലും പാലിച്ച കാവ്യാത്മകത, കലര്‍പ്പില്ലാത്ത ഭാഷാ വഴക്കം, ചരിത്ര വിവരണം തുടങ്ങിയ പല മേന്മകളെ കൊണ്ടും അല്‍ ഫൈള് വായനാസ്വാദനം നല്‍കുന്നുണ്ട്. നാല് ഘട്ടങ്ങളിലൂടെയാണ് ഈ ഗ്രന്ഥം കടന്നുപോകുന്നത്. സ്രഷ്ടാവിനെയും ദൈവദൂതനെയും കുറിച്ചുള്ള ആമുഖം, നബി കുടുംബത്തിന്‍റെ വിവരണം, കഥാപുരുഷനെ അധികരിച്ചുള്ള വിവരണം, കഥാപുരഷന്‍റെ കുടംബത്തെ സംബന്ധിച്ചുള്ള വിവരണം എന്നിവയാണത്. പൊന്നാനിക്കാരനായ വളപ്പില്‍ അബ്ദുല്‍അസീസ് മുസ്ലിയാര്‍ രചിച്ച ബദര്‍ മൗലിദിനോട് പലനിലക്കും സാമ്യമായ രചനയാണ് അല്‍ഫൈളുല്‍ മന്‍ജിയുടേത്. ഹിജ്റ 1322ല്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍ വഫാതാകുന്ന സന്ദര്‍ഭം, പാങ്ങില്‍ ഉസാതാദിന് 17 വയസ്സ് പ്രായമായിരുന്നു. സമകാലീനരായതിനാല്‍ തന്നെ രചനകളിലുള്ള സാദൃശ്യത സ്വാഭാവികമായും സംഭവിക്കാവുന്നതാണ്. ഗദ്യ ശൈലി, പദ്യങ്ങളുടെ ബഹ്റുകള്‍, ജവാബുകള്‍, രചനയുടെ മൊത്തത്തിലുള്ള ഘടന തുടങ്ങിയ തലങ്ങളില്‍ ബദര്‍ മൗലിദിനോട് തൊട്ടുരുമ്മി നില്‍ക്കുന്നത് കാണാം. ആറ് ഹികായത്തുകളും ഏഴു ബൈതുകളും അടങ്ങുന്നതാണ് അല്‍ഫൈളുല്‍ മുന്‍ജി. ബൈതുകള്‍ യഥാക്രമം ത്വവീല്‍, ബസീഥ്, റംല്, കാമില്‍, ഹസ്ജ്, മദീദ് എന്നിവയാണ്. ചന്ദശാസ്ത്രത്തിന്‍റെയും അലങ്കാര ശാസ്ത്രത്തിന്‍റയും നിയമങ്ങള്‍ക്കനുസരിച്ചുള്ള രചന രചയിതാവിന്‍റെ പാണ്ഡിത്യത്തെയും പ്രതിഭയെയും ഒരു പോലെ അടയാളപ്പെടുത്തുന്നു.
ആമുഖത്തില്‍ അവാച്യമായ ദിവ്വ്യബോധത്തിന്‍റെ അപാരമായ ഒരാഖ്യാനമാണ് രചയിതാവ് നടത്തുന്നത്. ആഴമേറിയ താത്വികമായ പദപ്രയോഗത്തിലൂടെ മുഹമ്മദീയ പൊരുളിലേക്ക് വന്നെത്തുന്നത് കാണാം. അല്ലാഹുവിനെയും റസൂലിനെയും പറഞ്ഞു തുടങ്ങണമെന്ന താല്‍പര്യത്തിന്‍റെ പ്രകാശനമാണ് ഈ ഭാഗങ്ങളില്‍ ദൃശ്യമാവുന്നത്. ഇല്‍മുല്‍ കലാമിന്‍റെയും ഇല്‍മുതസ്വവ്വുഫിന്‍റെയും സംജ്ഞകളുടെ ഒരു സമ്മേളനമാണ് തുടക്കഭാഗം. ബൈത് ആരംഭിക്കുന്നത് ഇങ്ങനെയാണ്,
അറിയുവിന്‍
സര്‍വ്വ സ്തോത്രങ്ങളും
യാഥാര്‍ത്ഥ്യങ്ങളുടെ
പൊരുളിനെ
പകര്‍ന്നവനാണ്.
മുമ്പേ സംഭവിച്ച,
വിശുദ്ധമായ
ഒരു ദാനത്തിന്‍റെ മേല്‍
വിധി നടത്തിയവനാണവന്‍
അഗാധമായ തത്വജ്ഞാനബദ്ധമായ വരികള്‍ പഴയ കാല ഫിലോസഫി കവികളെ ഓര്‍മിപ്പിക്കുന്നു. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ നബികുടംബത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നു. ആയത്തുകളും പ്രവാചകവചനങ്ങളും മറ്റു ഉദ്ധരണികളും കോര്‍ത്തിണക്കിയാണ് ഇത് തീര്‍ത്തിട്ടുള്ളത്. ഹികായത്തിലെ ഏറ്റവും ആകര്‍ഷകം ഓരോ വാക്യങ്ങളുടെയും അന്ത്യാക്ഷരപ്രാസമാണ്, അതുതന്നെ വ്യത്യസ്ത രൂപങ്ങളില്‍. അവാച്യമായ ഒരു വായനാനുഭവം തന്നെയാണ് ഇതിലൂടെ ലഭ്യമാകുന്നത്. അഹ്‍ലുബൈതിന്‍റെ പ്രാധാന്യം മനസ്സിലാക്കി തരുന്ന നല്ലൊരു വിവരണം തന്നെയാണിവിടെ പാങ്ങില്‍ ഉസ്താദ് കൊണ്ടുവന്നിട്ടുള്ളത്.
നബി കുടുംബമേ,
അവിടേക്കാണല്ലോ
എല്ലാ പവിത്രതയും
ധര്‍മ്മവും
ആഭിജാത്യവും
ചെന്നെത്തുന്നതും
എല്ലാ അനുഗ്രഹങ്ങളും
വലയംവെക്കുന്നതും.
പാപിയായ ദൈവദാസനു
രോഗം പിടിപെട്ടു,
തടസ്സങ്ങള്‍
ബലഹീനതയെ
വലുതാക്കിയിരിക്കുന്നു
ഹൃദയവികാരങ്ങളുടെ ശരിയായ പരാവര്‍ത്തനം അനുയോജ്യമായ പദാവലികള്‍ ഉപയോഗിച്ച് നടത്തുന്ന പ്രതിഭാസമ്പന്നനായ ഒരു കവിയെയാണ് ഇവിടെ നമുക്ക് കാണാനാവുന്നത്. ആശയങ്ങളുടെ കുന്നുകള്‍ താണ്ടി ചെന്നെത്തുന്നത് മൂന്നാം ഘട്ടത്തിലാണ്. അപദാനങ്ങളുടെ പൂചെണ്ടുകള്‍ ചാര്‍ത്തിക്കൊണ്ട് കഥാപുരുഷനെ കവി കൊണ്ടുവരുന്നു. ജുഫ്രി തങ്ങളുടെ കുടുംബപരമ്പര വിശദീകരിക്കുന്നത് ഈ ഘട്ടത്തിലാണ്. അവിടെപ്പോലും പ്രാസം നിലനിര്‍ത്തുന്ന കുശാഗ്രശ്രദ്ധയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയുന്നില്ല.
ഔന്നത്യത്തിന്‍റെ
കണ്ഠം
മേനിപറയുന്നുണ്ട്
ആ തറവാടിനെ കുറിച്ച്,
മുത്തിനാലുള്ള
ആ
കണ്ഠാഭരണത്താല്‍
ഉലകം ആകമാനം
പ്രഭാപൂരിതം.
സയ്യിദ് ഹുസൈന്‍ ജുഫ്രിയെ കുറിച്ചുള്ള അപദാനകീര്‍ത്തനം തുടങ്ങുന്നത് ഇപ്രകാരമാണ്. സയ്യിദ് അവര്‍കള്‍ അഹ്‍ലുബൈത്തെന്ന കണ്ഠത്തിലെ മുത്ത്മാലയാണെന്ന ഉപമാലങ്കാരം തികച്ചും ആസ്വാദ്യം തന്നെ. അത് അവതരിപ്പിക്കാന്‍ ഉപയോഗിച്ച പദാവലികളും വാക്യഘടനയും സുഗ്രാഹ്യവും സാഹിത്യപൂര്‍ണ്ണവുമാണ്. ശേഷം, സയ്യിദ് ഹുസൈന്‍ തങ്ങളുടെ കുടുംബ വിവരങ്ങളും കൊടിഞ്ഞിനിവാസികളുടെ വരവേല്‍പ്പും സംബന്ധിച്ചുള്ള വിവരണം കാണാം. അവിടെയൊന്നും തന്നെ മൗലിദ് രചനയുടെ മൗലിക സ്വഭാവം നിലനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്തിട്ടാല്ലാത്ത രചയിതാവിന്‍റെ മഹത്തായ രചനാശേഷി നമ്മെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ, ഗദ്യത്തിലെ വിവരങ്ങള്‍ പദ്യത്തില്‍ കോര്‍ത്തിണക്കുകയും ചെയ്തിട്ടുണ്ട്. ഒരു പാട് വിവരങ്ങള്‍ കവിതയിലൂടെ കോര്‍ത്തിണക്കുന്ന ശ്രമകരമായ പണിയുടെ ഭാരമോ ബാധ്യതയോ വായനക്കാരെ അറിയിക്കാതെ രചനപൂര്‍ത്തിയാക്കാനാവുന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
സയ്യിദ് ഹുസൈന്‍ തങ്ങളുടെ പേരക്കുട്ടിയെ ഉദ്ധരിച്ചുകൊണ്ട് പല നിര്‍ണ്ണായക വിവരങ്ങളും പാങ്ങില്‍ ഉസ്താദ് കൊണ്ടുവരുന്നുണ്ട്. അതില്‍പ്പെട്ടതാണ് അവിടത്തെ ശരീരഘടന. പ്രവാചകന്‍റെ ശമാഇലുകളുടെ ഒരു വായനാനുഭവം പകരുന്നുണ്ട് ഈ ഭാഗം. വട്ടത്താടിയും വട്ടമുഖവുമുള്ള കാര്‍വര്‍ണ്ണനായ ആളാണ് സയ്യിദ് ഹുസൈന്‍ തങ്ങള്‍. മിതമായ നീളമുള്ള വ്യക്തിയായ സയ്യിദ് സത്സ്വഭാവിയും ധീരനും പണ്ഡിതനും ക്ഷമാശീലനുമായിരുന്നു. രാത്രി നിത്യവും നമസ്കാരവും പകല്‍ പതിവായി നോമ്പുമായിരുന്നു. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിക്കുന്നതില്‍ സൂക്ഷ്മാലുവായിരുന്ന തങ്ങള്‍ ഖാദിരിയ്യാ ത്വരീഖത്തിന്‍റെ ശൈഖ് കൂടിയായിരുന്നു.
തുടര്‍ന്ന് നാലു കറാമത്തുകളുടെ പരാമര്‍ശം നടക്കുന്നു. ശേഷം രചയിതാവ് തന്‍റെ രചനാ പശ്ചാത്തലം വിശദീകരിക്കുന്നുണ്ട്. പിന്നീടാണ് ബൈത്ത് ആരംഭിക്കുന്നത്. ഹികായത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും കവിതയില്‍ കാവ്യനുഭൂതിയോടെയുള്ള വായനാനുഭവം പകരുന്നു.
ദിവ്വ്യജ്ഞാനിയായ
വലിയ്യ്,
ദിവ്വ്യാരാധകനായ
തഖിയ്യ്,
ദൈവികദാസരിലെ
സ്വഫിയ്യ്
അതാണ്
സയ്യിദ് ഹുസൈന്‍ ജുഫ്രി.
ശേഷം സയ്യിദിന്‍റെ വഫാതും ആറു ആണ്‍മക്കളുടെയും അവരുടെ കുടുംബത്തിന്‍റെയും വിവരവും കൈമാറുന്നു. രചനയുടെ ഒരു ഇടവേളകളിലും ഭാഷയുടെയോ വര്‍ണ്ണനകളുടെയോ താളം തെറ്റുുകയോ ഒഴുക്ക് നഷ്ടപ്പെടുകയോ ചെയ്യുന്നില്ല. മൗലിദുകള്‍ ചരിത്രരചനയുടെ ആധാരമാകുന്നതിന്‍റെ യഥാര്‍ത്ഥരൂപം നമുക്ക് ഇവിടെ കാണാവുന്നതാണ്. മക്കളുടെയും അവരുടെ കുടുംബത്തിന്‍റെയും വിവരങ്ങള്‍ കൃത്യമായി ഒരുമിച്ചുകൂട്ടുകയും അവതരിപ്പിക്കുകയും ചെയതത് എടുത്ത് പറയേണ്ടതാണ്.
പൂര്‍ണ്ണചന്ദ്രനെ
പോലൊരു
വലിയ്യ്
കൊടിഞ്ഞി
കടപ്പുറത്ത്
പ്രത്യക്ഷപ്പെട്ടു.
മഹത്വങ്ങളുടെ
കടലാണയാള്‍.........
രുചിക്കും തോറും ആസ്വാദനം വര്‍ദ്ധിക്കുന്നതാണ് കവിത എന്ന് പറയപ്പെടാറുണ്ട്. ആ അര്‍ത്ഥത്തില്‍ അനര്‍ഗളം നിര്‍ഗളിക്കുന്ന ആത്മീയ ചോദനയുടെ ശരിയായ പ്രകാശനമാണ് ഈ കാവ്യരചനകള്‍ നമുക്ക് പകരുന്നത്. ഒരേ സമയം അര്‍ത്ഥാലങ്കാരവും ശബ്ദാലങ്കാരവും ചേരുന്നതോടൊപ്പം ആത്മീയമായ ഒരു പരിപാവനത്വം ആകമാനം ഈ രചന ആവാഹിച്ചിരിക്കുന്നു. അറബി ഭാഷാ സാഹിത്യത്തിന് സമ്പന്നമായ പൈതൃകം പകര്‍ന്ന മലയാളനാടിന്‍റെ തുടര്‍ച്ച നിലനിര്‍ത്തുന്നതില്‍ ഈ രചനയുടെ ഇടം കൂടുതല്‍ ചര്‍ച്ചക്കെടുക്കേണ്ടതുണ്ട്, ഒപ്പം പാങ്ങില്‍ ഉസ്താദിന്‍റെയും.
അവലംബം
അല്‍ഫൈളുല്‍ മുന്‍ജി, പാങ്ങില്‍ അഹമ്മദ് കുട്ടി മു്സ്ലിയാര്‍
കേരളമുസ്ലിം നവോത്ഥാനം, അല്‍ മുനീര്‍ '22, ജാമിഅ നൂരിയ
അല്‍ മുന്‍ജിദ്, ലൂയിസ് മഅ്ലൂഫ്
അല്‍ മുഅ്ജം, ഇമാം ത്വബ്റാനി
നബി കുടുംബം, സാദാത്ത് പരമ്പര, നജീബ് മൗലവി
പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍ (1888 1946), ബാസിത് സി പി
സത്യധാര ഓഗസ്റ്റ് 2022 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്
Leave A Comment