മുസ്‍ലിംകള്‍ ഇവിടെ ജനിച്ചു വളർന്നവരാണെന്നും അവരെ ഭീഷണിപ്പെടുത്തേണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മുസ്‍ലിംകള്‍ ഇവിടെ ജനിച്ചു വളർന്നവരാണെന്നും അവരെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതരുതെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ലോക്സഭയില്‍ മോദി സർക്കാറിനെ ഓർമിപ്പിച്ചു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുസ്‌ലിം ന്യൂനപക്ഷം ഇത്രമേല്‍ ദ്രോഹിക്കപ്പെട്ട ഒരു കാലമുണ്ടായിട്ടില്ലെന്നും ഈ സർക്കാറിന്റെ മുഖമുദ്ര തന്നെ ന്യൂനപക്ഷ വിരോധമാണെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയില്‍ പങ്കെടുത്ത് ബഷീർ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ പല ഭാഗത്തും നരക തുല്യമായ അനുഭവങ്ങളാണ് മുസ്ലിം ന്യൂനപക്ഷം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ഡല്‍ഹിയില്‍ തന്നെ 800 വർഷം പഴക്കമുള്ള ഒരു മസ്ജിദ് കഴിഞ്ഞ ദിവസമാണ് പൊളിച്ചത്. മുസ്‍ലിംകളെ താഴ്ത്തിക്കാണിക്കേണ്ട. ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിലെ എല്ലാ മേഖലകളിലും എല്ലാ വളർച്ചയിലും വികാസത്തിലും അവരുടെ പങ്ക് വളരെ വലുതാണ്.

ബി.ജെ.പി നേതാക്കളും മന്ത്രിമാരും ഏകസിവില്‍ കോഡ്, പൗരത്വ നിയമം എന്നിവ വീണ്ടും കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നേരത്തെ പൗരത്വ നിയമം നടപ്പിലാക്കാൻ ശ്രമം നടത്തിയപ്പോള്‍ ഇന്ത്യയിലാകെ ആളിപ്പടർന്ന പ്രക്ഷോഭങ്ങള്‍ മറക്കാറായിട്ടില്ല.അന്നത്തെ പ്രക്ഷോഭ സമരങ്ങളില്‍ രംഗത്ത് വന്ന ബഹുഭൂരിപക്ഷവും യുവാക്കള്‍ ആയിരുന്നെന്നും ഇ.ടി ഓർമിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter