ഖ്വാബ് നാമ: ടിപ്പുവിന്റെ സ്വപ്ന സഞ്ചാരങ്ങൾ
ഇസ്‍ലാമിക ചരിത്രത്തിൽ സ്വപ്നം പലപ്പോഴും മനുഷ്യ തലങ്ങളെ സ്പർശിക്കാറുണ്ട്. സ്വപ്നം ഭാവിയുടെ പ്രവചനമായിട്ടും, ദൈവത്തിൻറെ നിഗൂഢമായ സന്ദേശങ്ങളായിട്ടും ഒട്ടുമിക്ക സൂഫികളും വിശ്വസിക്കുന്നു. പരിശുദ്ധ ഖുർആനിൽ സൂറത്ത് യൂസുഫിൽ പ്രവാചകൻ യൂസുഫ്(അ)ന്റെ സ്വപ്നങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ജയിലിലായിരിക്കുമ്പോഴും പല സ്വപ്നങ്ങളെയും അദ്ദേഹം വ്യാഖ്യാനിക്കാറുണ്ടായിരുന്നു. പ്രവാചകൻ കാണുന്ന സ്വപ്നങ്ങളെല്ലാം പകൽ വെളിച്ചം പോലെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു എന്ന് പ്രിയ പത്നി ആയിശാ ബീവി സാക്ഷ്യപ്പെടുത്തുന്നു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലവനായ ഉസ്മാൻ, താൻ കാർമികത്വം വഹിക്കുന്ന ഈയൊരു സാമ്രാജ്യം കാലങ്ങളോളം നിലനിൽക്കുമെന്നും, ലോകത്തിൻറെ വിഭിന്ന ഭാഗങ്ങളിലേക്ക് അതിൻറെ അധികാരം വ്യാപിക്കുമെന്നും സ്വപ്നങ്ങളിലൂടെ വായിക്കുന്നതായി ചരിത്രത്തിൽ കാണാം. ഒരുപക്ഷേ ചില സ്വപ്നങ്ങൾ മനുഷ്യൻറെ ഭാവിയെ രൂപീകരിക്കുന്നതിൽ സഹായിക്കുന്നു എന്നും പറയാം. ഇവിടെയാണ് ഇബ്നു സിരീന്റെ തഫ്സീറുൽ അഹ്‍ലാം പോലോത്ത ഗ്രന്ഥങ്ങളുടെ പ്രസക്തി ഉയരുന്നത്.
ബ്രിട്ടീഷുകാരോട് പടപൊരുതിയ ടിപ്പുസുൽത്താന്റെ അതിവിശാലമായ വായനാനുഭൂതിയുടെ അടയാളമായി അവശേഷിക്കുന്ന ഒന്നാണ് അദ്ദേഹം എഴുതിയ ഖ്വാബ് നാമ എന്ന നിശാസ്വപ്നങ്ങളുടെ സമാഹാരം. ടിപ്പു ഒരു യോദ്ധാവ് എന്നതിനപ്പുറം, എഴുത്തിലും വായനയിലും അദ്ദേഹത്തിന് സവിശേഷമായൊരു ശൈലിയുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലാൽ മഹൽ പാലസിലെ ലൈബ്രറിക്കകത്ത് രഹസ്യമായ നിരവധി മാനുസ്ക്രിപ്റ്റിന്റെ ശേഖരം പോലുമുണ്ടായിരുന്നു. ക്വാബ് നാമ എന്ന തന്റെ സ്വപ്ന സമാഹാരത്തിന്റെ ആമുഖത്തിൽ ടിപ്പു പറയുന്ന വാക്കുകൾ ഇപ്രകാരമാണ്, "ഞാൻ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ സ്വപ്നങ്ങൾ ഇവിടെ ഈ താളുകളിൽ കുറിക്കുന്നു".
ടിപ്പു കണ്ട 37 സ്വപ്നങ്ങളും അതിൽ ചിലതിന്റെ വ്യാഖ്യാനങ്ങളും കൂടിയതാണ് ഈ പുസ്തകം. പുസ്തകത്തിൻറെ പഠനക്കുറിപ്പിൽ ഓ.കെ ജോണി ഇങ്ങനെ കുറിക്കുന്നു, "ജീവിതത്തിലെ അത്യന്തം കലുഷമായ ഒരു ഘട്ടത്തിൽ ആത്മവിശ്വാസം ആർജിക്കുവാനുള്ള ഒരു ഭൗതിക വ്യായാമം ആയിട്ടാവാം അത്തരത്തിലുള്ള സ്വപ്നങ്ങൾ മാത്രം തിരഞ്ഞെടുത്തു അപഗ്രഥിക്കുവാൻ അദ്ദേഹം മുതിർന്നത്. ദൈവം തെരഞ്ഞെടുത്ത ഭൂമിയിലെ പ്രതിനിധിയാണ് ഈ സ്വപ്നദർശകൻ, ദൈവത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ഗൂഢ സന്ദേശങ്ങളാണ് സ്വപ്നങ്ങൾ എന്ന് സൂഫി സന്യാസികളെ പോലെ ടിപ്പുവും വിശ്വസിച്ചിരുന്നു".
സ്വപ്നം തന്റെ ഭാവിയെ രൂപകല്പന ചെയ്യും എന്ന വിശ്വാസത്തോട് കൂടിയായിരിക്കണം ടിപ്പു ഓരോ സ്വപ്നങ്ങളെയും കൃത്യമായ രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. തന്റെ പോരാട്ടവും വിജയവും എല്ലാം സ്വപ്നങ്ങളിലൂടെ ദർശിക്കുകയായിരുന്നു ടിപ്പുസുൽത്താൻ. തന്റെ 31-ാം സ്വപ്നത്തിൽ പ്രവാചകൻ വന്ന് തനിക്ക് പച്ച നിറത്തിലുള്ള ഒരു തലപ്പാവ് സമ്മാനിക്കുന്നതും ഒപ്പം ഹസ്രത്ത് ബന്ദ നവാസ് ഒരു തലപ്പാവ് അണിയുവാൻ നിർദ്ദേശിക്കുന്നതുമായ സംഭവത്തെ വിവരിച്ചുകൊണ്ട് ടിപ്പു അതിനെ വ്യാഖ്യാനിക്കുന്നത് "സർവ ശക്തനായ ദൈവവും പ്രവാചകനും ചേർന്ന് വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്ന ഏഴു ദേശങ്ങളുടെ ഭരണം എനിക്ക് സമ്മാനിച്ചു എന്നായിരുന്നു". ഇങ്ങനെ തുടങ്ങി 37 സ്വപ്നങ്ങളുടെ സമാഹാരമാണ് ഈയൊരു വിപുലമായ പുസ്തകം.
ബ്രിട്ടീഷുകാർ ടിപ്പുവിനെ കീഴ്പെടുത്തി, കൊട്ടാരത്തെ ആക്രമിക്കുകയും തന്റെ പുസ്തകസമാഹാരങ്ങളെ നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമണത്തെ അതിജീവിച്ച ഏതാനും ചില പുസ്തകങ്ങളിൽ ഒന്നാണ് ടിപ്പുവിന്റെ ഖ്വാബ് നാമ. 1950 കളിൽ ഇംഗ്ലീഷിലേക്ക് the dreams of Tipu sultan എന്ന തലക്കെട്ടിൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകം, കെ. എ ആൻറണിയാണ് മലയാളത്തിലേക്ക് എന്റെ സ്വപ്നങ്ങൾ എന്ന ശീർഷകത്തിൽ പരിഭാഷപ്പെടുത്തിയത്. അതിനോടൊപ്പം ടിപ്പുവിന്റെ വായനാലോകത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഗവേഷണം നടത്തിയ ഓ.കെ ജോണിയുടെ കുറിപ്പും പുസ്തകത്തിന്റെ തുടക്കത്തിൽ ചേർത്തിട്ടുണ്ട്.
മാതൃഭൂമിയാണ് പുസ്തകത്തിൻറെ പ്രസാധനം നിർവഹിച്ചിട്ടുള്ളത്. 118 പേജുള്ള പുസ്തകത്തിന് 170 രൂപയാണ് വില.
Leave A Comment