ഫത്ഹുല്ലാഹ് ഗുലന്‍ വിടവാങ്ങുമ്പോഴും ബാക്കിയാവുന്ന വിവാദങ്ങള്‍

പ്രമുഖ പണ്ഡിതനും പ്രബോധകനുമായ ഫത്ഹുല്ലാഹ് ഗുലന്റെ മരണത്തോടെ അദ്ദേഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളിൽ വീണ്ടും ഇടം പിടിക്കുകയാണ്. 2016ൽ തുർക്കിയിൽ നടന്ന അട്ടിമറി ശ്രമത്തിന് പിന്നിൽ ഫത്ഹുല്ല ഗുലൻ നേതൃത്വം നൽകുന്ന ഹിസ്‌മത് (ഗുലനിസ്റ്) മൂവ്മെൻ്റ് ആണെന്ന് ഉറുദുഗാൻ അവകാശപ്പെടുമ്പോഴും ആധുനിക തുർക്കിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇവരുടെ പങ്ക് നിസ്തുലമാണെന്ന് പറയാതെ വയ്യ. ശക്തമായ ഇസ്‍ലാമിക വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ട ടർക്കിഷ് ജനതയെ നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിച്ചത് ഗുലന്റെ കഠിന പ്രയത്നങ്ങളായിരുന്നു. വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ സെക്കുലർ തുർക്കിയുടെ തന്നെ മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ ഗുലനിസ്റ് മൂവ്മെന്റിന്റെ  പങ്ക് വളരെ വലുതാണ്.

1941ല്‍ തുര്‍കിയിലെ എര്‍സുറൂമിലായിരുന്നു ഗുലന്റെ ജനനം. 1960ല്‍ ഒരു പള്ളിയിലെ ഇമാം ആയി സേവനം തുടങ്ങിയ ഗുലാന്‍ വൈകാതെ തന്റെ പ്രഭാഷണങ്ങളിലൂടെ ഇസ്മീര്‍ പ്രദേശത്ത് ശക്തമായ സ്വാധീനമുണ്ടാക്കുകയും  ക്രമേണ, ഹിസ്മത് (സേവനം) മൂവ്മെന്റ് സ്ഥാപിക്കുകയും ചെയ്തു. നഷ്ടപ്പെട്ട സ്വര്‍ഗ്ഗത്തിലേക്ക്, ഇസ്‍ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകങ്ങള്‍, തിരിച്ചറിവിന്റെ മുത്തുകള്‍ തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികളും ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍, സ്വതന്ത്രമാര്‍കറ്റുകള്‍ തുടങ്ങിയവയിലൂടെ ഹിസ്മത് മൂവ്മെന്റ് തുര്‍കിക്ക് പുറത്ത് ലോകത്തിന്റെ പല ഭാഗത്തും സേവനങ്ങള്‍ നല്കുന്ന തലത്തിലേക്ക് വളര്‍ന്നു.

മത വിദ്യാഭ്യാസത്തിന് ശക്തമായ വിലക്ക് ഏർപ്പെടുത്തപ്പെട്ട കാലഘട്ടങ്ങളിൽ അണ്ടർ ഗ്രൗണ്ട് മദ്രസകൾ ആയിരുന്നു  വിശ്വാസികളുടെ ആശ്രയം.  ഗവൺമെന്റിന്റെ നിയന്ത്രണങ്ങളെ മറികടന്ന് രൂപപ്പെട്ട ജമാഅത്തുകൾ തങ്ങളുടേതായ രീതിയിൽ ഖുർആൻ കോഴ്സുകളും മത പാഠങ്ങളും സംഘടിപ്പിച്ചിരുന്നു. സഈദ് നൂർസിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട നൂര്‍ജു ജമാഅത്ത്  ഇതിൽ ശ്രദ്ധേയമായതാണ്. സെക്യുലർ  ഭരണത്തെ ചോദ്യം ചെയ്യാതെ തന്നെ സ്വകാര്യമായി ഇസ്‍ലാം  അനുഷ്ടിക്കണം എന്ന് നിർദ്ദേശിച്ച ഇദ്ദേഹം തൻറെ അനുയായികളോട് സയൻറിഫിക്  വിജ്ഞാനീയങ്ങളും കരസ്ഥമാക്കാൻ പ്രോത്സാഹിപ്പിച്ചു.  നൂർസിയുടെ   എഴുത്തുകളെ ആസ്പദമാക്കി ഓട്ടോമൻ സിലബസുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ഈ മദ്രസകൾ പ്രവർത്തിച്ചിരുന്നത്. 

1957ല്‍ നൂർസിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ ഫത്ഹുല്ല ഗുലൻ  നൂർജു മൂവ്മെന്റിന്റെ സജീവ പ്രവർത്തകനായി മാറി.  സെക്കുലർ   വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിൽ തങ്ങളുടെ മതപരമായ അജണ്ടകൾ നടപ്പാക്കുന്നതിൽ ഇവർ വിജയിച്ചിരുന്നു. അതേസമയം തന്നെ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഖുർആൻ കോഴ്സ്, ഇമാം ഖത്തീബ് സ്കൂളുകൾ, ഇസ്‍ലാമിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ സ്വാഗതം ചെയ്യുകയും അവയിലൂടെ തങ്ങളുടെ അജണ്ടകൾ നടപ്പാക്കുകയും ചെയ്തു. വലിയൊരു ശതമാനം യുവാക്കളും ഇസ്‍ലാമിൽ നിന്ന് അകലുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഫത്ഹുല്ലാഹ് ഗുലൻ, ഹിസ്മത്ത് മൂവ്മെൻറിന് കീഴില്‍ പല  പദ്ധതികളും ആവിഷ്കരിച്ചു. 

യുവാക്കളെയും പൊതുജനങ്ങളെയും ലക്ഷ്യം വെച്ച് സമ്മർ ക്യാമ്പുകളും പൊതു പരിപാടികളും സംഘടിപ്പിച്ച്  ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇദ്ദേഹത്തിനായി. വ്യത്യസ്തമായ മാധ്യമങ്ങളിലൂടെ ഇസ്‍ലാമിക പാഠങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിച്ച ഹിസ്മെത്ത് മൂവ്മെൻ്റ് ഗുലന്റെ പ്രസംഗങ്ങളും ക്ലാസ്സുകളും കാസറ്റുകളിൽ ആക്കി വിതരണം ചെയ്തിരുന്നു. ഇവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ പലരും ഈ ഉദ്യമത്തെ  സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടുവന്നു. 1970 കളിൽ ഇസ്‍ലാമിക വിരുദ്ധരായ അധ്യാപകർ സെക്കുലർ സ്കൂളുകളിൽ വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ട ഗുലൻ  ഇസ്‍ലാമിക മൂല്യങ്ങളിൽ ഊന്നിയ ആധുനിക വിദ്യാഭ്യാസം ലഭിച്ച തലമുറയെ വാർത്തെടുക്കാനുള്ള ശ്രമം നടത്തി. 1978 സെക്കുലറിസ്റ്റുകളുടെ കുത്തകയായിരുന്ന യൂണിവേഴ്സിറ്റികളിലേക്കുള്ള എൻട്രൻസ് എക്സാമിന് വേണ്ട കോച്ചിംഗ് സെൻററുകൾ ആരംഭിക്കുകയും 1979 സിസിന്റി എന്ന പേരിൽ മാഗസിൻ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1980ല്‍ തുർക്കിയിൽ നടന്ന അട്ടിമറിയോടെ ഹിസ്മത്ത് മൂവ്മെന്റിനെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങൾ അനുകൂലമായി. പബ്ലിക് സ്കൂളുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വന്നതോടെ സ്വകാര്യ, സെക്യുലർ, എലൈറ്റ് സ്കൂളുകളിൽ നിക്ഷേപം നടത്താൻ ഗുലൻ തന്റെ അനുയായികളെ ഉപദേശിച്ചു. ഇസ്‍ലാമിക മൂല്യങ്ങളിൽ ഊന്നിയ സെക്കുലർ വിദ്യാഭ്യാസം ഒരു സുവർണ്ണ തലമുറയെ വാർത്തെടുക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ വിശ്വാസം. 1980-90കളിൽ 150 ഓളം സെക്യുലർ സ്കൂളുകൾക്ക് പുറമേ 150ലേറെ മതവിദ്യാഭ്യാസ ശാലകളായ ദർശനുകളും ഹിസ്മത്ത് മൂവ്മെന്റിന് കീഴിൽ പിറവി കൊണ്ടു. തൊണ്ണൂറുകളോടെ തുർക്കിക്ക് പുറത്തുള്ള  മുസ്‍ലിം ഭൂരിപക്ഷ  ബാൾക്കൻ, സെൻട്രൽ ഏഷ്യ മേഖലകളിലായി 250 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു. തുർക്ക് വംശജരായ മുസ്‍ലിം വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് 1995ൽ  ആദ്യമായി  ജർമ്മനിയിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയ ഇവർക്ക് ഇന്ന് യൂറോപ്പിൽ ആകമാനം നൂറിൽപരം സ്ഥാപനങ്ങളുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയിരുന്ന ഇവർ 1990ന് ശേഷം ഫാത്തിഹ് യൂണിവേഴ്സിറ്റി തുറക്കുകയും വ്യത്യസ്തമായ സ്കോളർഷിപ്പുകളിലൂടെ യുവാക്കളെ അതിലേക്ക് ആകർഷിക്കുകയും ചെയ്തു. 

1997ൽ ദേശവിരുദ്ധത ആരോപിച്ച് ഗുലനെയും അദ്ദേഹത്തിൻറെ അനുയായികളെയും വേട്ടയാടാൻ ഉള്ള ശ്രമങ്ങൾ ഗവൺമെൻറ്  തുടങ്ങിയതിനെ തുടർന്ന് അദ്ദേഹം അമേരിക്കയിൽ അഭയം പ്രാപിച്ചു. ജനാധിപത്യത്തിനും തുർക്കിഷ് ദേശീയതക്കും പ്രാധാന്യം നൽകിയിരുന്നു എങ്കിലും ടർക്കിഷ് സെക്കുലറിസത്തെ മറികടന്ന് ഇസ്‍ലാമിക അധികാരം സ്ഥാപിക്കാനാണ് ഹിസ്മത്ത് മൂവ്മെൻറ് ശ്രമിക്കുന്നത് എന്ന് വിമർശനം ഉയർന്നിരുന്നു.  ഇന്ന് തുർക്കി ഭരിച്ച് കൊണ്ടിരിക്കുന്ന എ കെ പാർട്ടിയുടെ വേരുകൾ ഹിസ്മത്ത് മൂവ്മെന്റിലേക്കാണ് ചെന്നെത്തുന്നത്. ഉറുദുഗാന്റെ സെക്യുലറിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ ഗുലൻ അദ്ദേഹത്തിൻറെ ആശ്രയമായിരുന്നു. 

എന്നാൽ 2001ൽ  ഉറുദുഗാൻ ഹിസ്മത്ത് മൂവ്മെൻ്റ്റുമായി ഇടയുകയും 2013ൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. 2016ൽ നടന്ന കലാപത്തിന് പിന്നിൽ ഗുലനും ഹിസ്മത്ത് മൂവ്മെൻ്റും ആണ് എന്ന ആരോപണം ഉയർത്തുകയും ഹിസ്മത്ത് മൂവ്മെൻറിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. തുര്‍കിയില്‍നിന്ന് പുറത്ത് പോവേണ്ടിവന്നതിനെ തുടര്‍ന്ന അമേരിക്കയിലേക്ക് പോയ ഗുലന്‍ പെന്‍സില്‍വാനിയയില്‍ വെച്ച് തന്നെ, 2024 ഒക്ടോബര്‍ 20നാണ് മരണപ്പെടുന്നത്.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും പലതും നടക്കുന്നുണ്ടെങ്കിലും, ഇന്നും പാശ്ചാത്യ ലോകത്ത് ഇസ്‍ലാമിനെ കൃത്യമായി പരിചയപ്പെടുത്തുന്നതില്‍ ഹിസ്മത്ത് മൂവ്മെന്റിന്റെയും ഗുലന്റെയും പങ്ക് ചെറുതല്ല. ഉര്‍ദുഗാനും കൂട്ടാളികളും അദ്ദേഹത്തെ ഭീകരവാദിയും ഭരണവിരുദ്ധനുമായി പരിചയപ്പെടുത്തുന്നുവെങ്കിലും, ആധുനികതുര്‍കിയുടെ രൂപീകരണത്തിലും തുര്‍കി ജനതയെ മിതവാദത്തിലേക്ക് എത്തിക്കുന്നതിലും ആധുനിക ലോകക്രമത്തില്‍ മുസ്‍ലിംകള്‍ എങ്ങനെ ജീവിക്കണമെന്ന് കാണിക്കുന്നതിലും അദ്ദേഹം ഇസ്‍ലാമിക ലോകത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. അവയുടെ പേരില്‍ എന്നും അദ്ദേഹം ഓര്‍ക്കപ്പെടുക തന്നെ ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter