ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ സമകാലിക വായന- അഡ്വക്കറ്റ് വി.കെ ബീരാന്‍ സാഹിബ്/അബ്ദുല്‍ ഹഖ് മുളയങ്കാവ്

(നവംബര്‍ 26, ഭരണഘടനാ ദിനവും ദേശീയ നിയമ ദിനവുമാണ്. ഇന്ത്യന്‍ ഭരണഘടന ഏഴ് പതിറ്റാണ്ട് പിന്നിട്ട ഈ വേളയില്‍, മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലും ബാബരി മസ്ജിദ് അടക്കമുള്ള പ്രമാദ കേസുകളില്‍ ഇടപെട്ട നിയമജ്ഞനുമായ അഡ്വ.വികെ ബീരാന്‍ സാഹിബ്, സമകാലിക ഇന്ത്യന്‍ നിയമ വ്യവസ്ഥയെ കുറിച്ചും ഭരണഘടനയിലെ മുസ്‌ലിം ന്വൂനപക്ഷത്തിന്റെ അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്നു. ഇസ്‍ലാംഓണ്‍വെബ് നടത്തിയ പ്രത്യേക അഭിമുഖം)

ലോകത്തെ ഏറ്റവും വലിയ ഭരണഘടനകളിലൊന്നായ ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് തന്നെ തുടങ്ങാം?

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1949 നവംബര്‍ 26നാണ് നമ്മുടെ ഭരണഘടനക്ക് രൂപം നല്‍കിയത്. നിര്‍മാണ സമിതി ഭരണഘടന ഇന്ത്യാരാജ്യത്തെ ജനങ്ങള്‍ക്ക്  സമര്‍പ്പിക്കുകയും അത് ഇന്ത്യയുടെ പ്രാമാണിക ഗ്രന്ഥമായി സ്വീകരിക്കുകയും ചെയ്തു. 1950 ജനുവരി 26നാണ് ഈ ഭരണഘടന നിലവില്‍ വന്നത്. ആ ദിനമാണല്ലോ നാം റിപബ്ലിക് ദിനമായി ആചരിക്കുന്നത്. 

രാജ്യത്തെ ന്വൂനപക്ഷങ്ങളും ഭരണഘടനയും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു?

ഇന്ത്യാ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടന വലിയ ഗുണം ചെയ്യുന്ന ഏറ്റവും നല്ല ഒരു ഗ്രന്ഥമായി സ്വീകരിക്കാവുന്നതാണ്. ഭരണഘടനയനുസരിച്ച് രാജ്യം സഞ്ചരിക്കുന്നിടത്തോളം ഇവിടെ ആര്‍ക്കും ആശങ്കപ്പെടാനായി ഒന്നുമില്ല. 
പക്ഷെ യശശരീരനായ നമ്മുടെ പ്രസിഡണ്ട് കെ.ആര്‍ നാരായണന്‍ പറഞ്ഞത് പോലെ 'ഭരണഘടന അല്ല പരാജയപ്പെട്ടത്. ഭരണഘടന കയ്യാളുന്നവരുടെ പരാജയമാണ് ഇന്നത്തെ ഈ അവസ്ഥക്ക് കാരണം. 
അത് കൊണ്ട് തന്നെ, ഭരണഘടനയോട് എല്ലാവരും വിശേഷിച്ച് ന്യൂനപക്ഷങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ ആ ഭരണഘടനയിലുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ പാലിക്കുകയും അത് ഉറപ്പ് നല്‍കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യപരമായി ശ്രമിക്കുകയും ചെയ്യേണ്ടതാണ്. എങ്കില്‍ മുസ്‌ലിംകൾ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങളും പുരോഗതി കൈവരിച്ചേനെ.

മുസ്‌ലിംകൾ അടക്കമുള്ള ന്വൂനപക്ഷങ്ങളുടെ ഭരണഘടനയിലെ അവകാശങ്ങള്‍ പിന്നോട്ട് വലിക്കാനുള്ള കാരണം?

നാം തന്നെ എന്ന് പറയേണ്ടി വരും, അതായത് ആദ്യത്തെ ഗവണ്‍മെന്റുകള്‍ തന്നെ, ഭരണഘടന വന്ന ശേഷം ഉണ്ടായ  ഗവണ്‍മെന്റുകള്‍ തന്നെ (പ്രത്യേകിച്ച് കോണ്‍ഗ്രസ്) ഭരണഘടനയില്‍ പറയുന്ന അവകാശങ്ങൾ ഏത് രീതിയില്‍ സ്ഥാപിച്ചെടുക്കണമെന്നുള്ള ഒരു നിയമ നിര്‍മാണം നടത്തിയില്ല. ഭരണഘടനയുടെ 29, 30 അനുഛേദങ്ങളില്‍ വിദ്യഭ്യാസ അവകാശങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്, എന്നാല്‍ അതനുസരിച്ചുള്ള നിയമങ്ങള്‍ നിര്‍മിച്ച് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള അവകാശങ്ങള്‍ ഓരോ സംസ്ഥാനത്തെയും ജനങ്ങള്‍ക്ക് വിശിഷ്യ ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കേണ്ടതായിരുന്നു. പക്ഷെ അതിനൊന്നും തയ്യാറാകാത്തതിനാലാണ് എഴുപത് വര്‍ഷം പിന്നിടുമ്പോഴും ന്യൂനപക്ഷങ്ങള്‍ ഇങ്ങനെത്തന്നെ നിലനില്‍ക്കുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ വളരെ ശക്തമായ രീതിയില്‍ ഇതിനെതിരെ ജുഡീഷ്യറി മുഖേന നിയമ യുദ്ധം തന്നെ ചെയ്തുകൊണ്ടാണ്  സെന്റ്‌മേരീസ് കോളേജ് കേസിലെ വിധികള്‍ അടക്കമുള്ളവ സമ്പാദിച്ചത്. പക്ഷെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ആരും തന്നെ അന്നതിന് തയ്യാറായില്ല. ഭരണ ഘടന ഉറപ്പ് നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ പോയിട്ട് ഭാഗികമായി  പോലും ഇതുവരെ നടപ്പായിട്ടില്ല.  അതാണ്, ന്യൂനപക്ഷത്തിന്റെ ഇന്നും തുടരുന്ന പരിതാപകരമായ അവസ്ഥക്ക് കാരണം.

നിലവിലെ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ കുറിച്ച്?

ഇന്ത്യന്‍ ഭരണഘടനയുടെ മര്‍മ്മപ്രാധനമായ ഘടകം, അത് ജുഡീഷ്യറിക്ക് കൊടുത്തിരിക്കുന്ന പ്രാധാന്യമാണ്. അതായത് ഇന്ത്യയിലെ പാര്‍ലമെന്റോ കേന്ദ്രഗവണ്‍മെന്റോ മറ്റു ഗവണ്‍മെന്റുകളോ തീരുമാനിക്കുന്ന കാര്യങ്ങള്‍ ഭരണഘടനാപരമാണോ എന്ന്  പരിശോധിക്കാനുള്ള പൂര്‍ണ്ണാധികാരം സുപ്രീം കോടതിക്കുണ്ട്. അത് കൊണ്ട് തന്നെ, പ്രമുഖരും നിസ്വാര്‍ത്ഥരുമായ അഭിഭാഷകര്‍ സുപ്രീംകോടതി നിയന്ത്രിച്ചപ്പോഴൊക്കെ, വ്യക്തമായ വ്യാഖ്യാനങ്ങള്‍ കൊടുത്തുകൊണ്ട് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക്  കഴിഞ്ഞിട്ടുണ്ട്.

ബാബരി മസ്ജിദ് കേസില്‍ താങ്കളും ഹാജരായിരുന്നുവല്ലോ, അതേ കുറിച്ച് ?

1992 ഡിസംബര്‍ ആറാം തിയ്യതിയാണല്ലോ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. അതിന് ശേഷം പള്ളിയുടെ സ്ഥലം ഗവണ്‍മെന്റ് ഏറ്റെടുത്തുകൊണ്ട് കേന്ദ്രഗവണ്‍മെന്റിന്റെ ഒരു ഓര്‍ഡിനന്‍സ് വന്നു. അതിനെ പറ്റിയുള്ള പ്രശ്‌നങ്ങള്‍ വന്നുകഴിഞ്ഞപ്പോഴേക്കും കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാന പ്രകാരം രാഷ്ട്രപതി അത് സുപ്രീംകോടതിക്ക് റഫര്‍ ചെയ്തു. സുപ്രീംകോടതിയില്‍ ആ കേസ് നടക്കുമ്പോള്‍-ആ കേസാണ് ബാബരിയെ സംബന്ധിച്ച് സുപ്രീം കോടതിയില്‍ ആദ്യം നടക്കുന്നത്-അതിന് ഹാജരാകാനുള്ള ഭാഗ്യം എനിക്കുണ്ടായി, ഞാന്‍ കണ്ട കാര്യങ്ങളും തെളിവുകൾ സഹിതം അന്ന് നല്‍കി. 

അതിന് ശേഷം ആ വിഷയത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ മുസ്‍ലിംകള്‍ക്ക് സാധിച്ചില്ല എന്ന്, 1997 ൽ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ജസ്റ്റിസ് എ. എം അഹ്മദി എന്നോട് വളരെയധികം പ്രയാസത്തോടെ പറഞ്ഞിട്ടുണ്ട്. 20 ശതമാനത്തോളം വരുന്ന ഈ സമുദായത്തില്‍ നിന്ന് തലയെടുപ്പുള്ള ഒരാള്‍ പോലും ആ കേസില്‍ ഹാജരാകാന്‍ ഉണ്ടായില്ലെന്നത് ഏറെ ഖേദകരമാണ്. വളരെ പ്രഗത്ഭരായ, സെക്യുലറായ അഭിഭാഷകര്‍ മുസ്‌ലിം പക്ഷത്ത് നിന്ന് വാദിച്ചിട്ടുണ്ട് എന്നത് ശരിയാണ്, പക്ഷെ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരാള്‍ ഉണ്ടായില്ല എന്നതാണ് സത്യം. 

മുന്‍ ചീഫ് ജസ്റ്റിസ് അഹ്മദിയും താങ്കളും ചേര്‍ന്ന് മുസ്‌ലിം ന്യൂനപക്ഷത്തിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ?

പ്രഗത്ഭരായ നിയമ പഠന വിദ്യാര്‍ത്ഥികള്‍ മുസ്‌ലിം സമുദായത്തില്‍ വളരെ കുറവാണ്, ഇല്ലെന്ന് തന്നെ പറയാം. ആ പ്രശ്‌നത്തിന് ഒരു പരിഹാരമെന്ന നിലയില്‍ ഞങ്ങള്‍ രണ്ട് പേരും കൂടി ആലോചിച്ച്  ഇന്ത്യന്‍ സിസ്റ്റത്തില്‍ മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു ലോ സ്‌കൂളിന്റെ ശാഖ എന്ന പേരില്‍ അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിംഗിന്റെ പൂര്‍ണ പിന്തുണയോട് കൂടി ജസ്റ്റിസ് അഹ്മദിയുടെ സ്വാധീനത്തില്‍  നിയമം പാസ്സാക്കുകയും ഒരു സര്‍വകലാശാല യു.എ.ഇയില്‍ സ്ഥാപിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്തു - ഇന്ത്യന്‍ സിസ്റ്റത്തില്‍ അല്ലെങ്കില്‍ ഇവിടെ വന്ന് പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ല, ഇംഗ്ലണ്ടില്‍ നിന്ന് പരീക്ഷ മാത്രം പാസ്സായി വന്ന ഒരാള്‍ക്ക് ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ല എന്നത് പോലെ.

അതിന്റെ സാമ്പത്തികമായ എല്ലാ  ബാധ്യതകളും ഏറ്റെടുത്തത് തിരുവനന്തപുരത്ത് താമസക്കാരനും ഗള്‍ഫിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ  ഡോ. എം.കെ കമാലുദ്ദീന്‍ ഹാജിയായിരുന്നു. ഇതിന്റെ പരിസമാപ്തിയില്‍ ഗവര്‍ണര്‍ ഈ ഉത്തരവ് പാസ്സാക്കി ഞങ്ങള്‍ പ്രോട്ടോകളില്‍ സൈന്‍ ചെയ്ത് സ്വീകരിച്ച ശേഷം റോയല്‍റ്റി ആയി ഭോപ്പാല്‍ ലോ യൂണിവേഴ്‌സിറ്റിക്ക് 10 ലക്ഷം സ്വന്തം പോക്കറ്റിൽ നിന്ന് കൊടുത്ത മഹാനാണ് ഡോ. കമാലുദ്ദീന്‍ ഹാജി സാഹിബ്. 


എന്നാൽ നമ്മുടെ കുട്ടികളെ യു.എഇ സര്‍വകലാശയില്‍ അയച്ചു പഠിപ്പിക്കാന്‍ നമ്മുടെ മാതാപിതാക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു. കാരണം പ്രീഡിഗ്രി (പ്ലസ് ടു) കഴിഞ്ഞ് 5 കൊല്ലം കൂടി പഠിക്കണമെന്നത് അവര്‍ക്ക് പ്രയാസമായി തോന്നി. 12-ാം ക്ലാസ് കഴിഞ്ഞാല്‍ ഒരു കൊല്ലം കംമ്പ്യൂട്ടര്‍ കോഴ്‌സ് ചെയ്താല്‍ തന്നെ ഗള്‍ഫില്‍ നല്ല ശമ്പളമുള്ള ജോലികിട്ടുമെന്ന ധാരണയായിരുന്നു അന്നുണ്ടായിരുന്നത്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാന്‍ ആരുമുണ്ടായതുമില്ല. സമുദായത്തിലെ നേതാക്കളും അത് വേണ്ടത്ര ഗൌനിച്ചില്ല, അത് കൊണ്ടാണ് അത് പരാജയപ്പെട്ട് പോയത്. അതില്‍ ഒരു കുട്ടി പോലും വന്ന് ചേര്‍ന്നില്ല, അതോടെ ആ ശ്രമം വെറുതെയായിപ്പോയി.
നിയമ പഠനത്തിന് നാം പൊതുവെ തീരെ പ്രാധാന്യം നല്‍കുന്നില്ലെന്ന് പറയാം. പഠിക്കുന്നവര്‍ പോലും താത്കാലിക ജീവിത ഉപാധിയെന്നതില്‍ ഒതുങ്ങിപ്പോവുകയാണ്. സുപ്രീം കോടതി വരെ എത്തണമെന്ന ചിന്തയൊന്നും അവര്‍ക്കില്ല. സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നത് തന്നെ കാരണം. പൊതുതാത്പര്യമില്ല എന്ന് ചരുുക്കം.
ബാബരി മസ്ജിദിലെ അന്തിമ വിധി വന്നതിലും ഇതിന് വലിയ സ്വാധീനമുണ്ട്. അവിടെ ക്ഷേത്രമില്ലെന്നും പള്ളി അക്രമപരമായി പൊളിച്ചതാണെന്നുമെല്ലാം കോടതി സമ്മതിച്ച ശേഷമാണ്, ആ സ്ഥലം പൊളിച്ചവര്‍ക്ക് തന്നെ വിട്ടുകൊടുത്തത്. എല്ലാ കാര്യത്തിലും അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 

ബാബരി വിധി, ജമ്മുകാശ്മീര്‍, സി.എ.എ, എന്‍.ആര്‍.സി, എന്‍.ഇ.പി തുടങ്ങിയ ഫാഷിസ്റ്റ് കാലത്തെ പുതിയ നിര്‍മാണ സംവിധാനത്തെ കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു?

ഇത്തരം ചെയ്തികളെ ചോദ്യം ചെയ്യണമെങ്കില്‍ ജുഡീഷ്യറിയില്‍ നമ്മുടെ ശക്തമായ സാന്നിധ്യം അനിവാര്യമാണ്. ഇതിനേക്കാളും ശക്തമായ നിയമങ്ങള്‍ കൊണ്ടുവന്നാലും അതിനെ ചോദ്യം ചെയ്യാന്‍ നമുക്ക് ആളെവിടെയാണ്? നമ്മുടെ സാനിധ്യം ജുഡീഷ്യറിയില്‍ എത്തുക എന്നത് തന്നെയാണ് അതിന് പരിഹാരം. നേരത്തെ ബാബരി വിഷയത്തില്‍ ജസ്റ്റിസ് അഹ്മദിയും മറ്റൊരു ന്യൂനപക്ഷ ജഡ്ജിയായ ബഹുച്ചയും ബാബരി മസ്ജിദ് ഭൂമി ഏറ്റെടുത്തത് റദ്ദാക്കുകയാണ് ചെയ്തത്. അത് നടപ്പിലാകാത്തതിന്റെ കാരണം 3 പേര്‍ സര്‍ക്കാരിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. ഇവര്‍ ആ ഓര്‍ഡിനന്‍സ് റദ്ദാക്കി. എന്തൊക്കെയായാലും ഓരോരുത്തരും മനുഷ്യരാണ് ഓരോരുത്തര്‍ക്കും അവരുടേതായ താത്പര്യമുണ്ടാകാം, അവയെ ശക്തമായ നേരിടണമെങ്കില്‍ അവിടെ ആളുണ്ടാകണം. 

അവസാനമായി, മുസ്‌ലിം ന്യൂനപക്ഷത്തോട് നിര്‍ദേശിക്കാനുളളത്,?

ഇനി ശേഷിച്ച കാലത്തെങ്കിലും മുസ്‌ലിം ന്യൂനപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ഇല്ലെങ്കില്‍ മഹാനായ സി.എച്ച് മുഹമ്മദ് കോയ പറഞ്ഞ പോലെ, വെറും വിറക് വെട്ടികളും വെള്ളം കോരികളുമായി ജീവിക്കേണ്ടി വരും. 
എടവനക്കാട്ടുകാരനായ, എന്റെ ഒരു സുഹൃത്തിന്റെ പിതാവ് ഒരു ദിവസം സി. എച്ചിനെ വളരെ ശക്തമായി വിമര്‍ശിച്ചു. അദ്ദേഹത്തിന് മുസ്‌ലിം ന്യൂനപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം. അദ്ദേഹം പറഞ്ഞത്

'ഞാന്‍ മുഖ്യമന്ത്രിയും മറ്റു എല്ലാ എം.എല്‍.എമാരും മുസ്‍ലിംകളും ആയ ഒരു മന്ത്രിസഭ ഉണ്ടാക്കിയാല്‍ പോലും ഇവിടെ മുസ്‌ലിം ന്യൂനപക്ഷത്തിന് നീതി നല്‍കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അത് സാധിക്കുകയുമില്ല. കാരണം ഇവിടെ ശക്തമായ ഒരു സിവില്‍ സര്‍വീസ് ഉണ്ട് (ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്), അതിനപ്പുറത്ത് ശക്തമായ ജുഡീഷ്യറിയുമുണ്ട്. ഇതില്‍ രണ്ടിലും അര്‍ഹമായ പ്രാതിനിധ്യം നേടിയെടുത്തില്ലെങ്കില്‍ നിങ്ങള്‍ ഇവിടെ ഒന്നും നേടാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് സാധിക്കയുമില്ല.' ഏതാണ്ട് അരനൂറ്റാണ്ട് മുമ്പാണ് സി.എച്ച് ഈ സമുദായത്തെ ഇങ്ങനെ ഉപദേശിച്ചത്. പക്ഷെ അതൊന്നും ഉള്‍കൊള്ളാനുള്ള മനസ്സ് അതിനുള്ള ശക്തി, അതിനുള്ള താത്പര്യം ഇന്നും നാം കാണിച്ചിട്ടില്ല എന്നതാണ് സത്യം. 

(മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തിന് പുറമെ മുതിര്‍ന്ന പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന റെഗുലേറ്ററി ബോര്‍ഡിന്‍റെ സ്പെഷ്യല്‍ ഓഫീസറായും പ്രവര്‍ത്തിച്ച  അഡ്വ. വി.കെ ബീരാന്‍ സാഹിബ്  സി.എച്ച് മുഹമ്മദ് കോയയുടെയും സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെയും ആത്മ സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് )

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter