സുന്നി അഫ്കാര്‍
കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ജീവിത സ്പന്ദനങ്ങളില്‍ അമ്പത് വര്‍ഷത്തിലേറെ കാലമായി നിറഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനമാണ് സുന്നി യുവജനസംഘം. സമസ്ത എന്ന പണ്ഡിത സഭയുടെ ബഹുമുഖമായ സന്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ഒരു യുവജന വിഭാഗം ഉണ്ടായിരിക്കണമെന്ന സാത്വികരുടെ കാഴ്ചപ്പാടില്‍ പിറവിയെടുത്ത കൂട്ടായ്മയാണിത്. ഒട്ടേറെ അനുഭവങ്ങളുടെ തീക്ഷ്ണ വഴികളിലൂടെ നടന്നുനീങ്ങിയ ഈ പ്രസ്ഥാനം ഇന്ന് അഭിമാനകരമായ സ്വത്വം കൈവരിച്ചുകഴിഞ്ഞിരിക്കുന്നു.
ഒരു പ്രസ്ഥാനത്തിനു വേണ്ടുന്ന വിവിധ മുഖങ്ങളെ സ്വീകരിക്കാന്‍ ഏക്കാലവും പക്വത കാണിച്ച പ്രസ്ഥാനമാണ് എസ്.വൈ.എസ്. തിരൂര്‍ താലൂക്കിലെ പുതുപ്പറമ്പ് മദ്‌റസയില്‍ മൗലാന അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഒന്നാമത്തെ ശാഖ രൂപീകൃതമായതോടെ എസ്.വൈ.എസ്. അതിന്റെ പ്രവര്‍ത്തന ഗോഥയില്‍ പുതിയ അധ്യായങ്ങള്‍ രചിച്ചു തുടങ്ങി. ഉലമാക്കളും ഉമറാക്കളും നാടുകളില്‍ കടന്നുചെന്ന് കമ്മിറ്റികള്‍ രൂപീകരിച്ചു. അവര്‍ നടന്ന വഴികളിലൂടെ, അങ്ങനെ ഒരു ജനതയുടെ നവോത്ഥാനം വിരചിക്കപ്പെടുകയായിരുന്നു. പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് സംഘടന അതിന്റെ തുടക്ക കാലത്ത് തന്നെ ആലോചിച്ചിട്ടുണ്ട്. കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് പ്രസിഡന്റും കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായി എസ്.വൈ.എസിന്റെ കമ്മിറ്റി നിലവിലുണ്ടായിരുന്ന 1964-ല്‍ സുന്നി ടൈംസ് മലയാള വായനാലോകത്തേക്ക് കടന്നുവന്നു. അക്കാലത്തെ പ്രസിഡന്റായിരുന്ന കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ തന്നെ മുഖ്യപത്രാധിപരായിരുന്ന സുന്നി ടൈംസ് എഴുത്തിന്റെയും വായനയുടെയും ഭൂമികയില്‍ പുതിയ പരീക്ഷണം തന്നെയായിരുന്നു. സത്യത്തിന്റെയും ആദര്‍ശത്തിന്റെയും അക്ഷരവിരുന്നൊരുക്കിയ അതിന്റെ താളുകള്‍ നിര്‍വഹിച്ച ദൗത്യം മഹത്തരമാണ്. അമാനത്ത് കോയണ്ണി മുസ്‌ലിയാരും ശംസുല്‍ ഉലമയും മുഖ്യപത്രാധിപ സ്ഥാനത്തുണ്ടായിരുന്ന സുന്നി ടൈംസ് പതിനേഴ് വര്‍ഷത്തിന് ശേഷം ചില സാങ്കേതിക കാരണങ്ങളാല്‍ നിന്നുപോയി. പക്ഷേ, ആദര്‍ശപോരാട്ടത്തിന്റെ അക്ഷര വേദിയായി സുന്നി വോയ്‌സ് എന്ന പേരില്‍ പത്രം പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. തൊണ്ണൂറുകളില്‍ സംഘടനയിലുണ്ടായ പ്രത്യേക സാഹചര്യത്തില്‍ മറ്റൊരു പ്രസിദ്ധീകരണത്തെ കുറിച്ച് ആലോചിക്കേണ്ടിവന്നു. അങ്ങനെയാണ് സുന്നി അഫ്കാര്‍ വാരിക പ്രസിദ്ധീകൃതമാകുന്നത്. 1991 സെപ്തംബര്‍ 18-ന് പ്രകാശിതമായ സുന്നി അഫ്കാര്‍ വാരിക ഒരു വെല്ലുവിളി തന്നെ ഏറ്റെടുക്കുകയായിരുന്നു. സമൂഹവും സമുദായവും നേരിടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മുന്നില്‍ കണ്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സുന്നി അഫ്കാര്‍ എന്നും മുന്നില്‍ നിന്നു. ആനുകാലിക വിഷയങ്ങള്‍ക്കു പുറമെ ചരിത്രം, കര്‍മശാസ്ത്രം, ഹദീസ് തുടങ്ങിയ വിവിധ വൈജ്ഞാനിക തലങ്ങള്‍ക്കും അഫ്കാറിന്റെ പേജുകള്‍ ഇടം നല്‍കി. ആ മഹത്തായ ദൗത്യത്തിന്റെ പാതയില്‍ തന്റേടത്തോടെ ഇന്നും പത്രം മുന്നോട്ടു പോകുന്നു.
Leave A Comment