ഡിജിറ്റൽ ഖുർആന്‍: തദബ്ബുറിനെ ബാധിക്കുന്ന വിധം
ആധുനിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ ഡിജിറ്റൽ സാങ്കേതികവിദ്യ, പഠനം, ആശയവിനിമയം, വിവരശേഖരണം, തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം ഈ മാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്, കാരണം ജീവിതത്തിന്റെ എല്ലാ മേഖലകളിലും വഴികാട്ടിയായ വിശുദ്ധ ഖുർആനോടുള്ള അവരുടെ സമീപനങ്ങളെയും ഇത് സ്വാധീനിക്കുന്നു എന്നതാണ്. പാരമ്പരാഗതമായി ശാന്തമായ അന്തരീക്ഷം, ഭൗതികമായ (physical) ഖുർആൻ, ചിന്താമഗ്നമായ പാരായണസമയം എന്നിവ ആവശ്യമായിരുന്നു. എന്നാൽ സമകാലിക മുസ്‍ലിം പലപ്പോഴും ഖുർആനെ സമീപിക്കുന്നത് മൊബൈൽ ആപ്പുകൾ, യൂട്യൂബ് വീഡിയോകൾ, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, അല്ലെങ്കിൽ നിർമ്മിത ബുദ്ധി (എ.ഐ) തുടങ്ങിയ മാധ്യമങ്ങൾ വഴിയാണ്. ഇവകൾ വലിയ സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും സുപ്രധാനമായ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്: ആധുനിക ഡിജിറ്റൽ സജീവത, ഖുർആനിക പാരായണത്തിന്റെ അഭിവാജ്യഘടകമായ ചിന്താമഗ്നമായ ഖുർആൻ പാരായണം (തദബ്ബുർ) എന്ന ആശയത്തെ ശക്തിപ്പെടുത്തുകയാണോ അതോ ദുർബലപ്പെടുത്തുകയാണോ ചെയ്യുന്നത്? എന്നതാണ് അത്.
47:241 , 17:362 എന്നീ ആയത്തുകൾ ചൂണ്ടിക്കാട്ടുന്നതുപോലെ ഹൃദയം, കേൾവി, കാഴ്ച, എന്നിവയ്ക്ക് ചിന്താമഗ്നമായ ഖുർആൻ പാരായണത്തിൽ വലിയ പങ്കുണ്ട്. ചരിത്രപരമായി വലിയ ആത്മീയ പ്രാധാന്യമുള്ള 'തർതീൽ', ഹിഫ്ള്, ഖുർആൻ പാരായണ സദസ്സുകൾ (ഹലഖാത്) തുടങ്ങിയ ഘടനാപരമായ രീതികളാണ് മുസ്‍ലിംകൾ പരിശീലിച്ചു പോന്നിരുന്നത്. എന്നാൽ ഡിജിറ്റൽ ഉപകരണങ്ങളുടെ കടന്നു കയറ്റത്തോടെയും പാരമ്പര്യം പ്രോത്സാഹിപ്പിച്ചിരുന്ന മാനസിക ഏകാഗ്രതയെ ദുർബലപ്പെടുത്താൻ സാധ്യതയുള്ള സ്ക്രോളിംഗ്, മൾട്ടിടാസ്കിങ്, അതിവേഗ വായന (റാപിഡ് റീഡിങ്) തുടങ്ങിയ പുതിയ ശീലങ്ങൾ മനുഷ്യജീവിതത്തിൽ ഇഴുകിച്ചേര്‍ന്നതോടെയും ഇത് നഷ്ടമാവുകയാണ്.
[1] أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ
[2] وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَـٰٓئِكَ كَانَ عَنْهُ مَسْـُٔولًۭا
ഖുർആനും ആത്മീയ ചിന്തയും
തന്റെ വചനങ്ങളെക്കുറിച്ച് ചിന്തിക്കാനും, ആഴത്തിൽ പരിശോധിക്കാനും, അല്ലാഹു ഖുർആനിലൂടെ വിശ്വാസികളോട് ആവർത്തിച്ചു കല്പിക്കുന്നുണ്ട്. 'തദബ്ബുർ' എന്ന പദം സൂചിപ്പിക്കുന്നത് ഉപരിതലത്തിനപ്പുറത്തേക്ക് വായിക്കുക, ദൈവിക വെളിപാടുകളുടെ (വഹ്‌യ്) യുക്തിയെയും സൂചനകളെയും അനന്തരഫലങ്ങളെയും പര്യവേഷണം നടത്തുക എന്നതാണ് (അൽലാഹിം- 2007). ഈ പ്രക്രിയ കേവലം ബൗദ്ധികമല്ല, മറിച്ച് ആത്മീയം കൂടിയാണ്. ഇതിന് തീവ്രശ്രദ്ധയുള്ള, വിനയാന്വിതമായ, അറിവിനെ സ്വീകരിക്കാൻ തയ്യാറായ ഹൃദയമായിരിക്കണം. ഖുർആൻ 47:24 ചിന്തിക്കാത്തവരെ നേരിട്ടു വിമർശിക്കുന്നു: ചിന്തിക്കാൻ കഴിവില്ലാതിരിക്കുകയോ ചിന്തിക്കാതിരിക്കുകയോ ചെയ്യുന്നത് ഭൗതികമായ അലസതയല്ല, മറിച്ച് ആത്മീയ തടസ്സത്തിന്റെ ലക്ഷണം ആണെന്ന് ഈ വചനം സൂചിപ്പിക്കുന്നു.
ഖുർആൻ പാരായണത്തിന്റെ പ്രവാചകമാതൃക
ധൃതിയല്ല, മറിച്ച് സാന്നിധ്യ ബോധത്തോടെയാണ് ഖുർആൻ പാരായണം ചെയ്യേണ്ടത് എന്നാണ് പ്രവാചകര്‍(സ്വ) കാണിച്ചുതരുന്നത്. പാരായണത്തിനിടയിൽ ഇടക്കിടെ നിർത്തി, കാരുണ്യത്തിന്റെ വചനങ്ങളിൽ പ്രാർത്ഥിച്ചും, ശിക്ഷയുടെ വചനങ്ങളിൽ അഭയം തേടിയും, സ്തുതിയുടെ വചനങ്ങളിൽ ദൈവത്തെ പ്രകീർത്തിച്ചുമായിരുന്നു അവിടുന്ന് പാരായണം ചെയ്തിരുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു (ഇമാം ഗസ്സാലി, ഇഹ്‌യാ). ഈ സാവധാനത്തിലുള്ള ചിട്ടയായ പാരായണ സമീപനത്തെയാണ് 'തർതീൽ' എന്ന് വിളിക്കുന്നതും അങ്ങനെ പാരായണം ചെയ്യാന്‍ ഖുർആൻ 73:4 ലൂടെ കൽപ്പിക്കുന്നതും.
മൂന്നു ദിവസങ്ങളിൽ കുറഞ്ഞ സമയം കൊണ്ട് ഖുർആൻ ഓതി തീർക്കുന്നത് അർത്ഥവത്തായ ആശയത്തെ ഗ്രഹിക്കാൻ കഴിയാത്ത അവസ്ഥ വരുമെന്ന് മുൻകാല പണ്ഡിതന്മാർ വിശദീകരിക്കുന്നതും ഇതിന്റെ വെളിച്ചത്തിലാണ്. കാരണം പാരായണം ചെയ്യുന്നത് ഗ്രഹിക്കാൻ കൃത്യമായ സമയം ലഭിക്കുന്നില്ല എന്നത് തന്നെ. ആധുനിക മനശാസ്ത്ര പഠനങ്ങളും സമാനമായ വായനകൾ നടത്തുന്നുണ്ട്. ആഴത്തിലുള്ള ചിന്തയും വായനയും ഗ്രഹണശക്തി വർദ്ധിപ്പിക്കുകയും വൈകാരിക നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു (ജാഫർ & സിപോണ് 2024, ഇസ്മായിൽ 2024).
കേൾവി, കാഴ്ച, ഹൃദയം എന്നിവ ചോദ്യം ചെയ്യപ്പെടുമെന്ന് ഖുർആൻ (17:36) പറയുന്നു. മുൻകാല പണ്ഡിതന്മാർ ഇതിനെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: ചിട്ടയായ വായനയാണ് ആത്മീയ ഗ്രഹണത്തിന്റെ അടിസ്ഥാനം, അതായത് തീവ്രശ്രദ്ധയുള്ള, വിനയാന്വിതമായ, സ്വീകരിക്കാൻ തയ്യാറായ മനസ്സോടെയുള്ള വായനയ്ക്ക് മാത്രമാണ് ഖുർആനിൽ നിന്ന് ആത്മീയ അറിവ് ഗ്രഹിക്കാൻ സാധിക്കുന്നത്. അക്കാരണത്താൽ, ഖുർആൻ പ്രോത്സാഹിപ്പിക്കുന്ന ചിന്താമഗ്നമായ വായനയെ മനുഷ്യ ഇന്ദ്രിയങ്ങളെ നിരന്തരം ആക്രമിക്കുന്ന ഡിജിറ്റൽ ചുറ്റപ്പാടുകൾ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
[3] أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഖുർആനിക വായനാ അവസരങ്ങൾ
ഇന്ന് സ്മാർട്ട്ഫോൺ ഉള്ള ആർക്കും ഖുർആനിക-വിവർത്തനങ്ങൾ, ഓഡിയോ പാരായണങ്ങൾ, ക്ലാസിക്കൽ-സമകാലിക ഖുർആൻ വ്യാഖ്യാനങ്ങൾ, പദാനുപദ- അർത്ഥങ്ങൾ, എ. ഐ അധിഷ്ഠിത പാരായണ സഹായികൾ, എന്നിവ ലഭ്യമാണ്. ഉയർന്ന നിലവാരമുള്ള ഉറവിടങ്ങൾ (sources) ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ച് ആഗോള വഖ്ഫായി സ്വയം വിശേഷിപ്പിക്കുന്ന 'ഖുർആൻ.കോം' പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇതിന് ഉദാഹരണമാണ്. ഈ സൗകര്യങ്ങൾ ഭൂമിശാസ്ത്രം, സാമ്പത്തിക സ്ഥിതി, ശാരീരിക പരിമിതികൾ, പണ്ഡിതരുടെ അഭാവം, തുടങ്ങിയ തടസ്സങ്ങൾക്കപ്പുറം മനുഷ്യർക്കിടയിൽ സ്വാധീനം ചെലുത്തുന്നു. ഒപ്പം ഡിജിറ്റൽ മീഡിയ ദഅവായെ (പ്രബോധനം) ജനകീയമാക്കുകയും, പണ്ഡിതന്മാർ, പ്രബോധകർ തുടങ്ങിയവർക്ക് ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക് ആശയങ്ങളെ എത്തിക്കാൻ സഹായകമാകുകയും ചെയ്യുന്നു (ആർമിത, 2025). പ്രത്യേകിച്ച് പ്രവാസി സമൂഹങ്ങൾക്ക് ഇത് വലിയ അനുഗ്രഹമാണ്.
തുടക്കക്കാരായ അറബി ലിപി പരിചയമില്ലാത്തവർക്കായി ട്രാൻസ്ലിറ്റെറേഷൻ (ലിപ്യന്തരണം), പാരായണ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന മനഃപാഠ ഉപകരണങ്ങൾ, സൂറത്തുകളുടെ വിഷ്വൽ മൈൻഡ് മാപ്പുകൾ (visual mind maps), ആവശ്യാനുസൃത ഗവേഷണ സഹായി, ഗൈമിഫൈഡ് (gamified) പഠനാനുഭവങ്ങൾ എന്നിവ സമകാലിക ആപ്പുകളുടെ ഭാഗമാണ്. മുമ്പ് പരിശീലനം ലഭിച്ച അധ്യാപകരിലൂടെ മാത്രം ലഭ്യമായിരുന്ന പാരായണ പിഴവുകൾ കണ്ടെത്തൽ, തജ്‌വീദ് മെച്ചപ്പെടുത്തൽ പോലുള്ള സേവനങ്ങൾ തർതീൽ.എ ഐ (tarteel. ai) പോലുള്ള ടൂളുകൾ ഉടനടി ലഭ്യമാക്കുന്നു.
അക്കാദമിക ഗവേഷകരും ഖുർആനിക പ്രമേയങ്ങളെ വിശകലനം ചെയ്യാൻ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഉദാഹരണം: ഖുർആനിക സൂക്തങ്ങളിലെ സാഹിതീയ പാറ്റേണുകളെ (literature patterns) കണ്ടെത്താൻ ലാറ്റെന്റ് ദിരിക്ലേറ്റ് അലോക്കേഷൻ (Latent Dirichlet Allocation [LDA]) എന്ന ടൂൾ ഉപയോഗപ്പെടുത്തുന്നു (ബദവി 2025). ധാർമിക ഉപയോഗങ്ങളുടെ (moral terms) സാഹചര്യാശയങ്ങളെ കണ്ടെത്താൻ എ. ഐ മാപ്പിംഗ് ഉപയോഗിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ടൂളുകൾ ഗവേഷകർക്കും വിദ്യാർഥികൾക്കും പുതിയ ലോകങ്ങൾ തുറന്നുകൊടുക്കുന്നു.
ഡിജിറ്റൽ വെല്ലുവിളികൾ
ഡിജിറ്റൽ മൾട്ടിടാസ്കിങ് (ഒരേസമയം പല കാര്യങ്ങൾ ചെയ്യുക) ഒരേസമയം ശ്രദ്ധാ-ദൈർഘ്യം കുറയ്ക്കുകയും, ഓർമ്മശക്തിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് മനശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു (ചെൻ 2019).
സ്ഥിരമായി ആപ്പില്‍ നിന്ന് ആപ്പിലേക്ക് (app by app) മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്താവിന് സ്ഥിരതയുള്ള വായനയിൽ ഏർപ്പെടാൻ നന്നായി ബുദ്ധിമുട്ടേണ്ടി വരും. ഈ മൾട്ടിടാസ്കിങിനിടയിൽ ചെറിയ ഇടവേളകളിലാണ് ഡിജിറ്റൽ ഖുർആൻ പാരായണത്തിന് അവസരം ഒരുങ്ങുന്നത്. ഇതാണെങ്കിലോ പൂർണ്ണമായ മനസ്സാന്നിധ്യം ആവശ്യപ്പെടുന്ന ഖുർആനിക-പ്രവാചക പാരായണ-മാതൃകകൾക്ക് വിരുദ്ധമാണ് താനും.
ഡിജിറ്റൽ സ്ക്രോളിങ് (digital scrolling) ചലിക്കുന്ന വചനങ്ങളുടെ (moving text) ഒരു ചുറ്റുപാട് സൃഷ്ടിക്കുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന കാരണത്താൽ ഇവ ഗ്രഹണശക്തിയെയും വിശ്വൽ മെമ്മറിയെയും (visual memory) തടസ്സപ്പെടുത്തുന്നു. ഭൗതികമായ (physical) ഒരു മുസ്ഹഫ് വാക്കുകളുടെ സ്ഥാനം ഓർമ്മിക്കാനും, സൂക്തങ്ങളുടെ ഘടന മനസ്സിലാക്കാനും വായനക്കാരെ സഹായിക്കുന്നു. തദബ്ബുറിലെ പ്രധാന ഘടകങ്ങളായ വാക്കുകൾ തമ്മിലുള്ള ബന്ധം കണ്ടെത്താനും സൂക്തങ്ങളുടെ പാറ്റേണുകൾ തിരിച്ചറിയാനും ഇവ തടസ്സം ഉണ്ടാക്കുന്നു.
ആത്മീയ ജനചര്യ പോസ്റ്റുകൾ, ഖുർആൻ ചലഞ്ചുകൾ, പാരായണ വീഡിയോകൾ പോലെയുള്ള മതകീയ പ്രവർത്തനങ്ങളുടെ പരസ്യപ്രകടനം സോഷ്യൽ മീഡിയ പ്രോത്സാഹിപ്പിക്കുന്നു. മറ്റുള്ളവർക്ക് പ്രചോദനമാകുമെങ്കിലും, നിയ്യത്ത് (ഉദ്ദേശ്യം) ദൈവ കൃപയിൽ നിന്നും മാറി സാമൂഹിക അംഗീകാരത്തിലേക്ക് മാറാനും ഇവിടെ സാധ്യതയുണ്ട്. ഇസ്‍ലാമിക ബ്രാൻഡിങ് (Islamic Branding) കച്ചവടം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ് സംസ്കാരം തുടങ്ങിയ ഇസ്‍ലാമിക ഡിജിറ്റൽ വാണിജ്യവൽക്കരണം പവിത്രമായ ആരാധനകളെ അതിൻറെ ആത്മീയ മൂല്യങ്ങളെ വകവയ്ക്കാതെ വെറും കണ്ടന്റ് ക്രിയേഷൻ (content creation) എന്ന രൂപത്തിലേക്ക് ഒതുക്കി തീർക്കുന്നു.
മാറുന്ന ആധികാരികതയിലെ ഖുർആൻ വ്യാഖ്യാന പ്രതിസന്ധികൾ
ഉലൂമുൽ ഖുർആനിൽ പരിശീലനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആർക്കും ഖുർആൻ വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിക്കാൻ ഇന്റർനെറ്റ് അവസരമൊരുക്കുന്നു. പാരമ്പര്യ പണ്ഡിതന്മാർക്ക് പകരം ഡിജിറ്റൽ അവലംബങ്ങളെ ആശ്രയിക്കുന്നതിനെ അക്കാദമിക ഗവേഷകൻ ഇമാദ് ഹംദഹ് വിശേഷിപ്പിക്കുന്നത്, കാലത്തിന്റെ ഹാഫിളായ ശേഖ് ഗൂഗിള്‍ (Sheikh Google as Hafiz al-Asr) എന്നാണ്. ഇവ, യോഗ്യരായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും വ്യക്തിപരമായ അഭിപ്രായങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാതെ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാവുന്നു.
സോഷ്യൽ മീഡിയ വീഡിയോകൾ പലപ്പോഴും സങ്കീർണമായ തഫ്സീറുകളെ ലഘൂകരിക്കുകയും സാന്ദർഭികാശയങ്ങളെ ഒഴിവാക്കുകയും പാരമ്പര്യ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളെ (ഖിലാഫാത്) അവഗണിക്കുകയും ചെയ്യുന്നു. 'ഓൺലൈൻ ഫത്‍വകൾ' ഇസ്‍ലാമിക അടിസ്ഥാന തത്വങ്ങളെ വികലമാക്കിയേക്കാം. ഇപ്രകാരം അൽഗോരിതങ്ങൾ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന എ.ഐ ടൂളുകൾ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചേക്കാം (മുഷ്‌താഖ് 2025).
സ്വബോധം, നിയ്യത്ത് (ആത്മീയ ഉദ്ദേശ്യം), ഉത്തരവാദിത്വബോധം, വൈകാരിക നിയന്ത്രണം, തുടങ്ങഇ മനുഷ്യ വിശേഷണങ്ങൾ എ. ഐ ടൂളുകളിൽ ഉണ്ടാവുകയില്ല. തദബ്ബുറിന് ധാർമിക അവബോധവും, വിനയവും, ദൈവിക ബന്ധവും ആവശ്യമാണ്. എന്നാൽ വെറും യന്ത്രമായ എ. ഐ ടൂളുകൾക്ക് ഇവകൾ കരഗതമാക്കാനുള്ള സ്വബോധം, നിയ്യത്ത്, ഉത്തരവാദിത്വബോധം, വൈകാരിക നിയന്ത്രണം, തുടങ്ങിയ മനുഷ്യ കഴിവുകൾ പ്രാപ്യമല്ല. പഠനത്തെ പിന്തുണക്കാൻ എ. ഐയ്ക്ക് കഴിയും, എന്നാൽ ആത്മീയ അധ്വാനത്തിന് പകരമാവാൻ അതിന് കഴിയില്ല (അൽ മൊമാനി 2025).
വുളൂഅ് ഇല്ലാതെ ഡിജിറ്റൽ ഉപകരണങ്ങളിൽ ഖുർആൻ പാരായണം ചെയ്യാൻ പൊതുവേ പണ്ഡിതന്മാർ അനുവാദം നൽകുന്നുണ്ടെങ്കിലും ആദരവ് മാനിച്ച് ശുദ്ധിയോട് കൂടെ മാത്രം പാരായണം ചെയ്യാനാണ് പലരും ഉപദേശിക്കുന്നത്. പാരായണ വേളയിൽ ശ്രദ്ധ തിരിയാതിരിക്കാൻ:
● നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കുക
● തടസ്സമില്ലാത്ത പാരായണത്തിനായി 'എയർപപ്ലെയിൻ മോഡ്' (aeroplane mode) ഉപയോഗിക്കുക
● അറിവുകൾ സോഷ്യൽ മീഡിയയിൽ പുറത്തുവിടുന്നതിന് മുമ്പ് അവകളുടെ ആധികാരികത ഉറപ്പുവരുത്തുക (ഖുർആൻ 49:6)
● ആരാധനാ കർമ്മങ്ങളുടെ നിർവ്വഹണ-വീഡിയോകൾ പുറത്തുവിടുന്നത് കൊണ്ട് ലോകമാന്യത്തിൽ (രിയാഅ്) നിന്ന് ഹൃദയത്തെ സംരക്ഷിക്കുക
എന്നിവ പാലിക്കുക.
ഡിജിറ്റൽ ശല്യങ്ങളെ (distractions) നേരിടാനും ചിട്ടയായ ശീലങ്ങൾ സ്വീകരിക്കാം:
● ദിവസവും ശ്രദ്ധാ-കേന്ദ്രീകൃതമായ വായനാസമയങ്ങൾ/സ്ഥലങ്ങൾ (deep reading zone/ time) നീക്കി വെക്കുക.
● ഡിജിറ്റൽ ടൂളുകൾക്കൊപ്പം ഭൗതികമായ (physical) മുസ്ഹഫ് കൂടി ഉപയോഗിക്കുക.
● ചിന്തകൾ കുറിച്ചുവെക്കാൻ ഡയറി കൂടെ കരുതുക.
● ഡിജിറ്റൽ ഡിവൈസുകൾ ഒഴിവാക്കി ചിന്തിക്കാൻ (തഫക്കുർ) സമയം കണ്ടെത്തുക.
● പാരായണ വേളയിൽ മൾട്ടി ടാസ്കിങ് ഒഴിവാക്കുക.
മതം (ദീൻ), ബുദ്ധി (അഖ്ൽ), സമൂഹ നന്മ (മസ്‍ലഹ) എന്നിവ സംരക്ഷിക്കാൻ ഡിജിറ്റൽ കണ്ടന്റുകളുടെ (digital content) മേൽനോട്ടം വഹിക്കണം. ഗവൺമെന്റുകളും പണ്ഡിത കൗൺസിലുകളും അക്കാദമിക സ്ഥാപനങ്ങളും ഡിജിറ്റൽ വിവർത്തനങ്ങളെ വിലയിരുത്തി അവയുടെ സത്യസന്ധത ഉറപ്പുവരുത്തുകയും പരിശോധിക്കുകയും അതിനായി പണ്ഡിതരുടെ ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുകയും വേണം.
ഉപസംഹാരം
ചുരുക്കത്തില്‍, അസാധാരണ അവസരങ്ങളും ഗുരുതരമായ വെല്ലുവിളികളുമാണ് ഡിജിറ്റൽ യുഗം ഖുർആനിക ബന്ധം നിലയുറപ്പിക്കാൻ നമുക്ക് നൽകുന്നത്. ടെക്നോളജി അവസരങ്ങൾ വിശാലമാക്കുകയും പഠനാവസരങ്ങൾ വർദ്ധിപ്പിക്കുകയും ലോക സമൂഹങ്ങളുമായി ബന്ധം സ്ഥാപിക്കാൻ സഹായിക്കുകയുംചെയ്യുമ്പോള്‍ തന്നെ, ഡിജിറ്റൽ പ്രവർത്തനങ്ങളായ സ്ക്രോളിങ്, മൾട്ടിടാസ്കിങ്, ഇടക്കിടെയുള്ള നോട്ടിഫിക്കേഷനുകൾ തുടങ്ങിയ തദബ്ബുറിന് ആവശ്യമായ നിശബ്ദത, മനസാന്നിധ്യം, ആത്മാർത്ഥത എന്നിവയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നു. സാങ്കേതികവിദ്യയെ നിരാകരിക്കുകയല്ല, മറിച്ച് വിവേകപൂർവ്വം ഉപയോഗിക്കുകയാണ്, ഈ ഡിജിറ്റത്തില്‍ യുഗത്തില്‍ ആധുനിക മുസ്‍ലിമിൻറെ ദൗത്യം.
References
Al-Ghazālī, A. H. (n.d.). Imam al-Ghazali on the etiquettes of Qur'an recitation.
Al-Lahim, K. A. K. (2007). Mafatih tadabbur al-Qur’an wa al-najah fi al-hayah.
Al-Momani, I. M. (2025). Ethical challenges for using artificial intelligence in Islamic jurisprudence. Salud, Ciencia y Tecnología, 4.
Armita, P. (2025). Digital da'wah and Quranic interpretation: Opportunities and distortions. International Journal of Islamic Thought and Humanities, 4(1), 154–164.
Armita, P. (2025). Mapping contextual meanings of the Qur'an using AI. Al-Mashadir, 1(1), 11–23.
Badawy, A. A., Elhinawy, E., Salah, A., & Mahdi, M. A. (2025). Topic discovery in the digital Qur’an. Journal of Information Systems Engineering and Management, 10, 642–650.
Chen, L., Nath, R., & Tang, Z. (2019). Determinants of digital distraction. Computers in Human Behavior, 104, 106195.
Digital Technology and Islamic Ethics. (n.d.). INFOCOMM Development Centre (iDEC).
Hamdeh, E. (2020). Shaykh Google as Ḥāfiẓ al-ʿAṣr. American Journal of Islam and Society, 37(1–2), 67–102.
Ismail, N. (2024). The effect of tadabbur al-Qur’an among undergraduate students. JISED, 8(59), 487–495.
Jaafar, N., & Sipon, S. (2022). Tadabbur al-Qur’an and mental well-being. Revelation and Science, 12(1), 35–44.
Mandaville, P. (1999). Digital Islam: Changing the boundaries of religious knowledge? ISIM Newsletter.
Mushtaq, A., Naeem, R., & Elmahjub, E. (n.d.). Can LLMs write faithfully? MusIML Workshop.
Nisa’, L. K., Mufid, A., & Syaiful, M. (2025). Qur’anic philology in the digital era. Al-Munir, 7(2).
Quran.com. (n.d.). About us.
Sati, A. (2025). Digital transformation of tafsīr. MILRev, 4(1), 389–415.
About The Author:
മാണൂര്‍ ദാറുൽ ഹിദായ ദഅ്‍വ കോളേജ്, ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് ലേഖകന്‍



Leave A Comment