ബംഗ്ലാദേശും ഇസ്‍ലാമും

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിപ്പത്തില്‍ 94-ാമത്തേതും ജനസംഖ്യാടിസ്ഥാനത്തില്‍ എട്ടാമത്തേതുമായ മുസ്‍ലിം രാജ്യമാണ് ബംഗ്ലാദേശ്. പീപ്പിള്‍ റിപബ്ലിക് ഓഫ്‌ ബംഗ്ലാദേശ് എന്നാണ് ഔദ്യോഗിക നാമം. ഇന്ത്യയും മ്യാന്മറും പാകിസ്ഥാനും നേപ്പാളുമാണ് അതിര്‍ത്തിയിലുള്ളത്. 164 കോടിയാണ് ജനസംഖ്യ. ഇതില്‍ 91% ആളുകളും മുസ്‍ലിംകളാണ്‌. ബാക്കി ഹൈന്ദവ-ബുദ്ധ-ക്രിസ്റ്റ്യന്‍ മതക്കാരും. ബംഗ്ലാദേശി ടാക്കയാണ് ഇവിടെത്തെ നാണയം. ബംഗാളിയാണ് ഔദ്യോഗികഭാഷ.

മതരംഗം

എ.ഡി 6,7 നൂറ്റാണ്ടുകളില്‍ തന്നെ അറബ് കച്ചവടക്കാരിലൂടെ ബംഗ്ലാദേശില്‍ ഇസ്‍ലാം എത്തിയിട്ടുണ്ടെന്നാണ് ചരിത്രം. 13-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബക്തിയാര്‍ ഖില്‍ജി ഈ പ്രദേശങ്ങള്‍ കീഴടക്കി. ഖില്‍ജികളാണ് ആദ്യമായി ബംഗാള്‍ ഭരിച്ച മുസ്‍ലിം രാജവംശം. ഇവിടത്തെ സംസ്കാരത്തെ സ്വാധിനിക്കുന്നതില്‍ ഖില്‍ജികള്‍ വലിയ പങ്കുവഹിച്ചു. ഇവിടെ ഇസ്‍ലാം മതം ആധിപത്യം സ്ഥാപിക്കാന്‍ കാരണം ഷാ ജലാലെന്ന സുന്നി പ്രബോധകന്റെ പ്രവര്‍ത്തനങ്ങളാണ്. അതിനുശേഷം മുസ്‍ലിംകളായ ഭരണാധികാരികള്‍ ധാരാളം പള്ളികള്‍ സ്ഥാപിച്ച് ഇസ്‍ലാമിക പ്രബോധനത്തിന് തുടര്‍ച്ച നല്‍കി. തുര്‍ക്കി അധിനിവേശത്തെ തുടര്‍ന്ന് ഇതിന് ആക്കം കൂടി. 

ബംഗാള്‍ സുല്‍ത്താനേറ്റ്
ശംസുദ്ധീന്‍ ഇല്യാസ്ഷാ രാജാവ് സ്ഥാപിച്ച സുല്താനേറ്റ് ആണ് 14-ാം നൂറ്റാണ്ട് മുതല്‍ ഈ പ്രദേശം ഭരിച്ചത്. ശംസുദ്ധീന്‍ ഇല്യാസ്ഷാ ബംഗാളിനെ ഒരു സ്വതന്ത്ര സുല്‍ത്താനേറ്റാക്കി. പാണ്ഡുവയായിരുന്നു ഭരണ തലസ്ഥാനം. രാഷ്ട്ര വിപുലീകരണത്തിന്റെ ഭാഗമായി അദ്ദേഹം, നേപ്പാളിലെ കാഠ്മണ്ഡുവിനോടും ഡല്‍ഹി ‍സുല്‍ത്താനേറ്റിനോടും യുദ്ധം ചെയ്തിട്ടുണ്ട്.

1576 ല്‍ അക്ബര്‍ ചക്രവര്‍ത്തി, ആഗോള കച്ചവട കേന്ദ്രം കൂടിയായിരുന്ന ബംഗാള്‍ കീഴടക്കി. തുണി നിര്‍മാണം, കപ്പല്‍ നിര്‍മാണം എന്നീ രംഗങ്ങളില്‍ ബംഗാള്‍ പ്രസിദ്ധമായിരുന്നു. ശേഷം ജഹാംഗീറിന്റെ കാലത്ത് ധാക്കയുടെ പേര് ജഹാംഗീര്‍ നഗറെന്ന് മാറ്റി. മുഗള്‍ ഭരണകാലത്ത് ധാക്കയുടെ വാസ്തുവിദ്യ സമ്പന്നമായിരുന്നു. 1678ല്‍ നിര്‍മ്മിക്കപ്പെട്ട ലാല്‍ബാഗ് കോട്ട, നൂര്‍ജഹാന്‍റെ കൊച്ചുമകളുടെ മഖ്ബറ, ഇപ്പോഴും വശേഷിക്കുന്ന ബാരാ കത്ര, ഛോട്ടാ കത്ര, ഹുസൈനി ദലന്‍ (ഷിയാ പള്ളി) എന്നിവ അക്കാലത്തെ പ്രധാന നിര്‍മ്മിതികളായിരുന്നു.

ബംഗാള്‍ നവാബ്
18-ആം നുറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബംഗാള്‍, ബീഹാര്‍, ഒറീസ്സ പ്രദേശങ്ങളടങ്ങിയ പ്രവിശ്യയുടെ യഥാര്‍ത്ഥ  നിയന്ത്രണം, മുഗള്‍ കാലത്തെ ഗവര്‍ണറായിരുന്ന ബംഗാള്‍ നവാബിന്റെ കീഴിലായിരുന്നു. മുഗള്‍ ഭരണത്തിന് കീഴില്‍, നികുതിയിലെ ഒരു വിഹിതം പൊതുഖജനാവിലേക്ക് അയക്കുക എന്ന നിബന്ധനയോടെ ഏറെക്കുറെ സ്വതന്ത്രമായി പല പ്രവിശ്യകളും ഭരിച്ചവരായിരുന്നു നവാബുകള്‍. പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും സമ്പന്നരായിരുന്ന ഭരണാധികാരികളായിരുന്നു ബംഗാള്‍ നവാബുകള്‍.
ആധുനിക ബംഗ്ലാദേശ്
1947ല്‍ സ്വാതന്ത്ര്യാനന്തരമുണ്ടായ വിഭജനത്തോടെ, പാകിസ്താന്റെ ഭാഗമായി ബംഗ്ലാദേശ് പ്രദേശം ഇന്ത്യയില്‍നിന്ന് വേര്‍പെട്ടുപോവുകയും കിഴക്കന്‍ പാകിസ്ഥാന്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ശേഷം, ഭാഷാമുന്നേറ്റവും തെരഞ്ഞെടുപ്പുകളും പാകിസ്ഥാനിലെ പട്ടാള അട്ടിമറികളുമെല്ലാമായതോടെ ബംഗ്ലാദേശ് ദേശീയ വാദം ശക്തിപ്പെട്ടുവന്നു. ദേശീയ സത്വം അംഗീകരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചതോടെ, 1971 ല്‍ ശൈഖ് മുജീബുറഹ്മാന്റെ നേതൃത്വത്തില്‍ അവാമി ലീഗ് സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ചു. ഈ സമരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ സൈനികമായി പിന്തുണക്കുകയും 1972 ജനുവരിയോടെ ബംഗ്ലാദേശ് സ്വതന്ത്ര മതേതര രാഷ്ട്രമായി, പീപ്പിള്‍ റിപബ്ലിക് ഓഫ്‌ ബംഗ്ലാദേശ് എന്ന പേരില്‍ നിലവില്‍ വരികയും ചെയ്തു. പിന്നീട് 1988 ലാണ് ഇസ്‍ലാം ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെടുന്നത്. 
ശൈഖ് മുജീബുറഹ്മാന്‍ ബംഗ്ലാദേശിന്റെ ആദ്യപ്രധാനമന്ത്രിയായി. ശേഷം ഏകാധിപത്യസ്വഭാവത്തിലേക്ക് നീങ്ങിയ അദ്ദേഹം 1975ല്‍ വധിക്കപ്പെട്ടു. മൂന്ന് വര്‍ഷത്തെ പട്ടാള ഭരണത്തിന് ശേഷം 1977ല്‍ സിയാഉര്‍റഹ്മാന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തി. 1981ല്‍ അദ്ദേഹവും വധിക്കപ്പെടുകയും ശേഷം വൈസ് പ്രസിഡണ്ട് താല്‍കാലിക ചുമതല ഏല്‍ക്കുകയും ചെയ്തു. ശേഷം സൈനികമേധാവി ഹുസൈന്‍ ഇര്‍ശാദ് ആയിരുന്നു രാജ്യം നിയന്ത്രിച്ചത്. ഭരണരംഗത്ത് ഏറെ ക്രിയാത്മക കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ കാലത്താണ് ഇസ്‍ലാം ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെടുന്നത്.

1991 ലെ തെരഞ്ഞെടുപ്പോട് കൂടി, ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ലീഡര്‍ ബീഗം ഖാലിദ സിയാ ആദ്യവനിതാ പ്രധാനമന്ത്രിയായി. സാമ്പത്തിക പുരോഗതിക്കും രാഷ്ട്ര വികസനത്തിനും ഏറെ കാര്യങ്ങള്‍ ഇക്കാലയളവില്‍ നടത്തി. 5 വര്‍ഷത്തെ ഭരണത്തിന് ശേഷം ഏതാനും മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് വീണ്ടും അധികാരത്തിലെത്തുകയും ശൈഖ് ഹസീന പ്രധാനമന്ത്രിയാവുകയും ചെയ്തു. ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ അധികാരം മാറിമാറി വരുകയും ഇടക്ക് പട്ടാള അട്ടിമറി ശ്രമങ്ങള്‍ നടക്കുകയും ചെയ്തു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന രംഗത്ത് ബംഗ്ലാദേശ് ഏറെ മുന്നേറിയിട്ടുണ്ട്. നിലവില്‍ ശൈഖ് ഹസീന പ്രധാനമന്ത്രിയും മുഹമ്മദ് ശഹാബുദ്ദീന്‍ പ്രസിഡണ്ടുമാണ്.

രോഹിംഗ്യന്‍ വംശഹത്യയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെത്തിയത് ബംഗ്ലാദേശിലാണ്. ഏകദേശം 7 ലക്ഷം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുണ്ടെന്നാണ് കണക്ക്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter