ഇഖ്റഅ് 02. നീതിക്കും ന്യായത്തിനുമൊപ്പം നില്ക്കാനാവട്ടെ

പ്രവാചകരുടെ ജീവിതത്തിലെ സുപ്രധാനമായൊരു സംഭവമാണ് ഹില്‍ഫുല്‍ ഫുളൂല്‍. വിശിഷ്ടരുടെ സഖ്യം എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. മക്കയിലെ ഗോത്രങ്ങള്‍ക്കിടയില്‍, അതിന് തൊട്ട് മുമ്പ് നടന്ന ഒരു യുദ്ധത്തെ തുടര്‍ന്നായിരുന്നു ഈ സഖ്യം നിലവില്‍ വന്നത്. 

ഖുറൈശ് ഗോത്രത്തിലെ ഉപശാഖകളിലെ പ്രമുഖര്‍ ചേര്‍ന്നാണ് ഈ കരാറിന് രൂപം നൽകിയത്. സ്വദേശി വിദേശി എന്ന വേർതിരിവില്ലാതെ; മക്കക്കകത്ത് വെച്ച് ആര് മര്‍ദ്ധിക്കപ്പെട്ടാലും, അവന് നീതി ലഭ്യമാവുന്നത് വരെ അയാളുടെ കൂടെ ഒരുമിച്ച് നില്ക്കുമെന്ന പ്രതിഞ്ജയായിരുന്നു അത്. അന്ന് ഇരുപത് വയസ്സ് മാത്രം പ്രായമായിരുന്ന നബിതിരുമേനിയും അതില്‍ സംബന്ധിച്ചിരുന്നു. മർദ്ധിതന് നീതിയും ന്യായവും ലഭ്യമാക്കാന്‍ വേണ്ടിയുള്ള ഈ ചരിത്ര ഉടമ്പടിയിൽ സംബന്ധിക്കാനായത്, അഭിമാന പുരസരം പിൽക്കാലത്തു പലപ്പോഴും പ്രവാചകര്‍ അനുസ്മരിക്കാറുണ്ടായിരുന്നു. ജാഹിലിയ്യാ കാലത്ത് നടന്ന ആ നല്ല നീക്കത്തെ പ്രകീര്‍ത്തിക്കുകയും സമാനമായ നീക്കങ്ങള്‍ എവിടെ എപ്പോള്‍ നടന്നാലും അതിനെ താന്‍ പിന്തുണക്കുമെന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു അവിടുന്ന്.

ഇതാണ് ഉത്തമ സമുദായത്തിന്റെ രീതി. ഭൂമിയില്‍ നീതിയും ന്യായവും നടപ്പിലാക്കേണ്ടവരാണ് അവര്‍, അവക്ക് വേണ്ടി നിലകൊള്ളേണ്ടവര്‍, മര്‍ദ്ദിതനും പീഢിതനും വേണ്ടി ശബ്ദിക്കേണ്ടവര്‍. ഏറ്റവും പരിഷ്കൃതനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ ആധുനിക യുഗത്തിലും, കൈയ്യൂക്കുള്ളവന്‍ തന്നെയാണ് കാര്യക്കാരന്‍. തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മറ്റു രാഷ്ട്രങ്ങളിലേക്ക് കടന്ന് കയറുന്നതും അവിടത്തെ ജനജീവിതം ദുസ്സഹമാക്കുന്നതും നിത്യേന നാം കാണുന്നതാണ്. അധികാരികളും അവരുമായി ചേര്‍ന്ന് നില്ക്കുന്നവരും കാണിച്ച്കൂട്ടുന്ന അന്യായങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ല, ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ വൈകാതെ അവരുടെ ജീവന്‍ പോലും അപകടത്തിലാവുന്നതും സാധാരണമാണ്. 

Read More: ഇഖ്റഅ് 01. നോമ്പ്: ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍

ഇവിടെയാണ്, ഉത്തമസമൂഹത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. സ്വാര്‍ത്ഥ താല്പര്യങ്ങളെയും ലോഭമോഹങ്ങളെയും നിയന്ത്രിക്കാനാവുന്ന ഒരു സമൂഹത്തിന് മാത്രമേ അനീതികള്‍ക്കെതിരെ ശബ്ദിക്കാനാവൂ. ആത്മനിയന്ത്രണം കൈവരിച്ചവര്‍ക്ക് മാത്രമേ, അന്യായങ്ങള്‍ക്കെതിരെ നിലപാടെടുക്കാനും മര്‍ദ്ദിതരോടൊപ്പം ചേര്‍ന്ന് നില്ക്കാനും സാധിക്കൂ. 

മൂപ്പത് ദിവസം നീണ്ടു നില്ക്കുന്ന നോമ്പിലൂടെ രൂപീകൃതമാവേണ്ടത് അത്തരം ഒരു സമൂഹമാണ്. മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു, നിങ്ങള്‍ ഭയഭക്തിയുള്ളവരാവാന്‍ വേണ്ടി എന്ന ഖുര്‍ആന്‍ വചനം അത് കൂടിയാണ് പറയുന്നത്. 

ഈ റമദാനിലൂടെ നമുക്കും അത്തരം നിലപാടിലേക്കെത്താനാവട്ടെ. നമ്മുടെ അറിവിലും കണ്‍മുന്നിലുമായി നടക്കുന്ന അനീതികളോട് നമുക്ക് അരുതെന്ന് പറയാം, അന്യായങ്ങള്‍ക്കെതിരെ, പാടില്ലെന്ന മറുശബ്ദം മുഴക്കാം. വ്യക്തി ജീവിതത്തില്‍ തുടങ്ങി, വീട്ടിലും നാട്ടിലും അത് പ്രാവര്‍ത്തികമാക്കാനായാല്‍ വൈകാതെ, ഉത്തമ സമുദായത്തിന്റെ കൊച്ചു മാതൃകകള്‍ രൂപപ്പെടും. അത് തന്നെയാണ് റമദാന്‍ ലക്ഷീകരിക്കുന്നതും. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter