എ. മരക്കാര്‍ ഫൈസി/ സി.പി ബാസിത്ത് ഹുദവി തിരൂര്‍

കഴിഞ്ഞ ദിവസം വഫാത്തായ സമസ്ത കേന്ദ്രമുശാവറ അംഗം ഉസ്താദ് മരക്കാര്‍ ഫൈസിയുമായി സത്യധാര നേരെത്ത നടത്തിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു

ഉസ്താദിന്റെ ജനനം, കുടുംബം ?

1946 ലാണ് എന്റെ ജനനം. ഡിസംബര്‍ 1 നാണെന്നാണ് ഓര്‍മ. നിറമരുതൂര്‍ പഞ്ചായത്തിലെ പത്തംമ്പാടില്‍ അരങ്ങത്തില്‍ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെയും തിരൂര്‍ ചെമ്പ്രയിലെ പൗര പ്രമുഖനായിരുന്ന ഹൈദ്രോസ് കുട്ടിയുടെ മകള്‍ ഉമ്മാത്തുമ്മയുടെയും നാല് ആണ്‍ മക്കളില്‍ അവസാനത്തെ ആളായിട്ടാണ് ഞാന്‍ ജനിക്കുന്നത്. മൂത്ത ജ്യേഷ്ഠന്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അറിയപ്പെടുന്ന പണ്ഡിതനും പതിറ്റാണ്ടുകളായി താനൂര്‍ ത്വാഹാ പള്ളി മുദരിസാണ്. ജാമിഅയില്‍ നിന്ന് ഫൈളി ബിരുദം നേടിയ സഹോദരന്‍ അബ്ദുല്ല മുസ്‌ലിയാര്‍ നേരത്തെ വിടപറഞ്ഞു. ഹൈദര്‍ എന്ന സഹോദരന്‍ പ്രവാസം മതിയാക്കി വിശ്രമ ജീവിതം നയിക്കുന്നു. 

പാരമ്പര്യമായി പണ്ഡിത കുടുംബമായിരുന്നോ ?

ഉപ്പയുടെ കുടുംബവും ഉമ്മയുടെ കുടുംബവും പണ്ഡിതരായിരുന്നില്ല. വലിയ പണ്ഡിതന്മാര്‍ ആരും ഇല്ല. ദീനീ ബോധവും ചിട്ടയുമുള്ള കുടുംബമായിരുന്നു. വന്ദ്യ പിതാവ് ദര്‍സ് പഠനത്തിന് പോവുകയും ഉയര്‍ന്ന പണ്ഡിതനായിത്തീരുകയും ചെയ്തു. ആ വഴിയെ ഞങ്ങളെയും കൊണ്ടുവന്നു.

പിതാവിനെ പരിചയപ്പെടുത്താമോ ?

നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ എന്ന പേരിലാണ് പിതാവ് അറിയപ്പെടുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്‌വാ കമ്മറ്റി അംഗവുമായിരുന്നു. അരങ്കത്തില്‍ കുഞ്ഞിമരക്കാര്‍ - അന്നച്ചം പള്ളി ഫാത്തിമ ദമ്പതികളുടെ മകനായി 1900 ലാണ് ജനനം. പോക്കര്‍ മുസ്‌ലിയാരുടെ കീഴില്‍ ചെമ്പ്ര ദര്‍സിലായിരുന്നു ദര്‍സ് പഠനത്തിന്റെ തുടക്കം. അല്‍പകാലം പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സിലും പഠിച്ചിട്ടുണ്ട്. പിന്നീട് താനൂരില്‍ പാങ്ങില്‍ അഹ്്മദ് കുട്ടി മുസ്്‌ലിയാരുടെ ദര്‍സിലെത്തി. ഇരിമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്്‌ലിയാരും താനൂരില്‍ ഉസ്താദായിരുന്നു. പഠനം കഴിഞ്ഞ് താനൂരില്‍ തന്നെ മുദരിസാവുകയും പിന്നീട് തലക്കട്ടൂര്‍, കരിങ്കപ്പാറ, ഓമച്ചപ്പുഴ എന്നിവിടങ്ങളിലും സേവനം ചെയ്തു. ശംസുല്‍ ഉലമയാണ് പിതാവിനെ താനൂരിലേക്ക് രണ്ടാമതും കൊണ്ടുവരുന്നത്. 1986 നവംബര്‍ 16 ന് വഫാത്തായി. പത്തമ്പാട് ജുമുഅത്ത് പള്ളിക്കു മുന്‍വശമാണ് ഖബര്‍. വെള്ളിയാമ്പുറം സെയ്താലി മുസ്‌ലിയാര്‍, ഓമച്ചപ്പുഴ ഹാഫിസ് അബൂബക്കര്‍ മുസ്‌ലിയാര്‍, ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരൊക്കെ ശിഷ്യന്‍മാരാണ്. ഞങ്ങള്‍ മക്കളും പഠിച്ചത് പിതാവില്‍ നിന്നു തന്നെ.

പിതാവ് സംസ്ഥാനയുടെ അനുഭാവിയാണെന്നും ലൗഡ് സ്പീകര്‍ വിഷയത്തില്‍ സമസ്ത വിരുദ്ധ വീക്ഷണം പുലര്‍ത്തിയെന്നു കേള്‍ക്കുന്നു. വാസ്തവം ?

പലരും ചോദിക്കാറുണ്ട്. പിതാവ് വഫാത്ത് വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ മെമ്പറായിരുന്നല്ലോ. ഈ ആരോപണങ്ങള്‍ക്ക് അനുഗുണമായ ഒരു അനുഭവമോ സംസാരമോ പിതാവില്‍ നിന്നും ഉണ്ടായതായി ഞങ്ങള്‍ക്കറിയില്ല. പിതാവ് ജുമുഅക്ക് പങ്കെടുത്തിരുന്ന നാട്ടിലെ പള്ളിയില്‍ സ്പീക്കറുണ്ടായിരുന്നു. ഞാന്‍ സ്പീക്കര്‍ ഉപയോഗിച്ച് ഖുതുബ നടത്തുകയും പിതാവ് അതില്‍ പങ്കെടുക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഒരിക്കല്‍ പോലും എതിര് പറഞ്ഞില്ല. ഇതുകൊണ്ടുതന്നെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എനിക്ക് തീര്‍ത്തു പറയാന്‍ സാധിക്കും.

ഉസ്താദിന്റെ പഠനകാലം, ഉസ്താദുമാര്‍ ?

പത്തമ്പാട്ടെ നുസ്‌റത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. മദ്‌റസാ പ്രസ്ഥാനം പ്രാരംഭഘട്ടത്തിലായിരുന്നതിനാല്‍ വ്യവസ്ഥാപിതമായ പഠനരീതി ഉണ്ടായിരുന്നില്ല. പിതാവിന്റെ ശിഷ്യന്‍മാരായ പാലംപറമ്പില്‍ മുഹമ്മദ് മുസ്‌ലിയാര്‍, സെയ്താലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഉസ്താദുമാര്‍.
പത്തംമ്പാട് എല്‍.പി. സ്‌കൂളിലും ചെമ്പ്ര യു.പി. സ്‌കൂളിലുമായി സ്‌കൂളില്‍ എട്ടാം ക്ലാസും പൂര്‍ത്തിയാക്കി. ശേഷം പിതാവിനോടൊപ്പം താനൂരിലെ ദര്‍സിലെത്തി. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമിലും വലിയ കുളങ്ങര പള്ളിയിലുമായി ഏകദേശം ഒമ്പത് വര്‍ഷം ഞാന്‍ പഠനം നടത്തി.  അധിക കിതാബുകളും ഓതിയത് പിതാവിന്റെ അടുത്ത് നിന്ന് തന്നെയായിരുന്നു. കെ.കെ. ഹസ്‌റത്ത് വലിയ കിതാബുകളായിരുന്നു ഓതിത്തന്നിരുന്നത്. മഅ്ഖൂലാത്ത് ഓതാനായി ചെറുകുളം അബ്ദുറഹ്മാന്‍ മുസ്്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നെങ്കിലും താനൂരിലേക്കു തന്നെ തിരിച്ചെത്തി. ഉപരി പഠനത്തിനായി 1967 ല്‍ ജാമിഅ നൂരിയ്യയിലേക്ക് പോയി. ജാമിഅയുടെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. ശംസുല്‍ ഉലമാ, കണ്ണിയത്ത് ഉസ്താദ്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ഉസ്താദുമാര്‍.

താനൂരിലെ പഠന കാലം ?

ഞാന്‍ വരുന്ന കാലത്ത് തന്നെ ഇസ്വ്‌ലാഹില്‍ വലിയവരും ചെറിയവരുമായി നൂറിലധികം വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇന്നത്തേതു പോലെയല്ല, അന്ന് വിദ്യാര്‍ത്ഥികള്‍ നല്ല ദര്‍സും നല്ല പഠനവുമുള്ള കേന്ദ്രങ്ങള്‍ തേടിപ്പിടിച്ച് അവിടെ വന്ന് ചേര്‍ന്നിരുന്നു. അക്കാലത്ത് ഈ പരിസരത്തൊന്നും ഇസ്വ്‌ലാഹിനോളം പോന്ന ദര്‍സ് ഇല്ലായിരുന്നു. മാത്രമല്ല, മറ്റേതു ദര്‍സുകളേക്കാളും പ്രശസ്തിയും പഴക്കവും തഴക്കവും അന്ന് നമുക്കുണ്ടായിരുന്നു. നാട്ടുകാരായ വിദ്യാര്‍ത്ഥികള്‍ക്കും മഗ്രിബിന് ശേഷം പള്ളിയില്‍ ദര്‍സ് വളരെ വിപുലമായി നടന്നിരുന്നു. അന്ന് വെല്ലൂര്‍ ബാഖിയാത്തിന്റെ രൂപത്തിലുള്ള പഴയ ബില്‍ഡിംഗായിരുന്നു ഉണ്ടായിരുന്നത്. ക്ലാസുകള്‍ പള്ളിയിലും കോളേജിലും വെച്ച് നടത്തിയിരുന്നു. രാത്രി ദര്‍സ് പള്ളിയില്‍ തന്നെ. താമസ സൗകര്യത്തിനായി വിദ്യാര്‍ത്ഥികള്‍ തോട്ടുങ്ങള്‍ പള്ളി, വടക്കേ പള്ളി എന്നീ പള്ളികളും ഉപയോഗപ്പെടുത്തി.

അന്നത്തെ ഭക്ഷണ ക്രമീകരണം എങ്ങനെയായിരുന്നു ?

ഭക്ഷണ കാര്യമോര്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരുന്നത് താനൂര്‍കാരുടെ ആഥിത്യ മര്യാദയും ത്യാഗ മനോഭാവവുമാണ്. മുതഅല്ലിംങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനും, സ്വീകരിക്കാനും അവര്‍ വളരെ തല്‍പരരായിരുന്നു.രാവിലത്തെ ഭക്ഷണം അന്ന് കഞ്ഞിയായിരുന്നു. അത് കോളേജില്‍ തന്നെയായിരുന്നു. മറ്റു ഭക്ഷണങ്ങള്‍ക്കായി എല്ലാ വിദ്യാര്‍ത്ഥികളും വീടുകളില്‍ പോകുമായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ ചോറ് കിട്ടുമെങ്കിലും ഇടക്കിടെ അരിയില്ലാത്തപ്പോള്‍ ചപ്പാത്തിയും കിട്ടിയിരുന്നു. പലപ്പോഴും മുതഅല്ലിം വീട്ടിലെത്തിയ ശേഷമായിരുന്നു ഭക്ഷണമുണ്ടാക്കുന്നത്. കാരണം അന്ന് അത്രക്ക് ദാരിദ്രമായിരുന്നു. അപ്പോഴേ അവര്‍ക്ക് അരി മേടിക്കാന്‍ പണം ഒത്തിരുന്നൊള്ളൂ. മത്സ്യം സുലഭമായി ലഭിച്ചിരുന്നു. ഇന്നത്തെ പോലെ ഫൈബര്‍ വള്ളങ്ങളോ, എഞ്ചിന്‍ തോണികളോ അന്നുണ്ടായിരുന്നില്ല. സുബ്ഹിക്ക് തുഴത്തോണിയുമായി കടലില്‍ പോകുന്ന മുക്കുവന്മാര്‍ തോണി നിറയെ മീനുമായി വരുമായിരുന്നു .പക്ഷേ,മീനിന് അന്നും വില വളരെയധികം കുറവായിരുന്നു. ഞാന്‍ ചെലവിന് പോയിരുന്നത് എടക്കപ്പുറത്ത് ഒരു വീട്ടിലായിരുന്നു. കോളേജില്‍ ചേര്‍ന്നത് മുതല്‍ മിക്കവാറും ഭക്ഷണം ലഭിച്ചിരുന്നത് അവിടെ നിന്നു തന്നെയായിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ചിലവ് വീട്ടില്‍ ദുആ ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു.

പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ?

അന്നത്തെ ദര്‍സിന്റെ പഠന രീതിയനുസരിച്ച് ഓരോ വിദ്യാര്‍ത്ഥിയും ക്രമമനുസരിച്ച് ഉസ്താദിന് കിതാബ് വായിച്ചു കൊടുക്കണമായിരുന്നു. മാത്രമല്ല, അന്ന് ഓതുന്നതിനൊപ്പം ഉസ്താദുമാര്‍ പറയുന്ന അധിക അറിവുകള്‍ കിതാബിന്റെ വക്കുകളില്‍ എഴുതി വെക്കണമെന്ന് ഉസ്താദുമാര്‍ കല്‍പ്പിച്ചിരുന്നു. അക്കാലത്ത് സീനിയറായിട്ടുള്ള വലിയ വിദ്യാര്‍ത്ഥികളായിരുന്നു പുതുതായി വരുന്ന കുട്ടികള്‍ക്ക് പല കിതാബുകളും ഓതിക്കൊടുത്തിരുന്നത്. രണ്ടും മൂന്നും അധ്യാപകരുടെ സ്ഥാനത്ത് ശമ്പളമില്ലാതെ തന്നെ ഇവര്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. ഇതൊക്കെ അവരുടെ പിന്നീടുള്ള തഅ്‌ലീമിന് വളരെ സഹായകരവുമാകുകയും ചെയ്തിരുന്നു. അന്നത്തെ വിദ്യാത്ഥികള്‍ക്ക് കളികളിലും മറ്റു പുറത്തുള്ള കാര്യങ്ങളിലൊന്നും തീരെ താല്‍പര്യമില്ലായിരുന്നു. പിന്നെ അന്ന് ഇന്നത്തെപ്പോലെ ആധുനിക സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ. സദാ സമയം പഠനം പഠനം എന്നുള്ള ചിന്തതന്നെയായിരുന്നു. വൈകുന്നേരങ്ങളിലൊക്കെ പത്തും പതിനഞ്ചും കുട്ടികളിങ്ങനെ കൂടിയിരുന്ന് പല മസ്അലകളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഇതിനു പുറമേ രാത്രി ഒരു മണി വരെ ഇരുന്ന് കിതാബുകള്‍ ഓതിപ്പഠിക്കും. എന്നിട്ടും സമയം തികയാത്ത മട്ടാണുണ്ടായിരുന്നത്.  ദര്‍സില്‍ അന്ന് മന്‍ബഉല്‍ ഖുത്വബാഅ് എന്ന പേരില്‍ ഒരു സാഹിത്യ സമാജമുണ്ടായിരുന്നു. ഞാനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അതിലൂടെയാണ് പ്രസംഗിക്കാന്‍ പഠിച്ചത്. വിഭാഗങ്ങളായിത്തിരിച്ച് ഓരോ ആഴ്ചയിലും പ്രത്യേക വിഷയങ്ങളും നിശ്ചയിച്ചിരുന്നു. അല്‍ ഹിലാല്‍ എന്ന കൈയെഴുത്ത് മാസികയും പുറത്തിറങ്ങി. ചന്ദ്രിക ദിനപത്രം വന്നിരുന്നു. റൗള, ഇംദാദ് പോലുള്ള ഗ്രന്ഥങ്ങള്‍ ഞാന്‍ മുത്വാലഅ ചെയ്തിട്ടുണ്ട്.

ജാമിഅ കാലഘട്ടം എങ്ങനെ ഓര്‍ക്കുന്നു ?

ഇന്റര്‍വ്യൂ മുതല്‍ ഓര്‍മയുണ്ട്. ശംസുല്‍ ഉലമയായിരുന്നു പ്രവേശന പരീക്ഷ നിയന്ത്രിച്ചിരുന്നത്. എല്ലാവരോടും ഒരൊറ്റ ചോദ്യം മാത്രമായിരുന്നു ചോദിച്ചിരുന്നത്. അതില്‍ തന്നെ എല്ലാവരുടെയും അകവും പുറവും മനസ്സിലാക്കിയെടുക്കാന്‍ കഴിവുള്ള ആളായിരുന്നു അദ്ദേഹം. ഞാന്‍ പരീക്ഷക്ക് ചെന്നപ്പോള്‍ ശൈഖുനാ എന്നോട് ചോദിച്ചത് ശറഹു തഹ്ദീബിലെ ഒരു ചോദ്യമായിരുന്നു. ജാമിഅയില്‍ മൊത്തം നാല് വര്‍ഷം പഠനം നടത്തി. അല്‍ഹംദുലില്ലാഹ്... അവസാന പരീക്ഷയില്‍ ഒന്നാം റാങ്ക് തന്നെ കരസ്ഥമാക്കാന്‍ കഴിഞ്ഞു. ഉമര്‍ ഫൈസി മുക്കം, എം.ടി. ഉസ്താദ്, പി. പി. മുഹമ്മദ് ഫൈസി എന്നിവരൊക്കെ എന്റെ ശരീക്കന്മാരായിരുന്നു. ആലിക്കുട്ടി ഉസ്താദ് ജാമിഅയില്‍ എന്റെ സീനിയറായിരുന്നു. ഞങ്ങള്‍ തമ്മില്‍ പലകാര്യങ്ങളിലും ബന്ധപ്പെടാറുണ്ടായിരുന്നു. നൂറുല്‍ ഉലമായുടെ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.

ജാമിഅയിലെ  ഉസ്താദുമാരുടെ അദ്ധ്യാപന രീതിയെ കുറിച്ച്?

ശംസുല്‍ ഉമലയുടെ അടുത്ത് നിന്നാണ് തുഹ്ഫ, ബുഖാരി എന്നിവയാണ് ഓതിയത്. ശൈഖുനായുടെ ശൈലി വളരെ ആകര്‍ഷകമായിരുന്നു. ഹദീസ് ക്ലാസുകളുടെ വിശദീകരണങ്ങള്‍ കേട്ടാല്‍ നബി (സ്വ) തങ്ങളില്‍ നിന്നും നേരിട്ട് ലഭിച്ച തഹ്ഖീഖ പോലെ ഞങ്ങള്‍ക്ക് അനുഭവപ്പെടുമായിരുന്നു. ബുഖാരിയില്‍ ഹദീസും ബാബും തമ്മില്‍ മുനാസബയുണ്ടാകില്ലെന്ന് ധാരാളം ആളുകള്‍ പറയാറുണ്ട്. പക്ഷേ എല്ലാ ഹദീസുകളും  ബാബുമായി വളരെ കൃത്യമായി ബന്ധിപ്പിച്ച് ക്ലാസെടുക്കുന്ന സവിശേഷമായ ശൈലിയായിരുന്നു അദ്ദേഹത്തിന്‍െത്. കണ്ണിയത്ത് ഉസ്താദ് മന്‍ത്വിഖിലെ മുല്ലാ ഹസനായിരുന്നു ഓതിത്തന്നിരുന്നത്. തുടക്കത്തില്‍ തന്നെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ട് മാത്രമേ വായിച്ചര്‍ത്ഥം വെക്കാറുള്ളൂ. നല്ല ശൈലിയായിരുന്നു കണ്ണിയത്തുസ്താദിന്റേത്. മുല്ലാ ഹസനിലെ ചില ഹാശിയകള്‍ വായിച്ച് കഴിഞ്ഞ ശേഷം കൃത്യമായ ന്യായമില്ലെങ്കില്‍ ഹാദാ മര്‍ദൂദുന്‍ ബാത്വിലുന്‍ ലാ വജ്ഹ ലഹു എന്ന് പറഞ്ഞ് അതിനെ ഖണ്ഡിക്കാറുണ്ടായിരുന്നു. ഒരു ക്ലാസില്‍ തന്നെ ഏകദേശം പത്ത് തവണയെല്ലാം ഈ വാക്ക് ഉച്ചരിക്കാറുണ്ടായിരുന്നു. ശംസുല്‍ ഉലമയും ഇത് പോലെ പല ആശയങ്ങളെയും തള്ളാറുണ്ടായിരുന്നു. കോട്ടുമല ഉസ്താദായിരുന്നു തുര്‍മുദി ഓതിത്തന്നിരുന്നത്. അതു പോലെ എ.പി ഉസ്താദ് ജംഉല്‍ ജവാമിഉം ഓതിത്തന്നു.

കോളേജിലെ സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ അവസ്ഥകള്‍ ?

പരിമിതമായ സൗകര്യങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. താരതമ്യേന കുറവാണെങ്കിലും അന്നത് ഏറ്റവും വലുതായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്. അടിസ്ഥാന ലക്ഷ്യം പഠനമായിരുന്നല്ലോ. അതിനുവേണ്ടി സഹിക്കുന്ന ത്യാഗങ്ങള്‍ സന്തോഷകരമായിരുന്നു. മിക്കവാറും വിദ്യാര്‍ത്ഥികള്‍ മാസത്തില്‍ ഒരിക്കലല്ലാതെ വീട്ടില്‍ പോകാറുണ്ടായിരുന്നില്ല. ഒഴിവുള്ള ദിവസങ്ങളില്‍ കിതാബുകള്‍ പഠിച്ചും പഠിപ്പിച്ചും കോളേജില്‍ തന്നെ കഴിഞ്ഞുകൂടുമായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്ന് കോളേജിലേക്കും തിരിച്ചും നടന്നായിരുന്നു അധികയാത്രകളും. ബസ്സുകള്‍ വളരെ കുറവായിരുന്നു. വളരെയധികം സാമ്പത്തിക പ്രയാസങ്ങള്‍ അന്ന് അനുഭവിച്ചിരുന്നു. പലപ്പോഴും വീട്ടില്‍ നിന്ന് മണിയോര്‍ഡറായി. അയച്ചുതരുന്ന കുറഞ്ഞ സംഖ്യയായിരുന്നു അധികമാളുകളുടെയും പ്രതീക്ഷ. പരീക്ഷക്കുവേണ്ടിയുള്ള പഠനം മറക്കാനാവാത്തതാണ്. രാപ്പകല്‍ ഭേദമന്യേ നിശ്ചയിക്കപ്പെട്ട കിതാബുകള്‍ മനഃപാഠമാക്കാന്‍ വേണ്ടി പാടുപെടുമായിരുന്നു. ഭക്ഷണത്തിനും മറ്റുമായി പുറത്തുപോകുമ്പോള്‍ കിതാബ് സംബന്ധമായ ചര്‍ച്ചയായിരുന്നു മിക്കവാറും. ജാമിഅയില്‍ വെച്ച് ബാഫഖി തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉപദേശം ഇപ്പോഴും ഓര്‍ക്കുന്നു: 'ജീവിതത്തിന്റെ ഏതു മേഖലയിലെത്തിയാലും ആലിമിന്റെ ശിആറും സുന്നത്തായ കര്‍മങ്ങളും വെടിയരുത്.'

അദ്ധ്യാപന ജീവിതം ?

ജാമിഅയില്‍ നിന്നിറങ്ങിയ ശേഷം പിതാവിനു കീഴില്‍ താനൂരില്‍ ദര്‍സ് നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ പ്രതീക്ഷിച്ചത്ര കുട്ടികളില്ലാത്തതിനാല്‍ ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. ഞാന്‍ ആദ്യമായി മുദരിസാവുന്നത് കരിങ്ങനാടായിരുന്നു. താനൂരിലെ സാഹചര്യം മനസ്സിലാക്കി ശംസുല്‍ ഉലമയാണ് ഈ നിര്‍ദേശം നല്‍കിയത്. മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം കോട്ടക്കല്‍ പാലപ്പുറയിലേക്ക് മാറി. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്്‌ലിയാരുടെ ക്ഷണപ്രകാരമാണ് ചരിത്ര പ്രസിദ്ധ പാലപ്പുറ പള്ളിയിലെത്തുന്നത്. എഴുപതോളം കുട്ടികള്‍ ഈ ദര്‍സില്‍ എപ്പോഴുമുണ്ടായിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്്‌ലിയാരുടെ ഇടപെടലും ബറകത്തും ആത്മീയോപദേശവും ഏറെ സഹായകമായി. 9 വര്‍ഷത്തിനു ശേഷം ചെമ്മന്‍കടവിലേക്കു മാറി. വള്ളിക്കാഞ്ഞിരം, കൈനിക്കര, കാരത്തൂര്‍ ബദ്‌രിയ്യ, അയ്യായ, പൊന്‍മുണ്ടം എന്നിവടങ്ങളിലായിട്ടാണ് പിന്നീട് ദര്‍സ് നടത്തിയത്. വാണിയന്നൂരിലാണ് കൂടുതല്‍ കാലം സേവനം ചെയ്തത്. 22 വര്‍ഷത്തെ സേവനം വാണിയന്നൂര്‍ സ്വദേശം പോലെയായി. 4 വര്‍ഷമായി താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിലാണ് സേവനം തുടര്‍ന്ന്‌കൊണ്ടിരിക്കുന്നത്. 

ശംസുല്‍ ഉലമയുമായുള്ള ബന്ധം ?

താനൂരില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഇടപഴകുന്നത്. ജാമിഅയിലെത്തിയതിന് ശേഷം കൂടുതല്‍ അടുപ്പം വന്നു. ഇവിടെയും പരിസര പ്രദേശങ്ങളിലും മറ്റും പരിപാടികള്‍ക്കായി വരുമ്പോള്‍ ഖിദ്മത്ത് ചെയ്ത് കൊടുക്കാന്‍ ഞാന്‍ താല്‍പര്യം കാണിക്കാറുണ്ട്. ഗുരു ശിഷ്യ ബന്ധത്തിനപ്പുറം സ്‌നേഹം കാത്തു സൂക്ഷിക്കുന്ന ശീലമായിരുന്നു ശംസുല്‍ ഉലമാക്കുണ്ടായിരുന്നത്. ദൂരെ നിന്ന് നോക്കുമ്പോള്‍ ഗൗരവക്കാരനായി തോന്നുമെങ്കിലും ഉസ്താദിനോട് അടുക്കും തോറും സ്‌നേഹം കൂടി വരും. അത്രയും ആകര്‍ഷകമായ വ്യക്തിത്വമായിരുന്നു ശംസുല്‍ ഉലമയുടേത്. അഹ്‌ലു ബൈത്തിനോട് അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്ന ആദരവ് വലുതായിരുന്ന. വല്ല വേദിയിലും രാഷ്ട്രീയക്കാരും ധനികരും ഉണ്ടെങ്കില്‍ പോലും അവരെയൊന്നും ഗൗനിച്ചിരുന്നില്ല. എന്നാല്‍ തങ്ങന്മാര്‍ വേദിയിലേക്ക് കടന്നു വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈമുത്തി ആദരിക്കും. ചെറിയ കുട്ടികളാണെങ്കില്‍ പോലും അങ്ങേയറ്റം ബഹുമാനം കാണിക്കും. ശംസുല്‍ ഉലമയുമായുള്ള ഒരനുഭവം ഞാന്‍ പങ്കുവെക്കാം. സമസ്തയില്‍ ദൗര്‍ഭാഗ്യകരമായ ഭിന്നതയുണ്ടാവാനിരിക്കുന്ന കാലം, കാരത്തൂരില്‍ ഉസ്താദ് ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ സ്വാഗത പ്രസംഗം നടത്തിയത് ഞാനായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ മാര്‍ഗ്ഗത്തില്‍ ശംസുല്‍ ഉലമയുെ കീഴില്‍ അടിയുറച്ച് നില്‍ക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ ഊന്നിപ്പറഞ്ഞു. പ്രഭാഷണം കഴിഞ്ഞ ശേഷം കോഴിച്ചെന അബു ഹാജി എന്റെ സ്വാഗത പ്രസംഗം ശൈഖുനായുടെ ശ്രദ്ധയില്‍ പെടുത്തി.  ഉസ്താദ് പറഞ്ഞു: 'സംസാരം ഗുരുത്വമുള്ള പണ്ഡിതന്റെ സംസാരമാണ്. അള്ളാഹു നിങ്ങളുടെ സംസാരത്തില്‍ ബറകത്ത് ചെയ്യട്ടെ.' അല്‍ഹംദുലില്ലാഹ്... അന്ന് മുതല്‍ ഇന്ന് വരെ എന്റെ സംസാരത്തില്‍ അനുചിതമോ അനാവശ്യമോ ആയ വാക്കുകള്‍ കടന്നു കയറിയിട്ടില്ല. അന്‍പതോളം വര്‍ഷമായി തുടരുന്ന ദര്‍സ് നിര്‍വ്വഹിക്കാനുള്ള തൗഫീഖിന് പിന്നിലും ഉസ്താദ് തന്നെയാണ്. കരിങ്കനാട്ടേക്ക് മുദരിസായി എന്നെ അയക്കുന്നത് ശംസുല്‍ ഉലമയാണ്. പോകുന്നതിന് മുമ്പ് ശൈഖുനായെ കണ്ടിരുന്നു. പ്രത്യേക പ്രാര്‍ത്ഥനയും നല്‍കി അനുഗ്രഹിച്ചു. തദ്‌രീസില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഉപദേശവും നല്‍കി: ' ഏതു കിതാബും ഓതിക്കൊടുക്കുന്നതിന് മുമ്പ് നന്നായി മുത്വാലഅ ചെയ്യണം'

വിവാഹം, കുടുംബ ജീവിതം ?

എന്റെയും ജ്യേഷ്ഠന്റെയും കല്ല്യാണം ഒരുമിച്ചായിരുന്നു കഴിഞ്ഞത്. അന്ന് വെറും രണ്ടു കോഴികളെ മാത്രം അറുത്ത് കറിവെച്ചായിരുന്നു വന്ന ആളുകള്‍ക്ക് ഭക്ഷണം വിളമ്പിയിരുന്നത്. എല്ലാവരും ചേര്‍ന്ന് ഒരേ പാത്രത്തില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. കല്ല്യാണത്തിന് മുമ്പെ നികാഹ് കഴിഞ്ഞിരുന്നു. പള്ളിയില്‍ വെച്ചായിരുന്നു ചടങ്ങ്. ഇന്നത്തെ പോലെ കല്ല്യാണ സദസ്സുകളില്‍ വന്‍ ജനപ്പെരുപ്പം അന്ന് ഉണ്ടാകാറില്ല. ഞാന്‍ ഖുത്വ്ബ ഓതിയിരുന്ന പുത്തന്‍തെരു മഹല്ലിലെ മുഹമ്മദ് ഹാജി തന്റെ മകള്‍ ഫാത്തിമയെ വിവാഹം ചെയ്തു തരികയായിരുന്നു. അബ്ദുറഹ്മാന്‍, ശരീഫ്, റാബിയ, റൈഹാനത്ത്, ഉമ്മുഹബീബ, ഹന്നത്ത്എന്നിവര്‍ മക്കളാണ്. 22 പേരക്കുട്ടികളുണ്ട്. വാഫി-വഫിയ്യ ഉള്‍പ്പെടെ പണ്ഡിതരും വിദ്യാര്‍ത്ഥികളുമുണ്ട്. ഇളയ പുത്രന്‍ അബ്ദുല്‍ ഹക്കീം രണ്ടു വര്‍ഷം മുമ്പ് വിടപറഞ്ഞു. എന്റെ വീടിന് ബൈത്തുല്‍ ഹക്കീം എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.

സമസ്ത മുശാവറ അംഗമാണല്ലോ ഉസ്താദ്, സംഘടാ പ്രവര്‍ത്തനത്തിന്റെ ആദ്യ കാലങ്ങള്‍ ?

സമസ്തയില്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത് തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള മഹല്ല് ജമാഅത്ത് ഫെഡറേഷനിലൂടെയാണ്. എസ്.എം.എഫിന്റെ തുടക്കരൂപമാണിത്. മഹല്ല്-ദര്‍സ് ശാക്തീകരണത്തിന്റെ ഭാഗമായി ബാപ്പുട്ടി ഹാജി, സി.എച്ച്. ഐദറൂസ് മുസ്‌ലിയാര്‍ ഉസ്താദ് എന്നിവരുടെ കൂടെ സഞ്ചരിച്ച് നിരവധി സ്ഥലങ്ങളില്‍ ദര്‍സുകള്‍ സ്ഥാപിച്ചു. ഇവരുടെ നേതൃത്വത്തില്‍ നിരവധി പണ്ഡിതര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് പുതിയ ദര്‍സുകള്‍ സ്ഥാപിക്കുകയും മഹല്ല് കമ്മിറ്റികള്‍ ശാക്തീകരിക്കുകയും ചെയ്തു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ, സംസ്ഥാന ഘടകങ്ങളും നിലവില്‍ വന്നു. ദാറുല്‍ ഹുദാ ഇസ് ലാമിക് അക്കാദമി സ്ഥാപിക്കപ്പെടുന്നത് ഈ പ്രസ്ഥാനത്തിനു കീഴിലാണ്. തിരൂര്‍ കേന്ദ്രീകരിച്ചു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുണ്ട്. സമസ്തയുടെ 85 ാം വാര്‍ഷികത്തിന്റെ ആറ് മാസം മുമ്പാണ് കേന്ദ്ര മുശാവറാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചുവര്‍ഷം മുമ്പ് ഫത്‌വാ കമ്മിറ്റിയിലും അംഗമായി.

ഉസ്താദ് മികച്ച പ്രഭാഷകന്‍ കൂടിയാണ്. പഴയകാല വഅള് സമ്പ്രദായങ്ങള്‍ ?

ഇന്നത്തെ പോലെ ഒരു ദിവസം കൊണ്ട് തീരുന്ന വഅളുകളായിരുന്നില്ല അന്നുണ്ടായിരുന്നത്. മൂന്നു ദിവസം മുതല്‍ നാല്‍പ്പത് ദിവസം വരെ നീണ്ടു നില്‍ക്കുന്ന സദസ്സുകളാണുണ്ടായിരുന്നത്. ഒരു പണ്ഡിതന്‍ തന്നെയായിരിക്കും എല്ലാ ദിവസവും പ്രഭാഷകന്‍. ഞാനും ഈ രീതിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍  പ്രഭാഷണത്തിന് സ്ഥിരമായി പോയിരുന്നു. ഇശാഅ് നമസ്‌കാരവും ഭക്ഷണവും കഴിഞ്ഞ ശേഷമാണ് നാട്ടുകാര്‍ വഅളിന് വരാന്‍ തുടങ്ങുക. ഏകദേശം പത്തു മണിക്ക് തുടങ്ങുന്ന വഅള് ഏകദേശം ഒരു മണി വരെ നീളും. ദര്‍സില്‍ കിതാബ് ഓതിക്കൊടുക്കുന്ന പോലെയായിരുന്നു അന്നത്തെ വഅള്. ഈമാന്‍ മുതല്‍ സ്വര്‍ഗം വരെ ഓരോ ബാബുകളായി ദിവസവും വഅള് നടത്തുകയായിരുന്നു പതിവ്. ഇന്നത്തെ പോലെ ജനബാഹുല്യം ഉണ്ടാകാറില്ല. വാഹനസൗകര്യം അന്ന് കുറവാണല്ലോ. വഅളിനിടയില്‍ ചെറിയ ഇടവേളകളുണ്ടാവും. ചെറിയ തോതില്‍ ചായയും മുറുക്കാനുള്ളവര്‍ക്ക് അതിനുമുള്ള സമയമാണത്.

(കടപ്പാട്-സത്യധാര, 2020 ജനുവരി 01-31 പതിപ്പ്)

 

 

 

 

 

 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter