ഇറാനിൽ റഈസിയുടെ വരവ്: പശ്ചിമേഷ്യ മാറുമോ?

കുഞ്ഞുനാളിൽ തസ്ബീഹ് മാലകൾ വിറ്റ് നടന്ന ഒരു പയ്യൻ പശ്ചിമേഷ്യയിലെ വൻശക്തികളിലൊന്നിന്റെ അമരത്തേക്ക് രാജകീയമായി എഴുന്നള്ളാൻ ഇനി ആഴ്ചകളോ മാസങ്ങളോ മാത്രം ബാക്കിനിൽക്കെ കാതോർത്തുകാത്തുനിൽക്കുകയാണ് ലോകം. 

പശ്ചിമേഷ്യക്കും അതുവഴി ലോകത്തിനും ആശങ്കയുടെ കാർമുകിലുകൾ പെരുമഴയായി പെയ്യുന്നതാകുമോ റഈസി ഭരണം? ഇസ്രായേലും പിന്നെ അനേകം രാജ്യങ്ങളും ആശങ്ക പങ്കുവെക്കുകയും അപസർപക കഥകളെ വെല്ലുന്ന നിറമുള്ള കഥകൾ വാർത്താമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിരന്തരം പുറത്തെത്തുകയും ചെയ്യുമ്പോൾ, ശരിക്കും പുതിയ പ്രസിഡൻറിനു കീഴിൽ ഇറാനിൽ ഇനി എന്തു മാറ്റങ്ങളാണ് വരാൻ പോകുന്നത്?  സംശയങ്ങൾ തീർച്ചയായും പ്രസക്തം. കടുത്ത നിലപാടുകളുടെ പേരിൽ പതിറ്റാണ്ടുകളായി പേരുപതിപ്പിച്ച റഈസി പക്ഷേ, ഇതൊന്നുമല്ല താനെന്ന് പറയാൻ ശ്രമിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിനുടൻ നടത്തിയ പ്രസംഗം. രാഷ്ട്രീയത്തിൽ ഒരു വിമോചകനെ തേടുന്നുണ്ട് ഇറാൻ. റഈസിയുടെ കസേര ആ വിടവ് നികത്തുമോ?

ഖാംനഈയുടെ പിൻഗാമി, നിലപാടിലും നേതൃത്വത്തിലും

12 ശിയാ ഇമാമുമാരിൽ ഒരാളായ ഇമാം റിസ പിറന്ന, പുണ്യനഗരമായ മശ്ഹദ് പട്ടണത്തിൽ ഒരു പണ്ഡിത കുടുംബത്തിൽ 1960ലാണ് റഈസിയുടെ ജനനം. 15-ാം വയസ്സിൽ ഖും നഗരത്തിലെ മതപാഠശാലയിൽ ചേർന്ന് തുടർപഠനം. ശിയ ഇസ്ലാമിക് റിപ്പബ്ലിക്കിൽ പിൽക്കാലത്ത് നിർണായക പങ്കുവഹിച്ച ഹഖാനി സർക്കിളിലെ അംഗം. 

1979ൽ ഷാ റിസ പഹ്ലവിയെ പുറത്താക്കിയ ഇറാൻ വിപ്ലവത്തിൽ ചെറുതായെങ്കിലും പങ്കുവഹിച്ചാണ് ഇറാൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് റഈസി പതിയെ നടന്നുകയറുന്നത്. അതോടെ ഖുമൈനിയുടെ ഇഷ്ടക്കാരനുമായി. ആദ്യമായി ഏൽപിക്കപ്പെട്ട ഔദ്യോഗിക ചുമതല പ്രോസിക്യൂഷൻ വിഭാഗത്തിലായിരുന്നു. ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി 1985ൽ ടെഹ്റാനിലെത്തി. ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ നിരവധി പേരുടെ അപ്രത്യക്ഷമാകലിനും രഹസ്യ വധശിക്ഷക്കും പിന്നിൽ റഈസിയുടെ പങ്കും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. രാഷ്ട്രീയ എതിരാളികളെ വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കാനായി 1988ൽ നിയോഗിച്ച നാലംഗ ജഡ്ജിങ് പാനലിൽ ഒരാൾ. 5,000 പേർ അന്ന് കൊല്ലപ്പെട്ടതായാണ് ആംനസ്റ്റിയുടെ കണക്ക്. അതിന്റെ അനേക ഇരട്ടി ഇരകളായെന്ന് ആരോപിക്കുന്നവരുമേറെ. ചിലപ്പോൾ മിനിറ്റുകൾ മാത്രം നീണ്ട വിചാരണയിൽ മതപരിത്യാഗം, ഇസ്ലാം നിന്ദ എന്നിവ ആരോപിച്ചായിരുന്നു വധശിക്ഷ നടപ്പാക്കൽ. സ്വന്തം പാളയത്തിൽ പോലും ഇതിനെതിരെ വിമർശനമുയർന്നു. അതുവരെയും ഇറാൻ വിപ്ലവത്തിന്റെ പിതാക്കന്മാരിലൊരാളായി വാഴ്ത്തപ്പെട്ട, ഖുമൈനിയുടെ പിൻഗാമിയാകേണ്ടിയിരുന്ന ഗ്രാൻറ് ആയത്തുല്ല ഹുസൈൻ മുൻതസരി പോലും ഇതിനെതിരെ രംഗത്തുവന്നു. അതോടെ അദ്ദേഹം 2009ൽ മരിക്കുംവരെ വിമതനുമായി. സർക്കാറിന് പക്ഷേ, അത് ചിലരെ തിരിച്ചറിയാനുള്ള ആയുധമായിരുന്നു. സംഭവം കഴിഞ്ഞതോടെ ഇറാനിൽ പ്രതിഷേധം എന്ന വാക്കിനു പോലും പ്രസക്തി നഷ്ടപ്പെട്ടു. റഈസി പിന്നെയും പടവുകൾ കയറി. 

ഖുമൈനി 1989ൽ വിടവാങ്ങിയതോടെ പിൻഗാമിയായി എത്തിയ ഖാംനഇയുടെ ഇഷ്ടക്കാരിലും റഈസി മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ആദ്യം ടെഹ്റാൻ പ്രോസിക്യൂട്ടറായും പിന്നീട് ജനറൽ ഇൻസ്പെക്ഷൻ ഓർഗനൈസേഷൻ മേധാവിയായും പ്രവർത്തിച്ച ശേഷം, 2014വരെ ഒരു പതിറ്റാണ്ടുകാലം ഡെപ്യൂട്ടി ചീഫ് ജസ്റ്റീസായും നിറഞ്ഞുനിന്നു. അതിനിടെ, പണ്ഡിതന്മാർ നയിച്ച പ്രത്യേക  കോടതിയിലും അംഗായി. പണ്ഡിതരോ അല്ലാത്തവരോ ആകട്ടെ, വിമർശനം ആര് ഉന്നയിച്ചാലും നാവടക്കാൻ ശിയാ സർക്കാർ സ്ഥാപിച്ച കോടതിയായി ഇത് നിലയുറപ്പിച്ചു. അതിനിടെ 2009ലെ തെരഞ്ഞെടുപ്പും തുടർന്നുണ്ടായ പുകിലുകളും ഇറാനിൽ മാറ്റത്തിന്റെ കാറ്റ് വീശാൻ കാരണമാകുമെന്ന് പ്രവചനങ്ങൾ പരന്നെങ്കിലും മുൻ പ്രസിഡൻറ് റഫ്സഞ്ചാനി ഉൾപെടെ പ്രമുഖരിൽ പലരെയും പൊതുചിത്രത്തിൽനിന്ന് പുറത്താക്കിയതൊഴിച്ചാൽ ഒന്നും സംഭവിച്ചില്ല. ജനാധിപത്യ മുന്നണിയായി എത്തിയ ഗ്രീൻ മൂവ്മെൻറ്  രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഡെപ്യൂട്ടി ചീഫ് ജസ്റ്റീസ് റഈസി വിധിയെഴുതുകയും ചെയ്തു. 

2014ൽ അറ്റോണി ജനറലായ റഈസി രണ്ടു വർഷം ആ പദവിയിൽ തുടർന്നു. അതിനിടെയാണ് ഖാംനഈയുടെ പിൻഗാമിയെ കണ്ടെത്താനുള്ള വിദഗ്ധരുടെ അസംബ്ലിയിലേക്ക് ദക്ഷിണ ഖുറാസാനിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. ഇറാനിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ‘ആസ്താനെ ഖുദ്സ് റസവി’ ചുമതലയിലും അദ്ദേഹമെത്തി. ദശലക്ഷങ്ങൾ ഓരോ വർഷവും സന്ദർശകരായെത്തുന്ന റിസ തീർഥാടന കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്നത് 1500 കോടി ഡോളർ ആസ്തിയുള്ള സംഘടനയായിരുന്നു. 

അതിനിടെ 2017ലെ തെരഞ്ഞെടുപ്പ് വന്നെത്തി. ഭരണകൂടത്തിന്റെ ഇഷ്ടക്കാരനായി പരമാവധി വളർന്ന അദ്ദേഹം പക്ഷേ, റൂഹാനിക്കെതിരായ പോരാട്ടത്തിൽ 38.5 ശതമാനം വോട്ടുകളുമായി രണ്ടാമനായി. 2019ൽ രാജ്യത്തിന്‍റെ ചീഫ് ജസ്റ്റീസായി അവരോധിക്കപ്പെട്ടു. രാജ്യം മുഴുക്കെ അറിയുന്ന ചീഫ് ജസ്റ്റീസ് ഇത്തവണ വീണ്ടും അങ്കം കുറിച്ചപ്പോൾ വൻ ഭൂരിപക്ഷത്തോടെ ജയം. കൂടെ അങ്കത്തിനുണ്ടാകേണ്ടിയിരുന്ന അലി ലാറിജാനി ഉൾപെടെ പലരെയും കോടതി കനിഞ്ഞ് മാറ്റിനിർത്തിയായിരുന്നു റൂഹാനി- റഈസി പോര്. 

യു.എസ് ഉപരോധം നിലനിൽക്കുന്ന ആദ്യ ഇറാൻപ്രസിഡന്‍റായാണ് റഈസി അധികാരമേറുന്നത്. 2019ലായിരുന്നു ഉപരോധമേർപെടുത്തിയത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് നിയമ നടപടി നേരിടണമെന്ന് ആംനെസ്റ്റി ഇന്‍റർനാഷനലും ആവശ്യപ്പെട്ടിരുന്നു.

പക്ഷേ, മാസങ്ങൾ കഴിഞ്ഞ് റൂഹാനി ഒഴിഞ്ഞുപോകുന്ന കസേരയിൽ റഈസി എത്തുമ്പോൾ, ഇറാൻ കാത്തിരിക്കുന്നത് എന്തൊക്കെയാകും? ലോകം മുന്നറിയിപ്പ് നൽകുന്ന വിഷയങ്ങൾ മാത്രമാകുമോ? അതിന് സാധ്യത തീരെ കുറവാണെന്നാണ് രാജ്യത്തിനകത്തുനിന്നുള്ള റിപ്പോർട്ടുകൾ. 

നിരന്തരം ഉപരോധങ്ങളേർപെടുത്തി അടിച്ചമർത്തലിന്റെ റിമോട്ട് മുറുകെപിടിച്ച് യു.എസും, നിരന്തരം ഒളിയാക്രമണങ്ങളിലൂടെ ഇസ്രായേലും തങ്ങളുടെ രാജ്യത്തെ തകർക്കാനിറങ്ങുമ്പോൾ, ജീവിതം തിരികെ നൽകാൻ ആരു സഹായിക്കുമെന്ന ചോദ്യമേ ഉള്ളൂ ഓരോ ഇറാനിക്കും. ആഗോള എണ്ണ റിസർവിന്റെ 10 ശതമാനവുമായി ലോക രാജ്യങ്ങളിൽ നാലാമതുള്ള ഇറാൻ പക്ഷേ, എന്നിട്ടും പാതി ദരിദ്രമാണിപ്പോൾ. കയറ്റുമതിക്കുമേൽ യു.എസ് ചുമത്തിയ കനത്ത നിയന്ത്രണങ്ങളാണ് വില്ലൻ. ഉപരോധങ്ങളുടെ പേരിൽ മരവിപ്പിച്ച ഫണ്ടിൽ ചിലത് നിർബന്ധിതമായി യു.എസ് വിട്ടുനൽകുമ്പോൾ അമരത്ത് പഴയ ‘മരണ കമീഷനി’ലെ ജഡ്ജി അത് ഏറ്റുവാങ്ങാനുണ്ടാകുമെന്നത് ചരിത്രത്തിന്റെ പ്രതികാരമാകാം. 

ആണവ കരാർ പറഞ്ഞ് ഭീഷണിയുടെ മുള്‍മുനയിൽ നിർത്തുമോ എന്നതാണ് അടുത്ത വെല്ലുവിളി. ഇനിയൊരിറ്റ് വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്ന്, റഈസി ഇതിനകം തന്നെ തുറന്ന് പറഞ്ഞ് കഴിഞ്ഞു. ഖാംനഈയുടെ പിൻഗാമിയെന്ന് ജനം വിശ്വസിക്കുന്നൊരാൾ അധികാരവും മതകാര്യങ്ങളും ഒന്നിച്ച് നിയന്ത്രിച്ച് മുന്നിലുണ്ടാകുന്നത് ആശ്വാസകരമാകുമെന്നുതന്നെ വിശ്വസിക്കാനാണ് ഭൂരിപക്ഷത്തിനും ഇഷ്ടം. 

മറുവശത്ത്, പ്രചണ്ഡ പ്രചാരണങ്ങളുമായി ഇസ്രായേൽ മുന്നിൽനിൽക്കുന്നത് വേറെ ചിലതിനാകാനേ തരമുള്ളൂ. ഇറാനെതിരെ ഏറെയായി നിഴൽ യുദ്ധത്തിലാണ് ആ അധിനിവേശ  രാജ്യം. നേരിട്ട് ആക്രമണത്തിനിറങ്ങാതെ ശത്രുവിനെ പരമാവധി നശിപ്പിക്കുന്ന രീതി നടപ്പാക്കി തുടങ്ങിയിട്ട് ഏറെയായി. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിലെ പോര് കൂടുതൽ മൂർഛിച്ചതിനിടെയാണ്, ഹസൻ റൂഹാനിയുടെ മധ്യ നിലപാടുകളെ വെട്ടി കടുത്ത ശൈലിക്കാരനായ റഈസിയെ ജനം തെരഞ്ഞെടുക്കുന്നത്.

ഇറാൻ ആണവ പദ്ധതിയെ സംശയത്തോടെ കാണുന്ന ഇസ്രായേൽ അത് നശിപ്പിക്കാൻ ഏറെയായി ശ്രമങ്ങൾ തുടരുകയാണ്. പശ്ചിമേഷ്യ നയതന്ത്രത്തിന്‍റെ ഭാഗമായി ഇറാന്റെ മുൻനിര ആണവ ശാസ്ത്രജ്ഞരെ വധിക്കുന്നതും അമേരിക്കയെയും മറ്റു സഖ്യ രാജ്യങ്ങളെയും കൂട്ടുപിടിച്ച് ഉപരോധം കടുപ്പിക്കുന്നതും പതിവുകാഴ്ച. ആണവ നിലയങ്ങൾ ഊർജാവശ്യത്തിന് മാത്രമെന്ന് പറയുമ്പോഴും അവ ആയുധ നിർമാണത്തിന് ഉപയോഗപ്പെടുത്തുമോയെന്ന് മേഖലയിലെ ഏറ്റവും വലിയ ആണവ ശക്തിയായ ഇസ്രായേൽ ഭയക്കുന്നു. പുതിയ പ്രസിഡന്‍റിന്റെ തെരഞ്ഞെടുപ്പിനുടൻ ഇസ്രായേൽ നടത്തിയ പ്രസ്താവനയിലും ഇത് പ്രകടം. ഇസ്രായേലിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ റഈസി ശരിക്കും വിജയിക്കുമോ എന്നുതന്നെയാകും മൊസാദ് വാഴുന്ന ഇസ്രായേലിന്റെ ഭീതി. 

ജീവിതത്തില്‍ ലാളിത്യം, നിലപാടുകളിൽ കടുപ്പം

‘‘കേൾക്കാവുന്നതിലേറെ പട്ടിണി അനുഭവിച്ചനാണ് ഞാൻ. ഒരു കിലോ അരിയും അരകിലോ മാംസവും വാങ്ങുന്നതുപോലും ഓർമയിലില്ല’’, അഞ്ചാം വയസ്സിൽ പിതാവിനെ നഷ്ടമായി കടുത്ത ദാരിദ്ര്യം അനുഭവിച്ച റഈസിയുടെ വാക്കുകൾ. 15-ാം വയസ്സിൽ മതപഠനത്തിന് ഖും നഗരത്തിലെത്തിയപ്പോഴായിരുന്നു ഉപജീവനത്തിന് തസ്ബീഹ് മാലകൾ വിറ്റുനടന്നത്. 23-ാം വയസ്സിൽ വിവാഹം ചെയ്തത്, അറിയപ്പെട്ട മതപ്രഭാഷകന്റെ മകൾ ജമീല അൽമുൽഹദയെ. 
ഏറെ ഉയർന്ന് പദവികളിലെത്തിയപ്പോൾ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ഭാഷ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ ഘടകങ്ങളിലൊന്നാണ്. ഉയർന്ന സർക്കാർ പദവികൾ വഹിച്ചവർ പോലും കടുത്ത ശിക്ഷ ഏറ്റുവാങ്ങി. ജനപ്രിയ സമൂഹ മാധ്യമങ്ങളായ സിഗ്നൽ, ക്ലബ് ഹൗസ് തുടങ്ങിയവ നിരോധിച്ചു. വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഒഴികെ മറ്റു സമൂഹ മാധ്യമങ്ങൾക്കും ഇറാനിൽ വിലക്കുണ്ട്. 

2017ൽ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഹസൻ റൂഹാനി പോലും റഈസിയൂടെ കടുത്ത നിലപാടുകളായിരുന്നു പ്രചാരണ ആയുധങ്ങളാക്കിയത്. അതെല്ലാം മറന്നാണ് നാലു വർഷം കഴിഞ്ഞ് റൂഹാനിയെ വിട്ട് ജനം റഈസിയെ വലിയ മാർജിനിൽ ജയിപ്പിച്ചിരിക്കുന്നത്. ഇത്തവണ 50 ശതമാനത്തിൽ താഴെയായിരുന്നു വോട്ടിങ് ശതമാനം. 2017ൽ 70 ശതമാനമായിരുന്നതാണ്, ഇപ്പോള്‍ 50ല്‍ താഴെയായി കുറഞ്ഞത്. 

തെരഞ്ഞെടുപ്പിൽ ജയിച്ചാലും, ഇറാനിലെ അറവുകാരൻ എന്ന് തന്നെയാണ് ഇസ്രായേൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ, അനുമോദിച്ചായിരുന്നു റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ പ്രസ്താവന. സിറിയ, ഇറാഖ്, തുർക്കി തുടങ്ങിയ രാജ്യങ്ങളും ആശംസ അറിയിച്ച് രംഗത്തെത്തി.

ഇബ്രാഹീം റഈസിക്കു കീഴിൽ നാലു വർഷം കൊണ്ട് ഇറാൻ എവിടെ വരെ എത്തും എന്ന് കാത്തിരുന്നു കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter