ബോംബുകളേക്കാളധികം വിശപ്പാണ് ഗസ്സയെ കൊല്ലുന്നത്

ഗസ്സയില്‍ താമസിക്കുന്ന ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകരാരനുമാണ് അഹ്‍മദ് ഡ്രെംലി. ഗസ്സയിലെ ജനങ്ങളുടെ ദൈനംദിനം ജീവിതത്തെ  ഒപ്പിയെടുക്കുന്നവയാണ്  ഡ്രംലിയുടെ മിക്ക എഴുത്തുകളും. മിഡില്‍ഈസ്റ്റ് ഐ എന്ന പോര്‍ട്ടലില്‍ കഴിഞ്ഞ വാരം, ഗസ്സയിലെ വിശപ്പിനെ കുറിച്ച് അദ്ദേഹം എഴുതിയ ലേഖനം ഹൃദയഭേദകമാണ്. അതിന്റെ വിവര്‍ത്തനമാണ് താഴെ.

വിവ: സുഹൈല്‍ കോടിയമ്മല്‍

ഇന്നലെ ഞാൻ സ്വപ്നം കണ്ടത്, ആപ്പിളും പഴങ്ങളും തിന്നുന്നതാണ്. വല്ലാത്ത സന്തോഷമാണ് തോന്നിയത്. എന്നാല്‍ ഉറക്കമുണര്‍ന്നപ്പോഴാണ്, അതൊരു സ്വപ്നമായിരുന്നെന്നും ഇപ്പോഴും ഗസ്സയിലെ വംശഹത്യക്കും ഉപരോധത്തിനും ഇടയില്‍ തന്നെയാണ് ഉള്ളതെന്നും തിരിച്ചറിഞ്ഞത്. വിശപ്പിന്റെ കാഠിന്യം വിളിച്ചോതി വയറ് അപ്പോഴും ശബ്ദിക്കുന്നുണ്ടായിരുന്നു. 

ഇതാദ്യമായിട്ടല്ല  തുരുത്തിൽ ഞങ്ങൾക്ക് വിശപ്പുമായി മല്ലിടേണ്ടി വരുന്നത്. ജീവൻ നില നിർത്താനാവശ്യമായ ഭക്ഷ്യവസ്തുക്കൾ തടഞ്ഞുവെക്കുന്നതിൽ, ഒൿടോബർ 7 മുതൽ,  ജാഗ്രതരാണ് ഇസ്രായേൽ. അന്നുമുതൽ, ബേക്കറികളിലേക്കും ഫുഡ് സ്റ്റോറുകളിലേക്കും ലക്ഷ്യം തെറ്റാതെ ബോംബിട്ടുകൊണ്ടിരിക്കുകയാണ് മർദ്ദക രാജ്യം. ആയുധങ്ങൾ കൊണ്ട് കൊല്ലാനാവാത്തവരെ പട്ടിണിക്കിട്ട് നശിപ്പിക്കുകയാണ് ലക്ഷ്യം.

വെളുത്ത ധാന്യപ്പൊടിയാണ് ഫലസ്തീനികള്‍ പൊതുവെ ഉപയോഗിക്കാറ്. യുദ്ധം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഞങ്ങള്‍ക്ക് കിട്ടാക്കനിയായി മാറി. പലയിടത്തും സ്റ്റോക്ക് തീര്‍ന്നതോടെ, ഉള്ള ഷോപ്പുകളില്‍  വില ഇരട്ടിക്കുന്ന വിധത്തിലായി കാര്യങ്ങള്‍. തിന്നാനായി ശേഖരിച്ചുവെച്ചവ ഓരോന്നോരോന്നായി തീര്‍ന്നതോടെ, കന്നുകാലികളുടെ തീറ്റ പോലും തിന്നേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക്. അതും കിട്ടാതായപ്പോൾ പശിയടക്കാൻ ഇലയും പുല്ലും അകത്താക്കേണ്ടിയും വന്നിട്ടുണ്ട്.

കുടുംബത്തിലും ചുറ്റുവട്ടത്തും പലരും മഞ്ഞപിത്തവും കരൾ വീക്കവും ബാധിച്ച് കഷ്ടപ്പെടുകയാണ്. പോഷകാഹാര കുറവും നിർജലീകരണവുമാണ് കാരണം. ഭക്ഷണം ലഭിക്കാതെ വിശന്ന് കരയുന്ന കുട്ടികളുടെ അവസ്ഥയാണ് ഏറെ കഷ്ടം. ഒരു സമയത്ത്,  ചെറിയൊരു ശമനമെന്നോണം മാനുഷിക സഹായങ്ങൾ ഇസ്രായേൽ ഭരണകൂടം അനുവദിച്ചിരുന്നു. വലിയ നിരീക്ഷണ സംവിധാനങ്ങളാണ് അന്ന് ഏർപ്പെടുത്തിയിരുന്നത്. വൈകാതെ,  അധിനിവേശകർ അതും നിര്‍ത്തലാക്കിയത് കൂനിന്മേല്‍ കുരുവായി മാറി എന്ന് വേണം പറയാന്‍.

ഒക്ടോബറിൽ,  യുദ്ധാരംഭ വേളയിൽ, മറ്റുള്ളവരെപ്പോലെ കിട്ടുന്ന പച്ചക്കറികളും പഴങ്ങളും ഇതര ഭക്ഷ്യവസ്തുക്കളുമെല്ലാം ഞങ്ങളും ശേഖരിച്ചിരുന്നു. ഒരാഴ്ചക്കുള്ളിൽ അവയെല്ലാം തീർന്നു. ചില മാർക്കറ്റുകളിൽ വസ്തുക്കളുണ്ടെങ്കിലും,  9 മാസത്തോളമായി നിരന്തരം തുടരുന്ന യുദ്ധത്തിനാൽ, അവയൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ. എന്റെ സഹോദരിയും സഹോദരനും ചെയ്തതുപോലെ, സമ്പാദ്യമെല്ലാം ചെലവഴിച്ചിട്ടും പിന്നെയും കടം വാങ്ങേണ്ടിവരുകയാണ്, ഒരു നേരത്തെ ഭക്ഷണത്തിന്.

കരയണോ, ചിരിക്കണോ എന്നറിയാതെ

രുചിയുള്ള ഭക്ഷണം കഴിച്ചിട്ട് മാസങ്ങളായി. ഉള്ളതുകൊണ്ട്  പല റെസിപ്പികളും പരീക്ഷിക്കാൻ സഹോദരി മുതിരാറുണ്ടെങ്കിലും, കാര്‍ട്ടൂണുകളിലും മറ്റും രുചികരമായ ഭക്ഷണം  കാണുമ്പോഴേക്കും ഏങ്ങലടിക്കാൻ തുടങ്ങും ചെറിയ സഹോദരങ്ങൾ. എന്റെ നാലു വയസ്സുകാരി സഹോദരി, ടിയ,  കാർട്ടൂണിൽ കണ്ട വത്തക്കക്കായി ഏറെ കണ്ണീരൊഴുക്കിയത് ഞങ്ങളെുടെയെല്ലാം കണ്ണ് നിറച്ചു. അത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കളവു പറയുകയല്ലാതെ,  അവളെ ആശ്വസിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു ഞങ്ങളുടെ മുമ്പിൽ. അന്നു മുതൽ, ഇനി  കുട്ടികളെ കാർട്ടൂൺ കാണിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. വിശപ്പില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു കാര്‍ട്ടൂണുകള്‍ കാണിച്ചിരുന്നത്. എന്നാല്‍, അതും വിശപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ഞങ്ങളുടെ മക്കള്‍ക്ക്.

കുട്ടികൾക്ക് വിശക്കുകയും, അതിനു പരിഹാരം കണ്ടെത്താനാവാതെ വലയുകയും ചെയ്യുന്നത്  ഹൃദയഭേദകമാണ്. രണ്ടു ദിവസങ്ങൾക്കു മുമ്പായിരുന്നു, എന്റെ അഞ്ചു വയസ്സുകാരനായ സഹോദര പുത്രൻ ഹമൂദിന്റെ ജന്മദിനം. ദുരിതങ്ങളെല്ലാം മറന്ന് അത് കൊണ്ടാടാൻ തന്നെ തീരുമാനിച്ചു ഞങ്ങൾ. കേക്കില്ലാതെ,  ഒരു മെഴുകുതിരിക്ക് തീ കൊളുത്തി. ഇസ്രായേലിന്റെ ബോംബ് വർഷങ്ങളെ തല്‍കാലത്തേക്ക് മറന്ന് "ഹാപ്പി ബർത്ത് ഡേ" ആശംസിക്കുന്നതിനിടെ സഹോദരി അവനോട് ചോദിച്ചു, "പിറന്നാളിൽ നിനക്കാണ് വേണ്ടത്?. എന്ത് പറഞ്ഞാലും ലഭിക്കില്ലെന്ന് അറിയാമായിരുന്ന ആ കുഞ്ഞ്, ഒരുമാത്ര നിശ്ചലനായി, തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു. "ഹംബർഗർ സാൻവിച്ച് തിന്നാനാണ് ഇപ്പൊ എനിക്ക് ഏറ്റവും കൊതി." അക്ഷരാർത്ഥത്തിൽ സ്തബ്ധരായിപ്പോയി ഞങ്ങൾ, ബർത്ത് ഡേ വിഷ് ആയി  ഒരു സാധാരണ ഭക്ഷ്യവസ്തു ഇടം പിടിക്കുന്ന ഒരു സാഹചര്യം  ജീവിതത്തിൽ ഇന്നുവരെ ഞാൻ ചിന്തിച്ചിട്ടു പോലും ഇല്ലായിരുന്നു.

പരിമിതമായ ട്രക്കുകൾ വടക്കന്‍ ഭാഗങ്ങളില്‍ എത്തുന്നുണ്ടെങ്കിലും, വിതരണം പോലും ദുഷ്കരമാണ്. ഇസ്റാഈലിന്റെ ഇടതടവില്ലാത്ത ബോംബ് വര്‍ഷം മൂലം, പല കുടുംബങ്ങള്‍ക്കും അവ എത്തിക്കാനാവുന്നില്ല. ചിലര്‍ക്കൊക്കെ വീണ്ടും വീണ്ടും ലഭിക്കുമ്പോള്‍, പലരും ഒന്നും ലഭിക്കാതെ മാസങ്ങളായി പട്ടിണി കിടക്കുകയാണ്. മറ്റൊരു പ്രശ്നം, വിദൂര രാജ്യങ്ങളിൽനിന്നെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ ഇവിടെ എത്തുമ്പോഴേക്ക് ഗുണനിലവാരം നഷ്ടപ്പെടുന്നു എന്നതാണ്. കാലാവധി തീർന്നതിനു ശേഷമോ,  മണിക്കൂറുകളോളം വെയിലേറ്റതിനുശേഷമോ മാത്രമാണ് അവ ഞങ്ങളുടെ കൈയ്യിലെത്തുന്നത്.

എനിക്ക് പാസ്ത വളരെ ഇഷ്ടമാണ്. അടുത്തിടെ എന്റെ സഹോദരി കുറച്ച് പാസ്ത പാകം ചെയ്തപ്പോൾ, പഴകിയത് വീണ്ടും വേവിച്ചതുപോലെയാണ്  അനുഭവപ്പെട്ടത്. എങ്ങനെയുണ്ടെന്ന അവളുടെ ചോദ്യത്തിന്, കണ്ണിലേക്ക് നോക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ശേഷം ഞങ്ങൾ രണ്ടുപേരും ചിരിച്ചു, ഇതല്ലാതെ മറ്റൊരു വഴി മുന്നിലില്ലായെന്ന തികഞ്ഞ ബോധ്യത്തിൽ. ഞാനും സുഹൃത്തുക്കളും ചേർന്ന്, മട്ടുപ്പാവിൽ തക്കാളിയും ഉരുളക്കിഴങ്ങും നടാൻ ശ്രമിച്ചിരുന്നു. ജല ദൗർബല്യ മൂലം ആ ശ്രമവും ലക്ഷ്യം കണ്ടില്ല.

എങ്ങനെ പാചകം ചെയ്യുമെന്ന് പോലും ഞാൻ മറന്നിരിക്കുന്നു

മാസങ്ങളായി ശരിയായ ഭക്ഷണം ലഭിക്കാത്തത്, ഗസ്സക്കാരുടെ ആരോഗ്യത്തെ നന്നായി ബാധിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയതിൽ പിന്നെ 15 കിലോഗ്രാം കുറഞ്ഞതായി എനിക്ക് തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. ഒരു വിധം  ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെങ്കിലും, ക്ഷീണിച്ച കാലുകൾക്ക് തന്റെ  ശരീരത്തെ താങ്ങാൻ ആകുമോ എന്നത് എന്നെ എപ്പോഴും ഭീതിപ്പെടുത്തുന്ന കാര്യമാണ്. തൊലി വിളറിയിരിക്കുന്നു, ഇടയ്ക്കിടെ എല്ലിനും വയറിനും വേദന അനുഭവപ്പെടുന്നു. കുടുംബത്തിൽ ഏറ്റവും നന്നായി ഭക്ഷണം പാകം ചെയ്യാറുള്ള  സഹോദരി ഡയാനയും അസഹനീയമായ വയറുവേദന അനുഭവിക്കുകയാണ്.  കാലഹരണപ്പെട്ട ഭക്ഷണം അകത്തായതാകാം കാരണം. "പാചകം ചെയ്യാൻ ഒക്കെ ഞാൻ മറന്നു പോയി", ഇപ്പോള്‍ അവൾ ഇടയ്ക്കിടെ പറയുന്ന വാക്കുകളാണിത്.

വിറക് ശേഖരിക്കുന്നതും മൈലുകൾ താണ്ടി  വെള്ളമെത്തിക്കുന്നതുമാണ് അതിലേറെ പ്രയാസം. മിക്ക ദിവസങ്ങളിലും, എന്തെങ്കിലും വാങ്ങണമെന്ന ഉദ്ദേശ്യത്തോടെ അധിക കടകളിലും കയറുമെങ്കിലും, വെറും കൈയ്യോടെയായിരിക്കും തിരിച്ചുവരിക. ഒരു യാത്രക്കിടെ, നാല് ഡോളറിന്  മുട്ട വിൽക്കുന്ന ഒരുത്തനെ കാണാനായി, അവന്റെ കയ്യിലുള്ള 7 മുട്ടകളും വാങ്ങി.  കുടുംബത്തിന്  ഒരുനേര ഭക്ഷണത്തിനു പോലും  അത് തികയില്ലെന്ന് എനിക്കറിയാമായിരുന്നു. കുട്ടികളെ സന്തോഷിപ്പിക്കുക എന്നത് മാത്രമായിരുന്നു മനസ്സിലാകെ. കയ്യിൽ മുട്ട കണ്ടപാടെ, എന്റെ അഞ്ചു വയസ്സുള്ള സഹോദര പുത്രി ബാസിമ 'അതെല്ലാം എനിക്ക് ഒറ്റക്ക് തിന്നണം' എന്ന് ഒച്ച വെച്ച് ഒറ്റ ചാട്ടമായിരുന്നു.

ഗസ്സയിലെ ജനങ്ങൾ  പൊതുവേ വലിയ  സത്ക്കാരപ്രിയരാണ്. വിശേഷ നാളുകളിൽ പ്രത്യേകിച്ചും. പക്ഷേ ഇന്ന്  കൊടിയ വിശപ്പ് അവരെയെല്ലാം പൊതിഞ്ഞിരിക്കുകയാണ്. ഈ കഴിഞ്ഞ വലിയ പെരുന്നാൾ വേളയിൽ, എന്റെ ഒരു സുഹൃത്ത്,  ചുറ്റുമുള്ളവർ അറിയാതിരിക്കാനായി ഒരു പൗണ്ട് മാംസം, മറ്റുള്ളവര്‍ മാംസമാണെന്ന് അറിയാതിരിക്കാനായി, മൂന്നു ചെറിയ ബാഗുകളിൽ പൊതിഞ്ഞായിരുന്നു വീട്ടിൽ കൊണ്ട് തന്നത്. അന്നേരം എന്റെ ഉമ്മയെ അലട്ടിയത്, ഈ വാസന പുറത്തറിയാതെ, ഇത് എങ്ങനെ പാചകം ചെയ്യാമെന്നതായിരുന്നു. 

ബോംബേറ്റ് മരിക്കുന്നതിനേക്കാൾ എത്രയോ ദുരന്തപൂർണമാണ് പശിയടക്കാനാകാതെ ജീവിതമവസാനിപ്പിക്കേണ്ടി വരുന്നത്. വിശന്നവശരായ കുഞ്ഞുങ്ങൾക്ക് മുമ്പിൽ  നിസ്സഹായരായി കൈ മലർത്തുന്നത്, ആയിരം തവണ കൊല്ലപ്പെടുന്നതിന് സമാനമാണ്. ബോംബേറിലും ആക്രമണത്തിലും കൊല്ലപ്പെട്ടവര്‍ എത്ര ഭാഗ്യവാന്മാരാണെന്ന് തോന്നുന്നത് ഇത്തരം വേളകളിലാണ്. എല്ലാത്തിനും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയോടെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ഞങ്ങള്‍.

ഗസ്സയില്‍ താമസിക്കുന്ന ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകരാരനുമാണ് അഹ്‍മദ് ഡ്രെംലി. ഗസ്സയിലെ ജനങ്ങളുടെ ദൈനംദിനം ജീവിതത്തെ  ഒപ്പിയെടുക്കുന്നവയാണ്  ഡ്രംലിയുടെ മിക്ക എഴുത്തുകളും. അദ്ദേഹത്തിന്റെ രചനകൾ  മോണ്ടോവീസ്, പാലസ്തീൻ ക്രോണിക്കിൾ, ദി ഇലക്ട്രോണിക് ഇൻതിഫാദ, അൽ-മോണിറ്റർ, മിഡില്‍ഈസ്റ്റ് ഐ എന്നിവയിലെല്ലാം പ്രസിദ്ധീകരിക്കാറുണ്ട്. 2021-ൽ ഗസ്സയിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള ഒരു ഉപന്യാസത്തോടെയാണ് അദ്ദേഹം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter