പൊളിറ്റിക്കല്‍ ഇസ് ലാമിനെയല്ല; കള്‍ച്ചറല്‍ ഇസ് ലാമിനെയാണ് നാം പ്രമോട്ട് ചെയ്യേണ്ടത്…

പി. സുരേന്ദ്രന്‍/അബ്ദുല്‍ ഹഖ് മുളയങ്കാവ്,

 

(മലയാളത്തിന്റെ പ്രശസ്ത ചെറുകഥാകൃത്തും ഓടക്കുഴല്‍ പുരസ്‌കാര ജേതാവുമായ പി. സുരേന്ദ്രന്‍ ഞാന്‍ അറിഞ്ഞ ഇസ്‌ലാം എന്ന വിഷയത്തില്‍ സംസാരിക്കുന്നു)

ലോകജനസംഖ്യയില്‍ രണ്ടാമത് അംഗബലമുള്ള പ്രമുഖ മതമാണല്ലോ ഇസ് ലാം. ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ പലവിധ ചര്‍ച്ചകളും വാദങ്ങളും സജീവമാണിന്ന്. പലപ്പോഴും ഇസ്്‌ലാം എന്താണെന്നുപോലും അറിയാതെയും മനസ്സിലാക്കാതെയുമാണ് ഇത്തരം സംവാദങ്ങള്‍ നടക്കുന്നത്. എന്നാല്‍, വലിയൊരു ബുദ്ധിജീവി വിഭാഗം അതിനെ ആഴത്തില്‍ മനസ്സിലാക്കുകയും അതിന്റെ വിവിധ വശങ്ങളെ ഉള്‍കൊള്ളാന്‍ തയ്യാറാവുകയും ചെയ്യുന്നു. മതങ്ങള്‍ക്കിടയിലെ ശത്രുതാമനസ്സ് ഇല്ലാതാക്കാനും സത്യം മനസ്സിലാക്കുന്നതിലേക്കുള്ള അകല്‍ച്ച കുറക്കാനും ഇത് കാരണമായിട്ടുണ്ട്. ഇത്തരുണത്തില്‍, മതം വൈരം പകര്‍ത്തുന്ന വേദികളെല്ലെന്നും അത് സ്‌നേഹത്തിന്റെയും ഒരുമയുടെയും ഇടങ്ങളാണെന്നുമുള്ള തിരിച്ചറിവ് പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്. വര്‍ഗീയതയും അസഹിഷ്ണുതയും കൊണ്ടാട്ടം നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രത്യേകിച്ചും.

ഇത്തരുണത്തില്‍, ഒരു എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമെന്ന നിലക്ക് ഇസ്്‌ലാമിക സംസ്‌കാരത്തെയും ചിന്തകളെയും നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു? ഇസ്്‌ലാം പഠനങ്ങളില്‍ എന്നെങ്കിലും വ്യാപൃതനായിട്ടുണ്ടോ? വിശ്വസംസ്‌കൃതിയുടെ നിര്‍മിതിയിലും പുരോഗതിയിലും ഇതിന്റെ ഇടപെടലിനെ എങ്ങനെയാണ് മനസ്സിലാക്കുന്നത്?

ഒന്നാമതായി, ഇസ്‌ലാമിനെക്കുറിച്ച് ആഴത്തില്‍ അറിയാവുന്ന ഒരു സാഹചര്യത്തില്‍ ആയിരുന്നില്ല ഞാന്‍ ജനിച്ചതും വളര്‍ന്നതും. ഇസ് ലാമിനെക്കുറിച്ചോ അല്ലെങ്കില്‍ അതിന്റെ ദൈവശാസ്ത്രപരമോ ആദര്‍ശപരമോ ആയ കാര്യങ്ങളെക്കുറിച്ചോ പരിചയപ്പെടാന്‍ എനിക്ക് കൂടുതല്‍ അവസരവുമുണ്ടായിട്ടില്ല. ഖുര്‍ആന്‍ മനസ്സിലാക്കാനും പ്രവാചക ജീവിതം പരിചയപ്പെടാനുമുള്ള അവസരവും അതുപോലെത്തന്നെ. പക്ഷേ അതേസമയം തന്നെ എനിക്ക് മുസ് ലിം സാമൂഹിക ജീവിതവുമായി ആഴത്തില്‍ ഇടപെഴകാനുള്ള സാഹചര്യമുണ്ടായിരുന്നു. ഞാന്‍ ജനിച്ചുവളര്‍ന്നത് മഞ്ചേരിയിലെ പാപ്പിനിശ്ശേരി എന്നു പറയുന്ന പ്രദേശത്താണ്. അവിടത്തെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ കര്‍ഷകരായിട്ടുള്ള മുസല്‍മാന്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണത്. പിന്നെ ഞങ്ങളുടെ പ്രദേശം പൂക്കോട്ടൂരിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ്. അത് കൊണ്ട് 1921 ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് മാപ്പിളമാരുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥലമാണ്. അങ്ങിനെയുള്ള ഒരു സ്ഥലത്ത് നിന്നാണ് ഞാന്‍ വരുന്നത്. മാത്രവുമല്ല, എന്റെ അച്ഛന്റെ നാട് പൊന്നാനിയാണ്. പൊന്നാനിയെന്നചത് ഇസ്‌ലാമികമായി വലിയപാരമ്പര്യമുള്ള പ്രദേശമാണല്ലോ. മഖ്ദൂമികളുടെ പാരമ്പര്യമുള്ള പ്രദേശം. സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്റെ വിഖ്യാതമായിട്ടുള്ള ചരിത്രഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന വിശ്വ ഗ്രന്ഥം എഴുതപ്പെട്ട പ്രദേശം. അങ്ങനെയൊക്കെ ഉള്ള ഒരുപാട് പ്രത്യേകതകള്‍ ഞാന്‍ വളര്‍ന്ന പരിസരങ്ങള്‍ക്കും ചുറ്റുപാടിനും ഉണ്ടായിരുന്നു.
ഈയൊരവസരത്തില്‍ മുസ്‌ലിം സാമൂഹിക ജീവിതവുമായി ആഴത്തില്‍ ഇടപെടുകയും അവരുമായി വളരെയധികം സൗഹാര്‍ദ്ദത്തില്‍ കഴിയാനും സാഹചര്യമുണ്ടായി.
എന്റെ കുടുംബ പശ്ചാത്തലമൊക്കെ വളരെ സെക്യുലര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ, മതത്തെക്കുറിച്ച ഗഹനമായ രീതിയിലുള്ള പഠനങ്ങളൊന്നും ഇക്കാലത്ത് കഴിഞ്ഞിരുന്നില്ല. എന്റെ കൗമാരക്കാലത്തിലാകട്ടെ പൊതുവെ മത നിരാസത്തിന്റെ ലോകത്തിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നത്. മതത്തിന് വലിയ പ്രധാന്യമില്ല, മതം ഇല്ല എന്ന് പറഞ്ഞ് ഒരു തരം യുക്തിവാദത്തിലധിഷ്ഠിതമായി ഒരുതരം ജീവിത പദ്ധതികളോടോ അല്ലെങ്കില്‍ ഒരു ശാസ്ത്ര തീവ്രവാദത്തോടോ ഒക്കെയായിരുന്നു ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. പക്ഷെ പിന്നീടെന്റെ അവബോധത്തില്‍ മാറ്റം വന്നു. ഇത് സാധ്യമാക്കിയത് പ്രധാനമായും ചിത്രകലയെക്കുറിച്ച് എനിക്ക് പഠനം നടത്തേണ്ടിവന്നു എന്നതാണ്. അപ്പോഴാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയെടുത്തത്; ലോകത്ത് യുക്തിവാദം കലയെ സ്വാധീനിച്ചതിലേറെ എത്രയോ ഇരട്ടിയാണ് അതില്‍ മതത്തിന്റെ സ്വാധീനം എന്നത്.
എല്ലാ മതങ്ങളുടെയും ദര്‍ശനങ്ങളുടെയും രീതികളുമായി ബന്ധപ്പെട്ട് കലാരൂപങ്ങള്‍ വികസിച്ചുവന്നിട്ടുണ്ട്. ബൗദ്ധ കല എന്ന്് പറയുന്ന അതി വി ശാല ലോകത്തുനിന്നും ബുദ്ധ കല, അമൃതമ ശില്‍പം തുടങ്ങിയവയെ വിലയിരുത്തുമ്പോള്‍ ബുദ്ധ ദര്‍ശനത്തെ മാറ്റി നിര്‍ത്തി അതൊരിക്കലും സാധ്യമാവില്ല. ജെയ്‌നന്‍ മിനിയേച്ചറിനെ പറ്റി വിലയിരുത്തുമ്പോള്‍ വര്‍ദ്ധമാനമഹാവീരനെ മാറ്റി അത് സാധ്യമല്ല. അങ്ങനെ വരുമ്പോള്‍ സൂഫി ദര്‍ശനങ്ങളെ കുറിച്ച് പഠിക്കവെ സൂഫി ദര്‍ശനം വാസ്തു ശില്‍പ കലയെ ആഴത്തില്‍ സ്വാധീനിച്ചതായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഞാന്‍ ബീജാപൂരും മറ്റും ഇതിനായി ധാരാളം യാത്രകള്‍ നടത്തിയിട്ടുമുണ്ട്. ഇസ്‌ലാമിക് സപെയിനിന്റെ ഒരു വലിയ സ്വാധീനമാണ് അമൂര്‍ത്ത ചിത്ര കലയിലുള്ളത് എന്നും പഠനത്തില്‍ എനിക്ക് മനസ്സിലായി. എന്നാല്‍, പ്രതിമാ ശില്‍പ്പത്തെയൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നത് ശരിയാണ്. അത് ആരാധനയാവുമോ എന്നതിനാലാണ് ഇസ്‌ലാം അംഗീകരിക്കാത്തത്. കലയുടെ മറ്റു വിഭിന്നങ്ങളായ മേഖലകള്‍ അന്വേഷിക്കാന്‍ തുടങ്ങിയത് അതിനു ശേഷമാണ്. അറബി കാലിഗ്രഫിയിലൂടെ ആര്‍്ട്ടിനെ ഇസ്്‌ലാം മഹത്തരമാക്കിയെടുത്തു. കലയെ കുറിച്ചുള്ള ഇത്തരം പഠനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ ദൈവശാസ്ത്രത്തിലേക്ക് എന്നെ തിരിച്ചുവിടുന്നതും ഞാന്‍ ഇസ്്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ വഴിയൊരുക്കുന്നതും.

കുട്ടിക്കാലത്തെ മുസ്്‌ലിംകളുമായി ബന്ധപ്പെട്ട ഓര്‍മകള്‍ എന്തൊക്കെയാണ്? അവരുമായി ഇടപഴകാനും അവരെക്കുറിച്ച് മനസ്സിലാക്കാനും അന്ന് അവസരങ്ങള്‍ ഉണ്ടായിരുന്നോ? അന്നത്തെ സാമൂഹിക മത സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ബാല്ല്യകാലം തൊട്ടേ മുസ്‌ലിം സുഹൃത്തുക്കളുണ്ട് എനിക്ക്. കൗമാരക്കാലത്തും ബാല്യത്തിലുമൊക്കെ അവരുമായി ധാരാളം ഇഴുകിച്ചേര്‍ന്നു ജീവിച്ചിട്ടുണ്ട്. പക്ഷെ അന്നൊന്നും അവരുടെ ഗ്രന്ഥങ്ങളെക്കുറിച്ചോ മറ്റോ കൂടുതല്‍ അറിയാന്‍ അവസരമുണ്ടായിരുന്നില്ല. മദ്രസാ പാഠപുസ്തങ്ങള്‍ പോലും അമുസ്്‌ലിംകളായ ആളുകള്‍ തൊടുന്നത് അംഗീകരിക്കപ്പെടാത്ത ഒരു കാലഘട്ടമായിരുന്നു അത്. ഒരു തരത്തിലും നമുക്ക് വേദഗ്രന്ഥം കിട്ടില്ല. അല്ലെങ്കില്‍ വിശുദ്ധ ഖുര്‍ആന്റെ ഒരു മലയാള പരിഭാഷ കിട്ടാനുള്ള സാധ്യതയില്ല. പക്ഷെ അത്തരമൊരു സാഹചര്യമൊക്കെ ഈയിടെയായി വല്ലാതെ മാറിക്കഴിഞ്ഞിട്ടുണ്ട്. മതത്തെക്കുറിച്ച പുസ്തകങ്ങള്‍ അമുസ്‌ലിംകളായ സുഹൃത്തുകള്‍ക്ക് കൊണ്ട്‌പോയി കൊടുത്ത് നിങ്ങളിത് പഠിക്കൂ വായിക്കൂ എന്ന് പറയുന്ന കാലമാണിത്. ഇത്തരത്തിലുള്ള സംവാദത്തിലേക്കൊക്കെ ആളുകളെ വിളിച്ചുവരുത്തുകയാണ് ഇന്നത്തെ മുസ്്‌ലിംകള്‍. തീര്‍ച്ചയായും ഏറെ പോസിറ്റീവായ ഒരുമാറ്റമാണിത്. ഈ മാറ്റം വന്നിട്ട് അധികം കാലമായിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. ഒരു പത്തോ പതിഞ്ചോ കൊല്ലത്തിനിപ്പറത്ത് വന്നിട്ടുള്ള മാറ്റമാണത്. അവരുടെ ആദാനപ്രധാനത്തിന്റെ ലോകമുണ്ടല്ലോ. അത് മനസ്സിലാക്കപ്പെടേണ്ട വലിയ ലോകംതന്നെയാണ്.
മലയാള പരിഭാഷകളിലൂടെയാണ് ഞാന്‍പ്രവാചകനെ കുറിച്ച് അറിഞ്ഞത്. പ്രവാചകനെ കുറിച്ച എന്റെ മനസ്സിലാക്കല്‍ ഒന്നാമതായി ഉദാരവാനായ ഒരു പ്രവാചകന്‍ എന്ന നിലക്കാണ്. ഒരു പാട് സവിശേഷതകള്‍ പ്രവാചക ജീവിതത്തിലുണ്ട്. ഇപ്പോള്‍ തീവ്രവാദം എന്ന് പറയുന്നത് ഇസ്ലാമിന്റെ പേരില്‍ കെട്ടിവെച്ചതാണെന്നും അതിന് ഇസ്്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നും പ്രവാചക ജീവിതം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. പ്രവാചകന്‍ യുദ്ധം ചെയ്തിട്ടുണ്ട്. പക്ഷെ, അത് പ്രതിരോധത്തിന്റെ ഭാഗമായിട്ട് മാത്രം. അതേ സമയം തന്നെ സമാധാനത്തിന് വേണ്ടി ഏതറ്റവും പോകാമെന്നും പ്രവാചകന്‍ തീരുമാനിക്കുന്നുണ്ട്്. അതിലേറ്റവും സുപ്രധാനമായിട്ടുള്ളതാണ് ഹുദൈബിയ സന്ധിപോലുള്ള സന്ദര്‍ഭങ്ങളില്‍ പ്രവാചകന്റെ നിലപാടുകള്‍ സമാധാനത്തിന് വേണ്ടി ഏതറ്റം വരെയും പോകാം അത് ഒരു പക്ഷെ ഒരര്‍ത്ഥത്തില്‍ പ്രവാചകന്റെ അസാധാരണമായിട്ടുള്ള ആത്മ വിശ്വാസം കൂടിയാണ് ഒരു പക്ഷെ അദ്ധേഹത്തെ ഈയൊരു ഹുദൈബിയ സന്ധിപോലുള്ള ഒരു കരാറിലേക്ക് സംഗതികള്‍ എത്തിക്കുന്നത്.
അത് കഴിഞ്ഞ് ഞാന്‍ അദ്ധേഹത്തിന്റെ രാഷ്ട്ര സങ്കല്‍പം പഠിക്കാന്‍ ശ്രമിച്ചു. അതിലേറ്റവും മനോഹരമായിട്ടുള്ള രാഷ്ട്ര സങ്കല്‍പ്പമാണ് മദീനയിലദ്ദേഹം പടുത്തുകെട്ടിയ രാഷ്ട്രം. ലോകത്തെ ബഹുസ്വര രാഷ്ട്രത്തിന്റെ ഏററവും മികച്ച ഉദാഹരണമായി മദീനയിലെ ബഹുസ്വര രാഷ്ട്രം വന്നു. ലോകത്ത് ആദ്യത്തെ സാക്ഷരത പ്രസ്ഥാനം കൊണ്ട് വരുന്നത് അവിടെ അദ്ദേഹമാണ്. പിന്നീട് ഹൈജീനിക് ആയിട്ടുള്ള സങ്കല്‍പങ്ങള്‍ കൊണ്ട് വരുന്നു. അതിലുപരി ജൂതന്മാര്‍ക്ക് അവരുടെ കച്ചവട അവകാശങ്ങളൊക്കെ അംഗീകരിച്ച് കൊണ്ട് എല്ലാതരത്തിലുള്ള ബഹുസ്വരതയെയും അംഗീകരിച്ച് കൊണ്ട് ഒരു സ്വപ്‌ന തുല്ല്യമായ രാഷ്ട്രം കൊണ്ടുവരുന്നു. അവിടെയാണ് തിയോളജിയില്‍ നിന്ന് രാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് പ്രവാചകന്‍ വളരുന്ന ഒരു സാഹചര്യം നമുക്ക് കാണാന്‍ കഴിയുന്നത്.

ഇന്ന് ഇസ്്ലാം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തീവ്രവാദവും ഭീകരവാദവുമെല്ലാം അതിനുമേല്‍ കെട്ടിവെക്കപ്പെടുന്നു. പലരും ഇസ്്‌ലാമിനെ ഉന്നംവെക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ലോകത്തിന്റെ ഇത്തരമൊരു ചിന്താഗതിയെ എങ്ങനെ നോക്കിക്കാണുന്നു? തീവ്രവാദത്തിന്റെയും മറ്റും വേരുകള്‍ ഇസ്്്‌ലാമില്‍ കണ്ടെത്താനാവുമോ?

അതൊരിക്കലും ഇസ്‌ലാമിന്റെതാവില്ലല്ലോ. കാരണം, ഒന്നാമതായി നമ്മള്‍ കാണുന്നത് ഇന്നത്തെ തീവ്രവാദം കൂടുതലും വംശീയതയില്‍ അതിഷ്ഠിതമായിട്ടാണ്. പ്രവാചകന്‍ ഇസ്‌ലാം അവതരിപ്പിച്ചത് തന്നെ വംശീയതയെ മറികടക്കാനാണ്. ഗോത്രങ്ങളും വംശങ്ങളും അവരുടെ ആരാധനാ കര്‍മ്മങ്ങളും അതിന്റെ സംഘര്‍ഷങ്ങളും ഉള്ള കാലഘട്ടത്തില്‍ അതില്‍ നിന്നൊക്കെ ജനങ്ങളെ മാറ്റിക്കൊണ്ട് ഏകീകരണത്തിന്റെ ലോകമാണല്ലോ പ്രവവാചക സങ്കല്‍പ്പത്തിലുണ്ടായിരുന്നത്. രാഷ്ട്രങ്ങള്‍ ഏകീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സങ്കല്‍പം. ഏക പൗരതത്തത്തിലേക്ക് പലതരതത്തിലുള്ള ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. ആയതിനാല്‍ പ്രവാചകന്റെ ജീവിതം വംശീയതക്കെതിരാണ്. പക്ഷെ, ഇപ്പോള്‍ വരുന്ന ഭീകരവാദം വംശീയതയില്‍ അതിഷ്ടിതമാണ.് ആയതിനാല്‍, ഭീകരവാദവും തീവ്രവാദവും ഇസ്്‌ലാമികമെന്ന് പറയുക സാധ്യമല്ല.

ആഘോഷങ്ങള്‍ സാമൂഹിക ഇടചേരലിന്റെ വേദികളാണല്ലോ. മുസ്്‌ലിംകളിലും ആഘോഷങ്ങളും കൂട്ടായ്മകളും ധാരാളമായി നിലനില്‍ക്കുന്നുണ്ട്. മതജാതിഭേദമന്യേ ആളുകള്‍ അതില്‍ ഭാഗവാക്കാവുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നു. ഇത്തരം വല്ല ഓര്‍മകളും? അവയുടെ വല്ല സ്വാധീനവും?

മുസ്‌ലിം ആഘോഷങ്ങളുടെ ഒരു സ്വാധീനം പല നിലക്കും കാണാവുന്നതാണ്. കുട്ടിക്കാലത്ത് ഞങ്ങള്‍ നോമ്പ് നോറ്റിരുന്നില്ല. ധാരാളം ഹിന്ദുക്കള്‍ നോമ്പ് നോക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. പെതുവെ അന്നത്തെ കാലത്തൊന്നും അത്ര ഉണ്ടായിരുന്നില്ല. പക്ഷെ നോമ്പ് ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുമായിരുന്നു. അതില്‍ ഏറ്റവും മനോഹരമായിട്ടുള്ളത് 27ാം രാവിലെ പലഹാരങ്ങള്‍ വിതരണം ചെയ്യുന്ന സമ്പ്രദായമാണ്. ഒരുപക്ഷെ ബഹുസ്വരമായിട്ട് ഒരു പ്രദേശത്തിന്റെ സംസ്‌കൃതി നിലനിര്‍ത്തുന്നതില്‍ ഒരു വലിയ പങ്ക് ഇതിന് ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് ഇരുപത്തിയേഴാം രാവിന്റെ അന്ന് മുസ്‌ലിം വീടുകളിലൊക്കെ നെയ്യപ്പം ഉണ്ടാക്കി അത് ഇലയില്‍ പൊതിഞ്ഞ് ഹിന്ദുവീടുകളിലേക്ക് എത്തിച്ചിരുന്നുവെന്നത്. അതിന് വേണ്ടി ഞങ്ങള്‍ നോമ്പിന്റെ എണ്ണം പിടിക്കുമായിരുന്നു. എണ്ണം പിടിച്ച് എന്നാണ് 27ാം രാവ് വരുന്നത്എന്ന് കാത്തു നില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു.
പിന്നെ ആഘോഷങ്ങളൊക്കെ തന്നെ എനിക്ക് തോന്നുന്നത് എല്ലാ ആഘോഷങ്ങളും എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുന്നതാണ് ബഹുസ്വര സമൂഹത്തിന് ഏറ്റവും നല്ലത് എന്നാണ്. ആദാനപ്രധാനങ്ങള്‍ക്ക് ഏറ്റവും നല്ലത് അതാണ്. നബിദിനത്തിന്റെ കാര്യം മാത്രമെടുക്കുക. പല വിഭാഗം ആളുകളും അത് ആഘോഷിക്കുന്നതിന് എതിരാണ്. അങ്ങനെ ആഘോഷിക്കാന്‍ പാടില്ല എന്ന തരത്തിലുള്ള നിലപാടുകള്‍ ഉള്ള ആളുകള്‍ ഉണ്ടാവാം. പക്ഷെ, ഞാന്‍ പറയുന്നത് അത് ആഘോഷിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നതാണ്. ആളുകള്‍ ഒരുമയോടെ അത് ആഘോഷിക്കുമ്പോഴാണ് അവിടെ ഐക്യമുണ്ടാവുന്നത്. കുട്ടികളുമായി ജാഥ പോകുന്നതും ആഘോഷത്തില്‍ പങ്കെടുക്കുന്നതുമെല്ലാം മനുഷ്യരെ ഐക്യപ്പെടുത്തുന്നതിന് സഹായകമാകുന്ന വലിയ കാര്യങ്ങളാണ്. പള്ളികളിലെ ആഘോഷങ്ങളെയെല്ലാം ഞാന്‍ അംഗീകരിക്കുന്നതിന്റെ കാരണമതാണ്.

സൂഫികളുടെ ലോകം അല്ലെങ്കില്‍ സൂഫി ദര്‍ശനമെന്ന് പറയുന്നത് ഇസ്‌ലാമിന്റെ വലിയൊരു ഭാഗമാണ്. ഇസ്്‌ലാമിന്റെ ധ്യാന പരാമ്പര്യമാണ് ഇത് വ്യക്തമാക്കുന്നത്. മതത്തിന് പല തരത്തിലുള്ള മുഖങ്ങള്‍ ഉണ്ടാവുമല്ലോ. പലപ്പോഴും എനിക്ക് തോന്നുന്നത് തീവ്രവാദ സ്വഭാവമുള്ള പല സംഘടനകളും ഇസ്‌ലാമിക രാഷ്ട്രത്തെകുറിച്ച് സങ്കല്‍പ്പിക്കുകയാണ്. അപ്പോള്‍ രാഷ്ട്രമെന്നത് പോളിറ്റിക്കല്‍ ഇസ്‌ലാം എന്ന തലത്തിലേക്ക് അവരെത്തുന്നു. അതിന് വേണ്ട ന്യായങ്ങള്‍ അവര്‍ കണ്ടെത്തുന്നു. പക്ഷെ നമ്മള്‍ കാണേണ്ട പ്രധാനമായൊരു കാര്യം വാളിലൂടെയല്ല ഇസ്്‌ലാം പ്രചരിച്ചത് എന്നതാണ്. ഖുര്‍ആന്‍ അവതരിച്ചതും വാള്‍മുനയിലൂടെയല്ല. ഹിറാഗുഹയില്‍ വെച്ചാണല്ലോ ഇത് അവതരിപ്പിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ മതത്തിനൊരു ജ്്ഞാന പാരമ്പര്യമുണ്ട്. പ്രതിരോധത്തിന്റെയും യുദ്ധത്തിന്റയും വഴിയും ഉണ്ടാവാം. പക്ഷെ, അതെല്ലാം അനിവാര്യഘട്ടങ്ങളില്‍ മാത്രം ഉണ്ടായതാണ്. അതിലപ്പുറം, ധ്യാന പാരമ്പര്യമാണ് ഇസ്്‌ലാമിന്റെ അടിസ്ഥാന വശം. ആ ധ്യാന പാരമ്പര്യമാണ് സൂഫികള്‍ പിന്നീട് നിലനിര്‍ത്തുന്നത്. അത് പിന്നെ വാസ്തു ശില്‍പത്തെയും സാഹിത്യത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്.
സൂഫി സന്യാസിമാര്‍ മതത്തിന്റെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒന്നിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവര്‍ മുന്നോട്ട് വെച്ചആശയങ്ങളും അതുകൊണ്ടുതന്നെ ഏറെ മഹത്തരമായിരുന്നു. അതിനാലായിരിക്കണം സൂഫികളുടെ മഖ്ബറകളൊക്കെ നാനാജാതി മതക്കാരുടെയും സന്ദര്‍ശന കേന്ദ്രമായി മാറിയത്. അവര്‍ ജീവിത കാലത്ത് പുലര്‍ത്തിയ ധര്‍മ്മ നിഷ്ഠയും ധ്യാനനിഷ്ഠയും അവരുടെ ഇതര മതക്കാരോടുള്ള സ്‌നേഹാര്‍ദ്ദമായ പെരുമാറ്റ രീതിയുമൊക്കെയാണ് ഇതിന് കാരണം. ചിശ്തിയുടെ കാര്യമായാലും ബന്ധനവാസ് ഗിസു പോലെയുള്ള ഗുല്‍ബര്‍ഗയിലെ സൂഫി വര്യന്റെ കാര്യത്തിലായാലും ഇക്കാര്യം വ്യക്തമാണ്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെയൊക്കെ എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകള്‍ പങ്കെടുക്കുന്നതായി അനുഭവിക്കാന്‍ കഴിഞ്ഞു. ഇന്ത്യയുടെ ബഹുസ്വര സംസ്‌കൃതിയെ കെട്ടിപ്പടുക്കുന്നതില്‍് ഇസ്്‌ലാം ചെയ്തിട്ടുള്ള ഏറ്റവും വലിയ സംഭാവനകളിലൊന്നാണിത്.

ഇസ്്‌ലാമിന് സമഗ്രവും ബഹുസ്വരവുമായ ഒരു പാരമ്പര്യമുണ്ടായിരുന്നുവെന്ന് താങ്കളുടെ സംസാരത്തില്‍ നിഴലിക്കുന്നുണ്ട്. വര്‍ത്തമാന പരിസരത്തില്‍ അവയെ സംരക്ഷിക്കുന്നതില്‍ മന്ദഗതി വന്നതായി തോന്നുന്നുണ്ടോ?

പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അതിനു വിയോജിപ്പുകളുമുണ്ടാവുക സ്വാഭാവികമാണ്. പല തരത്തിലുള്ള പുരോഗമന വാദങ്ങള്‍ ഇസ്‌ലാമിന് തടസ്സം നില്‍ക്കുന്നുവെന്ന് വാദം ഇപ്പോള്‍ നിലനില്‍ക്കുന്നുമുണ്ട്. പക്ഷെ ഇസ് ലാമില്‍ അടിസ്ഥാനപരമായി കാണേണ്ട ഒരു കാര്യം പ്രവാചക ജീവിതവും വിശുദ്ധ ഖുര്‍ആനുമാണ്. അതിനെ നവീകരിച്ച് എടുക്കാന്‍ പാടില്ലല്ലോ. കാരണം, ഇസ് ലാമിന്റെ അടിസ്ഥാനം എന്ന് പറയുന്നത് അവ രണ്ടുമാണ്. പക്ഷെ ഇപ്പോള്‍ അടിസ്ഥാന പ്രമാണങ്ങളിലുള്ള വ്യതിചലനം മാത്രമല്ല പ്രശ്‌നം. മറിച്ച് പലപ്പോഴും ഈ പൊളിറ്റിക്കല്‍ ഇസ് ലാമിന്റെ പേരില്‍ കേവലം അധികാരത്തിന്റെ വിഷയമായി ഇസ്്‌ലാമിനെ ചുരുക്കുന്നുവെന്നതാണ്. ഇതുകാരണം, ഇസ് ലാമിന്റെ മഹത്തരമായ പലമുഖങ്ങളും സമൂഹത്തിന് പരിചയമില്ലാതായി മാറുന്നു.
പ്രവാചക കാലഘട്ടത്തിന് ശേഷമുള്ള ഇസ് ലാമിന്റെ വളര്‍ച്ച ലോക നാഗരികതക്ക് നല്‍കിയ സംഭാവനകളില്‍ ഇതെല്ലാം പരിഗണിക്കപ്പെടണം. ഉദാഹരണത്തിന് സമര്‍ഖന്ദിലൊക്കെയുള്ള വാസ്തു ശില്‍പങ്ങള്‍, അതിന്റെ സ്വാധീനമാണ് ഇന്ത്യയിലെ വാസ്തു ശ്ില്‍പം. അങ്ങനെയുള്ള കള്‍ച്ചറല്‍ ഇസ്ലാമിനെയാണ് യഥാര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടത്. പൊളിറ്റിക്കല്‍ ഇസ്ലാമിന് പകരം കള്‍ച്ചറല്‍ ഇസ് ലാമിനെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കണം.അങ്ങനെയൊന്ന് ഇപ്പോള്‍ എന്ത് കൊണ്ടോ കാണുന്നില്ല. പാരമ്പര്യവാദികള്‍ എന്നു വിളിക്കുന്നവരാണ് പിന്നെയും കള്‍ച്ചറല്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.

സമ്പൂര്‍ണമായ ഒരു ജീവിതപദ്ധതിയാണ് ഇസ്്‌ലാം. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളെയും അത് സ്പര്‍ശിക്കുന്നുണ്ട്. അതേ സമയം സമ്പൂര്‍ണ ജീവിത സ്വാതന്ത്ര്യവും അത് മാനവതക്ക് വകവെച്ചുനല്‍ക്കുന്നു. നാനോന്മുഖ സ്പര്‍ശിയായ ഒരു ജീവിത വഴി എന്ന നിലയില്‍ ഇസ് ലാമില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അതിന്റെ ഏത് വശ്മാണ്?

ഇസ്‌ലാമില്‍ ജാതീയത ഇല്ല എന്നതാണ് എന്നെ വല്ലാതെ ആകര്‍ഷിച്ചത്. ഹിന്ദു സമൂഹത്തിനകത്തൊക്കെ ധാരാളം വിഭാഗങ്ങളുണ്ട്. ദലിത്‌പോലോത്ത ജാതികളുമുണ്ട്. കറുത്തവവന് ഇസ്‌ലാം വലിയ പ്രധാന്യം നല്‍കി. ബിലാലിന്റെ ജീവിതം ഏവര്‍ക്കും വലിയൊരു പാഠമാണ്. ബിലാലിനെ പോലെയുള്ള അടിമയെയാണ് പ്രവാചകന്‍ ആദ്യമായി ബാങ്ക് വിളിക്കുവാന്‍ ഏല്‍പ്പിക്കുന്നത്. അത് അദ്ദേഹത്തിന്റ ശബ്ദ മാധുര്യം ഒരു കാരണമായി മാത്രമല്ല. ഇസ്്‌ലാമിന്റെ സമഭാവനയാണ് അതില്‍ പ്രകാശിതമാകുന്നത്. പില്‍ക്കാലത്ത് ബിലാല്‍ പ്രവാചകനെ ജീവിതത്തില്‍ ഓര്‍ക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇതുമായി ബ്ന്ധപ്പെട്ട് പ്രവ ാചകന്‍ സ്വീകരിച്ച നിലപാടുകളാണ് ഏറെ ശ്രദ്ധേയം. ഖദീജയിലൂടെ വിവാഹത്തിലൂടെ എല്ലാ അടിമകളുടെ അവകാശം പ്രവാചകനു കിട്ടുന്നു, സമ്പത്ത് കിട്ടുന്നു, ഒട്ടകങ്ങളുെട അവകാശം ലഭിക്കുന്നു. പ്രവാചകന്റേതായി അടിമകള്‍ മാറുമ്പോള്‍ പ്രവാചകന്‍ അടിമകളെ മോചിപ്പിക്കുകയായിരുന്നു. അതിലെ ലിബറേഷന്റെ തലമാണ് എനിക്ക് ഏറ്റവും ഉചിതമായി തോന്നുന്നത്. ഹുദൈബിയ സന്ധി പോലുള്ള സന്ദര്‍ഭങ്ങളില്‍ പ്രവാചകന്റെ സമാധാന നിലപാട്. അദ്ദേഹത്തിന്റെ യുദ്ധങ്ങള്‍ പോലും സമാധാനത്തിന് വേണ്ടി ആയിരുന്നു എന്ന നിലയില്‍ കാണാനാണ്് എനിക്കിഷടം.

പ്രവാചക ജീവിതത്തില്‍നിന്നും ഏറെ ശ്രദ്ധേയമായിത്തോന്നിയ നിമിഷങ്ങള്‍?
വൃത്തിയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും പ്രവാചകന്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ മനോഹരമാണ്. ആഹാരം പങ്കിട്ടാണ് പ്രവാചകന്‍ കഴിച്ചിരുന്നത്. ഒറ്റക്കല്ല. പത്ത് കാരക്കയാണെങ്കില്‍ അത്് എല്ലാവര്‍ക്കും വിതരണം ചെയ്യുന്ന ആഹാര രീതി. വിശക്കുന്നവന്റെ മുമ്പില്‍ ആഹാരം കഴിക്കുന്നത് പ്രവാചകന്‍ എതിര്‍ത്തിരുന്നു. കരണം അത് വിശക്കുന്നവര്‍ കണ്ടാല്‍ അവര്‍ക്ക് വേദനയുണ്ടാക്കും. യത്തീംകുട്ടികളുടെ മുമ്പില്‍വെച്ച് മക്കളുമായി സ്‌നേഹകളികള്‍ നടത്തുന്നത് പ്രവചകന്‍ നിയന്ത്രിച്ചു. കാരണം അത് അവര്‍ക്ക് വേദനയുണ്ടാകും .മനുഷ്യ ജീവിത്തതിലെ അതി് സൂക്ഷമ വശങ്ങളെപ്പോലും പ്രവാചകന്‍ പരിഗണിച്ചുവെന്ന് ചുരുക്കം. സ്്ത്രീകളെയും നല്ല നിലയില്‍ പരിഗണിച്ചു. അവര്‍ക്കുവേണ്ട എല്ലാവിധ സ്വാതന്ത്ര്യവും നല്‍കി.

സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ പല ചര്‍ച്ചകളും നടന്നുവല്ലോ. അതിനെക്കുറിച്ച് എന്തുപറയുന്നു?

സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങല്‍ നിലനില്‍ക്കുന്നുണ്ട്. പ്രവാചക ജീവിതത്തില്‍ അങ്ങനെ ഒരു സന്ദര്‍ഭമുണ്ട.് പള്ളി അടിച്ചുവൃത്തിയാക്കാന്‍ ഒരു സ്ത്രീയെ നിയോഗിച്ചിരുന്നു പ്രവാചകന്‍. അവരെ കാണാതാവുമ്പോള്‍ അന്വേഷിക്കുന്നു, അപ്പോള്‍ അവര്‍ മരിച്ചെന്ന് തിരിച്ചറിയുന്നു. വീട്ടിലേക്ക് പ്രവാചകന്‍ പോവുന്നു. അതില്‍ നിന്ന് വായിച്ചെടുക്കേണ്ട മറ്റൊരു വശം പള്ളി അടിച്ചു വാരാന്‍ പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നതാണ്. പ്രവാചകന്‍ അത് വിലക്കിയതായി കണ്ടിട്ടില്ല.
അതൊടൊപ്പം അതി സൂക്ഷ്മ ജീവികള്‍ക്കുപോലും പ്രവാചകന്‍ പരിഗണന നല്‍കി. അടിമകള്‍ക്കും ഒട്ടകത്തിനും ഉന്നതമായ പരിഗണന നല്‍കി. ഹിംസക്കെതിരായിരുന്നു പ്രവാചകന്‍. ഉറുമ്പുകളെ പോലും നോവിക്കാന്‍ സമ്മതിച്ചില്ല. യുദ്ധം അനിവാര്യമായ പ്രതിരോധത്തിന്റെ ഭാഗമായാണ് കടന്നുവന്നത്. അല്ലാതെപ്രവാചകന്‍ ഹിംസയെ അനുകൂലിച്ചിട്ടില്ല.

 

പ്രവാചകീയ പാഠങ്ങള്‍ വര്‍ത്തമാനകാല സമൂഹം കയ്യൊഴിയുന്നതായി തോന്നിയിട്ടുണ്ടോ? പ്രധാനമായും ഏതെല്ലാം ഭാഗങ്ങളാണവ?

തീര്‍ച്ചയായും. പ്രവാചകന്‍ പഠിപ്പിച്ച പല കാര്യങ്ങളും ഇന്ന് അവരുടെ അനുയായികള്‍ക്കിടയില്‍തന്നെ പ്രാധാന്യം നല്‍കപ്പെടാതെ പോകുന്നുണ്ട്. കാരണം പ്രവാചകന്‍ വല്ലാതെ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്ത കറുത്ത വര്‍ഗ്ഗക്കാരോട്, പാര്‍ശ്ശവത്കരിക്കപ്പെട്ടവരോട് ഇന്ന് പുച്ഛഭാവത്തിലാണ് എല്ലാവരും പെരുമാറുന്നത്. അവരെ പരിഗണിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. കേരളത്തില്‍ സമ്പന്നര്‍ക്ക് കൂടുതല്‍ പ്രതാന്യമുണ്ടെന്ന് തോന്നുന്നു. പ്രവാചകന്റെ ജീവിതത്തില്‍ സമ്പന്നരോട് കൂടുതല്‍ ആഭിമുഖ്യമുണ്ടായിരുന്നില്ല.
ഇതിന് ഏറ്റവും വലിയ കുഴപ്പം പറ്റുന്നത് നമ്മുടെ കരിക്കുലത്തിന്റെ ഭാഗമായി ഇതൊന്നും പഠിക്കാന്‍ അവസരം കിട്ടുന്നില്ല എന്നതാണ്. പ്രവാചക ജീവിതം മറ്റു സമുദായത്തില്‍ പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമില്ല. അടഞ്ഞു പോവുകയാണ് നമ്മുടെ പാഠ പുസ്തകങ്ങള്‍. ഞാന്‍ പറയാറുള്ളത് പാഠ പുസ്തങ്ങളിലുടെ ഒന്നാം ക്ലാസ് മുതല്‍ 12ാ0 ക്ലാസ് വരെ എത്തുമ്പോഴേക്ക് കുട്ടികള്‍ക്ക് പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ചും യേശുവിനെ കുറിച്ചും ഗൗതമ ബുദ്ധനെ കുറിച്ചും എല്ലാവര്‍ക്കും പഠിക്കാന്‍ പറ്റുന്ന വിധത്തിലേക്ക് പാഠങ്ങള്‍ ക്രമീകരിക്കപ്പെടണം. അങ്ങനെ നടക്കുന്നില്ല. എനിക്ക് തോന്നുന്നത് ഇന്ന് ഏറ്റവും കൂടുതല്‍ ഭീകരവാദത്തിന്റയും തീവ്രവാദത്തിന്റെയും പേരില്‍ പഴി കേള്‍ക്കുന്നത് ഇസ്‌ലാം ആണ്. ആഗോള തലത്ില്‍ തന്നെ ഇസ്‌ലാമോഫോബിയ രൂപപ്പെട്ടുവരുന്നതിന്റെ കാരണമതാണ്. അതിനെ ബഹുസ്വര സംവാദത്തിലേക്ക് കൊണ്ട് വരികയോ പോം വഴിയുള്ളൂ.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter