സഈദ് നൂര്‍സി: തുര്‍കിയെ തിരിച്ച് നടത്തിയ പണ്ഡിതന്‍

1877 തുര്‍ക്കിയിലെ കിഴക്കന്‍ അനത്തോളിയയിലെ നൂര്‍സ് ഗ്രാമത്തിലാണ് സയ്യിദ് നുര്‍സി ജനിക്കുന്നത്. കുര്‍ദിശ് കര്‍ഷക കുടുംബത്തില്‍ നിന്നുള്ള, പ്രവാചക പരമ്പരയില്‍പെട്ട ഭക്തരും വിനയാന്വിതരുമായ മുല്ലാമിര്‍സാ നൂരിയ്യ ദമ്പതികളുടെ ഏഴ് മക്കളില്‍ ഇളയ മകനായിട്ടാണ് സഈദ് നുര്‍സി പിറവികൊള്ളുന്നത്. ബദീഉസ്സമാന്‍ (യുഗത്തിന്റെ അത്ഭുതം), ഉസ്താദ് എന്നീ തൂലികാനാമങ്ങളില്‍ അറിയപ്പെട്ട നൂര്‍സി അതീവ ബുദ്ധിശക്തിയുടെയും അഗാധ ജ്ഞാനത്തിന്റെയും ഉടമയായിരുന്നു. 

ആറായിരത്തിലധികം പേജുകളുള്ള ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ ശേഖരം രിസാലെ-നൂര്‍ എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് രചന.  ആഴമുള്ള വ്യാഖ്യാനം എന്നതിലുപരി, ഇസ്‍ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ ഏറ്റവും നല്ലനിലയില്‍ വിവരിച്ചുകൊണ്ട് ഭൗതിക തത്വശാസ്ത്രങ്ങളുടെ പൊള്ളത്തരങ്ങള്‍ വരച്ച് കാട്ടുകയും പരലോകവിധിപോലുള്ള കാര്യങ്ങള്‍ അതിനൂതനമായ രീതിയില്‍ വിശകലനം ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.


നൂര്‍സി തന്റെ ജീവിതത്തെ മൂന്ന് ഘട്ടങ്ങളായി തരംതിരിക്കുന്നു. സഈദ് ഖദീം എന്ന് അറിയപ്പെടുന്ന ആദ്യകാലഘട്ടം രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുകയും രാഷ്ട്രീയത്തിലൂടെ ഇസ്‍ലാമിനെ സേവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്ത കാലമാണ്. അദ്ദേഹത്തിന്റെ ജനനം മുതല്‍ 1920 കളുടെ ആരംഭം വരെയുള്ള ഈകാലഘട്ടം ഒന്നാം ലോകമഹായുദ്ധത്തിനും ഉസ്മാനിയ്യാ സാമ്രാജ്യത്തിന്റെ പതനത്തിനും ശേഷമുള്ളതാണ്. പ്രതിസന്ധികളുടെയും പ്രക്ഷോഭങ്ങളുടെയും ഈകാലഘട്ടം അദ്ദേഹത്തെ വ്യക്തിപരമായ പരിവര്‍ത്തനത്തിന് വിധേയമാക്കി എന്ന് വേണം പറയാന്‍.

രണ്ടാമത്തെ കാലഘട്ടമായ സഈദ് ജദീദ് കാലഘട്ടത്തില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയും ഇസ്‍ലാമിന്റെ സൗന്ദര്യവും സാധുതയും തെളിയിക്കുന്നതിനായി യുക്തി ഉപയോഗിച്ച് ‌രിസാലെ-നൂര്‍ ശേഖരം എഴുതുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. ഈകാലയളവിന്റെ ഭൂരിഭാഗവും അദ്ദേഹം ജയിലിലും പ്രവാസത്തിലുമായിരുന്നു. 1949ല്‍ തുര്‍ക്കയിലെ അഫിയോണ്‍ ജയിലില്‍ നിന്ന് മോചിതനായതോടെ ഈ കാലയളവ് അവസാനിച്ചു. 

മൂന്നാം സഈദ് കാലഘട്ടം 1949 മുതല്‍ 1960ല്‍ വഫാത്താകുന്നതുവരെയാണ്. ആ കാലയളവിലാണ് തുര്‍ക്കിയില്‍ ആദ്യത്തെ ജനാധിപത്യതെരഞ്ഞെടുപ്പ്‌നടക്കുന്നതും സ്വാതന്ത്ര്യം ലഭിക്കുന്നതും. കുറച്ച്കാലം സഹോദരന്‍ മുല്ല അബ്ദുല്ലയോടോപ്പം താമസിച്ച ശേഷം തുര്‍ക്കിയുടെ തെക്ക്കിഴക്കന്‍ പ്രവിശ്യയായ സിയര്‍ട്ടിലേക്ക് മടങ്ങി. അവിടെ പ്രമുഖ പണ്ഡിതനായ മുല്ല ഫതഹുല്ലായുടെ മദ്രസയില്‍പോയി. മഹാനവര്‍കളെ പരീക്ഷിക്കാനായി മുല്ലാഫത്ഹുല്ലാ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം  മറുപടി പറഞ്ഞതോടെ മുല്ലാ ഫത്ഹുല്ലാ അദ്ദേഹത്തിന്റെ ബുദ്ധിവൈഭവം കണ്ട് ആശ്ചര്യപെട്ടു. 

മുല്ലാ ഫത്ഹുല്ലാ പണ്ഡിതരോടെല്ലാം പറഞ്ഞു, ഒരു യുവ വിദ്യാര്‍ത്ഥി എന്റെ മദ്രസയില്‍ വന്നിട്ടുണ്ട്. ഞാന്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍ ഉത്തരം നല്‍കി. ഇത്ര ചെറുപ്പത്തില്‍ അദ്ദേഹം നേടിയ ജ്ഞാനവും അറിവും എന്നെ അതിശയിപ്പിക്കുന്നു. ഇതിനുശേഷം സിയര്‍ട്ടിലെ പണ്ഡിതന്മാര്‍ അദ്ദേഹത്തിന് ബദീഹുസ്സമാന്‍ (യുഗത്തിന്റെ അത്ഭുതം) എന്ന സ്ഥാനപ്പേര് നല്‍കി. 13-14 വയസ്സില്‍ തന്നെ പാഠ്യപദ്ധതിയിലെ, നൂറിലധികം വരുന്ന ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. സാധാരണ 10-15 വര്‍ഷമെടുക്കുന്ന ഇത്, അദ്ധ്യാപകനെ ആശ്രയിക്കാതെയാണ് അദ്ദേഹം നേടിയത്. ഓരോ പുസ്തകത്തിന്റെയും പ്രധാന ആശയങ്ങള്‍ ഗ്രഹിച്ചെടുക്കുക, തുടര്‍ന്ന് അവശേഷിക്കുന്നതല്ലാം സ്വയം പഠനത്തിലൂടെ പ്രാവീണ്യം നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 

പിന്നീട് വാനിലെ വിലായറ്റ് ഗവര്‍ണര്‍ അദ്ദേഹത്തെ തന്റെ ബംഗ്ലാവില്‍ താമസിക്കാന്‍ ക്ഷണിച്ചു. അതോടെ, ഗവര്‍ണറുടെ ലൈബ്രറിയിലെ ശാസ്ത്രീയ അറിവിന്റെ ശേഖരണത്തിലേക്ക് അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇസ്‍ലാമിക ശാസ്ത്രത്തിനുപുറമേ ചരിത്രം, ഭൂമിശാസ്ത്രം, ജിയോളജി, ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, തത്വചിന്ത എന്നിവ കരസ്ഥമാക്കിയത് അവിടെ വെച്ചാണ്. ഈ സമയത്ത് ഉസ്മാനിയ്യാ സാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കാനുള്ള ഒരു പദ്ധതി അദ്ദേഹം വികസിപ്പിച്ചു. ശാസ്ത്രീയവും മതപരവുമായ വിദ്യാഭ്യാസം സംയോജിപ്പിക്കുന്ന മദ്രസതുസ്സഹ്‌റ എന്ന പേരില്‍, സുല്‍ത്താന്‍ മെഹമ്മദ് അഞ്ചാമന്റെ സഹകരണത്തോടെ അത് സ്ഥാപിക്കുകയും ചെയ്തു.  പക്ഷേ ഒന്നാംലോകമഹായുദ്ധത്തോടെ ഇത് നിര്‍ത്തലാക്കേണ്ടിവന്നു. 

രിസാലെനൂര്‍

തന്റെ പ്രവാസ കാലത്ത്, നൂര്‍സി  രിസാലെനൂറിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. നൂര്‍കുലുക്ക് എന്ന മത-ബൗദ്ധിക പ്രസ്ഥാനത്തിന് അടിത്തറയിട്ടത് ആ കൃതിയായിരുന്നു. തന്റെ മഹത്തായ പ്രവര്‍ത്തനത്തില്‍, ഖുറാന്‍ സൂക്തങ്ങളും പ്രകൃതി ലോകവും തമ്മില്‍ ബന്ധം സ്ഥാപിക്കാനും മതവും ശാസ്ത്രവും തമ്മില്‍ വൈരുദ്ധ്യങ്ങളൊന്നും നിലവിലില്ലെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിച്ചു. കൂടാതെ ഒരു യാന്ത്രിക പ്രപഞ്ചത്തിന്റെ ശില്പിയായി ദൈവം എന്ന സമൂലമായ ആശയം നര്‍സി മുന്നോട്ടുവച്ചു. ദൈവത്തിന്റെ അസ്തിത്വം, ആത്മാവിന്റെ സ്വഭാവം, ജീവിതത്തിന്റെ ഉദ്ദേശ്യം തുടങ്ങിയ മനുഷ്യന്റെ അസ്തിത്വത്തിന്റെ അടിസ്ഥാന ചോദ്യങ്ങളെ രിസാലനൂര്‍ അഭിസംബോധനം ചെയ്യുന്നു. അന്ധമായ വിശ്വാസത്തിലോ തസവ്വുഫിലോ റിസാലെനൂര്‍ ആശ്രയിക്കുന്നില്ല. പകരം വിശ്വാസത്തിന്റെ സത്യങ്ങള്‍ തെളിയിക്കാന്‍ യുക്തി ഉപയോഗിക്കുന്നു. 

റിസാലെനൂര്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ചിന്തകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ശേഖരമായിരുന്നു. ബര്‍ലയില്‍ ചെലവഴിച്ച എട്ടര വര്‍ഷത്തിനിടയില്‍, നൂര്‍സി ഏകദേശം മുക്കാല്‍ ഭാഗവും രിസാലെനൂറിന്റെ എഴുത്തിലായിരുന്നു. തുര്‍ക്കിയുടെ പുതിയ മതേതര ഭരണകൂടം എല്ലാ മതഗ്രന്ഥങ്ങളും നിരോധിച്ചതിനാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ കൈയെഴുത്ത് പകര്‍പ്പുകള്‍ രഹസ്യമായി പ്രചരിപ്പിച്ചു. 1946-ല്‍ നര്‍സിയുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്യൂപ്ലിക്കേറ്റിംഗ് മെഷീനുകളിലേക്ക് പ്രവേശനം ലഭിക്കുന്നത് വരെ ഈ ശേഖരം ഈ രീതിയില്‍ വിതരണം ചെയ്യപ്പെട്ടു. അതിന് മുമ്പ്, 600,000 കൈയ്യെഴുത്ത് കോപ്പികള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. വലിയൊരു ജനതയെ അത് സ്വാധീനിച്ചു. പണമോ സ്വത്തോ ഇല്ലാതെ ഒരു വിദൂര പ്രദേശത്ത് നാടുകടത്തപ്പെട്ടെങ്കിലും തന്റെ രചനകളുടെ ശക്തമായ സ്വാധീനം കാരണം ദശലക്ഷക്കണക്കിന് ടര്‍ക്കിഷ് പുരുഷന്മാരിലും സ്ത്രീകളിലും കാര്യമായ സ്വാധീനം ചെലുത്താന്‍ നര്‍സിക്ക് കഴിഞ്ഞു. 

അതിലൂടെ രൂപമെടുത്ത നര്‍കു പ്രസ്ഥാനം 1950 വരെ നിശബ്ദമായി വളര്‍ന്നു, അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഫലവത്തായില്ല. പിന്നീട് അത് കൂടുതല്‍ പരസ്യമായി പ്രചരിച്ചു. നര്‍സിയുടെ സ്വാധീനം പിന്നീട് തുര്‍ക്കിക്ക് പുറത്തേക്കും വ്യാപിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍, മുപ്പത്തിമൂന്ന് ഭാഗങ്ങളിലായി  സോസ്ലര്‍ (വാക്കുകള്‍) എന്ന പേരിലും വിദ്യാര്‍ത്ഥികള്‍ക്ക് എഴുതിയ കത്തുകള്‍ മക്തുബത്ത് (ലിഖിതങ്ങള്‍) എന്ന പേരിലും ശേഖരിക്കപ്പെട്ടു. കൂടാതെ, അദ്ദേഹം രണ്ട് കൃതികള്‍ കൂടി എഴുതി: ലെമലാര്‍ (ദി ഫ്‌ലാഷസ്), സുലാര്‍ (ദി റേയ്സ്). 

1943-ല്‍ ദൈവത്തെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ച ഒരു ഉപന്യാസം വിവാദമാവുകയും വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലാവുകയും ചെയ്തു. വിചാരണയ്ക്കായി കാത്തിരിക്കുമ്പോള്‍ ജയിലില്‍ നിന്ന് അദ്ദേഹം തന്റെ ജോലി തുടര്‍ന്നു. പുതിയ ഉപന്യാസങ്ങള്‍ എഴുതുകയും കുറ്റവാളികളെ പരിഷ്‌കരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഒടുവി ല്‍കുറ്റവിമുക്തനാക്കിയെങ്കിലും സ്വാതന്ത്ര്യം ലഭിച്ചില്ല. പകരം, അദ്ദേഹത്തെ മറ്റൊരു വിദൂര ഗ്രാമമായ എമിര്‍ദാഗിലേക്ക് നാട് കടത്തി. വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ അഫിയോണ്‍ ജയിലിലേക്കാണ് അയച്ചത്. അവിടെ അദ്ദേഹത്തിന് വലിയ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നു. എഴുപതുകളിലെത്തിയ അദ്ദേഹം നിരവധി രോഗങ്ങളാല്‍ വലഞ്ഞിരുന്നു. തകര്‍ന്ന ജനാലകളുള്ള ഒരു ഐസൊലേഷന്‍ സെല്ലിലായിരുന്നു അദ്ദേഹത്തെ പാര്‍പ്പിച്ചത്.

വഫാത്ത്

1379 റമദാന്‍ 25, 1960 മാര്‍ച്ച് 23ന് ഉര്‍ഫയിലേക്കുള്ള യാത്രയ്ക്ക് ശേഷം ക്ഷീണം മൂലം അദ്ദേഹം മരിച്ചു. പ്രവാചകന്‍ ഇബ്രാഹീം നബി ജനിച്ച സ്ഥലം എന്ന് കരുതപ്പെടുന്ന ഗുഹയ്ക്ക് എതിര്‍വശത്തായാണ് അദ്ദേഹം അടക്കം ചെയ്യപ്പെട്ടത്. 1960 ജൂലൈയില്‍, പുതുതായി സ്ഥാപിതമായ സൈനിക ഭരണകൂടം രാത്രിയില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഉര്‍ഫയില്‍ നിന്ന് ഒരു രഹസ്യ സ്ഥലത്തേക്ക് മാറ്റിയെന്നും പറയപ്പെടുന്നു. 

ഒരു ഔദ്യോഗിക രേഖയനുസരിച്ച്, 551 ടര്‍ക്കിഷ് ലിറകളും 50 കുരുഷുകളും (ഒരു ടര്‍ക്കിഷ് ലിറയുടെ 1/100 ന് തുല്യമായ തുര്‍ക്കി കറന്‍സി) ഒരു വാച്ച്, ഗൗണ്‍, ഷാള്‍, മുസല്ല, ചായ പാത്രം, ഗ്ലാസുകള്‍എന്നിവ മാത്രമായിരുന്നുവത്രെ മരണസമയത്ത് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter