ക്രൗഡ് ഫണ്ടിംഗ്: ഒരു സമാന്തര ഗവൺമെന്റിനുമപ്പുറത്തേക്ക് വളരുന്ന വിധം
മലയാളികളുടെ സാമൂഹ്യ-രാഷ്ട്രീയ ഉല്‍ബുദ്ധതക്ക് സമീപ കാലത്തായി ബാധിച്ച ഒരു ദൌര്‍ബല്യമുണ്ട്. പൗര ക്ഷേമമെന്ന തീർത്തും രാഷ്ട്രീയമായ പ്രതലം ഒരു പ്രതിസന്ധി നേരിടുന്ന മുറക്ക് ഗവൺമെന്റിന് സമാന്തരമായോ ചിലപ്പോഴൊക്കെ അതിനുമപ്പുറത്തേക്കോ പൊതുജനം ഒരു താത്‌ക്കാലിക ഗവെണ്മെന്റായി രൂപം മാറുന്നതാണ് അത്.
ക്രൗഡ് ഫണ്ടിംഗ് എന്നാണ് മലയാളികൾക്ക് അഞ്ച് വര്ഷം മുമ്പ് വരെ അപരിചിതമായിരുന്ന ഈ ദൌര്‍ബല്യത്തിന്റെ പേര്. പ്രളയം വന്നാലും രാജ്യം വാക്സിൻ ക്ഷാമം നേരിട്ടാലും സാധാരണക്കാരനൊരാൾക്ക് ഭീതിദമായ രോഗം പിടിപ്പെട്ടാലും എന്തിന് സംസ്ഥനത്തൊരു ജില്ലയുടെ ആരോഗ്യരംഗത്തെ മുന്നേറ്റത്തിന് പോലും ഇപ്പോഴിതാണ് ശരണം. വിവിധ വകുപ്പുകളായി ഭീമമായ നികുതി ഈടാക്കുന്ന ഒരു രാജ്യത്ത് ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തമായിരിക്കെ ക്രൗഡ് ഫണ്ടിംഗ് നിലവിലുള്ളത്രയും പ്രസക്തമാണോ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഗവണ്മെന്റിനെ അപ്രസക്തമാക്കും വിധത്തിലുള്ള ഈ കീഴ്വഴക്കം ഒരു ചട്ടമോ വ്യവസ്ഥയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നിരിക്കെ മറ്റനേകം ചോദ്യങ്ങൾക്ക് കൂടി ഉത്തരം പറയേണ്ടി വരും.
നടേ സൂചിപ്പിച്ചത് പോലെ, ഒരു വ്യവസ്ഥാപിത ടൂൾ അല്ലാത്തതിനാൽ ക്രൗഡ് ഫണ്ടിംഗിന്റെ കേരളം മോഡൽ എങ്ങനെ പ്രചാരം കൊണ്ടു എന്നത് പറയുക എളുപ്പമല്ല. എന്നാൽ, ഇന്ന് അത് എത്തിനിൽക്കുന്ന അപകടകരമായ അവസ്ഥയെ കുറിച്ച് പറയാതെയും തരമില്ല. ജനറൽ ആശുപത്രി തീരെയില്ലാത്ത, ആരോഗ്യ മേഖലയിൽ ഉപരിപഠനത്തിന് വേണ്ടത്ര സീറ്റോ സൗകര്യമോ ഇല്ലാത്ത, ആവശ്യത്തിന് റെഗുലർ സീറ്റുകൾ ഇല്ലാത്തതിനാൽ ഡിസ്റ്റന്റ് സ്ട്രീമിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന മലപ്പുറം ജില്ലയെ ആരോഗ്യകരമായി ഉയർത്തിക്കൊണ്ട് വരാനാണ് ഏറ്റവും അവസാനമായി ക്രൗഡ് ഫണ്ടിംഗ് അവതാരമെടുത്തിരിക്കുന്നത്.
ജനങ്ങളിൽ നിന്ന് പിരിവെടുത്ത് ഈ ജില്ലയിൽ ആരോഗ്യാലയങ്ങൾ സൃഷ്ടിക്കുകയെന്ന ഒറ്റനോട്ടത്തിൽ ഏറെ പ്രശംസാർഹമെന്ന് തോന്നുന്ന മിഷൻ. ചാരിറ്റിയടക്കമുള്ള സഹായ സംരംഭങ്ങളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്ന ഒരു ജില്ലയിൽ വെറും സ്വാഭാവിക സംഭവമായി മാറുമെന്ന് കരുതിയിടത്താണ് ഈ സർക്കാർ സ്പോണ്സേർഡ് 'അപഹാസം' വിമർശന വിധേയമായിരിക്കുന്നത്. ആരോഗ്യകരമായി പിന്നോക്കം നിൽക്കുന്ന ജില്ലയെ ഉയർത്തിക്കൊണ്ട് വരേണ്ട ഉത്തരവാദിത്തം 'പ്രാണവായു'വിനല്ല, ഭരണ വായുവിന് തന്നെയാണ് എന്നറിയാതെയല്ല മലബാറിലെ ജനക്ഷേമപ്രവർത്തനങ്ങളുടെ ചുമതല അവിടുത്തെ ജനങ്ങളുടെതാണെന്ന ധ്വനിയോടെ ഈ മിഷൻ രംഗത്ത് വന്നിരിക്കുന്നത്. അല്ലാത്തപക്ഷം, മറ്റു ജില്ലകളിൽ ഇങ്ങനെയൊരു കീഴ്വഴക്കമില്ലാത്തതെന്ത് കൊണ്ടാണ്?
ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ മലബാറിലെ ആളുകൾക്ക് ഇപ്പോഴും മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരുന്നുവെന്ന മുറവിളി കാലങ്ങളായി ഉയരുമ്പോഴും അതൊരു അടിയന്തിര ഗവണ്മെന്റ് മിഷൻ ആയി മാറാത്തതെന്ത് കൊണ്ടാണ്? ഈ ചോദ്യങ്ങൾക്ക് മുമ്പിൽ വെറും പ്രാണവായുവല്ല, അനാവശ്യമായ ക്രൗഡ് ഫണ്ടിംഗ് എന്ന വൈകല്യ പൂർണ്ണമായ സംവിധാനമാണ് ഉത്തരം പറയേണ്ടി വരിക.
Also Read:ഇറാനിൽ റഈസിയുടെ വരവ്: പശ്ചിമേഷ്യ മാറുമോ?
നേരത്തെ, രണ്ട് തവണ പ്രളയമുണ്ടായപ്പോഴും കേന്ദ്ര സഹായത്തേക്കാൾ മുഴച്ച് നിന്നത് ഈ ക്രൗഡ് ഫണ്ടിംഗ് ആണ്. നികുതിയടക്കം ഒട്ടേറെ വരുമാന സ്രോതസ്സുള്ള ഒരു രാഷ്ട്രത്തിൽ പൗരന്മാരുടെ വാക്സിൻ ചിലവ് എന്ന ബാധ്യതയും പൗരന്മാരുടേത് മാത്രമാകുന്നത് നാം കണ്ടു. സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ചികിത്സക്കായി 18 കോടിയെന്ന ഭീമമായ ചിലവ് പൊതുജനം ഒറ്റക്ക് വഹിച്ചതിന്റെ വാർത്താഘോഷം കേരളത്തിൽ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരിയിൽ സമാനമായ രോഗം ബാധിച്ച കുഞ്ഞിന്റെ മരുന്ന് ചിലവിൽ നിന്ന് നികുതിപ്പണമായ ആറ് കോടി കേന്ദ്ര സർക്കാർ കുറച്ച് കൊടുത്ത വാർത്ത അരിഞ്ഞിട്ടേയില്ലെന്ന മട്ടിലാണ് കേരളം ഒരു പിരിവിന് ശേഷം സമാനമായ മറ്റൊരു പിരിവിന് കൈകോർത്തത്. ഇതെല്ലം മലയാളിയുടെ മഹാമനസ്കതയിൽ നിന്ന് പൗര ബാധ്യതയായി വളരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രാണവായുവിലേക്ക് വരാം. മലപ്പുറത്തെ ആരോഗ്യപൂർണ്ണമാക്കേണ്ട അവസരം ഗവൺമെന്റിന് നൽകാൻ പൂർണ്ണാർത്ഥത്തിൽ അവിടുത്തെ ജനങ്ങൾ തയ്യാറാവുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ട ഈ സംവിധാനം എന്തിനുമേതിനും പ്രാപ്യമാക്കി ഒരു അപഹാസ്യത സൃഷ്ടിക്കുന്നത് എക്കാലത്തേക്കും നന്നാവില്ല. ക്രൗഡ് ഫണ്ടിംഗ് വിഷയത്തിൽ കൃത്യമായ നിരീക്ഷണം വേണമെന്ന കോടതി നിരീക്ഷണത്തിനപ്പുറം ഇത് വ്യവസ്ഥാപിതമായ ജനാധിപത്യ ടൂൾ ആയി പരിവർത്തിപ്പിച്ചെടുക്കാൻ ഗവേണ്മെന്റിനുമാവണം. ഒരു സമാന്തര ഗവണ്മെന്റ് ജനാധിപത്യ നാട്ടിൽ ഒരിക്കലും ഭൂഷണമല്ലല്ലോ.
Leave A Comment