“മുഹമ്മദ് പ്രവാചകന്റെ ജീവചരിത്രം”: ഒരു താരതമ്യ പഠനം

പ്രവാചകന്‍ മുഹമ്മദ്(സ്വ)യുടെ ജീവിതത്തെ കൃത്യവും വ്യക്തവും ആധികാരികവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് പ്രശസ്ത ബ്രട്ടീഷ്‌ എഴുത്തുകാരിയും മതതാരതമ്യപഠനങ്ങളിലൂടെ ലോകപ്രശസ്തയുമായ കെരന്‍ ആംസ്‌ട്രോങ്ങിന്റെ Muhammad a biography of the prophet. 9/11 ന് ശേഷം ശക്തിയാര്‍ജ്ജിച്ച ഇസ്‍ലാമേഫോബിയക്കും പരമ്പരാഗതമായ ഇസ്‍ലാമിന്റെ പടിഞ്ഞാറന്‍ സങ്കല്‍പത്തിനുമുളള തിരുത്താണ് ഈ ഗ്രന്ഥം എന്ന് തന്നെ പറയാം. 352 പേജുള്ള മൂല ഗ്രന്ഥം 1991ല്‍ വിക്ടര്‍ ഗൊലാന്‍സ് ലിമിറ്റഡ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.

ആദ്യകാലത്ത് റോമൻ കത്തോലിക്കാ കന്യാസ്ത്രീ ആയിരുന്ന കെരന്‍ ആംസ്‌ട്രോങ്‌ പിന്നീട് മതതാരതമ്യ പഠനത്തിലേക്ക് തിരിയുകയായിരുന്നു. “ദൈവത്തിന്റെ ചരിത്രം” എന്ന പുസ്തകത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന അവർ എല്ലാ മതങ്ങളുടെയും അടിസ്ഥാനതന്തു ഒന്നാണെന്നും തൊലിപ്പുറമെയുള്ള വ്യത്യാസങ്ങൾ മാത്രമേ മതങ്ങൾ തമ്മിലുള്ളൂ എന്നും വിലയിരുത്തി. ഇസ്‌ലാമിനെ കുറിച്ച് വസ്തുനിഷ്ഠമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന ഇവർ പാശ്ചാത്യ ലോകത്ത് മുസ്‍ലിം വായനകളുടെ അര്‍ത്ഥവും ആശയവും ഇസ്‍ലാം ഉയര്‍ത്തിപ്പിടിക്കുന്ന നൈതിക മൂല്യങ്ങളുടെ വിശാല സാധ്യതകളും സ്ഥാപിച്ചെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ കെരന്‍ ആംസ്‌ട്രോങിന്റെ ഈ ഗ്രന്ഥം വിപ്ലവാത്മക പരിവര്‍ത്തനം സാധ്യപ്പെടുത്തിയെന്ന് നിസ്സംശയം പറയാം.

മുസ്‍ലിം ലോകവുമായുള്ള പാശ്ചാത്യ ബന്ധങ്ങള്‍ അന്താരാഷ്ട്ര സ്ഥിരതയ്ക്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്നത് ഒരു വസ്തുതയാണ്. നയതന്ത്ര ബന്ധങ്ങളിലൂടെ ഉത്ഭവിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അടിസ്ഥാനപരമായ പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം ചെറുതല്ല (പ്രത്യേകിച്ച് ഇസ്‍ലാമിക പ്രത്യയശാസ്ത്രം). എത്തിപ്പെടുന്ന നിഗമനങ്ങളും കണ്ടെത്തപ്പെടുന്ന സത്യങ്ങളും കൈമാറുന്ന സന്ദേശങ്ങളും അതില്‍ മുഖ്യമാണ്. എന്നാല്‍ മറ്റേതൊരു മതങ്ങളുടെ  സ്ഥാപകനേക്കാളും മുഹമ്മദ് നബിയെകുറിച്ച് കൂടുതല്‍ കണ്ടെത്താമെങ്കിലും, അദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവയില്‍ ഭൂരിഭാഗവും ഉത്ഭവിച്ചത് കുരിശുയുദ്ധകാലത്തെ മുന്‍വിധിയോടെയുള്ള മധ്യകാല വിവരണങ്ങളില്‍ നിന്നാണെന്ന് ആംസ്ട്രോങ് മനസ്സിലാക്കുന്നു. “ദി ഫസ്റ്റ് ക്രിസ്ത്യാനിറ്റി' എന്ന ഗ്രന്ഥത്തില്‍ ക്രിസ്ത്യന്‍ ആശയക്കുഴപ്പങ്ങള്‍ പരിശോധിക്കാന്‍ സെന്റ് പോളിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ നിരൂപണം ചെയ്തത് പോലെ, ഇവിടെ കാരെന്‍ ആംസ്‌ട്രോങ് പാശ്ചാത്യ പ്രശ്‌നങ്ങളും മുന്‍വിധികളും ചര്‍ച്ച ചെയ്യാന്‍ മുഹമ്മദ് (സ്വ)യുടെ ജീവിതത്തിലെ സംഭവങ്ങളെ വിശദവിശകലനം നടത്തുന്നുണ്ട്.

പ്രവാചകന്റെ ഭാര്യമാര്‍, യുദ്ധങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍, സാമൂഹിക ജീവിതം, പലായനം തുടങ്ങിയ മേഖലകളെ ബന്ധിച്ച മുഹൂര്‍ത്തങ്ങള്‍ പാശ്ചാത്യ സമൂഹവും ലിബറല്‍ അപ്പോസ്തലന്മാരും വിമര്‍ശനാത്മകമായി സമൂഹസമക്ഷം കൊട്ടിഘോഷിക്കുന്ന മേഖലകളാണ്. എന്നാല്‍ കെരന്‍ ആംസ്‌ട്രോങിന്റെ നിഷ്പക്ഷ വായന പാശ്ചാത്യ ലോകത്ത് മുഹമ്മദീയന്‍ ജീവിത ദര്‍ശനത്തിന്റെ അന്തസത്ത തുറന്നുകാട്ടുന്നതായിരുന്നു. പ്രവാചകന്റെ വിവാഹം ലൈംഗികാസക്തിയുടെ പൂര്‍ത്തീകരണത്തിനായിരുന്നില്ല, മറിച്ച് ഇസ്‍ലാമിന്റെ സംസ്ഥാപനത്തില്‍ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത രാഷ്ട്രീയ ബന്ധങ്ങളുടെ സംഹിതയായിരുന്നു എന്നാണ് അവര്‍ സ്ഥാപിക്കുന്നത്. ഒപ്പം അറേബ്യയില്‍ രൂപപ്പെട്ട സ്ത്രീ-പുരുഷ അനുപാതങ്ങളുടെ സന്തുലിതമായ പരിഹാരക്രിയ കൂടിയായിരുന്നു അതെന്നും അവര്‍ പറയുന്നു. ബഹുഭാര്യത്വത്തെ സംബന്ധിച്ച നിയമത്തയെും ഈ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ പുരുഷന് അയാളാഗ്രഹിക്കുന്നിടത്തോളം ഭാര്യമാരാകാമെന്നിരിക്കെ നാലായി പരിമിതപ്പെടുത്തിയത് ഒരു നിയന്ത്രണമായിരുന്നു എന്ന സത്യവും അവര്‍ തുറന്ന് പറയുന്നുണ്ട്.

ജിഹാദിനെ കുറിച്ച് ആംസ്ട്രോങ് പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം. സാമൂഹിക പത്ര മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കുന്ന വിശുദ്ധ യുദ്ധം, ഇസ്‍ലാമിക് ജിഹാദ് യഥാര്‍ത്ഥത്തില്‍ സത്യത്തെ വളച്ചൊടിക്കലാണ്. ഓരോ മതത്തിനും അതിന്റെ പരമമായ മൂല്യവും അര്‍ത്ഥവും കണ്ടെത്താനുള്ള ബുദ്ധി കേന്ദ്രവും സവിശേഷമായ ഉള്‍ക്കാഴ്ചയുമുണ്ടാവും. മര്‍ദ്ദിതരുടെയും നിരാലംബരുടെയും പക്ഷം ചേര്‍ന്നു നീതിപൂര്‍വ്വവും മാന്യവുമായൊരു സമൂഹത്തിന് വേണ്ടി പോരാടുന്നതു തങ്ങളുടെ കടമയാണെന്നിടത്താണ് ജിഹാദ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടത്‌. കാരണം റോമാ സാമ്രാജ്യത്ത് ക്രിസ്തുമതം ആവിര്‍ഭവിച്ചപ്പോള്‍ സമാധാനവും സുരക്ഷയും ക്രൂരമായ രീതിയിലാണെങ്കില്‍പോലും നടപ്പിലാക്കിയിരുന്ന പശ്ചാത്തലത്തില്‍ അറേബ്യന്‍ സമുദായം പരിഷ്‌കൃത ലോകത്തിന് പുറത്തായിരുന്നു. അരാഷ്ട്രീയ യുദ്ധ സങ്കല്‍പങ്ങള്‍ സമൂഹത്തെ വിഴുങ്ങിക്കളയുന്ന സാഹചര്യത്തിലാണ് നീതിയുക്തമായ യുദ്ധത്തിന് വേണ്ടിയുള്ള ഒരു അദ്ധ്യാത്മിക ശാസ്ത്രത്തിന് ഖുര്‍ആന്‍ രൂപം നല്‍കുന്നത്‌.

സെപ്തംബര്‍ 11ലെ ദുരന്തം മുഖ്യധാരാ വീക്ഷണത്തില്‍ വ്യക്തമാക്കുന്നത് പാശ്ചാത്യ ലോകവും ഇസ്‍ലാമിക ലോകവും ഒരു പോലെ പരാജയപ്പെട്ടെന്നാണ്. മറ്റുള്ളവരോട് അടിസ്ഥാനപരമായ ആദരവോടെ പെരുമാറാന്‍ പാശ്ചാത്യ സംസ്‌കാരവും ക്രിസ്തുമതവും ഇസ്‍ലാമിക ലോകവും തയ്യാറാകുന്നിടത്താണ് സഹിഷ്ണുതയും സാഹോദര്യവും ഉയിര്‍ക്കുന്ന പുതിയ ലോകക്രമത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ട് സാക്ഷിയാകുന്നത്. അപരരുടെ വിശ്വാസത്തെയും ആവശ്യങ്ങളെയും പ്രത്യാശകളെയും മാനിക്കാനും മനസ്സിലാക്കാനും സഹജീവികള്‍ ശ്രമിക്കണം. ഇരുളടഞ്ഞതും ഭയാനകവുമായ ഈ കാലഘട്ടത്തെ പ്രകാശമാനമാക്കാന്‍ പര്യാപ്തമായ പ്രാഗല്ഭ്യവും ബുദ്ധിശക്തിയുമുള്ള പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതത്തെ കൂടുതല്‍ കൃത്യമായി  മനസ്സിലാക്കുക എന്നതാണ് ഇതിനുള്ള പരിഹാരമാര്‍ഗം. ആ മാര്‍ഗത്തെ സാധൂകരിക്കുന്നതാണ് കെരന്‍ ആംസ്‌ട്രോങിന്റെ പ്രവാചക ജീവിതത്തിലേക്കുള്ള ഈ വാതായനം.

ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് എം പി സദാശിവന്‍ ആണ്, പ്രസിദ്ധീകരിച്ചത് ഡി സി ബുക്സും. രേഖപ്പെടുത്തപ്പെട്ട വിവരണങ്ങളോടൊപ്പം റഫറന്‍സുകള്‍ വ്യക്തമായ ക്രമത്തില്‍ ചേര്‍ക്കപ്പെട്ടത് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് തന്നെ പറയാം. നിരന്തരാവര്‍ത്തിയായി ഇരയാക്കപ്പെടുന്ന മുസ്‍ലിം വ്യക്തിത്വം നിഷ്പക്ഷമായി വിലയിരുത്താനും മുഹമ്മദീയന്‍ ദര്‍ശനം സംഗ്രഹിച്ചെടുക്കാനും സഹായിക്കുന്ന ജീവചരിത്രമാണ് ഈ ഗ്രന്ഥം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter