മിഡിൽ ഈസ്റ്റിലെ അട്ടിമറികൾ: അമേരിക്കയുടെ അജണ്ടകളാണ് വിജയിക്കുന്നത്
പ്രമുഖ രാഷ്ട്രീയ നിരീക്ഷകയും ഈജിപ്ഷ്യന്‍ എഴുത്തുകാരിയുമായ ഡോ. അമീറ അബുല്‍ ഫുതൂഹ്, അറബ് രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ ഇടപെടലുകളെ നിരീക്ഷിച്ച് കൊണ്ട്, മിഡിലീസ്റ്റ് മോണിറ്ററിലെഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം
രണ്ടാം ലോകമഹായുദ്ധത്തിൽ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ വിജയിച്ചതോടെയാണ് ലോകത്തിന്റെ നിയന്ത്രണം അമേരിക്കയുടെ കൈകളിലെത്തുന്നത്. അതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളും കോളനികളും അമേരിക്കയുടെ സ്വാധീന വലയത്തിലായി. പൗരസ്ത്യ രാഷ്ട്രങ്ങളിൽ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഭരിക്കുന്നവര്‍ മാത്രം വരാനാണ് അവര്‍ ശേഷം എപ്പോഴും ശ്രമിച്ചത്. അല്ലാത്തവര്‍ വന്നപ്പോഴൊക്കെ സൈനിക അട്ടിമറിയിലൂടെ അവരെ പുറത്താക്കാനും മേധാവിത്വം കൈവിടാതിരിക്കാനും അവര്‍ പരമാവധി ജാഗ്രത കാട്ടി. അറബ് ലോകത്ത് അമേരിക്കന്‍ കൂറ് പ്രകടമാവുന്നതിന്റെ രഹസ്യവും ഇത് തന്നെ.
ശീതയുദ്ധകാലത്ത് കൊളോണിയൽ ക്രൂരതകൾക്ക് ഇരകളാകേണ്ടി വന്ന രാഷ്ട്രങ്ങളിൽ സ്വയം ഭരണ ക്രമം എന്ന ആശയത്തിന് വിത്ത് പാകിയാണ് അമേരിക്ക അവരുടെ രാഷ്ട്രീയത്തിൽ ഇടപെട്ടു തുടങ്ങിയത്. കിഴക്കൻ യൂറോപ്പിലും ഏഷ്യയിലുമായി അമേരിക്ക നടത്തിയ ഇടപെടലുകൾ നിലവിലുള്ള നിയമവ്യവസ്ഥയെ കുറിച്ച് ജനങ്ങളിൽ രോഷം സൃഷ്ടിച്ചു. അതോടെ നിലവിലെ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ ജനങ്ങൾ സന്നദ്ധരാവുകയും അമേരിക്കക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.
കമ്മ്യൂണിസത്തെ കുറിച്ച് ഭീതി നിറച്ചും പൗരസ്ത്യ നാടുകളിൽ സ്വയം ഭരണത്തിന്റെ വികാരം ആളിക്കത്തിച്ചുമാണ് അറബ് രാഷ്ട്രങ്ങളെ അമേരിക്ക കൈപ്പിടിയിലൊതുക്കിയത്. കൊളോണിയൽ ഭരണത്തിന്റെ കാലത്ത് ഈജിപ്തും ഇറാഖും ബ്രിട്ടീഷ് ഭരണത്തിന് കീഴിലും സിറിയ, ലെബനൻ, മൊറോക്കോ, അൾജീരിയ എന്നിവ ഫ്രാൻസിന്റെ അധിനിവേശത്തിലുമായിരുന്നു. ഈ കൊളോണിയൽ ശക്തികൾക്കെതിരെ അറബ് രാഷ്ട്രങ്ങളിൽ ശക്തമായ എതിർപ്പ് രൂപപ്പെടുകയും അവരെ കീഴടക്കാൻ വിമോചന പ്രസ്ഥാനങ്ങൾ ഉയർന്നുവരുകയും ചെയ്തു.
1940 കളിൽ ജീൻ പോൾ സാർത്രിന്റെ തത്വചിന്തയിൽ തത്പരരായ രാഷ്ട്രങ്ങൾ സ്വന്തമായി ഒരു അസ്തിത്വം രൂപപ്പെടുത്താൻ സാധ്യമായ വഴികളെല്ലാം തേടി. അധികാരം തലയ്ക്ക് പിടിക്കുന്നതിനിടയില്‍ മനുഷ്യത്വം പോലും ഇടക്കിടെ മരവിച്ചു പോവുന്നുണ്ടെന്ന് അവർ മനസ്സിലാക്കിയില്ല. 1948 ലുണ്ടായ ഇസ്രായേൽ ഫലസ്തീൻ സംഘർഷമാണ് അതിന്റെ ഗൗരവം ലോകത്തിന് കാണിച്ച് കൊടുത്തത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ഇറാഖ് അധിനിവേശത്തിലും 2011 ൽ നടന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിലും അമേരിക്കയുടെ കറുത്ത കരങ്ങൾ കാണാം. ഇറാനെതിരെ എല്ലാ വിധ പിന്തുണയും നല്കി അമേരിക്ക തന്നെ പാലൂട്ടി വളര്‍ത്തിയ സദ്ദാം ഹുസൈന്‍, ശേഷം, തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്നില്ലെന്ന് തോന്നിയതോടെ, കുവൈതുമായുണ്ടായ തർക്കത്തെ യുദ്ധത്തിലെത്തിച്ച് സദ്ദാമിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും തങ്ങളുടെ പാവകളായ ഒരു പറ്റം ആളുകള്‍ക്ക് അധികാരം നല്കി, അവരെ കൊണ്ട് തന്നെ അവസാനം സദ്ദാമിനെ തൂക്കിലേറ്റുകയും ചെയ്യുകയായിരുന്നു.
ഫാറൂഖ് രാജാവിന്റെ ഭരണകാലത്ത് വഫ്ദ് പാർട്ടിയുടെ നേതാവായ മുസ്തഫ പാഷയായിരുന്നു ഈജിപ്തിലെ പ്രധാനമന്ത്രി. സിറിയയിൽ ഹുസ്‌നി അൽ സൈം നടത്തിയ അട്ടിമറിക്ക് ശേഷമാണ് അമേരിക്കയുടെ പങ്ക് അദ്ദേഹം തിരിച്ചറിഞ്ഞത്. വിശ്വസ്തരായ തന്റെ സൈന്യത്തിന്റെ ബലത്തിലാണ് അന്ന് അദ്ദേഹത്തിന് അത് പരാജയപ്പെടുത്താനായത്. ബ്രിട്ടന്റെ സൈന്യം അന്ന് സൂയസ് കനാലിലുണ്ടായിരുന്നെങ്കിലും, അവര്‍ ഇടപെടാതെ മാറിനിന്നു. അട്ടിമറി നടന്ന് 71 വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടന്റെ നിലപാടിനെക്കുറിച്ചുള്ള രേഖകൾ ബിബിസി പ്രസിദ്ധീകരിച്ചത്. ബ്രിട്ടന്റെ സുരക്ഷയെ ബാധിക്കുകയോ ഏതെങ്കിലും ബ്രിട്ടീഷ് പൌരന്റെ ജീവൻ അപകടത്തിലാവുകയോ ചെയ്യുമ്പോള്‍ നടപടി എടുക്കാനായി ഈജിപ്തിലും മിഡിൽ ഈസ്റ്റിലും സൈന്യത്തെ വിന്യസിക്കുമെന്ന് കൂടി ബ്രിട്ടണ്‍ അന്ന് മുഹമ്മദ് നജീബിന് മുന്നറിയിപ്പ് നൽകിയിരുന്നു.
മുൻ സിഐഎ ഏജന്റ് മൈൽസ് കോപ്‌ലാൻഡ് ജൂനിയർ തന്റെ ദി ഗെയിം ഓഫ് നേഷൻസ് എന്ന പുസ്തകത്തിൽ കോപ്‌ലാൻഡിന് അടുത്ത ബന്ധമുള്ള ജമാൽ അബ്ദുൽ നാസറിന് ഏജൻസി രഹസ്യ സഹായം നൽകുകയും അദ്ദേഹത്തെ ഈ മേഖലയിലെ നേതാവായി നിയമിക്കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. 1952 ലെ അട്ടിമറിക്ക് നാല് മാസം മുമ്പ് സിഐഎയും നാസറും തമ്മിൽ മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായും രേഖകള്‍ പുറത്ത് വന്നിരുന്നു. അമേരിക്കയുടെ പിന്തുണയോടെ, അബ്ദുൽ നാസറിന്റെ സഹായത്തോടെയാണ് ഈ മേഖലയിലെ അക്കാലത്തെ മറ്റ് സൈനിക അട്ടിമറികളെല്ലാം നടന്നത്. 1958 ലെ ഇറാഖ് പ്രതിരോധ മന്ത്രി അബ്ദുൾ കരീം ഖാസിമിന്റെ നേതൃത്വത്തിലുള്ള അട്ടിമറിയോടെയാണ് ഇറാഖിലെ രാജവാഴ്ച അവസാനിക്കുന്നത്.
1963 ൽ നടന്ന ബാത്തിസ്റ്റ് അട്ടിമറിയിൽ ഖാസിം പരാജയപ്പെട്ടു. അദ്ദേഹത്തിന് പകരക്കാരനായി സഹോദരൻ അബ്ദുൾ റഹ്മാൻ അരീഫ് അധികാരമേറ്റെടുത്തുവെങ്കിലും 1968 ൽ മറ്റൊരു അട്ടിമറിയിലൂടെ അദ്ദേഹത്തെയും പരാജയപ്പെടുത്തി. അവസാനം അഹമ്മദ് ഹസ്സൻ അൽ ബക്കറിന്റെയും അദ്ദേഹത്തിന്റെ സഹോദരപുത്രനായ സദ്ദാം ഹുസൈന്റെയും നേതൃത്വത്തിൽ ഇരു ചേരികളിലായി ഇറാഖിൽ ഭരണം തുടർന്നു.
1962 സെപ്തംബർ 26 ന് അബ്ദുല്ല അൽ സലൂലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥർ യെമൻ ഭരണകൂടത്തെ അട്ടിമറിച്ചു. അവിടെയും യു.എസിന്റെ ഇടപെടലുകളുള്ളതായി സംശയിക്കപ്പെട്ടിരുന്നു. മുഅമ്മർ ഗദ്ദാഫി സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ 1969 സെപ്തംബറിൽ ലിബിയയിലെ രാജാവായ ഇദ് രീസ് അൽ സെനുസിയെ സ്ഥാനഭ്രഷ്ടനാക്കി, സ്വയം പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തപ്പോഴും അമേരിക്കക്ക് അദ്ദേഹം അഭിമതനായിരുന്നു.
സിറിയയിൽ ഹഫീസ് അൽ-അസാദിന്റെ ഭരണകൂടം 1967 ജൂണിൽ നടന്ന യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും അമേരിക്ക അദ്ദേഹത്തെ സിറിയൻ പ്രസിഡന്റായി നിയമിച്ചത് ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. അറബ് രാജ്യങ്ങളെ കീഴടക്കിയ ഈ സൈനിക അട്ടിമറികളെല്ലാം അതത് രാഷ്ട്രങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ചെയ്തതെന്ന് ശേഷമുള്ള ചരിത്രം നോക്കിയാല്‍ മനസ്സിലാവും.
കൊലപാതകം, ബലാത്സംഗം, പീഢനം തുടങ്ങി ഏറ്റവും ഹീനവും ഭീകരവുമായ കുറ്റകൃത്യങ്ങൾക്കും ദുരുപയോഗങ്ങൾക്കുമാണ് സൈനിക ജയിലുകൾ സാക്ഷ്യം വഹിച്ചത്. ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിൽ കോളനികളിലെ ജനങ്ങള്‍ അഭിമുഖീകരിച്ചതിന് സമാനമായിരുന്നു ജനങ്ങളുടെ ജയിൽ ജീവിതം. ഈ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെല്ലാം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയൽ നയം തന്നെയാണ് സ്വീകരിച്ചത്.
യൂറോപ്യൻ രാജ്യങ്ങളിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചത് ജനകീയ വിപ്ലവങ്ങളിലൂടെയായിരുന്നു. എന്നാൽ അറേബ്യൻ രാഷ്ട്രത്തിൽ സൈനിക അട്ടിമറികളിലൂടെ അധികാരികള്‍ മാറിമാറി വരുന്നതാണ് നാം കാണുന്നത്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ്, സുമോഹന വാഗ്ദാനങ്ങള്‍ നല്കി കടന്നുവന്നിടത്തല്ലൊം, പരസ്യമായോ പരോക്ഷമയോ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് പിന്തുണയും സഹായവും നൽകുന്നതാണ്, ഈ മേഖലയിലെ അമേരിക്കയുടെ നയമായി നമുക്ക് കാണാനാവുന്നത്.
അറബ് വസന്തത്തിന് ശേഷം മുസ്‍ലിം രാഷ്ട്രങ്ങളില്‍ നാം കണ്ടതും അതേ നയത്തിന്റെ ആവര്‍ത്തനം തന്നെ. ബഹുജന വിപ്ലവത്തിന് ശേഷം ജന പിന്തുണയോടെ ഭരണത്തിലെത്തിയ മുര്‍സിയെ ഒരു വര്‍ഷം പോലും അധികാരം കൈയ്യാളാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല, സൈനിക അട്ടിമറി നടത്തി അധികാരത്തിലെത്തിയ അബ്ദുൽ ഫത്താഹ് അൽ സീസിക്ക് ഭരണഘടന പോലും തിരുത്തി പതിറ്റാണ്ടുകള്‍ പ്രസിഡണ്ടായി തുടരാനുള്ള എല്ലാ പിന്തുണയും നല്കുകയാണ് അവര്‍ ചെയ്തത്. അമേരിക്കയുടെ ഇംഗിതത്തിന് അനുസൃതമായി നിന്നാല്‍ എന്നും അധികാരത്തില്‍ തുടരാനാവുമെന്ന് മേഖലയിലെ ഭരണാധികാരികളെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു, അത് കൊണ്ട് തന്നെയാണ് ആവശ്യത്തിലധികമുള്ള അമേരിക്കന്‍ വിധേയത്വം അവരില്‍ നമുക്ക് ദര്‍ശിക്കാനാവുന്നതും.
വിവര്‍ത്തനം: നിയാസ് അലി
Leave A Comment