ഫ്രീ ഫയറടക്കമുള്ള ഗെയ്മുകൾ; രക്ഷിതാക്കൾ ഉണരാന്‍ ഇനിയും വൈകിക്കൂടാ
തിരുവനന്തപുരം സ്വദേശി അനുജിത് അനിൽ എന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി രണ്ട് മാസം മുമ്പ് സ്വയംഹത്യ ചെയ്യുമ്പോൾ ഫ്രീ ഫയർ ഗെയ്മിന് അടിമയായിരുന്നു എന്ന് രണ്ട്-മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അനുജിതിന്റെ അമ്മ വെളിപ്പെടുത്തിയത്. അതോടെ ഫ്രീ ഫയറും മറ്റു ഓൺലൈൻ ഗെയ്മുകളും വീണ്ടും ചർച്ചയായിരിക്കുന്നു. ഗെയിമിന് പിന്നാലെ മരണം വരുന്നത്, ഇതാദ്യ സംഭവമൊന്നുമല്ല. മാത്രമല്ല, രക്ഷിതാക്കളറിയാതെ അവരുടെ ബാങ്ക് അക്കൗണ്ട് ഗെയിമുമായി ബന്ധിപ്പിച്ചതിന്റെ പേരിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവങ്ങൾ വേറെയുമുണ്ട്.
പഠനമടക്കം എല്ലാം ഓൺലൈനിലാകുമ്പോൾ മരണത്തിലേക്ക് വരെ വഴിവെക്കുന്ന ഇത്തരം ഗെയ്മുകള്‍, കുട്ടികളുടെ അഡിക്ഷൻ, രക്ഷിതാക്കളുടെ ഉത്തരവാദിത്തം, പരിഹാരം എന്നിവയൊക്കെ ഗൗരവപൂർവ്വം മനസ്സിലാക്കപ്പെടേണ്ടതുണ്ട്.
മരണത്തിലേക്ക് നയിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ കാരണം ഏറെ പ്രമാദമായ പബ്ജി നിരോധിക്കപ്പെട്ടതോടെയാണ് ഫ്രീ ഫയർ രംഗം കയ്യടക്കുന്നത്. 2019 ൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട് ജനകീയ ഗെയിമിനുള്ള അവാർഡ് കരസ്ഥമാക്കിയ ഫ്രീ ഫയർ, പബ്ജി പോലെ തന്നെ ഒരു സർവൈവൽ ഗെയ്മാണ്. ഒരു ദ്വീപിൽ പറന്നിറങ്ങി ആയുധങ്ങളും മറ്റും ശേഖരിച്ച് എല്ലാവരെയും വെടിവെച്ച് വീഴ്ത്തി അതിജീവിക്കുന്നതിലൂടെയാണ് ഗെയ്മിൽ വിജയം വരിക്കാനാകുന്നത്. നിലവിൽ ഇതിന് ലോകത്താകെ എട്ട് കോടിയോളം സജീവ കളിക്കാരുണ്ടെന്ന് പറയപ്പെടുന്നു.
ഗെയിമാണോ പ്രശ്നം?
ഫ്രീ ഫയർ പോലോത്ത ഗെയ്മുകൾ ഒന്നോ രണ്ടോ വട്ടം കളിക്കുന്നതിലല്ല പ്രശ്നം. എല്ലാ മൊബൈൽ ഗെയ്മുകളും കുഴപ്പക്കാരാണെന്നും പറയാനൊക്കില്ല. വരും വരായ്കകളെ കുറിച്ച് ധാരണയില്ലാതെ ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെടുന്നിടത്താണ് പ്രശ്നം തുടങ്ങുന്നത്.
കുട്ടിക്കാലം കളികളുടെ കൂടി കാലമാണ്. തലമുറ മാറുമ്പോൾ കളിയുടെ ശൈലിയും രീതിയും മാറുന്നുവെന്ന് മാത്രം. അന്ന് വീട്ടുമുറ്റത്തും പറമ്പിലും കളിച്ചിരുന്നതിന് പകരം, വളരുന്ന ചുറ്റുപാടിടനുസരിച്ച് ഇന്ന് കമ്പ്യൂട്ടറിലും മൊബൈലിലും കളിക്കുന്നു. മറ്റനവധി കളികളെ പോലെ പല മൊബൈൽ ഗെയിമുകൾക്കും ബുദ്ധി വളർച്ച, ചിന്ത, ശ്രദ്ധ കേന്ദ്രീകരണം തുടങ്ങി പല പോസിറ്റീവ് ഫലങ്ങളും ഉണ്ട്. അപ്പോൾ കളിക്കുന്നതല്ല വിഷയം, അഡിക്ടാവുന്നിടത്താണ് അപകടം എന്ന് തന്നെ പറയാം.
എല്ലാവരും അടിക്ഡാകണമെന്നില്ല. ആരൊക്കെ അങ്ങനെയാകുമെന്ന് പ്രവചിക്കാനൊന്നുമാകില്ലെങ്കിലും അഡിക്ഷൻ സാധ്യത ഏത് സ്വഭാവക്കാരായ കുട്ടികളിലാണ് കൂടുതലെന്ന് മനശാസ്ത്രജ്ഞർ വിശദീകരിക്കുന്നുണ്ട്. ഭാര്യ - ഭർത്താക്കൾ നിരന്തരമായി വഴക്കിടുന്ന വീട്ടിൽ സ്വൈരക്കേട് നേരിടുന കുട്ടികൾ ഗെയ്മിൽ ആശ്വാസം കണ്ടെത്തി പതുക്കെ അതിന് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, അമിത തിരക്ക് കാരണം മക്കളുടെ കാര്യം ശ്രദ്ധിക്കാൻ കഴിയാത്ത രക്ഷിതാക്കളാണെങ്കിൽ, ശ്രദ്ധയും സ്നേഹവും ലഭിക്കാത്തതിനാൽ കുട്ടികൾ ഗെയ്മിലേക്ക് തിരിയും. ഹൈപ്പർ ആക്ടിവിറ്റിയുള്ള കുട്ടികളും കളിച്ച് കളിച്ച് അഡിക്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്പോലെ, രക്ഷിതാക്കളുടെ മരണം, വിട്ടേച്ചുപോകൽ തുടങ്ങിയ കാരണങ്ങളിലൂടെ ഒറ്റപ്പെട്ടുപോവുന്ന കുട്ടികളിലും അഡിക്ഷൻ സാധ്യത കൂടുതൽ തന്നെ.
Also Read:ക്രൗഡ് ഫണ്ടിംഗ്: ഒരു സമാന്തര ഗവൺമെന്റിനുമപ്പുറത്തേക്ക് വളരുന്ന വിധം
അഡിക്ടായിപ്പോയാൽ ഫ്രീ ഫയർ പോലോത്ത ഗെയ്മുകൾ വരുത്തിവെക്കുന്ന വിന വളരെ വലുതാണ്. കുട്ടികൾ മുൻകോപക്കാരും അക്രമാസക്തരുമാകുന്നതാണ് ഒരു പ്രശ്നം. വിവിധ സ്വഭാവക്കാരായ അപരിചിതരുമൊത്ത് കളിക്കാനും ബന്ധപ്പെടാനും സാഹചര്യമുള്ളതിനാൽ സെക്സ് റാക്കറ്റുകളടക്കം വലവിരിക്കുന്നു. നഗ്ന - അർദ്ധ നഗ്ന രംഗങ്ങളും കുട്ടികളെ സ്വാധീനിക്കാം. വ്യക്തിഗത വിവരങ്ങൾ ചോർത്തി പണമടക്കം തട്ടിയെടുക്കപ്പെടാനുള്ള സാധ്യതയും ഇതിന് പിന്നിലുണ്ട്. അടിമപ്പെടുമ്പോൾ കൂടുതൽ സമയം ചെലവഴിക്കേണ്ടതിനാൽ ഉറക്കം, കാഴ്ച എന്നിവയെ ബാധിക്കുകയും ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നു. പഠനവും അനുബന്ധ പ്രവർത്തനങ്ങളും അതോടെ പാടെ അവഗണിക്കപ്പെടുകയും ചെയ്യുന്നു.
പരിഹാരമെന്ത്?
ഗെയ്മുകൾ നിരോധിക്കലോ മൊബൈൽ വലിച്ചെറിയലോ ഒന്നുമല്ല ഇതിന് പരിഹാരമെന്ന് നമുക്കറിയാം. നിരോധിക്കപ്പെടുമ്പോഴേക്ക് മറ്റൊന്ന് വരുന്ന കാലമാണിത്.
രക്ഷിതാക്കളുടെ അവബോധവും നിരന്തര ശ്രദ്ധയും മാത്രമാണ് പരിഹാരം. ആരുടെയും ശ്രദ്ധയില്‍പെടാതെ, തനിച്ചിരുന്ന മൊബൈൽ ഗെയിമുകള്‍ കളിക്കാനുള്ള അവസരം പരമാവധി കുറക്കുക. കുഞ്ഞുനാളിലേ കായികക്ഷമതയും സന്തോഷവും നൽകുന്ന നല്ല കളികൾ കൂടെ കളിച്ചും അതിനുള്ള അവസരങ്ങളുണ്ടാക്കിയും മക്കളെ പരിശീലിപ്പിക്കണം. നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് സൗകര്യമൊരുക്കാൻ മക്കളെ മൊബൈൽ കൊടുത്ത് മൂലക്കിരുത്തുന്ന സ്വഭാവം ഒഴിവാക്കണം.
ഇനി, മൊബൈൽ ഗെയിം കളിക്കാൻ അനുവദിക്കുന്നുണ്ടെങ്കിൽ തന്നെ സൗഹൃദപൂർവ്വം സമയപരിധി നിശ്ചയിക്കാൻ ശ്രദ്ധിക്കണം. ഫ്രീ ഫയർ പോലോത്ത ഗെയ്മുകളിലെ പഴുതുകളും അപകടങ്ങളും കൃത്യമായി ബോധ്യപ്പെടുന്ന രീതിയിൽ ആദ്യമേ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വേണം.
നിലവിൽ അഡിക്ഷൻ സംഭവിച്ചതോ അതിന് സാധ്യതയുള്ളതോ ആണെങ്കില്‍, മറ്റു സമാന്തര കളികളോ എൻജോയ്മെന്റുകളോ ഉപയോഗിച്ച് അവരെ വഴിതിരിച്ച് വിടണം. മെല്ലെ മെല്ലെ സമയം കുറച്ചുകൊണ്ട് വന്ന് പിന്തിരിപ്പിക്കുകയും ചെയ്യാം.
ഏതായാലും സമൂഹത്തിൽ ഇവ്വിഷയകമായി കൂടുതൽ ബോധവൽകരണം നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹ-കുടുംബ-ശിശു ക്ഷേമ വകുപ്പുകൾക്ക് കീഴിൽ തന്നെ അതിനുള്ള സംവിധാനങ്ങൾ വളർന്നുവരേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, കൂടുതൽ അപകടം നിറഞ്ഞ ഭാവിയാകും നമ്മുടെ മക്കളെ കാത്തിരിക്കുന്നത്.
Leave A Comment